അമേരിക്കൻ ക്രിസ്ത്യാനിത്വം
Dr. V. A. Thomas (Dr. Thomas V. Ambumkayathu) അമേരിക്കയിൽ കുടിയേറ്റക്കാരായ ഏതൊരു വ്യക്തിയും മനസ്സിലാക്കിയിരിക്കേണ്ട ചില പ്രാഥമിക യാഥാർത്ഥ്യങ്ങളാണ് മൂന്ന് ഭാഗങ്ങളായി എഴുതിയിട്ടുള്ള “അമേരിക്കൻ ക്രിസ്ത്യാനിത്വം” എന്ന ഈ ലേഖന പരമ്പരയിൽ Dr. Thomas Ambumkayathu അവതരിപ്പിച്ചിരിക്കുന്നത്. ഭാഗം - I: കുടിയേറ്റക്കാരും ക്രിസ്തീയ അമേരിക്കയും; ഭാഗം - II: അമേരിക്കയുടെ ക്രിസ്തീയ അടിസ്ഥാനം; ഭാഗം - III: ക്രിസ്തീയ ദേശീയത്വവും ക്രിസ്ത്യാനിത്വവും. (അമേരിക്കൻ പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി ഇംഗ്ലീഷിൽ എഴുതി, താൻ തന്നെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുള്ളതാണ് ഈ ലേഖന പരമ്പര). “ദൈവരാജ്യം - ഇന്നിന്റെ വെളിച്ചവും നാളെയുട പ്രത്യാശയും” എന്ന പുസ്തകത്തിൻറെ രചയിതാവും, ആനുകാലിക പ്രാധാന്യമുള്ള വിവിധ വിഷയങ്ങളും ലേഖനങ്ങളിലൂടെ വായനക്കാരുടെ മുൻപിൽ എത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സ്വതന്ത്ര ചിന്തകനാണ് ഈ എഴുത്തുകാരൻ. തൻറെ പുസ്തകത്തിന്റെ കോപ്പികൾക്കോ, പുസ്തകത്തിലും ലേഖനങ്ങളിലും പരാമർശിച്ചിട്ടുള്ള വിഷയങ്ങളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയിക്കുന്നതിനോ തന്നെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. Email: vathomas.pvi@gmail.com.

Dr. THOMAS AMBUMKAYATHU
അമേരിക്കയുടെ ക്രിസ്തീയ അടിസ്ഥാനം
(Part – 2)
കഴിഞ്ഞ ലക്കത്തിൽ, “അമേരിക്ക ഒരു ക്രിസ്തീയ രാജ്യമാണ്” എന്നുള്ള അവകാശ വാദത്തെ ചരിത്രത്തിൻറെ അടിസ്ഥാനത്തിൽ അല്പം പരിശോധിച്ചു. ഈ അവകാശ വാദത്തിന്റെ അടിസ്ഥാനങ്ങൾ രണ്ടാണ്: അടിസ്ഥാനം ഒന്ന്, അമേരിക്കയുടെ സ്ഥാപക പിതാക്കന്മാർ ക്രിസ്തീയ വിശ്വാസികൾ ആയിരുന്നു. അത് എത്രമാത്രം വാസ്തവമാണ് എന്നുള്ളതാണ് കഴിഞ്ഞ ലക്കത്തിൽ നാം ചിന്തിച്ചത്. അടിസ്ഥാനം രണ്ട്, അമേരിക്ക എന്ന രാജ്യത്തിന് രൂപം കൊടുത്ത അടിസ്ഥാന പ്രമാണങ്ങൾ (Declaration of Independence, Constitution, and Bill of Rights) അമേരിക്കയെ ഒരു ക്രിസ്തീയ രാജ്യമായി നിലനിർത്തുക എന്ന ലക്ഷ്യത്തിൽ, വേദപുസ്തക അടിസ്ഥാനത്തിൽ എഴുതി പാസാക്കിയിട്ടുള്ളതാണ്. ‘ക്രിസ്തീയ മൂല്യങ്ങളിലും, ക്രിസ്തീയ പ്രത്യയശാസ്ത്രങ്ങളിലും അടിസ്ഥാനം ഇട്ടു പണിതെടുത്ത ഒരു രാജ്യം!’ പ്രസ്തുത ധാരണയാണല്ലോ, ‘അമേരിക്കയുടെ ആത്മീക പുനരുദ്ധാനം’ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു നല്ല വിഭാഗം ഇവാഞ്ചലിക്കൽ സഭാ നേതാക്കന്മാരുടെയും വിശ്വാസികളുടെയും അവകാശ വാദങ്ങൾക്ക് പിന്നിൽ! ഈ അടിസ്ഥാനത്തിന്റെയും യാഥാർഥ്യം എത്രയുണ്ട് എന്നറിയുന്നതിന് മേൽപ്പറഞ്ഞ ‘അടിസ്ഥാന പ്രമാണങ്ങൾ - സ്വാതന്ത്ര്യ പ്രഖ്യാപന പ്രമാണം, ഭരണഘടന, പൗരാവകാശ പ്രമാണം’ എന്നിവകൾ ഒന്ന് പരിശോധിക്കുന്നത് പ്രയോജനകരം ആയിരിക്കും.
