PRAVASI

അവാര്‍ഡ് വന്നുപോയ വഴി

Blog Image

അടുത്ത കാലത്തായി അമേരിക്കയിലെ ചില ദേശീയ സംഘടനകള്‍ മികച്ച മലയാള സാഹിത്യകൃതികള്‍ക്ക് അവാര്‍ഡ് നല്കുന്നു എന്ന വാര്‍ത്ത വന്നതിനു പിന്നാലെ, അതേപ്പറ്റി ചില അല്ലറ ചില്ലറ കശപിശകള്‍ നടന്നുവരികയാണല്ലോ!
ഈ അവാര്‍ഡുകള്‍ കൊണ്ട് പ്രത്യേകിച്ചൊരു പ്രയോജനവുമില്ല. മാസാമാസം പെന്‍ഷന്‍ നല്കുന്ന പരിപാടിയൊന്നുമല്ല എങ്കിലും സ്റ്റേജില്‍ കയറി വിശിഷ്ടാതിഥിയില്‍ നിന്നും ഈ അവാര്‍ഡ് ദാനമായി വാങ്ങിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു 'ത്രില്‍' ഉണ്ടല്ലോ! ഹെന്‍റെ പൊന്നേ, അതു പറഞ്ഞറിയിക്കുവാന്‍ പറ്റുകയില്ല. അനുഭവിച്ചുതന്നെ അറിയണം.
ഈ അവസരത്തില്‍ രസകരമായ ഒരു സംഭവം ഓര്‍മ്മയില്‍ വരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നതാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു പുതിയ സംഘടന കൂടി രൂപം കൊള്ളുന്നു. അമേരിക്കന്‍ മലയാളികളെ മാത്രം ഒരു ചരടില്‍ കോര്‍ത്തിണക്കിയാല്‍ പോരാ! അഖില ലോക മലയാളികളെ, ജാതിമത ഭേദമെന്യേ ഒരു കുടക്കീഴില്‍ കൊണ്ടുവരണം. അങ്ങനെ ഒരു ആഗോള മലയാളി സംഘടന കൂടി ജന്മമെടുക്കുന്നു.
സാഹിത്യമില്ലാതെ എന്തു സംഘടന! ഈ ആഘോള സംഘടനയുടെ പ്രഥമ ''ലിറ്റററി ചെയര്‍മാന്‍ എന്നൊരു അത്യുന്നത പദവി എനിക്കു ലഭിക്കുന്നു. കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍ എന്ന സ്ഥാനത്തിനു തുല്യമായോ അതിനുപരിയോ ഉള്ള ഒരു പദവി. ഡയറക്ട് അപ്പോയ്ന്‍റ്മെന്‍റായിരുന്നു. കാരണം സംഘടനയുടെ സ്ഥാപക പ്രസിഡണ്ട് എന്‍റെ സുഹൃത്ത് ശ്രീ ആന്‍ഡ്രൂ പാപ്പച്ചനായിരുന്നു.
സാഹിത്യമായാല്‍ 'അവാര്‍ഡ്ദാനം' ഒരു മസ്റ്റാണല്ലോ. ഓണ്‍ലൈന്‍ മീഡിയ കടന്നുവരാതിരുന്ന ആ കാലത്ത് അമേരിക്കയില്‍ മലയാള അച്ചടി പ്രസിദ്ധീകരണങ്ങളുടെ ഒരു വസന്തകാലമായിരുന്നു. പ്രഭാതം, കേരള ഡൈജസ്റ്റ്, അശ്വമേധം, കൈരളി, കേരള എക്സ്പ്രസ്, നാദം തുടങ്ങി മലയാളം പത്രം വരെ-ഒരു നീണ്ടനിര.
