എന്തിന് നീ നിൻ്റെ മക്കളെ കൂടെ കൊണ്ടുപോയ്
നെഞ്ചോട് ചേർത്തു പിടിച്ച് നടന്നിട്ട്
കണ്ണുകളടച്ചു നീ ചെവികളും അടച്ചുവോ
ഈ ലോക നീതിയ്ക്ക് കണ്ണില്ല , ചെവികളും
നിൻ്റെയുള്ളം കരഞ്ഞതും ഞാനറിഞ്ഞില്ല
നിൻ്റെ നിലവിളി കേട്ടില്ല , കേട്ടതായ് നടിച്ചില്ല
നീ നടന്ന വഴികളിൽ ചോര കിനിഞ്ഞതും
നിന്നെയടിച്ചവർ പിന്നാലെ നടന്നതും
നീയെന്ന സത്യത്തെ ഉൾക്കൊള്ളാതിരുന്നതും
നിന്നെയറിയില്ലെന്നു ഞാൻ പറഞ്ഞതും
നിൻ്റെ മുറിവുകളിൽ ഞാൻ കുത്തിരസിച്ചതും
നിനക്കു ഞാൻ ദാഹജലം നിഷേധിച്ചതും
നിൻ്റെ സ്വപ്നങ്ങളുടെ ചിതയ്ക്ക് തീ കൊളുത്തിയതും
അറിയുന്നു ഞാനിപ്പോൾ , നീയൊരു ഓർമ്മയായപ്പോൾ
എൻ്റെ കപട സ്നേഹത്തിൻ്റെ മുഖം മൂടി വച്ചു ഞാൻ
പിന്നെയും ചോദിച്ചു
എന്തിനു നീയാ മക്കളെ കൂടെ കൊണ്ടുപോയ്
ഉത്തരം നൽകിടാൻ നീയടുത്തില്ലെങ്കിലും
കേട്ടു ഞാൻ കാറ്റായ് പറക്കുന്ന നിൻ ശാപത്തിൻ ശീൽക്കാരം
മഴയായ് ഇരയ്ക്കുന്ന നിൻ വേദനയുടെ പെയ്ത്തുകാലം
ഇനിയും വരും വസന്തവും പിന്നെ ശൈത്യവും
വേനലിൽ എരിയുന്ന എന്നെ ദഹിപ്പിയ്ക്കും ദുഃഖവും

ലൂസി കണിയാലി ചിക്കാഗോ

