എൻ്റെ മനസ്സിൻ്റെ ഉള്ളിൽ നിന്ന് എഴുതിയതാണ്. വായിക്കണം.
രണ്ടാഴ്ച മുമ്പ് ഷാനി ഷഫീർ എന്നൊരു വനിത എന്നെ ഫോണിൽ വിളിച്ചു. അവരുടെ പി.എച്ഡി ഗൈഡായ പ്രൊഫസർ ഒരു വലിയ അപകടത്തിൽപ്പെട്ട് കാലിൽ ഗുരുതര പരിക്കുകളുമായി തിരുവനന്തപുരത്തെ ഒരു പ്രധാന സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്.
കാലിൽ നിന്ന് ഒരുപാട് മാംസവും അസ്ഥിയുമൊക്കെ അപകടത്തിൽ നഷ്ടമായിട്ടുണ്ട്. രോഗിയെ രക്ഷിക്കാൻ മുട്ടിന് മുകളിൽ വച്ച് കാല് മുറിക്കണമെന്ന് ചികിത്സിക്കുന്ന ഡോക്ടർ പറയുന്നു. "എൻ്റെ കാല് മുറിക്കല്ലേ" എന്ന് പ്രൊഫസർ നിലവിളിക്കുകയാണ്. അദ്ദേഹം കുഴിത്തുറക്കാരനാണ്. ഒപ്പമുള്ള ഒന്നോ രണ്ടോ ബന്ധുക്കൾക്ക് ആശുപത്രിയിൽ ആരോട് എന്ത് സംസാരിക്കണമെന്ന് അറിയില്ല.
മുറിവിൻ്റെയും ശരീരത്തിൽ നിന്ന് വേർപ്പെട്ട ഭാഗങ്ങളുടെയും ഫോട്ടോകൾ ഷാനി എനിക്കയച്ചുതന്നു. അതുകണ്ട് ശരിക്കും ഞെട്ടി.
ഞാൻ ഡോക്ടറെ ഫോണിൽ വിളിച്ചു. എന്നെ നന്നായി അറിയുന്ന ഡോക്ടർ. അദ്ദേഹം അതിവിദഗ്ദ്ധനുമാണ്. അദ്ദേഹം പറഞ്ഞത് താഴെ:
"ഡോക്ടർ ലാൽ, ഈ രോഗിയുടെ മുറിവ് വളരെ വഷളാണ്. ഇപ്പോഴേ അണുബാധയുടെ ലക്ഷണങ്ങൾ ഉണ്ട്. വളരെ മോശം സ്ഥിതിയാണ്. ഇദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാൻ കാല് മുറിക്കുക മാത്രമേ നമുക്ക് വഴിയുള്ളൂ."
വിഷമിപ്പിക്കുന്നതെങ്കിലും വളരെ ആത്മാർത്ഥതയോടെയുള്ള വാക്കുകൾ. രോഗിയെ രക്ഷിക്കാനുള്ള കാല് മുറിക്കൽ.
എന്നാൽ ഷാനിയും ഞാനും പ്രതീക്ഷ കൈവിടാൻ തയ്യാറായില്ല. ഞാൻ മറ്റൊരു വലിയ സ്വകാര്യാശുപത്രിയിൽ പ്രവർത്തിക്കുന്ന സുഹൃത്തായ ഡോക്ടർ നസീറിനെ വിളിക്കാൻ തീരുമാനിച്ചു. കാരണമുണ്ട്. അദ്ദേഹത്തിൻ്റെ ആശുപത്രിയിൽ നാല് കൊല്ലം മുമ്പ് ഒരു ബോംബ് ആക്രമണത്തിൽ കാലിൽ ഗുരുതര മുറിവ് പറ്റി എത്തിയ ഒരു മത്സ്യത്തൊഴിലാളി യുവാവിൻ്റെ ഓർമ്മ വന്നു. മുറിഞ്ഞ കാല് തൂങ്ങിക്കിടക്കുന്ന അവസ്ഥ. കാല് മുറിക്കാൻ നിരവധി ആശുപത്രികൾ വിധിച്ചു. അന്നും ഞാൻ വിളിച്ചത് ഡോ: നസീറിനെയാണ്. രോഗിയുടെ ബന്ധുക്കളും ഞാനും ഡോ: നസീറിനോട് വേദനയോടെ സഹായം അഭ്യർത്ഥിച്ച വരികൾ എനിക്ക് മറക്കാൻ കഴിയില്ല.
