PRAVASI

ബിനോയ് വിശ്വം: അമേരിക്കൻ മലയാളികളുടെ പ്രിയ സുഹൃത്ത്

Blog Image

അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട സുഹൃത്ത് ബിനോയ് വിശ്വം വീണ്ടും സി പി ഐ യുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.ആദ്യമേ അദ്ദേഹത്തിന് അഭിവാദ്യങ്ങൾ അറിയിക്കുന്നു .നിരന്തരമായ രാഷ്‌ടീയ പ്രവർത്തനം കൊണ്ട് ലോക മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ ഒരാൾ. എല്ലാ വിഷയങ്ങളിലും തന്റേതായ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന ബിനോയ് വിശ്വം പരിചയപ്പെടുന്ന  ഓരോ മനുഷ്യരുടേയും പ്രിയപ്പെട്ട ഒരാൾ ആയി മാറുന്നു എന്നതാണ് സത്യം.  2009 ൽ ഞാൻ പ്രസിഡന്റായ സമയത്ത്  ഇന്ത്യാ  പ്രസ് ക്ലബിന്റെ നാഷണൽ കൺവൻഷനിൽ പങ്കെടുക്കുവാൻ ന്യൂജേഴ്സിയിലെത്തിയ  അദ്ദേഹത്തോടൊപ്പം ചെലവഴിക്കാൻ സാധിച്ച നിമിഷം ഓർമ്മിക്കുന്നു .പ്രൗഢവും ഗംഭീരവുമായ മാധ്യമ കൺവെൻഷനിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ എല്ലാം ഈടുറ്റതും വിലയേറിയതുമായിരുന്നു എന്ന് അമേരിക്കയിലെ ഓരോ മാധ്യമ പ്രവർത്തകർക്കും,അന്ന് കൺവെൻഷനിൽ പങ്കെടുത്തവർക്കും ബോധ്യമായതാണ് .2010 ൽ അമേരിക്കൻ മലയാളികളുടെ അക്ഷര ജാലകം ആയ കേരളാ എക്സ് പ്രസിന്റെ വാർഷിക സെമിനാറിൽ കോട്ടയത്ത് സംഘടിപ്പിക്കപ്പെട്ട ടൂറിസം സെമിനാർ ഉത്‌ഘാടനം ചെയ്തത് അന്നത്തെ വനം വകുപ്പ് മന്ത്രി കൂടി ആയിരുന്ന ബിനോയ് വിശ്വം ആയിരുന്നു .കേരളാ എക്സ് പ്രസ് സർക്കാരിന് സമർപ്പിച്ച ടൂറിസം പ്രൊജക്ടിനെക്കുറിച്ചും അദ്ദേഹം അഭിമാനത്തോടെ സംസാരിച്ചിരുന്നു .അന്ന് പ്രോജക്ട് സ്വീകരിച്ചു സംസാരിച്ചത് ഏറ്റവും പ്രിയപ്പെട്ട മാണിസാർ ആയിരുന്നു .ടൂറിസം പ്രോജക്ടിന്റെ രൂപരേഖ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് സമർപ്പിച്ച ചടങ്ങിൽ കേരളത്തിന്റെ മൂന്നു മന്ത്രിമാർ ഒപ്പമുണ്ടായിരുന്നു .അതും ജീവിതത്തിലെ ഒരു സൗഭാഗ്യമായി ഞാൻ കരുതുന്നു .

അമേരിക്കൻ മലയാളികളുമായി അദ്ദേഹം അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്ന  അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആയിരുന്ന ജോയ് ചെമ്മാച്ചേൽ ഒരിക്കൽ ബിനോയ് വിശ്വത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് ."നമ്മളിൽ ,നമ്മോടൊപ്പം ഉള്ള ഒരു പ്രിയപ്പെട്ട ഒരാൾ .ജെ എസ് ഫാമിലെ കാർഷികോത്സവം ഉത്‌ഘാടനം ചെയ്യാൻ ഞാൻ തന്നെ വരും എന്ന് മുൻകൂട്ടി പറയുകയും അത്തരമൊരു പരിപാടി വെച്ചപ്പോൾ അദ്ദേഹം വന്നു .".ഇത്തരം അനുഭവങ്ങൾ അദ്ദേഹത്തെക്കുറിച്ച് പലർക്കും ഉണ്ടാകും .ഏതൊരാളോടും ഇടപെടുമ്പോൾ അദ്ദേഹം കാണിക്കുന്ന എളിമ തന്നെയാണ് ശത്രുക്കൾ ഇല്ലാത്ത നേതാവാക്കി ബിനോയ് വിശ്വത്തെ മാറ്റിയത്. 

