PRAVASI

നമുക്കെല്ലാവർക്കും അഭിമാനം കൊള്ളാവുന്ന ഇതിഹാസകഥ

Blog Image

സുനിൽ ഗാവസ്കർ ബാക്കിവെച്ചുപോയ ഒരു കടം സച്ചിൻ തെൻഡുൽക്കർക്ക് വേണ്ടി വീട്ടിയ സഞ്ജു സാംസൺ എന്ന മലയാളിയുടെ കഥ! നമുക്കെല്ലാവർക്കും അഭിമാനം കൊള്ളാവുന്ന ഇതിഹാസകഥയാണ് അത്!!
സഞ്ജുവിൻ്റെ ബലിഷ്ഠമായ ചുമലുകളിൽ ഇരുന്നുകൊണ്ട് ടീം ഇന്ത്യ ടി-20 ലോകകപ്പ് ഫൈനലിലേയ്ക്ക് നടന്നുകയറിയിരിക്കുന്നു! ഏതാണ്ട് 40 വർഷങ്ങളുടെ പഴക്കമുള്ള ഒരു മുറിവിനെ ബ്രൂട്ടൽ ഹിറ്റിങ്ങ് കൊണ്ട് ഉണക്കിയ മാന്ത്രികനായി സഞ്ജു അവതരിക്കുകയായിരുന്നു!
1987-ലെ ഏകദിന ലോകകപ്പിൻ്റെ സെമിഫൈനൽ അരങ്ങേറിയത് മുംബൈയിലെ വാംഖഡേ സ്റ്റേഡിയത്തിലായിരുന്നു. 1983-ൽ ചരിത്രം സൃഷ്ടിച്ച കപിൽ ദേവിൻ്റെ സംഘം ലോകകപ്പ് നിലനിർത്തുമെന്ന് ഇന്ത്യൻ ആരാധകർ ഉറച്ചുവിശ്വസിച്ചിരുന്നു.
എന്നാൽ സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു! ആ മത്സരത്തിൽ ഇന്ത്യയ്ക്കുവേണ്ടി കളത്തിലിറങ്ങിയ മനീന്ദർ സിംഗ് പിന്നീട് പരിതപിച്ചു-
''ഇംഗ്ലണ്ടിനോടുള്ള തോൽവി അംഗീകരിക്കാൻ ഞങ്ങൾ ശരിക്കും പ്രയാസപ്പെട്ടു. കളി കഴിഞ്ഞപ്പോൾ പല ഇന്ത്യൻ താരങ്ങളുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...!''


സുനിൽ ഗാവസ്കർ എന്ന മഹാനായ ക്രിക്കറ്ററുടെ അവസാന മത്സരമായിരുന്നു അത്. സ്വന്തം മണ്ണായ മുംബൈയിൽ വെച്ച് തോൽവിയുടെ വേദനയോടെ അദ്ദേഹം ക്രിക്കറ്റ് പാഡുകൾ അഴിച്ചുവെച്ചു.
അന്ന് വാംഖഡേയിലെ ബൗണ്ടറിയിൽ 14 വയസ്സുകാരനായ ഒരു ബോൾ ബോയ് ഉണ്ടായിരുന്നു. പേര് സച്ചിൻ തെൻഡുൽക്കർ! ആ സെമിഫൈനൽ പരാജയം സച്ചിൻ്റെ ഉള്ളിലെ പോരാട്ടവീര്യത്തെ ആളിക്കത്തിച്ചിരുന്നു!
സച്ചിൻ്റെ അന്താരാഷ്ട്ര കരിയർ 24 വർഷങ്ങളാണ് നീണ്ടുനിന്നത്. അവസരം കിട്ടിയപ്പോഴെല്ലാം സച്ചിൻ ഇംഗ്ലിഷ് പടയെ സംഹരിക്കുകയും ചെയ്തു! എന്നാൽ 1987-ലെ ലോകകപ്പ് സെമിഫൈനലിന് തുല്യമായ ഒരു മത്സരം സച്ചിൻ്റെ കരിയറിൽ സംഭവിച്ചില്ല. 
