PRAVASI

അവിശ്വാസ പ്രമേയ നീക്കത്തിനിടെ പാലാ നഗരസഭയിൽ അസാധാരണ ട്വിസ്റ്റ്

Blog Image

പാലാ നഗരസഭയിൽ ഭരണപക്ഷത്തെ സ്വതന്ത്ര കൂട്ടായ്മയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം ശക്തമാകുന്നതിനിടെ ചെയർപേഴ്‌സന്റെ അസാധാരണ നടപടി. ഈ മാസം 14-ാം തീയതി മുതൽ 17-ാം തീയതി വരെയുള്ള തുടർച്ചയായ നാല് ദിവസങ്ങളിലാണ് നഗരസഭയിൽ കൗൺസിൽ യോഗം വിളിച്ചുചേർത്തിരിക്കുന്നത്. ചെയർപേഴ്‌സന്റെ ഈ വിചിത്ര നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഒരൊറ്റ ദിവസം കൊണ്ട് തീർക്കാവുന്ന അജണ്ടകളാണ് പ്രതികാര ബുദ്ധിയോടെ നാല് ദിവസങ്ങളിലായി വിഭജിച്ചിരിക്കുന്നതെന്നും, തുടർച്ചയായ യോഗങ്ങൾ ഉദ്യോഗസ്ഥർക്കും കൗൺസിലർമാർക്കും കടുത്ത ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. അവിശ്വാസം പാസാകുമെന്ന് ഉറപ്പായതോടെ ചെയർപേഴ്‌സൺ വാശി തീർക്കുകയാണെന്നാണ് പ്രതിപക്ഷ പക്ഷം.

കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്ര കൂട്ടായ്മയും തമ്മിലുള്ള തർക്കം മൂർച്ഛിച്ചതോടെയാണ് സ്വതന്ത്ര ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ എൽ.ഡി.എഫ് നീക്കം ശക്തമാക്കിയത്. എംപിയും എംഎൽഎയും അടക്കമുള്ള മുതിർന്ന നേതാക്കൾ ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പാലാ നഗരസഭയിലെ ആഭ്യന്തര കലാപത്തിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് ജില്ലാ നേതൃത്വം വിഷയം കെ.പി.സി.സിക്ക് വിട്ടിരിക്കുകയാണ്. ഇങ്ങനെയൊരു ഭരണം മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം നേതാക്കൾ. ഇതിനിടെ സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിച്ചുകൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഐക്യകണ്ഠേന പ്രമേയം പാസാക്കുകയും ചെയ്തു. എന്നാൽ ഔദ്യോഗിക നേതൃത്വം അറിയിച്ചാൽ മാത്രമേ പ്രതികരിക്കൂ എന്ന നിലപാടിലാണ് സ്വതന്ത്ര കൂട്ടായ്മ.

നഗരസഭയിലെ ഇപ്പോഴത്തെ അവസ്ഥ യു.ഡി.എഫിന്റെ ആഭ്യന്തര പ്രശ്നം മാത്രമാണെന്നും, ഇത്തരം സ്വതന്ത്ര മുന്നണികളുമായി സഹകരിച്ചാൽ അപകടമാണെന്ന് തങ്ങൾക്ക് നേരത്തെ അറിയാമായിരുന്നെന്നും കേരള കോൺഗ്രസ് (എം) അധ്യക്ഷൻ ജോസ് കെ. മാണി പ്രതികരിച്ചു. നഗരസഭ അനാഥമാകാൻ അനുവദിക്കില്ലെന്നും എന്നാൽ പ്രതിസന്ധിക്ക് കാരണക്കാരായവരുമായി സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.