ന്യൂയോർക്കിലെ ഓറഞ്ച്ബർഗ് സെന്റ് ജോൺസ് ഓർത്തഡോക്സ് ദേവാലയത്തിൽ ദീർഘകാലം വികാരിയായി സേവനമനുഷ്ഠിച്ച റവ. ഫാ. എബി പൗലോസിനും കുടുംബത്തിനും ഇടവകാംഗങ്ങൾ സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. നവംബർ 8-ന് പരുമല പെരുന്നാളിനോടനുബന്ധിച്ചായിരുന്നു സമ്മേളനം.
2020 ഡിസംബർ 1 മുതൽ 2026 സെപ്റ്റംബർ 28 വരെ സെന്റ് ജോൺസ് ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിച്ച ഫാ. എബി പൗലോസ് ഇപ്പോൾ പെൻസിൽവേനിയയിലെ ബെൻസേലം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ വികാരിയായി ചുമതലയേറ്റിരിക്കുകയാണ്.
ഇടവക സെക്രട്ടറി ബിജോ തോമസ് സ്വാഗതപ്രസംഗം നടത്തി. നല്ല ഇടയനെക്കുറിച്ചുള്ള സുവിശേഷസന്ദേശവുമായി അച്ചന്റെ ശുശ്രൂഷാകാലത്തെ ബന്ധപ്പെടുത്തി സംസാരിച്ച അദ്ദേഹം, ഇടയന്റെ ശബ്ദം ആടുകൾ തിരിച്ചറിയുന്നതുപോലെ ഫാ. എബി പൗലോസിന്റെ ആത്മീയനേതൃത്വവും സ്നേഹപൂർവമായ സമീപനവും ഇടവകാംഗങ്ങൾക്ക് സുപരിചിതമായിരുന്നുവെന്ന് അനുസ്മരിച്ചു.
പ്രാർത്ഥനയിലും ഉപവാസത്തിലുമുള്ള വിശ്വാസം, ചെറിയ കാര്യങ്ങളിൽപ്പോലും പുലർത്തിയ വിശ്വസ്തത, മനുഷ്യപ്രയത്നത്തോടൊപ്പം ദൈവാനുഗ്രഹത്തിലുള്ള ആശ്രയം എന്നിവ അച്ചന്റെ ജീവിതത്തിലും ശുശ്രൂഷയിലും പ്രകടമായിരുന്ന പ്രധാന മൂല്യങ്ങളാണെന്ന് ബിജോ തോമസ് പറഞ്ഞു. അച്ചന്റെ ശുശ്രൂഷയിൽ പിന്തുണയായി നിന്ന ഭാര്യ അനിത പൗലോസിനും മക്കളായ എലിസബത്ത്, ജോഷ്വ, റെബേക്ക എന്നിവർക്കും അദ്ദേഹം നന്ദി അറിയിച്ചു. സെന്റ് ജോൺസ് ദേവാലയം എന്നും അവരുടെ സ്വന്തം ഭവനമായിരിക്കുമെന്നും കൂട്ടിച്ചേർത്തു.
പുതിയ വികാരി റവ. ഫാ. ബേസിൽ മണ്ണാത്തിക്കുളം അധ്യക്ഷത വഹിച്ചു. സൺഡേ സ്കൂൾ പ്രിൻസിപ്പലായി രണ്ടുവർഷം സേവനമനുഷ്ഠിക്കുകയും വെക്കേഷൻ ബൈബിൾ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വം നൽകുകയും ചെയ്ത അനിത പൗലോസിനെ സൺഡേ സ്കൂൾ പ്രതിനിധികളായ നിജി വർഗീസ്, ഷിജി വിനോദ്, സ്നേഹ സോജി എന്നിവർ ആദരിച്ചു.
മർത്തമറിയം വനിതാസമാജം സെക്രട്ടറി സൂര്യ വെട്ടത്ത്, ഭദ്രാസന വനിതാസമാജം വൈസ് പ്രസിഡന്റായി ഒമ്പതു വർഷം പ്രവർത്തിച്ച ഫാ. എബി പൗലോസിന്റെ സേവനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ജീവകാരുണ്യപ്രവർത്തനങ്ങളും അനുസ്മരിച്ചു. മാനേജിംഗ് കമ്മിറ്റി അംഗം സക്കറിയ വർഗീസ് അച്ചന്റെ ഭരണനൈപുണ്യത്തെയും സമർപ്പിതമായ പ്രവർത്തനശൈലിയെയും പ്രശംസിച്ചു.
ഇടവകയുടെ സോഷ്യൽ മീഡിയ ടീം തയ്യാറാക്കിയ ‘A Journey of Grace’ എന്ന വീഡിയോ അച്ചന്റെ ശുശ്രൂഷാകാലത്തെ ഓർമകൾ പുതുക്കി. മദ്ബഹാ ശുശ്രൂഷകരെ പ്രതിനിധീകരിച്ച് സംസാരിച്ച ജോഷ്വ ജോർജ്, ആരാധനാശുശ്രൂഷയ്ക്കിടയിലെ ചെറിയ തെറ്റുകൾപോലും അച്ചൻ സ്നേഹത്തോടെയും ക്ഷമയോടെയും തിരുത്തിനൽകിയിരുന്നതായി അനുസ്മരിച്ചു. എം.ജി.ഒ.സി.എസ്.എം. പ്രതിനിധിയായി ക്രിസ് മാത്യൂസും സഭാ മാനേജിംഗ് കമ്മിറ്റി പ്രതിനിധിയായി കെ. ജി. ഉമ്മനും ആശംസകളും അനുസ്മരണങ്ങളും പങ്കുവച്ചു.
