മോസ്കോ: റഷ്യയുടെ കാൻസർ പ്രതിരോധ വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100 ശതമാനം വിജയമെന്ന് റിപ്പോർട്ട്. നൂറ് ശതമാനം ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പാക്കുന്ന വാക്സിൻ ഉപയോഗത്തിന് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണെന്ന് ആർടി ഇന്ത്യ റിപ്പോർട്ട് ചെയ്തു. കാന്‍സറിന് പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചതായും അത് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യ കഴിഞ്ഞ വർഷം അറിയിച്ചിരുന്നു.
സ്വന്തമായി വികസിപ്പിച്ച കാന്‍സര്‍ പ്രതിരോധ എംആര്‍എന്‍എ വാക്‌സിന്റെ വിതരണം അടുത്തകൊല്ലം ആദ്യം ആരംഭിക്കുമെന്ന് റഷ്യ കഴിഞ്ഞ ഡിസംബറിൽ അറിയിച്ചിരുന്നു. റഷ്യൻ അക്കാദമി ഓഫ് സയൻസസിന്റെ ഏംഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജിയുമായി സഹകരിച്ച് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെന്റർ ആണ് കാൻസറിനെതിരായ വാക്സിൻ വികസിപ്പിച്ചെടുത്തത്.
പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായതോടെ ശേഷിക്കുന്ന ഒരേയൊരു ഘട്ടം റെഗുലേറ്ററി ക്ലിയറൻസ് മാത്രമാണ്. വരും ആഴ്ചകളിൽ ആരോഗ്യ മന്ത്രാലയം ഡാറ്റയുടെ അന്തിമ അവലോകനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. അംഗീകാരം ലഭിച്ചാൽ, പൊതുജനങ്ങൾക്ക് വാക്സിൻ ലഭ്യമായി തുടങ്ങും.
കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ പോലുള്ള പരമ്പരാഗത ചികിത്സകളിൽ നിന്ന് വ്യത്യസ്തമായി വാക്സിൻ ഓരോ രോഗിക്കും വ്യക്തിഗതമാണ്. റഷ്യയിൽ 48 വോളണ്ടിയർമാരുമായി ചേർന്ന് പുതിയ വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചതായുള്ള സൂചനകൾ പുറത്തുവന്നിരുന്നു. വാക്സിൻ പലഘട്ടങ്ങളായി നിരവധി പരിശോധനകൾക്ക് വിധേയമായി.
വലിയ മുഴകളെ ഗണ്യമായി ചുരുക്കിക്കൊണ്ട് കാൻസർ കോശങ്ങളെ ലക്ഷ്യമാക്കി നശിപ്പിക്കാൻ ശേഷിയുള്ളതാണ് റഷ്യയുടെ കാൻസർ വാക്സിൻ . കൊവിഡ് -19 വാക്സിനുകളിൽ ഉപയോഗിക്കുന്നതുപോലെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത റഷ്യൻ കാൻസർ വാക്സിൻ കോശങ്ങളെ തിരിച്ചറിയാനും ഇല്ലാതാക്കാനും രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്നു. മെഡ്പാത്തിലെ ഒരു റിപ്പോർട്ട് അനുസരിച്ച് കാൻസർ മുഴകളെ ആക്രമിക്കാനും നശിപ്പിക്കാനും വാക്സിൻ നാല് നിരുപദ്രവകരമായ വൈറസുകൾ ഉപയോഗിക്കുന്നുണ്ട്. കാൻസറിനെതിരെ പോരാടുന്നതിന് രോഗിയുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. വാക്സിൻ ട്യൂമർ വളർച്ച മന്ദഗതിയിലാക്കുകയും കാൻസറിനെ പൂർണമായും നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