2013-ൽ അതേ വാംഖഡേ ഗ്രൗണ്ടിൽവെച്ച് സച്ചിൻ കളിയോട് യാത്രാമൊഴി പറഞ്ഞു. ആ പഴയ കടം അപ്പോഴും അവശേഷിച്ചു!
കണക്കുതീർക്കാനുള്ള അവസരം സഞ്ജുവിനുവേണ്ടിയാണ് കാലം കരുതിവെച്ചത്! ഒരു ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയും ഇംഗ്ലണ്ടും വീണ്ടും മുഖാമുഖം വന്നു! പക്ഷേ വാംഖഡേയുടെ മദ്ധ്യഭാഗത്ത് ജോഫ്ര ആർച്ചർ ഹിമാലയ  പർവ്വതം പോലെ നിലകൊള്ളുന്നുണ്ടായിരുന്നു! 
മൂന്ന് തവണ തന്നെ പുറത്താക്കിയിരുന്ന ആർച്ചറിനെതിരെ 8.33 എന്ന ബാറ്റിങ്ങ് ശരാശരിയാണ് സഞ്ജു സൂക്ഷിച്ചിരുന്നത്. സഞ്ജുവിനെ  നിഗ്രഹിക്കാനുള്ള ബ്രഹ്മാസ്ത്രം ആർച്ചർ തന്നെയാണെന്ന് സകല ക്രിക്കറ്റ് പണ്ഡിതരും വിലയിരുത്തിയിരുന്നു.
ആർച്ചറുടെ ആദ്യ ഓവറിൽ സഞ്ജു ബൗണ്ടറിയും സിക്സറും നേടി! ഇംഗ്ലണ്ട് ഡഗ്-ഔട്ടിലേയ്ക്കാണ് സിക്സർ ലാൻഡ് ചെയ്തത്! ''ഞാൻ പോരിന് സജ്ജനാണ് '' എന്ന സഞ്ജുവിൻ്റെ പ്രസ്താവന!!
ഇംഗ്ലണ്ട് മറുപടി ഉടനെ നൽകി. അഭിഷേക് ശർമ്മ ഡീപ് മിഡ്-വിക്കറ്റിൽ പിടികൊടുത്തു. വിക്കറ്റ് നേടിയതിൻ്റെ ആഘോഷം വിൽ ജാക്സ് ശർമ്മയുടെ  മുഖത്ത് തന്നെ നടത്തി!
അടുത്ത ഓവറിൽ ആർച്ചർ വർദ്ധിത വീര്യത്തോടെ തിരിച്ചെത്തി. അയാൾ ആദ്യം എറിഞ്ഞ പന്ത് 147 കിലോമീറ്റർ വേഗതയിലാണ്  ചീറിപ്പാഞ്ഞെത്തിയത്!  പക്ഷേ സഞ്ജു ആ ഷോർട്ട്ബോളിനെ ഫെൻസിലേയ്ക്ക് പുൾ ചെയ്തു!! 
തൊട്ടുപിന്നാലെ ഒരു ലൈഫ് കിട്ടിയപ്പോൾ സഞ്ജുവിൻ്റെ സ്പീഡ് കുറയുമെന്ന് പലരും വിചാരിച്ചു. എന്നാൽ സിക്സറും ബൗണ്ടറിയും പായിച്ചാണ് സഞ്ജു  ആർച്ചറെ പറഞ്ഞുവിട്ടത്!
അഭിഷേകിനെ വീഴ്ത്തിയ ജാക്സിനുള്ള സഞ്ജുവിൻ്റെ പ്രഹരവും ഉടൻ വന്നു-ഒരു ക്ലാസിക് സ്ക്വയർകട്ട്! ഗാലറിയിൽ ഉണ്ടായിരുന്ന രോഹിത് ശർമ്മ അത്  കണ്ട് കയ്യടിച്ചു!
