PRAVASI

ഗിരീഷ് പാടിത്തന്ന ആ സൂര്യകിരീടം

Blog Image

റേഡിയോയിൽ നിന്നല്ല "സൂര്യകിരീടം" ആദ്യം കേട്ടത്. ഓഡിയോ കാസറ്റിൽ നിന്നുമല്ല; ഗാനരചയിതാവിന്റെ ഹൃദയത്തിൽ നിന്നാണ്.
തുറന്നിട്ട ജനാലയ്ക്കപ്പുറത്തെ ഏതോ വിദൂരബിന്ദുവിൽ കണ്ണുനട്ടുകൊണ്ട്, മുല്ലശ്ശേരിയിലെ കിടപ്പുമുറിയിൽ രാജുവേട്ടന്റെ കട്ടിലിനരികെ തലയിണയിൽ ചാരിയിരുന്ന്  ഗിരീഷ് പാടുന്നു : "സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ, പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും നിഴലുകളാടുന്നൂ..."
"ദേവാസുര"ത്തിന്റെ ഗാനസൃഷ്ടി കഴിഞ്ഞു മംഗലശ്ശേരി നീലകണ്ഠന്റെ "ഒറിജിനൽ'' മുഖമായ  മുല്ലശ്ശേരി രാജഗോപാലിനെ കാണാൻ എത്തിയതായിരുന്നു ഗിരീഷ്.  "നെഞ്ചിലെ പിരിശംഖിലെ തീർത്ഥമെല്ലാം വാർന്നുപോയ് നാമജപാമൃത മന്ത്രം ചുണ്ടിൽ ക്ലാവു പിടിക്കും സന്ധ്യാ നേരം'' എന്ന ചരണമെത്തിയപ്പോൾ അറിയാതെ  കണ്ണുകൾ ചിമ്മി ഗിരീഷ്. ഏതോ നിഗൂഢ വഴികളിലൂടെ ഏകാന്തമായി  സഞ്ചരിക്കുകയായിരുന്നിരിക്കണം ആ നിമിഷങ്ങളിൽ അദ്ദേഹത്തിന്റെ മനസ്സ്.  
ആദ്യ ചരണം പാടിനിർത്തിയ ശേഷം  എന്റെ മുഖത്തു നോക്കി ചെറിയൊരു ചിരിയോടെ ഗിരീഷ് പറഞ്ഞു: "മേൻനേ, ഇനിയുള്ള ഭാഗം കേട്ടോളി. ട്യൂണിട്ടെഴുതിയ വരികളാണ് എന്നോർക്കണം." കണ്ണുകളടച്ചു  ഗിരീഷ് വീണ്ടും പാട്ടിലേക്ക്: "അഗ്നിയായ് കരൾ നീറവേ മോക്ഷമാർഗം നീട്ടുമോ ഇഹപരശാപം തീരാനമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ..." രണ്ടു തവണ കൂടി ആവർത്തിച്ച് പാടി ഗിരീഷ് ആ ഭാഗം. അത്രകണ്ട് ഇഷ്ടപ്പെട്ടെഴുതിയ വരികളായതിനാലാവണം. എം ജി രാധാകൃഷ്ണന്റെ ഈണത്തിൽ എം ജി  ശ്രീകുമാർ ഹൃദയം നൽകി പാടിയ "സൂര്യകിരീടം"  ഐ വി ശശിയുടെ ഹൃദയസ്പർശിയായ  ചിത്രീകരണത്തിന്റെ അകമ്പടിയോടെ വെള്ളിത്തിരയിൽ കണ്ടപ്പോഴാണ് ആ വരികളുടെ ആഴം പൂർണ്ണമായി ഉൾക്കൊള്ളാനായത്. സൂര്യകിരീടമില്ലാതെ എന്ത് ദേവാസുരം എന്ന് തോന്നി അപ്പോൾ.


പിന്നീടെത്രയോ തവണ കേട്ടിട്ടുണ്ടാകും ആ ഗാനം; റേഡിയോയിൽ, ടേപ്പ് റെക്കോർഡറിൽ, ടെലിവിഷനിൽ, ഐപാഡിൽ, കംപ്യൂട്ടറിൽ, മൊബൈൽ ഫോണിൽ.... ഇന്നും കേട്ടുകൊണ്ടിരിക്കുന്നു. പക്ഷേ  ആദ്യകേൾവിയുടെ സുഖമൊന്നു വേറെ. മൂന്നരപ്പതിറ്റാണ്ടിനപ്പുറത്തു നിന്ന് ഗിരീഷിന്റെ ശബ്ദത്തിൽ ഇന്നും കാതിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു സൂര്യകിരീടം. 