എല്ലാ പത്രങ്ങളിലും അവാര്‍ഡിനുള്ള കൃതികള്‍ ക്ഷണിച്ചുകൊണ്ട്, എന്‍റെ ഫോട്ടോയുള്‍പ്പെടെ, വാര്‍ത്ത പ്രസിദ്ധീകരിച്ചു. പരിഗണിക്കപ്പെടേണ്ട കൃതികളുടെ അഞ്ചു കോപ്പികള്‍ വീതം അയയ്ക്കണം. അത് കഥയോ കവിതയോ ലേഖനമോ, നോവലോ എന്തുമായിക്കൊള്ളട്ടെ 'തിരിച്ചു നല്കുന്നതല്ല' എന്നൊരു നിബന്ധനയുണ്ട്.
പ്രതീക്ഷിച്ചതിലധികം പ്രതികരണമുണ്ടായി. ഒരു പേജില്‍ ഒതുങ്ങുന്ന 'മിനിക്കഥ' മുതല്‍ മുന്നൂറിലധികം പേജു വരുന്ന മെഗാ നോവലുകള്‍ വരെ. പ്രിന്‍റ് ചെയ്തവ കൂടാതെ കൈയെഴുത്തു പ്രതികളും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
അന്ന് 'ഹാള്‍മാര്‍ക്ക്' കടയില്‍ ഏതിനും സര്‍ട്ടിഫിക്കറ്റുകളുടെയും അവാര്‍ഡുകളുടെയും ബ്ലാങ്ക് കോപ്പികള്‍ കിട്ടും. നല്ല സുവര്‍ണ്ണ ബോര്‍ഡറുള്ള, തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടവ. ചേരുംപടി പേര് എഴുതി ചേര്‍ക്കുക എന്നൊരു ഭാരിച്ച ഉത്തരവാദിത്വം മാത്രമേ നമ്മള്‍ക്കുള്ളൂ. വിലയോ തുച്ചം, ഗുണമോ മെച്ചം!
ജഡ്ജിംഗ് കമ്മിറ്റിയില്‍ വലിയ ചെയര്‍മാനായ എന്നെക്കൂടാതെ, എന്‍റെ സുഹൃത്തുക്കളായ ജോയന്‍ കുമരകം, ജോസ് ചെരിപുറം, ജയന്‍ കെ.സി, മനോഹര്‍ തോമസ് തുടങ്ങിയ ചെറിയ ചെയര്‍മാന്മാരും ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ചെറിയാന്‍ കെ. ചെറിയാനെ ക്ഷണിച്ചെങ്കിലും വലിയ ചെയര്‍മാനായ എന്‍റെ കീഴില്‍ ഒരു ചെറിയ ചെയര്‍മാനായി സേവനമനുഷ്ഠിക്കുവാന്‍ അദ്ദേഹം വിസമ്മതിച്ചു.
വിധികര്‍ത്താക്കള്‍ ഒരുമിച്ചുകൂടിയത് എന്‍റെ ഭവനത്തില്‍ വെച്ചായിരുന്നു. അതാണല്ലോ അതിന്‍റെ ഒരു ഇത്. ഞാനാണല്ലോ വലിയ ചെയര്‍മാന്‍.
ഡൈനിങ് ടേബിളില്‍ പുസ്തകങ്ങള്‍ നിരത്തി. ഒരാള്‍ വായിക്കുക, ഓരോ ജഡ്ജസും പ്രത്യേകം പ്രത്യേകം മാര്‍ക്കിടുക. അവസാനം എല്ലാംകൂടി കൂട്ടിനോക്കി, ഹരിച്ചും ഗുണിച്ചും കിഴിച്ചും കൂടുതല്‍ മാര്‍ക്ക് കിട്ടുന്നവരെ വിജയിയായി പ്രഖ്യാപിക്കുക. ഇതായിരുന്നു പരിപാടി. സിംബിള്‍ പ്രോസസ്സ്.