ഒരു ബോളറും ആധിപത്യം നേടരുതെന്ന് സഞ്ജുവിന് നിർബന്ധമുണ്ടായിരുന്നു. ഇംഗ്ലണ്ടിൻ്റെ തുറുപ്പുചീട്ടായ ആദിൽ റഷീദിനെ ബൗണ്ടറിയടിച്ചാണ്  സഞ്ജു സ്വീകരിച്ചത്! അതും ഡ്രിങ്ക്സ് ബ്രേക്കിന് ശേഷമുള്ള ആദ്യ ഡെലിവെറിയിൽ! 
സാം കറൻ ബൗൺസറുകൾ ഫലപ്രദമായി എറിഞ്ഞിരുന്നു. എന്നാൽ സഞ്ജുവിനെതിരെ കറൻ പ്രയോഗിച്ച ഷോർട്ട്ബോളുകളും സ്ലോബോളുകളും  ക്രൂരമായ ശിക്ഷയേറ്റുവാങ്ങി! ഡോസനും ഓവർട്ടനും സഞ്ജുവിൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞു! 
പിന്നീടാണ് സഞ്ജുവും ആർച്ചറും തമ്മിലുള്ള പോരാട്ടത്തിൻ്റെ രണ്ടാം റൗണ്ട് ആരംഭിച്ചത്. 2003-ലെ ലോകകപ്പിൽ സച്ചിൻ ഷോയബ് അക്തർക്കെതിരെ  കളിച്ചത് പോലുള്ള ഒരു അപ്പർകട്ട് സഞ്ജു സൃഷ്ടിച്ചെടുത്തു! കൂടാതെ ബാക്ക്ഫൂട്ടിൽ ഒരു സ്ട്രെയിറ്റ് പഞ്ചും! മനം കുളിർപ്പിച്ച രണ്ട് സിക്സറുകൾ!! 
സഞ്ജുവിന് അനായാസമായി ഒരു സെഞ്ച്വറി നേടാമായിരുന്നു. പക്ഷേ ടീമിനുവേണ്ടി വലിയ ഷോട്ടിന് ശ്രമിച്ച് സഞ്ജു സ്വന്തം വിക്കറ്റ് ബലികൊടുത്തു.  ആ നിസ്വാർത്ഥതയെ ലോകം വാഴ്ത്തി!
ഒരു ക്രിക്കറ്റർ തൻ്റെ എതിരാളിയ്ക്കുമേൽ മൃഗീയമായ ആധിപത്യം സ്ഥാപിക്കുന്ന കാഴ്ച്ച നാം മുമ്പും കണ്ടിട്ടുണ്ട്. ഷെയ്ൻ വോണിനെ നേരിടുന്നതിന്  വേണ്ടി ദക്ഷിണാഫ്രിക്കയുടെ ബാറ്ററായിരുന്ന ഡാരിൽ കള്ളിനൻ ഒരു മനഃശാസ്ത്രജ്ഞനെ സമീപിച്ചിരുന്നു. എന്നിട്ടും വോണിനെ മറികടക്കാൻ  കള്ളിനന് സാധിച്ചില്ല.
ഇവിടെയാണ് സഞ്ജുവിൻ്റെ മനോബലം നാം തിരിച്ചറിയേണ്ടത്. തനിക്കെതിരെ ഗംഭീര റെക്കോർഡുകൾ ഉണ്ടായിരുന്ന ഹസരംഗയേയും  ആർച്ചറിനെയും അയാൾ കാൽക്കീഴിലിട്ട് ചവിട്ടിയരച്ചിരിക്കുന്നു! അതും ഏഷ്യാകപ്പും ലോകകപ്പും പോലുള്ള വമ്പൻ വേദികളിൽ വെച്ച്!! 
