PRAVASI

ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാർഡ് സംവിധായകൻ സിബി മലയിലിന്

Blog Image

കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ സ്മരണാർത്ഥം, മികച്ച പൊതുജന സേവനത്തിനുള്ള 'ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാർഡ്-2026' പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ. സിബി മലയിലിന് സമ്മാനിക്കും.
​ജൂലൈ 18 ശനിയാഴ്ച വൈകുന്നേരം 03:00 മണിക്ക് കോട്ടയം ശാസ്ത്രി റോഡിലുള്ള ദർശന ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ, ശ്രീ. സിബി മലയിലിന് അവാർഡ് സമർപ്പിക്കും. ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
​ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റിസ് സിറിയക് ജോസഫിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. അഭിവന്ദ്യ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അനുസ്മരണ പ്രസംഗം നിർവ്വഹിക്കും.
​ചടങ്ങിൽ വെച്ച്, നിയമസഭാംഗമായി 25 വർഷം പൂർത്തിയാക്കിയ ഫൗണ്ടേഷൻ ട്രസ്റ്റിയും ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രിയുമായ ശ്രീ. മോൻസ് ജോസഫിനെ ആദരിക്കുന്നതായിരിക്കും. മന്ത്രി ശ്രീ. മോൻസ് ജോസഫ്, കോട്ടയം അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും.
​ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റിയും മുൻ എം.പിയുമായ ശ്രീ. തോമസ് ചാഴിക്കാടൻ സ്വാഗതവും പ്രൊഫ. മേരി രമണി തറയിൽ കൃതജ്ഞതയും രേഖപ്പെടുത്തും. ചടങ്ങിൽ പ്രശംസാപത്ര പാരായണം നടത്തുന്നത് ഷെവലിയർ അഡ്വ. ജോയ് ജോസഫ് കൊടിയന്തറയാണ്. അവാർഡ് സ്വീകരിച്ചുകൊണ്ട് ശ്രീ. സിബി മലയിൽ മറുപടി പ്രസംഗം നടത്തും.
​സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്ന് ഓർഗാനിസിങ് സെക്രട്ടറിമാരായ ശ്രീ. സിറിയക് ചാഴിക്കാടൻ, ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി എന്നിവർ അറിയിച്ചു.

ARCH BISHOP KURIAKOSE KUNNACHERRY 

CHIEF MINISTER V D SATHEESAN

SPEAKER THIRUVANCHOOR RADHAKRISHNAN

MINISTER MONS JOSEPH

JUSTICE CYRIAC JOSEPH

CARDINAL MAR GEORGE ALENCHERY

SIBY MALAYIL

GEEVARGHESE MAR APREM

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.