കാസർഗോഡ്: വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ വളരെ കൗതുകവും അപൂർവവുമായ കേസാണ് കഴിഞ്ഞദിവസം രജിസ്റ്റർ ചെയ്തത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തല്ലിയ സഹപാഠിയുടെ രണ്ടു പല്ലുകളും 62ാം വയസിൽ അടിച്ചു കൊഴിച്ച് പകവീട്ടിയതാണ് കേസ്. മാലോം വെട്ടിക്കൊമ്പിൽ ഹൗസിൽ വി ജെ ബാബുവിന്റെ (62) രണ്ട് പല്ലുകളാണ് സഹപാഠിയായ മാലോത്തെ ബാലകൃഷ്ണനും സുഹൃത്ത് മാത്യു വലിയപ്ലാക്കലും ചേർന്ന് അടിച്ചു പറിച്ചത്.
കുട്ടിക്കാലത്ത് ഉണ്ടായ തല്ലിനെ ചൊല്ലി രണ്ട് ദിവസം മുമ്പ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നുവെങ്കിലും പിന്നീട് പരിഹരിച്ചു. എന്നാൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ മാലോം ടൗണിലെ ജനതരംഗം ഹോട്ടലിനു മുന്നിൽ നിൽക്കുകയായിരുന്ന ബാബുവിനെ നാലാം ക്ലാസിൽ വെച്ച് തല്ലിയതെന്തിനാണെന്ന് ചോദിച്ച് ബാലകൃഷ്ണൻ അക്രമിച്ചു. ഇതിനിടയിൽ മാത്യു കല്ലു കൊണ്ട് ബാബുവിന്റെ മുഖത്തും പുറത്തും കുത്തി പരിക്കേൽപ്പിച്ചു. ബാബുവിന്റെ രണ്ട് പല്ലുകളും കൊഴിയുകയും ചെയ്തു.

