ഫിലാഡല്‍ഫിയ: അമേരിക്കന്‍ ആര്‍ച്ച് ഡയോസിസിലെ മുഖ്യദേവാലയമായ സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിന്‍റെ ധനശേഖരണാര്‍ത്ഥം ദേവാലയ അങ്കണത്തില്‍ വെച്ച് (9946 Haldeman Ave, Philadelphia, PA-19115)ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവല്‍ (എക്സ്ട്രാവാഗന്‍സാ-2025) സെപ്റ്റംബര്‍ 27-ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടത്തുന്നതാണ്.
മുന്‍വര്‍ഷം നടത്തിയ എക്സ്ട്രാവാഗന്‍സായുടെ വന്‍ വിജയത്തെ തുടര്‍ന്ന് ഈ വര്‍ഷവും വളരെ വിപുലമായ രീതിയില്‍ ഭംഗിയായും ചിട്ടയായും ആണ് കാര്യങ്ങള്‍ ക്രമീകരിക്കുന്നതെന്ന് റവ.ഫാ. രാജന്‍ പീറ്റര്‍ (വികാരി) പറയുകയുണ്ടായി.
ഈ വര്‍ഷവും പതിവുപോലെ കലാപരിപാടികള്‍, ആര്‍ട്ട് എക്സിബിഷന്‍, പ്ലാന്‍റ് സെയില്‍, ഇന്ത്യന്‍ ഗാര്‍മെന്‍റ് സെയില്‍, മെഹന്തി, ഹെന്ന & ഫേസ് പെയിന്‍റിംഗ്, കുട്ടികള്‍ക്കായുള്ള ബൗണ്‍സ് ഹൗസ് തുടങ്ങിയ ധാരാളം വ്യത്യസ്തവും നൂതനവുമായ കാര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായി പള്ളിയുടെ പത്രക്കുറിപ്പില്‍ അറിയിക്കുകയുണ്ടായി.
ഈ മേളയുടെ വന്‍ വിജയത്തിനായി നിര്‍ലോഭമായ സഹായസഹകരണങ്ങള്‍ നല്കിയ വ്യാപാരസ്ഥാപനങ്ങളോടും വ്യക്തികളോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുകയും പ്രായഭേദമെന്യേ എല്ലാവര്‍ക്കും ആഘോഷിച്ചുല്ലസിക്കുവാന്‍ തക്കവണ്ണം ഒരുക്കിയ വിവിധയിനങ്ങളിലുള്ള കലാ-കായികമേളയും കൂടാതെ നാവിലൂറും രുചികരമായ വിവിധയിനം ഭക്ഷണശാലകളും തനിനാടന്‍ തട്ടുകട, അമ്മച്ചിയുടെ കലവറ, കാന്താരി കിച്ചന്‍, തണ്ണീര്‍ പന്തല്‍ എന്നീ വിവിധതരം ഭക്ഷണശാലകള്‍ ഈ മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഇത് ഈ വര്‍ഷത്തെ എക്സ്ട്രാവാഗന്‍സായുടെ മറ്റൊരു പ്രത്യേകതയുമാണ്.
ഈ എക്സ്ട്രാവാഗന്‍സായുടെ ഏറ്റവും വലിയ പ്രത്യേകത യുവതലമുറ നേതൃത്വം കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്നു എന്നതാണ്. കൂടാതെ ഈ വര്‍ഷത്തെ മുഖ്യലക്ഷ്യം പൊതു ഉപയോഗത്തിനായുള്ള ഔട്ട് ഡോര്‍ കിച്ചന്‍, സ്റ്റോറേജ് ഏരിയ എന്നിവ നിര്‍മ്മിക്കുകയും ചെയ്യുക എന്നതാണ്. ഈ മേളയിലെ ഭക്ഷണവിഭവങ്ങള്‍ പ്രീ ഓര്‍ഡര്‍ ചെയ്യുവാനുള്ള ക്രമീകരണങ്ങളും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതോടൊപ്പം ഈ മേളയിലേക്ക് ഏവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായും കമ്മിറ്റി അറിയിച്ചു.
റവ. ഫാ. ഗീവര്‍ഗീസ് അരുണ്‍, ജോര്‍ജ് മാര്‍ക്കോസ്, ജിമ്മി ജേക്കബ് ജോര്‍ജ,് മാത്യൂസ് മഞ്ച, ഗാബിയോ ജോസ്, ബിനു പി. തോമസ്, സെറിന്‍ ചെറിയാന്‍ കുരുവിള, ലിസി തോമസ്, ഏലിയാസ് പോള്‍, സാബു സ്കറിയ, സുബിന്‍ ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ എക്സ്ട്രാവാഗന്‍സായുടെ വന്‍ വിജയത്തിനായി നാളുകളായി അഹോരാത്രം ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചുവരുന്നതായും അറിയിക്കുകയുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: https://saintpeterscathedral.org/
.jpg)


