തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റ് നടപടികൾ കർശനമാക്കി അന്വേഷണ സംഘം. ഇതുവരെ 25 പേരാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലായിരിക്കുന്നത്. മുൻ ആറ്റുകാൽ കൗൺസിലർ ഉണ്ണികൃഷ്ണൻ ഉൾപ്പെടെ ആറുപേരെ കഴിഞ്ഞദിവസം തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു.
അതേസമയം, മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണാ വിജയന്റെ വസതിയുൾപ്പെടെയുള്ള ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ വിശദമായ പരിശോധന പുരോഗമിക്കുകയാണ്. മരവിപ്പിച്ച 242 അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ കൃത്യമായ സ്രോതസ്സ് കണ്ടെത്താനാണ് അന്വേഷണം ഊർജ്ജിതമാക്കുന്നത്. ഏകദേശം 18 കോടിയോളം രൂപയാണ് ഇ.ഡി ഇതിനകം മരവിപ്പിച്ചത്. ഇ.ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ നൽകിയ അപ്പീൽ നാളെ കോടതി പരിഗണിക്കും. ഇതിനുശേഷമാകും വീണാ വിജയന് നോട്ടീസ് അയക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. വീണാ വിജയന്റെ എച്ച്.ഡി.എഫ്.സി ബാങ്കിലെ ലോക്കർ തുറന്നു പരിശോധിക്കാൻ ഇ.ഡി തീരുമാനിച്ചിട്ടുണ്ട്. ഈ ലോക്കറുള്ള അക്കൗണ്ട് നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു. റെയ്ഡിന്റെ വിശദാംശങ്ങൾ കോടതിയെ ബോധിപ്പിക്കുമെന്നും അന്വേഷണവുമായി മുന്നോട്ട് പോകുമെന്നും ഇ.ഡി വ്യക്തമാക്കി.