"ശ്രീക്കുട്ടൻ ഇന്നോളം പാടിയവയിൽ വെച്ച്  ഏറ്റവും മനോഹരമായ പാട്ടായിരിക്കും ഇത്. അസാധ്യ ഭാവം കൊടുത്താണ് പാടിയിരിക്കുന്നത്. കേട്ടുനോക്കിയാൽ അറിയാം. ''--  പാട്ട് പാടിക്കേൾപ്പിച്ച ശേഷം, ശ്രോതാക്കളായ  ഞങ്ങളിലെല്ലാം ആകാംക്ഷ വളർത്തിക്കൊണ്ട്  ഗിരീഷ് പറഞ്ഞ വാക്കുകൾ ഓർമ്മയുണ്ട്. എന്നെ ചൂണ്ടിയായിരുന്നു അടുത്ത വാചകങ്ങൾ. "ഇതുവരെയുള്ള എന്റെ പടങ്ങളുടെയെല്ലാം കാസറ്റ് ഞാൻ നിങ്ങൾക്ക് എത്തിച്ചുതന്നിട്ടുണ്ട്; റിവ്യൂ എഴുതാൻ വേണ്ടി. പക്ഷേ  എന്തു വന്നാലും ഈ പടത്തിന്റെ കാസറ്റ് ഞാൻ കൊണ്ടുതരില്ല. തന്നാൽ അത് നിങ്ങളുടെ എഴുത്തിനെ സ്വാധീനിക്കും. ഒരു സ്വാധീനവുമില്ലാതെ നിഷ്പക്ഷമായി നിങ്ങൾ റിവ്യൂ ചെയ്യണം. അതെന്റെ ഒരാഗ്രഹമാണ്. മോശമെങ്കിൽ മോശം എന്നെഴുതിക്കൊള്ളൂ. ഞാൻ പരിഭവിക്കില്ല...''
മോശം എന്നെഴുതേണ്ടി വന്നില്ല എന്നതാണ് സത്യം. അത്രയും തികവാർന്നതായിരുന്നു ആ ഗാനശില്പം. കഥാസന്ദർഭത്തോട് പൂർണ്ണമായി ചേർന്നുനിന്ന ഒന്ന്. വർഷങ്ങൾക്ക് ശേഷം കോഴിക്കോട് അളകാപുരിയിൽ  എന്റെ ആദ്യ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ആശംസകൾ അർപ്പിക്കവേ ഗിരീഷ് പറഞ്ഞ വാക്കുകൾ ഈ നിമിഷവും  മനസ്സിനെ തൊടുന്നു; കണ്ണുകൾ സജലങ്ങളാക്കുന്നു: "എന്റെ സൂര്യകിരീടത്തിനെ പറ്റി ആദ്യം കുറെ നല്ല വാക്കുകൾ എഴുതിയത് ഈ ഇരിക്കുന്ന മനുഷ്യനാണ്. അന്നെനിക്ക് തോന്നിയ സന്തോഷം എത്രയെന്ന് പറഞ്ഞറിയിക്കാനാവില്ല.'' പിന്നെ എന്നെ നോക്കി ചിരിച്ചുകൊണ്ട് തമാശയായി ഒരു വാചകം കൂടി: "പറഞ്ഞാൽ  ഇയാൾ അഹങ്കരിക്കും. അതുകൊണ്ടാണ്.'' 
എഴുതിയ അസംഖ്യം പാട്ടുകളിൽ "സൂര്യകിരീട''ത്തോട് സവിശേഷമായ ഒരടുപ്പമുണ്ട് ഗിരീഷിന്. ഇഷ്ടഗാനമായി ഒന്ന് മാത്രം തിരഞ്ഞെടുക്കേണ്ടി വന്നാൽ താൻ തിരഞ്ഞെടുക്കുക സൂര്യകിരീടമാണ് എന്നെഴുതി ഒരിക്കൽ ഗിരീഷ്. ഗാനരചനാ ജീവിതത്തിൽ വഴിത്തിരിവായി മാറി എന്നതുകൊണ്ട് മാത്രമല്ല ആ തിരഞ്ഞെടുപ്പ്. എത്രയോ അജ്ഞാതരുടെ ഹൃദയങ്ങളെ ചെന്ന് തൊട്ടു എന്നതുകൊണ്ടുമല്ല. "ആ ഗാനത്തിൽ എന്റെ  ആത്മാംശമുള്ളതു പോലെ തോന്നും ചിലപ്പോൾ. സ്വന്തം രചനകളിൽ എന്റെ കണ്ണു നനയിച്ച പാട്ടാണത്. വരികളുടെ മാത്രം മേന്മയാണെന്ന അവകാശവാദമില്ല. രാധാകൃഷ്ണൻ ചേട്ടന്റെ സംഗീതവും ശ്രീക്കുട്ടന്റെ ഹൃദയസ്പർശിയായ  ആലാപനവും  ശശിയേട്ടന്റെ ചിത്രീകരണവും മോഹൻലാലിൻറെ അഭിനയവുമൊക്കെ ചേർന്ന് അതിനൊരു വല്ലാത്ത വൈകാരിക തലം സമ്മാനിച്ചു എന്നു വേണം പറയാൻ.  ..''
