PRAVASI

അന്‍വറിനെ ചുരുട്ടി മടക്കി ഒതുക്കിയ രാഷ്ട്രീയ നീക്കം

Blog Image

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിരട്ടിയും വിലപേശിയും എന്തും സാധ്യമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. കാലാകാലങ്ങളില്‍ ഘടകകക്ഷികളും സാമുദായിക സംഘടനകളും ഇതിന്റെ നേട്ടം കൊയ്ത വരുമാണ്. എന്നാല്‍ ആ നിലപാടില്‍ മാറ്റം വരുത്തുകയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വം.

വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ മുതല്‍ തന്നെ ഈ നിലപാട് സ്വീകരിച്ചിരുന്നു. ഇപ്പോള്‍ കെപിസിസിക്ക് യുവത്വം കൂടി അടങ്ങുന്ന പുതിയ നേതൃത്വം വന്നതോടെ അത് കൂടുതല്‍ കണിശമായി നടപ്പാക്കി തുടങ്ങി. അത് തന്നെയാണ് നിലമ്പൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും കണ്ടത്. പിവി അന്‍വറിന്റെ ഭീഷണിയെ ശ്രദ്ധിക്കുക പോലും ചെയ്യാതെ പാര്‍ട്ടിയുടെ നിലപാട് കൃത്യമായി നടപ്പിലാക്കി. ആര്യാടന്‍ ഷൗക്കത്തിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി. സ്വതന്ത്രനായി മത്സരിക്കുമെന്ന അന്‍വറിന്റെ ഭീഷണി കോണ്‍ഗ്രസ് നേതാക്കള്‍ ശ്രദ്ധിക്കുന്നത് പോലുമില്ല. പ്രാദേശിക തലത്തിലുള്ള നേതാക്കളാണ് അന്‍വറുമായി ഏതെങ്കിലും തരത്തിലുള്ള കൂടിക്കാഴ്ച നടത്തുന്നത്. സതീശനോ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫോ അന്‍വറിനെ ഒന്ന് കാണാന്‍ പോലും തയ്യാറായിട്ടില്ല.

സണ്ണി ജോസഫിനൊപ്പം ഷാഫി പറമ്പില്‍ പി സി വിഷ്ണുനാഥ് എന്നീ യുവ നേതാക്കള്‍ കെപിസിസി നേതൃത്വത്തിലേക്ക് എത്തിയതോടെ നിലപാടുകളിലും കരുത്തായി. ഈ സമീപനത്തില്‍ അണികളും ആവേശത്തിലാണ്. അന്‍വറിനെ തീര്‍ത്തും അവഗണിച്ച് മുന്നോട്ടുപോകുമ്പോള്‍ അത് യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക് കൂടിയുള്ള മുന്നറിയിപ്പാണ്.

വിജയിക്കുന്ന ഒരു സീറ്റ് കൂടാതെ മറ്റ് രണ്ട് സീറ്റുകളും അതാണ് അന്‍വറിന്റെ ആവശ്യം. ഇത് സ്വന്തം അക്കൗണ്ടില്‍ നിന്ന് പോകാതെ കോണ്‍ഗ്രസിനു മേല്‍ ചാരാനാണ് ലീഗ് ശ്രമിക്കുന്നത്. ഇത് മനസ്സിലാക്കി തന്നെയാണ് കോണ്‍ഗ്രസ് കടുത്ത നിലപാടില്‍ നില്‍ക്കുന്നത്. സതീശന്റെ പ്ലാന്‍ 63 എന്നതും ആരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങാതിരിക്കാനുളളതാണ്. 63 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ഘടകക്ഷികളുടെ ഒരു വിരട്ടലും അംഗീകരിക്കേണ്ട കാര്യമില്ലാതെ മുന്നോട്ടു പോകാം എന്ന പുതു നയത്തിലാണ് കോണ്‍ഗ്രസ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.