കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡി.ജി.പി. ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. സംസ്ഥാന പൊലീസിലെ ഉന്നത പദവി വഹിച്ച വ്യക്തിയെന്ന നിലയിൽ ടോമിൻ തച്ചങ്കരി യാതൊരുവിധ ഇളവും അർഹിക്കുന്നില്ലെന്ന് കോടതി കർശനമായി നിരീക്ഷിച്ചു. വിധിക്ക് പിന്നാലെ അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടികൾ സ്വീകരിച്ചു.
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസിൽ നിർണായക വിധി പുറത്തുവന്നിരിക്കുന്നത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കണ്ടെത്തലിനെ തുടർന്ന് 2007-ലാണ് ടോമിൻ തച്ചങ്കരിക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. തന്റെ ഔദ്യോഗിക വരവിനേക്കാൾ ഏകദേശം 135 ശതമാനത്തോളം അധിക സ്വത്ത് അദ്ദേഹം സമ്പാദിച്ചതായാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇതിന്റെ കൃത്യമായ കണക്കുകളോ വരവിൻ്റെ ഉറവിടമോ വ്യക്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
തുടർന്ന് 2013-ൽ അന്ന് എ.ഡി.ജി.പി. പദവിയിലിരിക്കെ ടോമിൻ തച്ചങ്കരിക്കെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. വിചാരണ വേളയിൽ വിജിലൻസ് ഹാജരാക്കിയ രേഖകളും തെളിവുകളും പൂർണ്ണമായും സാധുവാണെന്ന് കണ്ടെത്തിയാണ് ഇപ്പോൾ കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് വിധിച്ചത്. വിധിക്ക് മുന്നോടിയായി എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോൾ, രണ്ട് ദിവസം മുൻപ് നെഞ്ചുവേദനയുണ്ടായതായും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും ടോമിൻ തച്ചങ്കരി കോടതിയെ അറിയിച്ചിരുന്നു. എങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന ശക്തമായ നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. തുടർന്നാണ് വിജിലൻസ് കോടതി നാല് വർഷത്തെ കഠിന തടവും പിഴയും വിധിച്ച് ഉത്തരവിട്ടത്.

