തെലങ്കാനക്ക് പിന്നാലെ ആന്ധപ്രദേശ് സർക്കാരും ചുവപ്പു പരവതാനി വിരിച്ച് കിറ്റക്സിനെ ക്ഷണിക്കുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ നിർദേശപ്രകാരം ആന്ധ്ര ടെക്സ്റ്റൈൽ മന്ത്രി എസ് സവിത നാളെ കിഴക്കമ്പലത്തേക്ക് നേരിട്ടെത്തുകയാണ്. അവിടെ വ്യവസായം തുടങ്ങാൻ എംഡി സാബു ജേക്കബിനെ ഔപചാരികമായി ക്ഷണിക്കുകയാണ് ഉദ്ദേശ്യം. പിന്നാലെ സാബു അവിടെയെത്തി ചന്ദ്രബാബു നായിഡുവിനെ നേരിൽ കാണും.
കിറ്റക്സിൻ്റെ സ്ഥാപനങ്ങളിൽ അടിക്കടി നടന്ന വ്യവസായ വകുപ്പിൻ്റെ പരിശോധനകളും അതിനെച്ചൊല്ലിയുള്ള തർക്കങ്ങളും കൊടുമ്പിരി കൊണ്ടത് 2023ലാണ്. മുമ്പേയുള്ള ഭിന്നതകൾ വഷളായി കേരളത്തിൽ കൂടുതൽ ബിസിനസൊന്നും ചെയ്യാനില്ല എന്ന ഘട്ടമെത്തി നിൽക്കെയാണ് തെലങ്കാനയിൽ നിന്ന് ക്ഷണമെത്തിയത്. തെലങ്കാന സർക്കാർ അയച്ച പ്രത്യേക വിമാനത്തിൽ അവിടെയെത്തി ചർച്ച നടത്തിയ സാബു പിന്നാലെ വൻ നിക്ഷേപം പ്രഖ്യാപിച്ചു.
ഹൈദരാബാദിലും വാറങ്കലിലുമായി 3500 കോടി മുടക്കുന്ന രണ്ടു യൂണിറ്റുകൾ ഉടൻ പ്രവർത്തന സജ്ജമാകാനിരിക്കെ ആണ് ആന്ധ്രയുടെ ക്ഷണം എത്തുന്നത്. ഈ രണ്ട് പ്ലാൻ്റുകളിലുമായി 50,000 പേർക്ക് ജോലി കൊടുക്കാൻ കഴിയും. കേരളത്തിലെ യൂണിറ്റിൻ്റെ ഇരട്ടിയിലധികം ഉൽപാദന ശേഷിയുള്ളതാണ് തെലങ്കാനയിൽ സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ 10 വർഷത്തിനിടെ കിറ്റക്സ് കേരളത്തിൽ ഒരു യൂണിറ്റ് പോലും പുതുതായി തുടങ്ങിയിട്ടില്ല എന്നത് വ്യക്തമായ സൂചനയാണ്.

