ബൊഗോട്ട: പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ചുളള പ്രസ്താവന പിന്‍വലിച്ച് കൊളംബിയ. വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് കൊളംബിയയെ അറിയിച്ചുവെന്നും അവര്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കാമെന്ന് നിലപാട് സ്വീകരിച്ചെന്നും ശശി തരൂര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനായി കൊളംബിയയിലെത്തിയ ഇന്ത്യന്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ നയിക്കുന്ന തരൂര്‍ കൊളംബിയയുടെ നിലപാടില്‍ അതൃപ്തി അറിയിച്ചിരുന്നു. അതിനുപിന്നാലെയാണ് പ്രസ്താവന തിരുത്താന്‍ കൊളംബിയ തയ്യാറായത്.
‘തീവ്രവാദികളും നിരപരാധികളായ ജനങ്ങളും തമ്മില്‍ തുല്യത സാധ്യമല്ല. രാജ്യം ആക്രമിക്കുന്നവരെയും സ്വന്തം രാജ്യത്തെ പ്രതിരോധിക്കുന്നവരെയും താരതമ്യം ചെയ്യാനാവില്ല. ഈ വ്യത്യാസം അവര്‍ അവഗണിച്ചതുകൊണ്ടാണ് കൊളംബിയയുടെ പ്രസ്താവനയില്‍ ഞങ്ങള്‍ക്ക് നിരാശ തോന്നിയത്. കൊളംബിയ പ്രസ്താവന പിന്‍വലിച്ചതില്‍ സന്തോഷമുണ്ട്’- ശശി തരൂര്‍ പറഞ്ഞു. കശ്മീരില്‍ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായെന്നും ഇന്ത്യന്‍ സംഘത്തിന്റെ വിശദീകരണത്തില്‍ തങ്ങള്‍ തൃപ്തരാണെന്നും കൊളംബിയന്‍ ഉപ വിദേശ കാര്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എല്ലാ നിലയിലുമുള്ള ഭീകരതയ്ക്കെതിരെയും പോരാടാനുള്ള ഇന്ത്യയുടെ ശക്തമായ ദൃഢനിശ്ചയം അറിയിക്കുന്നതിനാണ് കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പാര്‍ലമെന്ററി പ്രതിനിധി സംഘം കൊളംബിയയിലെത്തിയത്. സര്‍ഫ്രാസ് അഹമ്മദ് (ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച), ജിഎം ഹരീഷ് ബാലയോഗി (തെലുങ്ക് ദേശം പാര്‍ട്ടി), ശശാങ്ക് മണി ത്രിപാഠി (ബിജെപി), ഭുവനേശ്വര്‍ കലിത (ബിജെപി), മിലിന്ദ് ദിയോറ (ശിവസേന), തേജസ്വി സൂര്യ (ബിജെപി), അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു എന്നിവരടങ്ങുന്ന പ്രതിനിധി സംഘം പാനമയില്‍ നിന്നാണ് കൊളംബിയയിലെത്തിയത്. നേരത്തെ പനാമിയില്‍ പ്രസിഡന്റ് ജോസ് റൗള്‍ മുലിനോ ക്വിന്റേറോ, വിദേശകാര്യ ഉപമന്ത്രി കാര്‍ലോസ് അര്‍തുറോ ഹോയോസ് എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.