.jpg)
കാരണം ആ രോഗിക്കായി ഫോൺ വന്നത് രാത്രി എൻ്റെ അമ്മ മരിച്ച് രണ്ടോ മൂന്നോ മിനിട്ട് മാത്രം കഴിഞ്ഞപ്പോഴാണ്. അമ്മയുടെ മൃതശരീരം എൻ്റെ മുന്നിൽ കിടക്കുമ്പോഴായിരുന്നു ആ ഫോൺ വിളികൾ മുഴുവനും. ആ യുവാവ് ഇപ്പോൾ രണ്ട് കാലുമായി സ്വീഡനിലാണ്. ഓരോ ചുവടിലും ഡോ: നസീറിനെ ഓർത്തുകൊണ്ട്.
ഇത്തവണയും ഞാൻ ഡോ: നസീറിനെ ഫോണിൽ വിളിച്ചു. ഷാനിയും ഞാനും മുറിവിൻ്റെ ഫോട്ടോകൾ അയച്ചുകൊടുത്തു. മറ്റൊരു ആശുപത്രിയിൽ കാല് മുറിക്കാൻ വിധിച്ച ഗുരുതരാവസ്ഥയിലുള്ള ഒരാളെ ഏറ്റെടുക്കുന്നതിലുള്ള നൈതികതെയും റിസ്കും ഒക്കെ വലുതാണെങ്കിലും അതൊന്നും ഡോ: നസീറിന് തടസമായില്ല. ആദ്യത്തെ ആശുപത്രിയിലെ ഡോക്ടറും നന്നായി സഹകരിച്ച് രോഗിയെ യാത്രയാക്കി. ഡോ: നസീർ രോഗിയെ ഏറ്റെടുത്തു. ചികിത്സയിലെ ചില നൂതന സമ്പ്രദായങ്ങൾ അദ്ദേഹം പരീക്ഷിച്ചു. പിറ്റേ ദിവസം മുതൽ രോഗാവസ്ഥയിൽ ചെറിയ മെച്ചമുണ്ടായി.
ഇന്നലെ ഷാനി വിളിച്ചു. ഷാനിയുടെ ഫോൺ വാങ്ങി പ്രൊഫസറും എന്നോട് സംസാരിച്ചു. അദ്ദേഹത്തെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. വീട്ടിലേയ്ക്ക് പോകുകയാണ്. രണ്ട് കാലുമായി.
പ്രൊഫസർ പലയാവർത്തി എന്നോട് നന്ദി പറഞ്ഞു. ഞാനദ്ദേഹത്തെ തടഞ്ഞു. യഥാർത്ഥത്തിൽ നന്ദി പയേണ്ടത് അദ്ദേഹത്തിൻ്റെ വിദ്യാർത്ഥി ഷാനിക്കും കാലിനെയും പ്രൊഫസറയും രക്ഷപ്പെടുത്തിയ ഡോക്ടർ നസീറിനെയുമാണ്. എനിക്കുള്ള നന്ദി ഞാൻ എന്നെ പഠിപ്പിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിന് കൈമാറുന്നു. ഇതുവരെയുള്ള എല്ലാ നല്ല അദ്ധ്യാപകർക്കും. ഒപ്പം, ജോലി ചെയ്ത ശമ്പളം മുഴുവനും എന്നെ പഠിപ്പിക്കാൻ ഉപയോഗിച്ച എൻ്റെ അച്ഛനും അമ്മയ്ക്കും.
മനുഷ്യന് ഒരു കാൽ പ്രവർത്തിച്ചില്ലെങ്കിൽ ഉണ്ടാകുന്ന കഷ്ടതകൾ ഞാനും അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒരു വീഴ്ചയിൽ കാലിലെ ഒരു ടെൻ്റൺ പൊട്ടിയപ്പോൾ. രണ്ട് മാസത്തിലധികം ചക്രക്കസേരയിൽ കഴിഞ്ഞ ദിവസങ്ങൾ എനിക്ക് മറക്കാൻ കഴിയില്ല. അതുകൊണ്ട് ഒരാൾക്ക് എന്നെന്നേയ്ക്കുമായി കാല് നഷ്ടപ്പെട്ടാലുള്ള അവസ്ഥ ഊഹിക്കാൻ എനിക്കും കഴിയും.
പ്രൊഫസറെ ചികിത്സിച്ച സ്വകാര്യ ആശുപത്രികളുടെ പേരുകൾ ഞാനിവിടെ എഴുതാത്തത് മനപൂർവമാണ്. പാവപ്പെട്ട മനുഷ്യർക്ക് എല്ലാ ചികിത്സയും സർക്കാർ ആശുപത്രികളിൽ ലഭിക്കണമെന്നാണ് എൻ്റെയും നിലപാട്. ഒപ്പം, സ്വകാര്യാശുപത്രികൾ കേരളത്തിൽ ചെയ്യുന്ന സേവനവും നമ്മൾ മറക്കരുത്.