യാത്രയയപ്പ് സന്ദേശത്തിൽ അനിത പൗലോസ്, 2020-ൽ കോവിഡ് മഹാമാരിക്കാലത്ത് ചെറിയ കുട്ടികളുമായി ദൂരെയുള്ള അപരിചിതമായ ഇടവകയിലെത്തിയപ്പോൾ തങ്ങൾ ഒരു പുതിയ ശുശ്രൂഷാജീവിതം തുടങ്ങുകയായിരുന്നുവെന്ന് പറഞ്ഞു. ആറു വർഷത്തിനുശേഷം സെന്റ് ജോൺസിലേക്കുള്ള വരവ് ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നായി കാണുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
വൈദികപത്നി എന്ന നിലയിലെ ഉത്തരവാദിത്വങ്ങൾക്കിടയിലും ഇടവകാംഗങ്ങൾ തനിക്ക് ഭാരമോ പ്രത്യേക പ്രതീക്ഷകളോ നൽകിയില്ലെന്നും, സ്വന്തം മകളെയോ സഹോദരിയെയോ പോലെ ചേർത്തുപിടിച്ചെന്നും അനിത പൗലോസ് പറഞ്ഞു. കുടുംബത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടപ്പോഴും ആരോഗ്യസംബന്ധമായ പ്രതിസന്ധിഘട്ടത്തിലും ഇടവകാംഗങ്ങൾ ഒപ്പമുണ്ടായിരുന്നു. കുട്ടികളുടെ കാര്യങ്ങൾ ഉൾപ്പെടെ കുടുംബത്തെ സ്വന്തം കുടുംബത്തെപ്പോലെ പരിചരിച്ച അവരുടെ കരുതലിനും സ്നേഹത്തിനും നന്ദി പറഞ്ഞ അവർ, ഏറ്റവും ഇളയ മകൾ റെബേക്ക ജനിച്ചത് സെന്റ് ജോൺസിലാണെന്നും അവൾക്ക് അറിയാവുന്ന ഏക ദേവാലയം അതാണെന്നും ഓർമിപ്പിച്ചു. കുട്ടികൾ വളർന്നുവരുമ്പോൾ ഈ ഇടവകകുടുംബത്തെ തങ്ങളുടെ ബാല്യത്തിന്റെ വിലപ്പെട്ട ഭാഗമായി ഓർക്കുമെന്നും അവർ പറഞ്ഞു.
ക്രിസ്തുവിനെ ഹൃദയത്തിന്റെ കേന്ദ്രത്തിൽ നിലനിർത്താനും പരസ്പരം പിന്തുണച്ചും പ്രാർത്ഥിച്ചും സെന്റ് ജോൺസ് ഇടവകയുടെ ഒരുമയുടെ മനോഭാവം കാത്തുസൂക്ഷിക്കാനും അനിത പൗലോസ് ആഹ്വാനം ചെയ്തു. “ദൈവം ഞങ്ങളെ എവിടേക്കു നയിച്ചാലും നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും,” എന്ന സന്ദേശത്തോടെയാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്.
ഫാ. എബി പൗലോസ്, ഹൃദയപൂർവം ശുശ്രൂഷിച്ച ഇടം വിട്ടുപോകുന്നതും ഹൃദയം തുറന്ന് സ്നേഹം നൽകിയവരിൽനിന്ന് പിരിയുന്നതും വേദനയുള്ള അനുഭവമാണെന്ന് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി മുതൽ കുടുംബത്തിന് ജീവിതം എളുപ്പമായിരുന്നില്ലെന്നും ആ കാലയളവിൽ സ്വന്തം കുടുംബത്തെപ്പോലെ ചേർത്തുപിടിച്ച ഇടവകാംഗങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വികാരി ഫാ. ബേസിൽ മണ്ണാത്തിക്കുളത്തിന് എല്ലാ ഭാവുകങ്ങളും നേർന്ന ഫാ. എബി പൗലോസ്, ഇടവകാംഗങ്ങൾ തനിക്കു നൽകിയ സ്നേഹവും കരുതലും സഹകരണവും പുതിയ അച്ചനും നൽകണമെന്ന് അഭ്യർഥിച്ചു. പ്രായഭേദമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഇടവകയുടെ സംസ്കാരം ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും അത് തുടർന്നുകൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് എത്തിയപ്പോൾ ആഴത്തിലുള്ള ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയാതിരുന്ന തങ്ങൾ ആറു വർഷത്തിനുശേഷം എല്ലാവരെയും ഹൃദയത്തോടു ചേർത്തറിയുന്ന സാഹചര്യത്തിലാണ് വിടപറയുന്നതെന്നും അദ്ദേഹം അനുസ്മരിച്ചു. തങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും ഇടവകയോടൊപ്പം തങ്ങളുടെ സാന്നിധ്യം തുടരുമെന്നും പറഞ്ഞ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചു.
ഇടവക ട്രഷറർ ഫിലിപ്പ് പി. ഈശോ, ജോയിന്റ് ട്രഷറർ സാജൻ രാജു, ജോയിന്റ് സെക്രട്ടറി ഉമ്മൻ ഡാനിയേൽ എന്നിവർ ചേർന്ന് ഫാ. എബി പൗലോസിന് സ്മരണികയും ഉപഹാരവും സമർപ്പിച്ചു. ആറുവർഷത്തോളമായി ഇടവകയുടെ ആത്മീയവും സംഘടനാപരവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വൈദികനോടും കുടുംബത്തോടുമുള്ള സ്നേഹവും നന്ദിയും പങ്കുവെച്ച അവസരമായി യാത്രയയപ്പ് സമ്മേളനം മാറി.
വാർത്തയ്ക്ക് ആധാരം: ഇടവക സെക്രട്ടറി ബിജോ തോമസ് നൽകിയ റിപ്പോര്ട്ട്.

















