PRAVASI

കെആർ മോഹനൻ ഇടപെട്ട് 1997ലെ ദേശീയ സിനിമാ അവാർഡ് അട്ടിമറിച്ചു!! തനിക്കുള്ള 3 അവാർഡ് ഇല്ലാതാക്കിയെന്ന് തെളിവുസഹിതം ബാലചന്ദ്രമേനോൻ

Blog Image

താൻ സംവിധാനം ചെയ്ത ‘സമാന്തരങ്ങൾ‘ക്ക് ലഭിക്കേണ്ടിയിരുന്ന മൂന്നു ദേശീയ പുരസ്കാരങ്ങൾ ജൂറിയിലെ മലയാളി അംഗം അടക്കമുള്ളവർ ചേർന്ന് അട്ടിമറിച്ചുവെന്ന് മൂന്നു പതിറ്റാണ്ടിന് ശേഷം ബാലചന്ദ്രമേനോൻ്റെ വെളിപ്പെടുത്തൽ. അന്ന് ജൂറിയിൽ അംഗമായിരുന്ന പ്രമുഖ സംവിധായകൻ കെ ആർ മോഹനനെ പേരെടുത്ത് പരാമർശിക്കാതെയാണ് മേനോൻ പ്രതിസ്ഥാനത്ത് നിർത്തുന്നത്. ജൂറിയിലെ മറ്റൊരു അംഗമായിരുന്ന ദേവേന്ദ്ര ഖണ്ഡേൽവാൾ ഇക്കാര്യം തന്നോട് പറഞ്ഞതിൻ്റെ വീഡിയോ പ്രദർശിപ്പിച്ചു കൊണ്ടാണ് മേനോൻ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. സിനിമാ ജീവിതത്തിൻ്റെ അമ്പതാം വാർഷികാഘോഷ വേളയിലാണ് മേനോൻ്റെ വെളിപ്പെടുത്തൽ.

1997ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത്, ഭാര്യ നിർമ്മിച്ച ‘സമാന്തരങ്ങൾ‘ക്ക് മികച്ച സിനിമയ്ക്കും, മികച്ച സംവിധായകനും, നടനുമുള്ള അവാർഡുകൾ നൽകാനാണ് ജൂറി തീരുമാനിച്ചത്. അവസാനഘട്ടത്തിലാണ് അട്ടിമറിയുണ്ടായത്. ബി സരോജാ ദേവി അധ്യക്ഷയായ ജൂറിയിലെ ഏക മലയാളിയായിരുന്നു കെആർ മോഹനൻ. അതുകൊണ്ട് പേര് പറഞ്ഞില്ലെങ്കിലും മേനോൻ ലക്ഷ്യമിട്ടത് മോഹനനെ തന്നെയെന്ന് വ്യക്തം. മാധവൻ, മഹ്ദീപ് സിംഗ്, സിവിഎൽ ശാസ്ത്രി, അരുണ പുരോഹിത്, ഉഷ ഡി കുഞ്ഞ, ദേവേന്ദ്ര ഖണ്ഡേവാൾ, സന്ദീപ് റേ, സ്വാന്തന ബർദോലി, അരുന്ധതി നാഗ്, പുഷ്പ ഭാരതി, കെ ആർ മോഹനൻ, വി മധുസൂതന റാവു എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ.

മികച്ച നടനായി താൻ മാത്രമായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. ‘കളിയാട്ട‘ത്തിലെ അഭിനയത്തിന് സുരേഷ് ഗോപിക്ക് കൂടി അവാർഡ് നൽകാൻ അവസാനഘട്ടത്തിൽ ജൂറി തീരുമാനിച്ചു. ഇതോടെ മികച്ച ദേശീയ നടനുള്ള അവാർഡ് സുരേഷ് ഗോപിയുമായി താൻ പങ്കിട്ടു. ഈ പുരസ്കാരം സ്വീകരിക്കാൻ ഡൽഹിയിലെത്തിയ തന്നെ വന്നു പരിചയപ്പെട്ട ദേവേന്ദ്ര ഖണ്ഡേൽവാൾ, കുറ്റബോധത്തോടെ ഒരു ഭാരം ഇറക്കിവയ്ക്കാനുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പിന്നീടാണ് അദ്ദേഹം ഇക്കാര്യം ക്യാമറക്ക് മുന്നിൽ പറയാൻ തയ്യാറായത്. എന്നാൽ താനിക്കാര്യം ഇതുവരെയും രഹസ്യമായി സൂക്ഷിക്കുകയായിരുന്നു എന്നും ബാലചന്ദ്രമേനോൻ പറയുന്നു.

1997ലാണ് ‘സമാന്തരങ്ങൾ’ ദേശീയ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടത്. മികച്ച സിനിമക്കുള്ള അവാർഡിൽ നിന്ന് തഴയപ്പെട്ടതോടെ, മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള പുരസ്കാരമാണ് ‘സമാന്തരങ്ങൾ‘ക്ക് നൽകിയത്. ഇതോടെ ജയരാജിൻ്റെ ‘കളിയാട്ടം‘ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയെടുത്തു. കന്നഡയിലെ ‘തായി സാഹെബ’ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും ചലച്ചിത്ര സംവിധായകനും ആയിരുന്നു കെആർ മോഹനൻ. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയാണ്. 1975ൽ അശ്വത്ഥാമ എന്ന ചിത്രവും 1987ൽ പുരുഷാർത്ഥം എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. രണ്ട് സിനിമകൾക്കും സംസ്ഥാന സർക്കാരിൻ്റെ മികച്ച ചിത്രങ്ങൾക്കുള്ള അവാർഡ് ലഭിച്ചിരുന്നു. 1992ൽ സ്വരൂപം എന്നൊരു ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. 2017 ജൂൺ 25നാണ് അദ്ദേഹം അന്തരിച്ചത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.