PRAVASI

ക്യാപ്സ് സംസ്ഥാന ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനങ്ങൾ സമർപ്പിച്ചു

Blog Image

തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക ക്ഷേമ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) സംസ്ഥാന പ്രതിനിധി സംഘം മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനെ സന്ദർശിച്ച് രണ്ട് സുപ്രധാന പൊതുനിവേദനങ്ങൾ സമർപ്പിച്ചു. “അന്തസ്സോടെയുള്ള വാർധക്യത്തിനായുള്ള കേരളം” (Kerala for Dignified Ageing) എന്ന ആശയവും “കേരള സോഷ്യൽ വർക്ക് ആക്ട്” നടപ്പിലാക്കണമെന്ന ആവശ്യവും ഉൾക്കൊള്ളുന്നതായിരുന്നു നിവേദനങ്ങൾ.

സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. എം. പി. ആന്റണി നയിച്ച സംഘത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ചെറിയാൻ പി. കുര്യൻ, മീഡിയ & പബ്ലിക് റിലേഷൻസ് കോ-ഓർഡിനേറ്റർ ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്, തിരുവനന്തപുരം ചാപ്റ്റർ ചാപ്റ്റർ പ്രസിഡന്റ് ബേബി പ്രഭാകരൻ, സെക്രട്ടറി സിസിർ രാജ്, മീഡിയ ടീം അംഗം മാത്യു ഇടക്കുന്നിൽ എന്നിവരും മറ്റു ക്യാപ്സ് പ്രതിനിധികളും പങ്കെടുത്തു.

കേരളത്തിലെ സാമൂഹ്യപ്രവർത്തകരുടെയും വിവിധ സാമൂഹിക സംഘടനകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ ആശങ്കകളും നിർദേശങ്ങളും ഉൾക്കൊള്ളുന്നതാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനങ്ങൾ.
കേരളത്തിൽ വർധിച്ചുവരുന്ന വയോജന ജനസംഖ്യയുടെ പശ്ചാത്തലത്തിൽ, മുതിർന്ന പൗരന്മാർക്ക് അന്തസ്സോടെയും സുരക്ഷിതമായും ജീവിക്കാൻ ആവശ്യമായ അവകാശാധിഷ്ഠിതവും സമൂഹകേന്ദ്രീകൃതവുമായ വയോജന സംരക്ഷണ സംവിധാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടാണ് ക്യാപ്സ് നിവേദനം സമർപ്പിച്ചത്.

വയോജനങ്ങളുടെ ഏകാന്തത, സാമൂഹിക ഒറ്റപ്പെടൽ, അവഗണന, പീഡനം തുടങ്ങിയ വർധിച്ചുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആരോഗ്യപരിരക്ഷ, മാനസിക-സാമൂഹിക പിന്തുണ, സാമൂഹിക സുരക്ഷ, സമൂഹ അധിഷ്ഠിത സേവനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങൾ നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ സോഷ്യൽ വർക്ക് പ്രൊഫഷനെ നിയമപരമായി അംഗീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന “കേരള സോഷ്യൽ വർക്ക് ആക്ട്” നടപ്പിലാക്കണമെന്ന ആവശ്യവും ക്യാപ്സ് മുന്നോട്ടുവച്ചു.

യുണൈറ്റഡ് കിംഗ്ഡം, അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ സോഷ്യൽ വർക്ക് നിയമപരമായി നിയന്ത്രിതമായ ഒരു പ്രൊഫഷനാണ്. ഇത്തരം നിയമവ്യവസ്ഥകൾ തൊഴിൽമേഖലയിലെ നൈതികത, ഉത്തരവാദിത്തം, സേവന നിലവാരം എന്നിവ ഉറപ്പാക്കുന്നതിന് സഹായകമാണ്.

കേരള സോഷ്യൽ വർക്ക് ആക്ട് നടപ്പിലാകുന്നതിലൂടെ സാമൂഹ്യപ്രവർത്തകരുടെ രജിസ്ട്രേഷൻ, പ്രൊഫഷണൽ മാനദണ്ഡങ്ങൾ, നൈതിക മേൽനോട്ടം, തുടർച്ചയായ പ്രൊഫഷണൽ വികസനം എന്നിവ ഉറപ്പാക്കാൻ സാധിക്കുമെന്ന് ക്യാപ്സ് ചൂണ്ടിക്കാട്ടി. ആരോഗ്യരംഗം, മാനസികാരോഗ്യം, ശിശുസംരക്ഷണം, ഭിന്നശേഷി സേവനങ്ങൾ, പാലിയേറ്റീവ് കെയർ, ദുരന്തനിവാരണം, പുനരധിവാസം, വയോജന സംരക്ഷണം തുടങ്ങിയ മേഖലകളിലെ സേവനങ്ങളുടെ ഗുണനിലവാരം ഇതിലൂടെ മെച്ചപ്പെടുമെന്നും സംഘടന അഭിപ്രായപ്പെട്ടു.

നിവേദനം സമർപ്പിച്ച ശേഷം സംഘം നിയമസഭാ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചീഫ് വിപ്പ് ശ്രീ. അപു ജോൺ ജോസഫ്, മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി റോയി മാത്യു ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെയും സന്ദർശിച്ച് വിഷയങ്ങൾ വിശദീകരിച്ചു.

വാർധക്യത്തിന് അന്തസ്സും സാമൂഹ്യപ്രവർത്തനത്തിന് പ്രൊഫഷണൽ അംഗീകാരവും ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് സന്ദർശനങ്ങൾ എന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

കേരളത്തിലെ സാമൂഹിക ക്ഷേമ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സംസ്ഥാന പ്രതിനിധി സംഘം മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനെ സന്ദർശിച്ച് വയോജന ക്ഷേമം സോഷ്യൽ വർക്ക്‌ ആക്ട് 2026 എന്നിവ സംബന്ധിച്ച് നിവേദനം നൽകിയപ്പോൾ

ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്
മീഡിയ & പബ്ലിക് റിലേഷൻസ് കോ-ഓർഡിനേറ്റർ
ഫോൺ : 9447858200


 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.