കൊച്ചി: റോഡിന് കുറുകെ നായ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി അന്തരിച്ചു. പുക്കാട്ടുപടി പൂക്കോട്ടുമോളം പുത്തൻപുരയ്ക്കൽ റെജിമോന്റെ ഭാര്യ ഷിനി (46) ആണ് മരിച്ചത്. കഴിഞ്ഞ ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 7.55-ഓടെയാണ് അപകടം സംഭവിച്ചത്.
ഭർത്താവ് റെജിമോൻ ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്ന് ഷിനി യാത്ര ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി നായ ബൈക്കിന് മുന്നിലേക്ക് ചാടുകയായിരുന്നു. നായയെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം മറിഞ്ഞ് ഷിനി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. അപകടത്തിൽ തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരുക്കേറ്റ ഷിനിയെ ഉടൻ തന്നെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