അമേരിക്കൻ മലയാളികൾക്കിടയിൽ എപ്പോഴും സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും ബന്ധങ്ങൾ സൂക്ഷിച്ചിരുന്ന അദ്ദേഹം മനുഷ്യരുമായി ഇടപഴകാനുള്ള സാഹചര്യങ്ങൾ ഒന്നും തന്നെ നഷ്ടപ്പെടുത്താറില്ല.  ഏതൊരാളും പറയുന്ന കാര്യങ്ങൾ കേൾക്കാനുള്ള ഒരു മനസ് ബിനോയ് വിശ്വം എന്ന നേതാവിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു.

ബിനോയ് വിശ്വം എന്ന പേര് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ അടയാളമാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കടൽ കടന്നും നമ്മുടെയൊക്കെ ഇടയിലും വാക്കുകളിലൂടെ സജീവമാകുമ്പോൾ അദ്ദേഹം ഉണ്ടാക്കിയെടുത്ത സൗഹൃദവലയത്തിന്റെ ശക്തി നമുക്ക് മനസിലാകും  . തന്റെ വളർച്ചയ്‌ക്കൊപ്പം മറ്റുള്ളവരെയും ചേർക്കാനാണ് ബിനോയ് വിശ്വം എപ്പോഴും ശ്രമിച്ചിട്ടുള്ളത്. രണ്ടു തവണ മന്ത്രിയായപ്പോഴും അത് അദ്ദേഹം  വ്യക്തമാക്കിയിട്ടുണ്ട്. ആ വ്യക്തത തന്നെയാണ് അമേരിക്കൻ മലയാളികൾക്കിടയിൽ അദ്ദേഹത്തിന്  ഇത്രത്തോളം സ്വീകാര്യത നേടിക്കൊടുത്തത്.കേരളത്തിലെ സി പി ഐ യെ നയിക്കുവാൻ എന്തുകൊണ്ടും യോഗ്യനായ ഒരാളെ തന്നെയാണ് പാർട്ടി തെരഞ്ഞെടുത്തിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല .അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധിക്കപ്പെടും  .കലുഷിതമായിരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഇനിയും വലിയ മാറ്റങ്ങൾക്ക് ഇടവരുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട് .കാരണം അദ്ദേഹത്തിന് ഒരു പക്ഷമേയുള്ളു. മനുഷ്യ പക്ഷം .

നല്ലൊരു എഴുത്തുകാരൻ കൂടിയായ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ എല്ലാം തന്നെ തന്റെ നിലപാടുകളുടെ അടയാളപ്പെടുത്തൽ കൂടിയാണ് .
"മോഡിയും ഗാന്ധിയും ഇരുളും വെളിച്ചവും" എന്ന പുസ്തകം 
അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് ഒരു ജനതയെ തുടച്ചുനീക്കിയ തന്ത്രം ഇന്ത്യയിൽ പ്രയോഗിച്ച രീതിയാണ് ചർച്ച ചെയ്യുന്നത്  .മതേതരത്വത്തിനുവേണ്ടിയുള്ള രാഷ്ട്രീയവും ആശയപരവുമായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ  വലിയ സഹായകമാകും .ഇങ്ങനെ ചരിത്രത്തിലേക്ക് അടയാളപ്പെടുത്തുന്ന നിരവധി പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട് .നല്ലൊരു വായനക്കാരനും നിരീക്ഷകനും കൂടിയാണ് ബിനോയ് വിശ്വമെന്നു  അദ്ദേഹത്തിന്റെ വരികൾ വെളിപ്പെടുത്തുന്നു .വീണ്ടും പാർട്ടിയെ നയിക്കുവാൻ നിയോഗിക്കപ്പെട്ട പ്രിയപ്പെട്ട സുഹൃത്തിന് ഒരിക്കൽക്കൂടി ആശംസകൾ അറിയിക്കട്ടെ . 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.