ഒന്നുരണ്ട് പുസ്തകങ്ങള്‍ ഓടിച്ചൊന്ന് വായിച്ചപ്പോള്‍ തന്നെ സമയം ഏറെയായി. എല്ലാംകൂടി, എല്ലാവരും ചേര്‍ന്ന് വായിക്കണമെങ്കില്‍ ഒരു മൂന്നു മാസമെങ്കിലും എടുക്കും. തുടക്കത്തില്‍ 'സിംബിള്‍' എന്നു തോന്നിയ സംഗതി 'ഇംബോസിബിള്‍' ആണെന്നു മനസ്സിലായി.
ന്യൂജേഴ്സിയില്‍ മേളിക്കുന്ന സമ്മേളനത്തിന് ഒരു മാസംകൂടി മാത്രമേയുള്ളൂ. അതിനുള്ളില്‍ വിജയികളെ പ്രഖ്യാപിക്കണം. 
ഇതിനിടയില്‍ എന്‍റെ ഭാര്യ ഭവ്യതയോടുകൂടി എന്നെ അകത്തേക്ക് ആംഗ്യഭാഷയില്‍ ക്ഷണിച്ചു.
"ദേ, ഞാന്‍ ഡ്യൂട്ടിക്കു പോകുവാ. ഞാന്‍ വരുന്നതിനു മുന്‍പ് മര്യാദയ്ക്ക് എല്ലാത്തിനേം പറഞ്ഞുവിട്ടേക്കണം."
അതൊരു 'റിക്വസ്റ്റ്' അല്ലായിരുന്നു. ഒരു 'ഓര്‍ഡര്‍'  ആയിരുന്നു. മറുപടിക്കു കാത്തുനില്‍ക്കാതെ അവള്‍ പോയി.
എന്‍റെ ഭാര്യ പോയിക്കഴിഞ്ഞപ്പോള്‍ സംഗതി ഒന്നുകൂടി ഉഷാറായി. സ്ത്രീകള്‍ വീട്ടില്‍ ഇല്ലെങ്കില്‍ അതിഥിയും ആതിഥേയനും തമ്മിലുള്ള അകലം കുറയും.
"കുടിക്കാനൊന്നുമില്ലിയോ?"-കൂട്ടത്തില്‍ ഒരാള്‍ക്കു ദാഹം.
"കാപ്പിയോ ചായയോ?" ഞാന്‍ ആദരവോടുകൂടി ചോദിച്ചു.
"കാപ്പി എന്‍റെ പട്ടിക്കു വേണം. തൊണ്ട നനയ്ക്കുവാന്‍ പറ്റിയ സാധനം വല്ലതുമുണ്ടോ എന്നാണ് ചോദിച്ചത്."
"താന്‍ ബേജാറാവാതെ; സാധനം കൈയിലുണ്ട്." കൂട്ടത്തിലുണ്ടായിരുന്ന അബ്കാരി മൊഴിഞ്ഞു.
ഉറപ്പു വരുത്തുവാനായി മറ്റൊരാള്‍ ചോദിച്ചു:
"സാധനം കൈയിലുണ്ടോ?"
"സാധനം കൈയിലുണ്ട്." മുതലാളി മറുകോഡു പറഞ്ഞു.
വന്നവര്‍ തന്നെ കിച്ചനില്‍ കയറി ഐസും ഗ്ലാസും സോഡയും മറ്റും സംഘടിപ്പിച്ചു.
ഇതിനിടയില്‍ ജോയന്‍ കുമരകം മദ്യപാനത്തിന്‍റെ ദോഷവശങ്ങളെപ്പറ്റി വാചാലനായി.
ഇതു കേട്ട ചെരിപുറത്തിനു ദേഷ്യമായി.
"ജോയന്‍ അവിടെയെങ്ങാനും അടങ്ങിയിരുന്ന് അവാര്‍ഡിനുള്ള പുസ്തകം തെരഞ്ഞെടുക്ക്. ഇവിടെ ഒരു മംഗളകര്‍മ്മം നടക്കുവാന്‍ പോകുകയാണ്. ഞങ്ങളിതൊന്നു തീര്‍ത്തോട്ടെ."
