പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. രാഹുൽ മാങ്കൂട്ടത്തിൽ ഒരു സ്ഥിരം കുറ്റവാളിയാണെന്ന് സർക്കാർ ഹർജിയിൽ പറയുന്നു. തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിലെ ചില പരാമർശങ്ങൾ കേസിൻ്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ അടിയന്തര നടപടി.
രണ്ടാമത്തെ എഫ്ഐആറുമായി മുന്നോട്ടുപോകുന്നതിന് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിലുള്ള പരാമർശങ്ങളാണ് സെഷൻസ് കോടതിയുടെ വിധിയിൽ ഉണ്ടായിരുന്നത്. കെപിസിസി അധ്യക്ഷന് ലഭിച്ച പരാതിയിൽ പറയാത്ത കാര്യങ്ങൾ അതിജീവിതയുടെ പോലീസ് മൊഴിയിൽ ഉണ്ട് എന്നതടക്കമുള്ള വൈരുദ്ധ്യങ്ങൾ വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വിധിപ്പകർപ്പ് പുറത്തുവന്നതോടെ കേസിൻ്റെ നിയമപരമായ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ തുടർന്നുള്ള നിയമനടപടികളിൽ ഇത് പ്രധാന വാദമായി ഉയർന്നു വരാൻ സാധ്യതയുണ്ടെന്നും സർക്കാർ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് രണ്ടാമത്തെ എഫ്ഐആറിൻ്റെ മുന്നോട്ടുപോക്ക് ഉറപ്പാക്കുന്നതിനായി, സെഷൻസ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ അടിയന്തരമായി ഹർജി നൽകിയത്. ഹൈക്കോടതി ഉടൻ തന്നെ ഈ അപ്പീൽ പരിഗണിച്ചേക്കും.