"ദേവാസുര''ത്തിലെ മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രം ഏറ്റവുമധികം അഹങ്കരിച്ചിരുന്നത് തന്റെ അച്ഛന്റെ പേരിലാണ്. എന്നാൽ താൻ ആരുടെ മകനാണോ അയാൾ തന്റെ അച്ഛനല്ല എന്നറിയുന്ന നിമിഷം നീലകണ്ഠനുണ്ടാവുന്ന അഭിമാനക്ഷതമുണ്ടല്ലോ, അതാണ് സൂര്യകിരീടത്തിന്റെ ഗാനസന്ദർഭം. "ജീവിതമാകുന്ന അരങ്ങിൽ കത്തിവേഷമായി ആടിയ നീലന്റെ മൂർദ്ധാവിൽ നിന്ന് പൊടുന്നനെ കിരീടം വീണുപോയ അവസ്ഥ. ആ വിഷമസന്ധി മനസ്സിലുറപ്പിച്ചാണ് ഞാൻ ആ ഗാനം രചിച്ചത്.'' -- ഗിരീഷ്.
ഭക്തിഗാനങ്ങളിലാണ്  ചെഞ്ചുരുട്ടി  രാഗത്തിന്റെ സാദ്ധ്യതകൾ അതിനു മുൻപ് മലയാളത്തിലെ സംഗീത സംവിധായകർ അപൂർവ്വമായെങ്കിലും പരീക്ഷിച്ചിട്ടുള്ളത്. "കുമാരസംഭവ''ത്തിൽ ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ "എല്ലാം ശിവമയം ശിവശക്തിമയം'' ഓർക്കുക. ചെഞ്ചുരുട്ടിയുടെ സ്പർശമുള്ള ചലച്ചിത്രേതര ഭക്തിഗാനങ്ങൾ വേറെയുമുണ്ട്: ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം (പുഷ്പാഞ്ജലി -- പി കെ കേശവൻ നമ്പൂതിരി),  കായാമ്പൂക്കൾ (വനമാല - പി കെ കേശവൻ നമ്പൂതിരി),  നിന്നെ കണ്ടു കൊതിതീർന്നൊരു (അയ്യപ്പൻ പാട്ടുകൾ -- ദക്ഷിണാമൂർത്തി) എന്നിവ ഉദാഹരണം. എന്നാൽ സൂര്യകിരീടത്തിന് പൂർവ്വമാതൃകകൾ ഇല്ലേയില്ല.  
ഗായകൻ  ജി ശ്രീറാം പങ്കുവെക്കുന്ന ഈ ഓർമ്മ കൂടി കേൾക്കുക:  "ചെഞ്ചുരുട്ടി രാഗത്തിൽ ഇതേ  ഈണവുമായി സാമ്യമുള്ള  മറ്റൊരു ഗാനം  അതിനും വർഷങ്ങൾക്ക് മുൻപ്  എം ജി  രാധാകൃഷ്ണൻ ചേട്ടൻ ചിട്ടപ്പെടുത്തിയിട്ടുണ്ട് -- ഒരു നൃത്ത നാടകത്തിനു വേണ്ടി.  രാജതന്ത്രങ്ങളിൽ കാര്യം അരമനനാരിമാർക്കില്ല നീയറിഞ്ഞീടുക എന്നായിരുന്നു ആ പാട്ടിന്റെ തുടക്കം. നാടകത്തിൽ രാവണന്റെ കഥാപാത്രം  പാടുന്ന ആ പാട്ടിന് ശബ്ദം നൽകിയത് ഞാൻ. എന്നാൽ ആ ഗാനത്തിന്റെ  ഭാവം തീർത്തും വ്യത്യസ്‍തമായിരുന്നു.  ഒരിക്കൽ ഞാൻ  ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് പഴയ പാട്ടിന്റെ കാര്യം രാധാകൃഷ്ണൻ ചേട്ടന് ഓർമ്മവന്നത് തന്നെ.''
ഗിരീഷിന്റെ വിയോഗവാർത്തയറിഞ്ഞു വിളിച്ചപ്പോൾ ക്ഷീണിതമായ ശബ്ദത്തിൽ രാധാകൃഷ്ണൻ ചേട്ടൻ ഫോണിലൂടെ പാടിക്കേൾപ്പിക്കാൻ ശ്രമിച്ച വരികളിൽ  തീവ്രവേദനയുടെ, നഷ്ടബോധത്തിന്റെ നിഴലാട്ടമുണ്ടായിരുന്നു:  "അഗ്നിയായ് കരൾ നീറവേ മോക്ഷമാർഗം നീട്ടുമോ ഇഹപരശാപം തീരാനമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ"  എന്ന വരി പ്രയാസപ്പെട്ട്  പാടി നിർത്തിയശേഷം ആത്മഗതമെന്നോണം അദ്ദേഹം പറഞ്ഞു: "അവൻ പോയി. മോക്ഷം കിട്ടി അവന്. പാവം ..."
നാല് മാസം കൂടി കഴിഞ്ഞു ഒരു ജൂലൈ രണ്ടിന് രാധാകൃഷ്ണൻ ചേട്ടനും യാത്രയായി; വീണുടഞ്ഞിട്ടും തിളക്കം നഷ്ടപ്പെടാത്ത ഒരു സൂര്യകിരീടം നമുക്കായി ബാക്കിവെച്ചുകൊണ്ട്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.