മറ്റുള്ളവര്‍ ജോസിന്‍റെ അഭിപ്രായത്തിനോട് യോജിച്ചു. 'ടച്ചിംങ്സിനൊന്നുമില്ലേ?'
കൂട്ടത്തില്‍ ഒരു കുറ്റാന്വേഷണ വിദഗ്ദ്ധന്‍ ഞങ്ങളുടെ മകനു കൊടുക്കുവാന്‍ വേണ്ടി, തലമുറ തലമുറ കൈമാറിവന്ന 'സീക്രട്ട് റെസപ്പി' പ്രകാരം തയ്യാറാക്കി ഭദ്രമായി സൂക്ഷിച്ചുവെച്ചിരുന്ന മീന്‍ അച്ചാറിന്‍റെ കുപ്പി കണ്ടുപിടിച്ചു.
എന്‍റെ തലയിലൊരു വെള്ളിടി വെട്ടി ഈ കാലമാടന്മാര്‍ അച്ചാറു തീര്‍ത്താല്‍, എന്‍റെ കാര്യം കട്ടപ്പുക!
പുസ്തകങ്ങള്‍ വായിച്ചു വിലയിരുത്തുന്നതിനു പകരം, മറ്റുള്ളവരുടെ കുറ്റം പറഞ്ഞ് ഞങ്ങള്‍ ഓരോ നിമിഷവും ആനന്ദിച്ചു.
അഞ്ചു മണി കഴിഞ്ഞു സമയം ആറിനോടടുക്കുന്നു. പരിചയമുള്ള ആരുടെയും ബുക്കുകള്‍ കൂട്ടത്തിലില്ല.
നടനും സാഹിത്യകാരനുമായ ശ്രീ തമ്പി ആന്‍റണിക്ക് അവാര്‍ഡ് കൊടുത്താലോ എന്നാലോചിച്ചു. അദ്ദേഹത്തെ വിളിച്ചു ചോദിച്ചപ്പോള്‍ അവാര്‍ഡ് മത്സരത്തിനൊന്നും താന്‍ പങ്കെടുക്കാറില്ല, തനിക്കു വേണ്ട എന്നു പറഞ്ഞു. അങ്ങനെ കൊടുക്കാത്ത അവാര്‍ഡ് തമ്പി നിരസിച്ചു.
സുഹൃത്തായ ജോണ്‍ ഇളമതയെ ഒന്ന് ഇളക്കുവാന്‍ നോക്കി. ജര്‍മ്മനിയില്‍ തുടങ്ങി, കാനഡയിലൂടെ അമേരിക്കയിലെത്തി. കടലുകടന്ന് കേരളം വരെ പരന്നുകിടക്കുന്നു അദ്ദേഹത്തിന്‍റെ സാഹിത്യ തപസ്യ. ന്യൂജേഴ്സിയില്‍ വരെ വന്നു അവാര്‍ഡ് സ്വീകരിക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞു അദ്ദേഹവും ഒഴിഞ്ഞു.
ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളം മലയാളത്തിലും ഇംഗ്ലീഷിലും സാഹിത്യം പേശുന്ന ആളാണ്. വിളിച്ചു ചോദിച്ചു.
വണ്ടിക്കൂലിയും വള്ളക്കൂലിയും കൊടുക്കാമെങ്കില്‍ വരാമെന്നു പറഞ്ഞു.
അതിനു വകുപ്പില്ല, സംഘടന ശൈശവദശയിലാണ്, ഫണ്ട് പിരിവ് തുടങ്ങിയിട്ടില്ല. സ്പോണ്‍സേഴ്സ് മുഖംതിരിഞ്ഞു നില്‍ക്കുകയാണ്.
എന്നാപ്പിന്നെ 'കൊച്ചാപ്പിക്കഥകള്‍' എഴുതി പ്രശസ്തി നേടിയ ശ്രീ ജോര്‍ജ് തുമ്പയിലിനോട് ഒന്ന് അന്വേഷിക്കാമെന്നു കരുതി.
