പച്ചക്കരിമ്പിന്റെ മെയ്യഴകുള്ള സുമംഗലക്കു മൂവന്തിയുടെ
ചുവപ്പായിരുന്നു.അവൾ സ്ഥിരമായി ധരിച്ചിരുന്ന ഓരേയൊരു ചേലക്ക്
കറുപ്പും ചുവപ്പും കലർന്ന നിറമായിരുന്നു.
അവളുടെ ചുരുൾ മുടിക്കു കാച്ചെണ്ണയുടെ മണമായിരുന്നു.
അവളുടെ കരിമിഴികളിൽ ഉറവ വറ്റിപ്പോയ
കവിതയുണ്ടായിരുന്നു.
അവളുടെ രാത്രിമൊഴികളിൽ താരാട്ടിന്റെ
താളം തെറ്റിയ ശീലുകളുണ്ടായിരുന്നു.അവളിലേക്കു പടർന്നു
കയറാൻ ഒരുപാടുപേർ അവളെത്തേടി വന്നുകൊണ്ടിരുന്നു.
അവളെ പ്രാപിച്ചവരാരും അവളെ അറിഞ്ഞില്ല.
അവരിൽ ആരെയോ ഒരാളെ തന്റെ മടിയിൽ കിടത്തി
മുടിയിഴകളിൽ മെല്ലെ തലോടി അയാൾ ഉറങ്ങുവോളം
ആ മുഖത്തു പ്രണയപൂർവ്വം കണ്ണുനട്ടിരിക്കുന്നത് അവൾ
ഇടയ്ക്കിടെ സ്വപനം കാണുമായിരുന്നു.എല്ലാ പ്രഭാതങ്ങളിലും
അവൾ അവളുടെ തളർന്ന മയക്കമുണരുന്നത് .അങ്ങനെയൊരു ദിവസം
കൊതിച്ചു കൊതിച്ചായിരുന്നു.പക്ഷേ അവൾ അറിഞ്ഞവരാരും
അവളെ പ്രാപിച്ചില്ല.അവളെ പ്രാപിച്ചവരാരും അവളെ അറിഞ്ഞതുമില്ല.
വോൾട്ടേജ് കുറഞ്ഞ ബൾബിന്റെ മഞ്ഞ വെളിച്ചത്തിൽ അവളെ ആദ്യം
കണ്ടനാൾ മുതൽ ഞാനാലോചിക്കുകയായിരുന്നു.
ആരാണ് ആ പാവത്തിന് സുമംഗല എന്ന് പേരിട്ടത് ?

ഡോ. ബിജു കൈപ്പാറേടൻ

