ഫിലാഡൽഫിയ: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന കൗൺസിലിലേക്ക് (2026–2029) സൗത്ത് ഈസ്റ്റ് റീജിയൺ സെന്റർ ബി-യിൽനിന്ന് ഡോ. രേഷ്മ രാജൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
മെയ് മാസം 29, 30 തീയതികളിൽ ന്യൂജേഴ്സിയിലുള്ള സെൻറ് പീറ്റേഴ്സ് മാർത്തോമ ചർച്ചിൽ വച്ച് നടന്ന ഭദ്രാസന വാർഷിക അസംബ്ലി മീറ്റിങ്ങിൽ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യമായാണ് അസംബ്ലി കൗൺസിലറായി രേഷ്മ തെരഞ്ഞെടക്കപ്പെടുന്നത്.
തിരുവനന്തപുരം–കൊല്ലം ഭദ്രാസനത്തിലെ കമ്പംകോട് ഓൾ സെയിൻസ് മാർത്തോമാ ചർച്ചാണ് മാതൃ ഇടവക. അവിടെ യുവജനസഖ്യം ലേഡി സെക്രട്ടറിയായും സൺഡേ സ്കൂൾ അധ്യാപികയായും സേവനമനുഷ്ഠിച്ചു. വെല്ലൂർ ക്യാമ്പസിലെ യൂത്ത് മിനിസ്ട്രിയിൽ സജീവമായിരുന്നു.
നിലവിൽ ഫിലാഡൽഫിയ ക്രിസ്തോസ് മാർത്തോമ്മാ ഇടവകാംഗമായ ഇവർ സൺഡേ സ്കൂൾ അധ്യാപിക, യങ് ഫാമിലി ഫെലോഷിപ്പ് വൈസ് പ്രസിഡന്റ്, പ്രയർ ഗ്രൂപ്പ് പ്രതിനിധി, എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് പ്രതിനിധി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. സഭാതാരക ഉൾപ്പടെയുള്ള സഭാ പ്രസിദ്ധീകരണങ്ങളിലും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതാറുണ്ട്.
കേരള സർവകലാശാലയ്ക്കു കീഴിലുള്ള മാർത്തോമ്മാ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രോണിക്സിൽ ഒന്നാം റാങ്കോടെ ബി.എസ്സ് സിയും, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് (വി.ഐ.ടി.) എം.എസ്സ് സിയും നേടി. തുടർന്ന് അതേ കോളേജിൽനിന്ന് ബയോഫിസിക്സില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. ഫിലാഡൽഫിയ ടെംപിൾ സർവകലാശാലയിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും പൂർത്തിയാക്കി.
മെഡിക്കൽ ഉപകരണങ്ങളുടെ എഫ്.ഡി.എ. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ആഗോള ക്ലിനിക്കൽ പരീക്ഷണങ്ങൾ (ക്ലിനിക്കൽ ട്രയൽസ്) ഏകോപിപ്പിക്കുന്ന മേഖലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

ഡോ. രേഷ്മ രാജൻ