മത്സരം ഇന്ത്യയിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ച ജേക്കബ്ബ് ബേതൽ എന്ന ബ്ലാറ്ററുടെ റൺ-ഔട്ട് പൂർത്തിയാക്കിയത് സഞ്ജുവായിരുന്നു. അത് ഏറ്റവും  മികച്ച കാവ്യനീതിയായി! 
ഗംഭീര ക്യാച്ചുകൾ എടുത്ത അക്സർ പട്ടേലിനും തിലക് വർമ്മയ്‌ക്കും നന്ദി!ജസ്പ്രീത് ബുംറയുടെയും ഹാർദിക് പാണ്ഡ്യയുടെയും ഡെത്ത് ബോളിങ്ങ്  മനസ്സിൽ മായാതെ നിൽക്കും!
1987-ലെ പരാജയത്തിൻ്റെ കറ ഇന്ത്യ കഴുകിക്കളഞ്ഞിരിക്കുന്നു. സുനിൽ ഗാവസ്കർ സഞ്ജുവിനെ പലതവണ ക്രൂരമായി വിമർശിച്ചിട്ടുണ്ട്. ഇപ്പോൾ അതേ  സഞ്ജു ഗാവസ്കർക്കുവേണ്ടി നീതി നടപ്പിലാക്കിയിരിക്കുന്നു!! അതുകണ്ട് സച്ചിൻ ഉൾപ്പുളകമണിഞ്ഞിട്ടുണ്ടാവും!
രാമായണത്തിൽ ഒരു രംഗമുണ്ട്. രാവണനാൽ അപഹരിക്കപ്പെട്ട സീതാദേവി  ലങ്കയിലുണ്ട് എന്ന് വാനരപ്പടയ്ക്ക് മനസ്സിലാവുന്നു. കടൽ ചാടിക്കടന്ന്  ലങ്കയിലെത്താൻ ആർക്ക് കഴിയും എന്ന ചോദ്യത്തോട് സകല വാനരൻമാരും മൗനം പാലിക്കുന്നു.
അപ്പോൾ വയോധികനായ ജാംബവാൻ ഹനുമാനോട് പറയുന്നു-
''സ്വന്തം കരുത്ത് എന്താണെന്ന് നിനക്ക് അറിയില്ല ഹനുമാൻ. ഈ കടൽ താണ്ടാൻ നിനക്കേ കഴിയൂ...!!''
അതോടെ ഹനുമാന് സ്വന്തം കഴിവുകളെക്കുറിച്ച് ബോദ്ധ്യം വന്നു. അയാൾ കടൽ ചാടിക്കടന്ന് സീതയെ കാണുകയും ലങ്കാനഗരി  അഗ്നിക്കിരയാക്കുകയും ചെയ്തു! 
സഞ്ജുവിൻ്റെ കഥയും സമാനമാണ്. ലെജൻഡറി ഇന്നിംഗ്സുകൾ കളിക്കാൻ ശേഷിയുള്ള അയാൾ ടീമിനുവേണ്ടി ''Hit out or Get out'' എന്ന ശൈലിയിൽ ബാറ്റ് വീശിക്കൊണ്ടിരിക്കുകയായിരുന്നു.
ജാംബവാൻ ഹനുമാന് നൽകിയത് പോലുള്ള ഉപദേശം സഞ്ജുവിനും ലഭിച്ചിട്ടുണ്ടാവണം. ടീമിൽനിന്ന് പുറത്താക്കില്ല എന്ന ഉറപ്പ് ഗംഭീറും സൂര്യയും സഞ്ജുവിന് നൽകിയിട്ടുണ്ടാവണം. അയാൾക്ക് അത് മാത്രം മതിയായിരുന്നു!
ഹനുമാൻ ലങ്കാനഗരി കത്തിച്ചു. സഞ്ജു വാംഖഡേ മൈതാനത്തിന് തീപിടിപ്പിച്ചു! ഇംഗ്ലണ്ട് ബോളർമാർ ചാരമായി! ഒരുപിടി ചാരം!!

സന്ദീപ് ദാസ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.