PRAVASI

വേണം, കേരളത്തിലും ഫ്യൂണറല്‍ ഹോമുകള്‍

Blog Image

കേരളത്തിലെ സാമൂഹ്യ സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. പ്ലസ്ടു വിദ്യാഭ്യാസം കഴിയുമ്പോള്‍ത്തന്നെ ചെറുപ്പക്കാരെല്ലാം വീടും നാടും ഉപേക്ഷിച്ച് പോകാനുള്ള വ്യഗ്രതയിലാണ്. വീടുകളില്‍ വൃദ്ധരായ മാതാപിതാക്കള്‍ മാത്രമുള്ള ഒരു കേരളം സംഭവിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും യു.കെ.യിലേക്കും നടക്കുന്ന കുടിയേറ്റങ്ങള്‍ കേരളത്തിലെ സാമൂഹ്യ സാമ്പത്തിക കാര്‍ഷിക മേഖലകളെ പലതരത്തിലാണ് സ്വാധീനിക്കുന്നത്. ഒറ്റപ്പെട്ട് ജീവിക്കുന്ന മാതാപിതാക്കളുടെയും, ബന്ധുക്കളുടെയും മരണവും മൃതസംസ്ക്കാരവും പുതിയ സാഹചര്യത്തില്‍ ഒട്ടേറെ പ്രായോഗികമായ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കാലത്തിനനുസരിച്ച് മരണാനന്തര ചടങ്ങുകളും രീതികളും പരിഷ്ക്കരിക്കുന്നതിനെക്കുറിച്ച് കേരളീയ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാലമായിരിക്കുന്നു. ഫ്യൂണറല്‍ ഹോമുകളുടെ കേരളത്തിലെ പ്രസക്തി വര്‍ദ്ധിച്ചുവരുന്ന ഒരു സാമൂഹ്യ സാഹചര്യമാണ് ഇവിടെ ഉള്ളത്. വിദേശ രാജ്യങ്ങളിലെ ഫ്യൂണറല്‍ ഹോമുകളുടെ സേവനമാതൃകകള്‍ കേരളത്തില്‍ നടപ്പിലാക്കുവാന്‍ സമയമായിരിക്കുന്നു. 
മരണം സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞാല്‍ നിയമാനുസൃത രേഖകളോടെ മൃതദേഹം ഫ്യൂണറല്‍ ഹോമിന്‍റെ പ്രതിനിധികള്‍ ഏറ്റുവാങ്ങുകയും അവരുടെ ഉത്തരവാദിത്വത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും  ചെയ്യുന്നു. വേക്ക് സര്‍വ്വീസ് ആവശ്യമുണ്ടെങ്കില്‍ തീയതിയും സമയവും അറിയിച്ചാല്‍ അവര്‍ തന്നെ പേടകത്തിലാക്കിയ മൃതദേഹം പുഷ്പാലംകൃതമായി അവരുടെ ഓഡിറ്റോറിയത്തില്‍ പ്രത്യേക വേദിയില്‍ സ്ഥാപിക്കുന്നു. വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മിത്രങ്ങള്‍ക്കും അവിടെ പോയി ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും അനുസ്മരണ പ്രസംഗങ്ങള്‍ നടത്തുവാനും അവസരമൊരുക്കുന്നു. ചടങ്ങിനുശേഷം വരുന്നവര്‍ക്കെല്ലാം ലഘുഭക്ഷണവും അവര്‍ തന്നെ ക്രമീകരിക്കുന്നു. ആവശ്യത്തിന് പാര്‍ക്കിംഗ് സൗകര്യമുള്ളതിനാല്‍ വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുകളും ഇല്ല. മൈക്ക് സെറ്റ്, പോഡിയം, ഇരിപ്പിടങ്ങള്‍, വോളന്‍റേയേഴ്സ് ഇവയെല്ലാം ഫ്യൂണറല്‍ ഹോംസ് ഏജന്‍സ് തന്നെ ഒരുക്കുന്നതിനാല്‍ വളരെ മാന്യവും പരിഷ്കൃതവുമായ രീതികളിലുള്ള ക്രമീകരണങ്ങള്‍ക്ക് യാതൊരു പ്രയാസവുമില്ല. പള്ളിയില്‍ സംസ്ക്കാരത്തിനുള്ള ക്രമീകരണങ്ങളും ഏജന്‍സി തന്നെയാണ് ഒരുക്കുന്നത്. വിലപയാത്രയ്ക്കുള്ള വാഹനങ്ങള്‍, മൃതദേഹപേടകം വഹിക്കാനുള്ള വോളന്‍റിയേഴ്സ് ഇതെല്ലാം അവരുടെ ഉത്തരവാദിത്തമാണ്. കല്ലറയിലേക്കോ വോള്‍ട്ടിലേക്കോ കുഴിയിലേക്കോ മൃതദേഹ പേടകം സുരക്ഷിതമായി സ്ഥാപിക്കുന്നതിനുള്ള ഉത്തരവാദിത്തവും അവര്‍ ഏറ്റെടുക്കുന്നു. 
കേരളത്തിലും ഇതനുകരിക്കാവുന്ന മാതൃകയാണെന്ന് തോന്നുന്നു. വീടുകളില്‍ പന്തല്‍ ഇടുന്നതും മറ്റ് ക്രമീകരണങ്ങള്‍ നടത്തുന്നതിനുമൊക്കെ ധാരാളം പ്രായോഗിക പ്രശ്നങ്ങളുണ്ട്. മക്കളുടെയും സഹോദരങ്ങളുടെയും വേണ്ടപ്പെട്ടവരുടെയും അസാന്നിധ്യമാണ് ഏറ്റവും ഗൗരവമേറിയ പ്രശ്നം. എല്ലാവരും സ്വന്തം വാഹനങ്ങളിലെത്തുന്നതുകൊണ്ട് പാര്‍ക്കിംഗ് വളരെ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് പലരും ഇപ്പോള്‍ പള്ളികളിലെ ഹാളുകളിലേക്ക് പൊതുദര്‍ശനവും ചടങ്ങുകളും മാറ്റുന്നത് അനുകരണീയമായ മാതൃകയാണ്. പള്ളികളിലും സ്ഥാപനങ്ങളിലും പാര്‍ക്കിംഗിനുള്ള നല്ല സൗകര്യങ്ങളും ഉണ്ടല്ലോ. വീടു കണ്ടുപിടിക്കാന്‍ വിഷമിക്കാതെ, പാര്‍ക്കിംഗ് അന്വേഷിച്ച് ബുദ്ധിമുട്ടാതെ എല്ലാവര്‍ക്കും സൗകര്യപ്രദമായ പള്ളിയും പശ്ചാത്തലവും ഏറ്റവും ഉചിതമാണ്. ഹാളില്‍ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് വീട്ടുകാരുടെ അനുവാദത്തോടുകൂടി ചെറിയ അനുസ്മരണ പ്രസംഗത്തിനുള്ള അവസരം ഒരുക്കുന്നതും അഭികാമ്യമാണ്. ഇത്തരം കാര്യങ്ങളിക്കുറിച്ച് സഭാധികാരികളും സാമുദായിക നേതാക്കളും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സമയമായി എന്ന് തോന്നുന്നു.

 പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.