പണമുള്ളവരും നല്ല ഇൻഷുറൻസ് ഉള്ളവരും സ്വകാര്യാശുപത്രിയിൽ പോയാൽ പണമില്ലാത്തവർക്ക് സർക്കാരാശുപത്രിയിൽ കട്ടിലും ഐ.സി യൂണിറ്റും വെൻ്റിലേറ്റുമൊക്കെ കൂടുതൽ ഒഴിവുണ്ടാകുകയും ചെയ്യും. മരണങ്ങളും തടയാം.
സർക്കാർ-സ്വകാര്യ ആശുപത്രികളെ യോജിപ്പിച്ച് ജനങ്ങൾക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുകയാണ് സർക്കാരുകൾ ചെയ്യേണ്ടത്. അസുഖങ്ങൾക്കും അപകടങ്ങൾക്കും നമ്മുടെ ആശുപത്രികളുടെ പേരറിയില്ല. ശരീരത്തിന് വേഗത്തിലും കൃത്യമായതുമായ ചികിത്സയാണ് വേണ്ടത്. ആശുപത്രി ഏതായാലും. കാല് മുറിക്കാൻ തീരുമാനിക്കുന്ന ഡോക്ടർ മറ്റൊരു ഡോക്ടർക്ക് കാല് രക്ഷിക്കാൻ കഴിയുമോ എന്ന് അന്വേഷിക്കാനും ബാദ്ധ്യതയുണ്ട്. ഡോക്ടർ കാണുന്ന നൂറ് രോഗികളിൽ ഓരാളുടെ കാലായിരിക്കും മുറിക്കുന്നത്. എന്നാൽ കാല് മുറിക്കുന്നയാളുടെ ജീവിതത്തെ നൂറ് ശതമാനമാണ് ബാധിക്കുന്നത്.
രോഗിയുടെ കാല് രക്ഷപ്പെടുത്തിയ ഡോക്ടർ നസീറിൻ്റെ പേര് എഴുതിയതും മനപൂർവ്വമാണ്. നസീറിൻ്റെ അനുവാദത്തോടെ അദ്ദേഹത്തിൻ്റെ ഇമെയിൽ വിലാസം ഇവിടെ രേഖപ്പെടുത്തുന്നു: drmuhammednazeer@gmail.com
ഗുരുതര അപകടങ്ങൾ സംഭവിക്കുമ്പോഴോ, കടുത്ത പ്രമേഹരോഗത്തിൻ്റെ ഫലമായി കാല് പഴുത്ത് ജീവൻ അപകടത്തിലാകുമ്പോഴോ, അസ്ഥിയുടെ അർബുദം കാരണമോ ഒക്കെ കാല് മുറിക്കേണ്ട അവസ്ഥ വരാറുണ്ട്. അതിനാൽ എല്ലാ ഗുരുതരാവസ്ഥയിലും കാല് രക്ഷപെടുത്താൻ കഴിയണമെന്നില്ല. ഡോക്ടർ നസീറിനെപ്പോലെയുളള അതി സമർത്ഥരായ ഡോക്ടർമാർ പലരും നമുക്കുണ്ട്. എന്തെങ്കിലും വഴിയുണ്ടെങ്കിൽ ഡോ: നസീറിനെ പോലെയുള്ളവർ കഠിനാദ്ധ്വാനം ചെയ്ത് രോഗികളെ രക്ഷിക്കും.
പ്രൊഫസർ ധനികനല്ല. ഇടത്തരം കുടുംബമാണ്. ചികിത്സാ ചെലവ് അദ്ദേഹത്തിന് വലിയ സാമ്പത്തിക സാധ്യതയും ഉണ്ടാക്കി.
വാലറ്റം: പ്രധാനമായും കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിച്ച് എം.ബി.ബി.എസ് ബിരുദം കിട്ടിയ ഒരു ഡോക്ടർ എന്ന കടപ്പാടോട് കൂടിയാണ് ഇതും എഴുതിയത്. ഈ സംഭവത്തിലെ യഥാർത്ഥ ഹീറോ ഷാനിയാണ്. ഡോ: നസീറിൻ്റെയും എൻ്റെയും എല്ലാ ദിവസവവും ഇത്തരം പ്രവൃത്തികളുടേതാണ്. അതിന് പുതുമയില്ല.
NB: ശ്രീമതി ഷാനി ഷെഫീർ ആരാണെന്ന് കൂടി. കോൺഗ്രസ് നേതാവ് ബി.ആർ.എം ഷെഫീറിൻ്റെ ജീവിത പങ്കാളി. അത് പിന്നീടാണ് അറിഞ്ഞത്. ചിത്രങ്ങൾ ബ്ലാക്ക് ആൻ്റ് വൈറ്റ് ആക്കിയതാണ്. കളർ ചിത്രങ്ങൾ ഭയപ്പെടുത്തുന്നതാണ്.
ഡോ: എസ്.എസ്. ലാൽ

