ഒരാളുടെ ഏറ്റവും വലിയ സൗന്ദര്യം അയാളുടെ ആത്മബോധമാണ്. അവനവനെ കുറിച്ചുള്ള അറിവാണ് അയാളെ സ്റ്റാൻഡ് ഔട്ട് ചെയ്യിക്കുന്നത്. അത് അജ്ഞാതമായിരിക്കുന്നിടത്തോളം അവർ അടഞ്ഞുകിടക്കുന്ന മനുഷ്യരാണ്. ജുവൽ ജുവലിനെ കുറിച്ചല്ലാതെ മറ്റാരെയും കുറച്ചു ഇതിൽ സംസാരിക്കുന്നില്ല, വേണമെങ്കിൽ കുത്തും കോമയും വച്ചു പഴയ കാലത്തിൽ തന്നെ കെട്ടിക്കിടന്നു എത്രവേണമെങ്കിലും സംസാരിക്കാം. എന്നാൽ, ജുവൽ അതിൽ നിന്നെല്ലാം തന്റെ യുദ്ധങ്ങളെ വിമോചിപ്പിക്കുന്നു, അപാരമായ ആത്മബോധത്തിൽ, അതിന്റെ ആത്മപ്രകാശത്തിൽ, നമ്മളെയും നനയ്ക്കുന്നു.
സ്വയം സമാധാനമായിരിക്കുന്ന ഒരാൾ സംസാരിക്കുമ്പോൾ പ്രസരിക്കുന്ന സ്വാസ്ഥ്യം ആ വാക്കുകളിൽ പറ്റിപിടിച്ചു കിടക്കുന്നു. പറയുന്ന വാക്കുകൾക്കൊക്കെ വല്ലാത്ത തെളിച്ചം, ഉരുകി ഉരുകി ഒരാൾ സ്വയം പ്രകാശിക്കാൻ തീരുമാനിക്കുമ്പോൾ പുറപ്പെടുന്ന ആന്തരിക വെളിച്ചം, അതിന്റെ ഉറവിടമാണ് ഇപ്പോൾ ജുവൽ.
അത് കേട്ടുകൊണ്ടിരുന്നപ്പോൾ എപ്പോഴൊക്കെയോ ഞാൻ ഇടറി, അതൊരിക്കലും ജുവൽ കടന്നുപോയ കല്യാണത്തിന്റെയോ കാൻസറിന്റെയോ പ്രതിസന്ധികൾ ഓർത്തല്ല, അപ്പോൾ തോന്നാവുന്ന അനുതാപങ്ങളുടെ ഒന്നും പേരിൽ അല്ല. അതിനെയൊക്കെ മറികടന്നു വന്ന ഒരാൾ അപാരമായ ആത്മബോധത്തോടെ അപ്പോൾ എന്താണ് സംഭവിച്ചത് എന്നു അഗാധമായ ആത്മജ്ഞാനത്തോടെ സംസാരിക്കുന്നത് കേട്ടപ്പോൾ അതിൽ വീണുകിടക്കുന്ന വെളിച്ചത്തിൽ ഞാനും നനഞ്ഞു. അതുവരെയില്ലാത്ത ലാവണ്യത്തിൽ ജുവൽ അപ്പോൾ വെട്ടിത്തിളങ്ങി.
സമാധാനമായിരിക്കുന്ന മനുഷ്യർ സംസാരിക്കുമ്പോൾ, ശാന്തമായിരിക്കുന്ന മനുഷ്യർ സംസാരിക്കുമ്പോൾ, സ്വാസ്ഥ്യമായിരിക്കുന്ന മനുഷ്യർ സംസാരിക്കുമ്പോൾ, എങ്ങനെയാണു അവർ നമ്മളെയും അതിലേക്കു ആനയിക്കുന്നത് എന്നിപ്പോൾ എനിക്കറിയാം. അപാരമായ ആത്മബോധത്താൽ നിറഞ്ഞു തുളുമ്പുന്ന മനുഷ്യർ അവർ പോലുമറിയാതെ നമ്മളെയും നിറയ്ക്കുന്നു, നനയ്ക്കുന്നു.


