പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നപോലെ, മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ മനോഹരങ്ങളായ ചലച്ചിത്ര ഗാനങ്ങൾ വീണ്ടും അവതരിപ്പിക്കപ്പെടുകയാണ്. 1985 -ൽ പുറത്തിറങ്ങിയ "കാതോടുകാതോരം" സിനിമയിലെ "ദേവദൂതർപാടി" എന്ന ഗാനം മൂന്ന് വര്ഷം മുൻപ് "എന്നാ താൻ കേസ് കൊട് " എന്ന സിനിമയിലൂടെ രണ്ടാം വരവിനെത്തിയപ്പോൾ വലിയ സ്വീകരണമാണ് ലഭിച്ചത്.

ഇപ്പോഴിതാ 1983-ൽ പുറത്തിറങ്ങിയ 'ആ രാത്രി' യിലെ "കിളിയെ കിളിയെ" എന്ന പാട്ട് പുനർജനിച്ചപ്പോഴും പ്രേക്ഷകൾ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്നു. എൺപതുകളുടെ തുടക്കത്തിൽ മലയാള ചലച്ചിത്ര സംഗീതശാഖയിലെ രണ്ടാം തലമുറക്കാരായ ശ്യാമും, കെ ജെ ജോയിയും, എം ജി രാധാകൃഷ്ണനും, രവീന്ദ്രനും, ജോൺസണും ജെറി അമൽദേവും എല്ലാം നവ തരംഗമായി തിളങ്ങി നിൽക്കുന്ന കാലം. ഇവർക്ക് പുറമെ, തമിഴ് സിനിമാ രംഗത്ത് നിന്നും മലയാളികൾക്ക് വേണ്ടി വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾക്ക് മാത്രം സംഗീതം നൽകുകയും ആ പാട്ടുകൾ ഒക്കെയും സൂപ്പർ ഹിറ്റുകൾ ആക്കുകയും ചെയ്ത ഒരു യുവ സംഗീതജ്ഞൻ ഉണ്ടായിരുന്നു. പിൽക്കാലത്ത്, തെന്നിന്ത്യൻ സിനിമയിലെ സംഗീത ചക്രവർത്തിയായി മാറിയ ഇളയരാജ എന്ന musical maestro ആയിരുന്നു ആ സംഗീതജ്ഞൻ. ഇളയരാജയുടെ മാന്ത്രിക സ്പർശമുള്ള ഈണങ്ങൾ കേരളമാകെ ഏറ്റുപാടിയ നിരവധി പാട്ടുകൾ ഉണ്ടായിട്ടുണ്ട്. 1978 ൽ കെ ജി ജോർജ് സംവിധാനം ചെയ്ത വ്യാമോഹം എന്ന സിനിമയിലൂടെയാണ് ഇളയരാജ മലയാളത്തിൽ അരങ്ങേറിയത്. എന്നാൽ 1982-ൽ പ്രക്കാട്ട് ഫിലിംസ് നിർമ്മിച്ച ബാലുമഹേന്ദ്രയുടെ 'ഓളങ്ങൾ'-ലെ ഗാനങ്ങളാണ് ഇളയരാജയുടെ മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കൽ സൂപ്പർ ഹിറ്റ്. പാട്ടുകൾക്കൊപ്പം സിനിമയും സൂപ്പർ ഹിറ്റായതോടെ ഓളങ്ങൾ വലിയ സാമ്പത്തിക വിജയമാണ് കൈവരിച്ചത് . 1983-ൽ ജൂബിലി പിക്ചേഴ്സ് ആദ്യമായി നിർമ്മിച്ച 'ആ രാത്രി' ക്കും ഇളയരാജ സംഗീതം നൽകിയപ്പോൾ, പാട്ടുകൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു. മമ്മൂട്ടി എന്ന മഹാനടൻ മലയാളത്തിലെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് കുതിച്ചു കയറുന്ന വർഷമായിരുന്നു1983. മലയാളത്തിലെ പ്രമുഖ നിർമ്മാണ കമ്പനിയായ നവോദയ 1984-ൽ ഇന്ത്യയിലെ ആദ്യത്തെ 3D സിനിമ "മൈ ഡിയർ കുട്ടിച്ചാത്തൻ" നിർമ്മിച്ചപ്പോഴും സംഗീതം ഒരുക്കിയത് ഇളയരാജയായിരുന്നു. കുട്ടിച്ചാത്തനിലെ "ആലിപ്പഴം പെറുക്കാൻ" എന്ന് തുടങ്ങുന്ന പാട്ട് ഇന്നും കാതിൽ തേൻമഴ പെയ്യിക്കുന്ന പാട്ടാണ്. ഇതിനോടകം തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനായി മാറിയ അദ്ദേഹം തൊട്ടടുത്ത വർഷവും[1985] മലയാള സിനിമക്ക് അതിമനോഹരമായ ഈണങ്ങൾ സമ്മാനിച്ചു. മമ്മൂട്ടിയുടെ അക്കാലത്തെ ഏറ്റവും ശ്രദ്ധേയമായ സിനിമകളിൽ ഒന്നായ 'യാത്ര' യിലെ "തന്നന്നം താനന്നം" എന്ന പാട്ട് നമുക്ക് മറക്കാനവുമോ. പിന്നെയും എത്രയെത്ര പാട്ടുകൾ. പത്മരാജന്റെ മൂന്നാം പക്കത്തിലെ ഗാനങ്ങൾ.... അതുപോലെ ഫാസിലിന്റെ സൂര്യപുത്രിയിലെയും പപ്പയുടെ സ്വന്തം അപ്പൂസിലെയും സൂപ്പർ ഹിറ്റ് ഗാനങ്ങൾ... പ്രിയദർശന്റെ കാലാപാനിയിലെ കർണാമൃതമായ പാട്ടുകൾ. സത്യൻ അന്തിക്കാടിന്റെ അര ഡസനോളം സിനിമകളിലെ കാലത്തെയും അതിജീവിച്ച പാട്ടുകൾ....
.jpg)
"കിളിയേക്കിളിയെ" എന്ന തേൻ പുരട്ടിയ പാട്ട് വീണ്ടും സിനിമയിലും സാമൂഹ്യമാധ്യമങ്ങളിലും ഇടം പിടിക്കുമ്പോൾ, ഇളയരാജ എന്ന സംഗീത ചക്രവർത്തി അണിയിച്ചൊരുക്കിയ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ സുന്ദരവും സുവാസിതവുമായ ഭൂതകാലകുളിര് വീണ്ടും വാരി വിതറുന്നപോലെ ......
ചാണ്ടി കറുകപ്പറമ്പിൽ
.jpg)