"അതു ശരിയാവില്ല. ന്യൂജേഴ്സിക്കാരനായ ഞാന്‍, ന്യൂജേഴ്സിയില്‍ നടക്കുന്ന ഒരു പരിപാടിയുടെ അവാര്‍ഡ് സ്വീകരിക്കുന്നതില്‍ അനൗചിത്യമുണ്ട്." തുമ്പയില്‍ തന്ത്രത്തില്‍ ഒഴിഞ്ഞുമാറി.
അവാര്‍ഡ് കമ്മിറ്റിയിലെ വലിയ ചെയര്‍മാനായ ഞാനും കൂടെയുള്ള ചെറിയ ചെയര്‍മാന്മാരും 'ജ്ഞാനപീഠം' അവാര്‍ഡിനു വരെ അര്‍ഹതയുള്ളവരാണ്. ഞങ്ങള്‍  ആരെങ്കിലും അവാര്‍ഡ് അടിച്ചുമാറ്റിയാല്‍ അതിലൊരു 'ഇീിളഹശരേ ീള ശിലേൃല'െേ ആരോപണസാദ്ധ്യതയുണ്ട്.


ചെറിയ ചെയര്‍മാന്മാരില്‍ ഒരാളുടെ കണ്ണുകള്‍ 'കാറ്റിലാടുന്ന തെങ്ങോലകള്‍' എന്ന കൃതിയില്‍ തറച്ചു. നോവലിസ്റ്റിനെ വിളിച്ചു. പുള്ളിക്കാരന് സന്തോഷംകൊണ്ട് ഇരിക്കാന്‍ പറ്റാത്ത ഒരവസ്ഥ.~ പത്തു പുത്തന്‍ വേണമെങ്കില്‍ ഇങ്ങോട്ടു തരാമെന്നുള്ള വാശിക്കാരന്‍.
അവാര്‍ഡിനൊരു പേരു വേണം, 'എഴുത്തച്ഛന്‍, വള്ളത്തോള്‍' തുടങ്ങിയ പേരുകളിലൊക്കെ അവാര്‍ഡുകള്‍ നിലവിലുണ്ട്. അതുക്കും മേലെ നില്‍ക്കണം നമ്മുടെ അവാര്‍ഡ്.
ആര്‍ത്തവം, മുല, ഗര്‍ഭം, ഭ്രൂണം തുടങ്ങിയ വാക്കുകളൊക്കെ അവിടെയും ഇവിടെയുമൊക്കെ പെറുക്കിവെച്ച് 'ആധുനിക കവി' എന്നു പേരെടുത്തിട്ടുള്ള ജയന്‍, 'ഹെര്‍മന്‍ ഗുണ്ടര്‍ട്ട് അവാര്‍ഡ്' എന്ന പേരു നിര്‍ദ്ദേശിച്ചു. പേരിനൊരു 'ഗും'ഉണ്ട്. അത് എല്ലാവര്‍ക്കും സ്വീകാര്യമായി.
പത്തു മുപ്പതു പേരടങ്ങിയ ഒരു നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തിക്കൊണ്ട്, നമ്മുടെ നോവലിസ്റ്റ് എല്ലാവര്‍ക്കും ഗുരുതുല്യനായ ഡോ. എ.കെ.ബി പിള്ളയില്‍ നിന്നും 'ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്' അവാര്‍ഡ് ഏറ്റുവാങ്ങി.
"ഏത് കോപ്പനാ ഈ ഗുണ്ടര്‍ട്ട്?" ചെരിപുറം എന്നോട് ചോദിച്ചു.
"ആര്‍ക്കറിയാം? ആരായാല്‍ നമുക്കെന്നാ? ഏതായാലും പരിപാടി ഭംഗിയായി നടന്നല്ലോ! നമുക്കതു മതി."
എങ്ങും തൊടാതെ ഒരു മറുപടി കൊടുത്തിട്ട് ഞാന്‍ അവിടെനിന്നും മുങ്ങി.

 രാജു മൈലപ്ര

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.