1983-ൽ ശൂന്യതയിൽ നിന്നും കപിൽ ദേവും സംഘവും പ്രൂഡൻഷ്യൽ വേൾഡ് കപ്പ് നേടിയപ്പോൾ ടീം ഇന്ത്യ ധരിച്ചിരുന്ന ജേഴ്സി ക്രിക്കറ്റിലെ പരമ്പരാഗത യൂണിഫോമായ വെള്ളയും വെള്ളയും ആയിരുന്നു. പ്രുഡൻഷ്യൽ വേൾഡ് കപ്പിലെ ഇന്ത്യൻ വിജയത്തെ “യാദൃശ്ചികം” എന്ന് വിശേഷിപ്പിച്ചിരുന്ന കാലഘട്ടത്തിലാണ് 1985- ൽ ബെൻസൺ & ഹെഡ്ജസ് മിനി വേൾഡ് കപ്പ് കളിക്കാൻ ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിൽ എത്തിയത് . പ്രുഡൻഷ്യൽ വേൾഡ് കപ്പിന് പിന്നാലെ തുടർച്ചയായി വിൻഡീസിനോടും ഇന്ഗ്ലണ്ടിനോടും ടെസ്റ്റ് & ഏകദിന പരമ്പരകളിൽ പരാജയം രുചിച്ച ഇന്ത്യയുടെ വാട്ടർലൂ ആകും ഓസ്‌ട്രേലിയൻ മണ്ണ് എന്ന പ്രചരണവും അക്കാലത്ത് ശക്തമായിരുന്നു. നിലവിലെ ലോക ചാമ്പ്യൻ പട്ടം അലങ്കരിച്ചിരുന്ന ഇന്ത്യയുടെമേൽ അതുകൊണ്ടുതന്നെ വലിയ സമ്മർദ്ദവും ഉണ്ടായിരുന്നു. 1985 -മാർച്ചിൽ ഓസ്‌ട്രേലിയൻ മണ്ണിൽ കാലുകുത്തിയ ടീം ഇന്ത്യ, കാര്യമായ പരിശീലന മത്സരങ്ങൾ ഒന്നും ഇല്ലാതെയാണ് ആദ്യത്തെ ഗ്രൂപ്പ് മത്സരത്തിന് ഇറങ്ങിയത് . ഒരുപാട് പുതുമകൾ പരീക്ഷിക്കപ്പെട്ട വേൾഡ് കപ്പ് ആയിരുന്നു ബെൻസൺ &ഹെഡ്ജസ് . ആദ്യമായി 50 ഓവർ മത്സരങ്ങൾ ക്രമപ്പെടുത്തിയ ലോക കപ്പ് ക്രിക്കറ്റ് മത്സരങ്ങൾ … ആദ്യമായി ഡേനൈറ്റ് മത്സരങ്ങൾ പരീക്ഷിക്കപ്പെട്ട ലോക കപ്പ്.... വെള്ള പന്ത് ഉപയോഗിച്ച മത്സരങ്ങൾ... എല്ലാറ്റിനും ഉപരിയായി ഓരോ ടീമിനും വ്യത്യസ്തമായ ഡ്രസ്സ്കോഡ് കൾ പരീക്ഷിക്കപ്പെട്ട കളർഫുൾ ആയ വേൾഡ് കപ്പ് . ഇമ്രാൻ ഖാനും സാഹിർ അബ്ബാസും ജാവേദ് മിയാൻദാദും ഒക്കെ കൊടികുത്തി വാഴുന്ന കാലം. പാക്കിസ്ഥാനെതിരെ മെൽബണിലെ ഇന്ത്യയുടെ ആദ്യ മത്സരം ഡേ/നൈറ്റ് ആയിരുന്നു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ മിന്നുന്ന വിജയം. അരങ്ങേറ്റത്തിൽ തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ച മുഹമ്മദ് ആസറുദീന്റെ 93 not out ആണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. രണ്ടാമത്തെയും മൂന്നാമത്തെയും ഗ്രൂപ്പ് മത്സരങ്ങളിൽ ഇന്ഗ്ലണ്ടിനെയും ഓസ്‌ട്രേലിയയും തകർത്തുകൊണ്ടാണ് ടീം ഇന്ത്യ സെമിയിൽ ഒന്നാമതായി എത്തിയത്. സെമിയിൽ ന്യൂസീലന്ഡിന്റെ റിച്ചാർഡ് ഹെഡ്ലിയുടെ മുന്നിൽ ഇന്ത്യൻ ടോപ് ഓർഡർ ഒന്ന് പതറിയപ്പോൾ, റൺറേറ്റിൽ കാര്യമായ കുറവ് വന്നു. ബാറ്റിങ്ങിൽ സ്ഥാനകയറ്റം കിട്ടിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ആൾറൗണ്ടർ കപിൽ ദേവ് വീണ്ടും രക്ഷകനായി ക്രീസിൽ നിറഞ്ഞാടി. ഹാഡ്ലിയുടെ തൊട്ടടുത്ത ഓവറിൽ 17 റൺസ് അടിച്ചുകൊണ്ടാണ് കപിൽ ദേവ് തുടങ്ങിയത് തന്നെ. കപിലിന്റെ quickfire 50 യിൽ ന്യൂസിലൻഡിന്റെ ഫൈനൽ സ്വപ്നം തകർന്നു തരിപ്പണമായി. ആദ്യ മത്സരത്തിൽ തോൽപ്പിച്ച പാക്കിസ്ഥാനുമായി വീണ്ടും ഫൈനലിൽ ഏറ്റുമുട്ടിയപ്പോഴും ടീം ഇന്ത്യക്ക് അനായാസ വിജയം. ഇന്ത്യ ലോക ചാമ്പ്യൻ പട്ടം നിലനിർത്തി വിമർശകരെ നിശ്ശബ്ദരാക്കി. രവി ശാസ്ത്രിക്ക് ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് പുരസ്കാരമായി ഓഡി 100 കാർ. dashing opener ശ്രീകാന്തിന്റെ മൂന്ന് തകർപ്പൻ ഫിഫ്‌റ്റിസ് ആണ് ഇന്ത്യയെ ബെൻസൺ & ഹെഡ്ജസ് ചാമ്പ്യൻ ആക്കുന്നതിൽ നിർണായകമായത്. ഓസ്‌ട്രേലിയയിൽ നിന്നും ചാമ്പ്യനായി മടങ്ങുമ്പോൾ ടീം ഇന്ത്യയുടെ ഭാഗ്യ നക്ഷത്രമായി ആ "ആകാശ നീലിമ" ജേഴ്സിയും കൂടെ പൊന്നു. പിന്നീടൊരിക്കലും ആ നീലിമയിൽ നിന്നും ആർക്കും ടീം ഇന്ത്യയെ അടർത്തിമാറ്റാനായിട്ടില്ല.
അന്ന് ക്രിക്കറ്റ് മത്സരങ്ങൾ ലൈവ് ആയി കാണാൻ നാട്ടിൻപുറങ്ങളിൽ ടിവി ടെലികാസ്റ്റിംഗ് എത്തിയിട്ടില്ലായിരുന്നു. ടെലികാസ്റ്റിംഗ് ഉണ്ടായിരുന്നാലും ആരുടെയും വീടുകളിൽ ടിവി സ്വകാര്യം ഉണ്ടായിരുന്നില്ല. ചേർത്തലയിലെ ടിവി കടയുടെ മുന്നിൽ ഇരുന്ന് ബെൻസൺ ആൻഡ് ഹെഡ്ജസ് വേൾഡ് കപ്പിന്റെ ഫൈനൽ കൺകുളിർക്കെ കണ്ടാസ്വദിച്ചപ്പോൾ, ഒരു പതിനേഴ് വയസ്സുകാരന്റെ മനസ്സിൽ മുളയിട്ട ഒരു സ്വപ്നം ഉണ്ടായിരുന്നു. എന്നെങ്കിലും ഓസ്‌ട്രേലിയ എന്ന ഈ മനോഹരമായ ക്രിക്കറ്റ് മൈതാനങ്ങൾ ഉള്ള രാജ്യത്ത് പോകണം. കാലം ഏറെ മുന്നോട്ട് പോയി.... സ്വപ്‍ന സ്വാഫല്യം എന്നപോലെ ഓസ്‌ട്രേലിയയിൽ വരാൻ സാധിച്ചു എന്ന് മാത്രമല്ല, ആ രാജ്യത്തിന്റെ ഭാഗധേയമായി മാറി. ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ തീര നഗരമായ പെർത്തിൽ ഇന്ന് നടന്ന ഏകദിന മത്സരം മഴയിൽ ഒലിച്ചുപോയെങ്കിലും ആഘോഷങ്ങൾക്ക് ഒരു കുറവും ഇല്ലായിരുന്നു. നാല് പതിറ്റാണ്ട് മുൻപ്, ബെൻസൺ & ഹെഡ്ജസ് ഇന്ത്യക്കു സമ്മാനിച്ച ആ "ആകാശ നീലിമ" ഇന്ന് ഓപ്റ്റ്സ് സ്റ്റേഡിയത്തിൽ നീലക്കടലായി ഇരമ്പിയ കാഴ്ച ഹൃദയ സ്പര്ശിയായിരുന്നു. കൂട്ടുകാരോടൊപ്പം ആടിയും പാടിയും ആഘോഷിക്കുമ്പോഴും, ക്രിക്കറ്റ് മൈതാനിയിൽ നിലക്കാതെ ചാറ്റൽ മഴ പെയ്തുകൊണ്ടേയിരുന്നു.....

.jpg)
.jpg)
ചാണ്ടി കറുകപ്പറമ്പിൽ

