അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പ് വിവാദത്തിൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ഗവർണർ പ്രോസിക്യൂഷൻ അനുമതി നൽകി. മെസിയെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഫയൽ ഗവർണ ഗവർണർ ഓംപ്രകാശ് മാഥൂർ അംഗീകരിക്കുകയായിരുന്നു.
മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്പോൺസർഷിപ്പ് കരാർ നൽകിയതിൽ വൻ ക്രമക്കേടും ഗൂഢാലോചനയും നടന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ടെണ്ടർ നടപടികൾ പാലിക്കാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ മന്ത്രിയായിരുന്ന അബ്ദുറഹിമാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ കമ്പനി, അബ്ദുറഹിമാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. തട്ടിപ്പ് നടക്കുമ്പോൾ അബ്ദുറഹിമാൻ മന്ത്രിയായിരുന്നതിനാൽ അഴിമതി നിരോധന നിയമം 17 എ പ്രകാരം പ്രോസിക്യൂഷന് മുൻകൂർ അനുമതി ആവശ്യമായിരുന്നു.മന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് സ്പോൺസർഷിപ്പ് റിപ്പോർട്ടർ കമ്പനിക്ക് നൽകിയതെന്ന് മുൻ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലൻ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. രണ്ടാം പിണറായി സർക്കാരിലെ ഒരു മുൻ മന്ത്രി അഴിമതി കേസിൽ പ്രതിയാകുന്നതോടെ എൽഡിഎഫും സിപിഎമ്മും പ്രതിരോധത്തിലായിരിക്കുകയാണ്.