അടിസ്ഥാന പ്രമാണങ്ങൾ ക്രിസ്തീയത സ്ഥിരീകരിക്കുന്നത് ആണോ?
അടുത്ത കാലം വരെ, ഞാനും വിശ്വസിച്ചിരുന്നത്, ‘അമേരിക്ക എന്ന രാജ്യത്തിന് രൂപം കൊടുത്ത ‘അടിസ്ഥാന പ്രമാണങ്ങൾ’ തികച്ചും ക്രിസ്തീയ വിശ്വാസത്തെ ഉറപ്പിക്കുന്നതും, നിലനിർത്തുന്നതും, പ്രോത്സാഹിപ്പിക്കുന്നതും ആയിരുന്നു എന്നാണ്. ചില മാസങ്ങളിലെ സൂക്ഷ്മമായ ഗവേഷണത്തിന് ശേഷം, എന്നാൽ അല്പം നിരാശയോടെ കൂടെ റിപ്പോർട്ട് ചെയ്യട്ടെ, പ്രസ്തുത പ്രമാണങ്ങൾ ഒന്നും തന്നെ ക്രിസ്തീയത പ്രോത്സാഹിപ്പിക്കുന്നതോ, ക്രിസ്തീയ വിശ്വാസത്തോടു ഏതെങ്കിലും വിധത്തിൽ പ്രതിപത്തി വെളിപ്പെടുത്തുന്നതോ അല്ല. സത്യത്തിൽ, ‘ഭരണഘടന’ അടക്കം, ഈ പ്രമാണങ്ങൾ എല്ലാം തന്നെ തികച്ചും (secular documents) മറ്റ് ഏതു ലോക പ്രകാരമുള്ള നിയമ പത്രികകൾ പോലെ മാത്രമേ ഉള്ളൂ. ഇവിടെയെങ്ങും ക്രിസ്തീയ വിശ്വാസത്തെ സംബന്ധിക്കുന്ന ഒരു പ്രസ്താവന പോലും കാണുവാൻ കഴിയില്ല. ക്രിസ്തുവിൻറെ പേര് ഒരു പ്രാവശ്യം എങ്കിലും നാമകരണം ചെയ്യുക പോലും ചെയ്തിട്ടില്ല. ഭരണഘടന ഭേദഗതിയിൽ (First Amendment - Bill of Rights) ‘മതം’ എന്ന വാക്ക് രണ്ട് പ്രാവശ്യം സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ രണ്ടു പ്രാവശ്യവും ക്രിസ്തുമതം ഉൾപ്പെടെ ‘ഒരു മതത്തിന്റെയും രൂപീകരണത്തിലോ, പ്രചരണത്തിലോ ഗവൺമെൻറ് ഇടപെടുവാൻ പാടില്ല’ എന്നുള്ള നിബന്ധനയാണ് നടത്തിയിരിക്കുന്നത്. ഗവൺമെൻറ് ഏതെങ്കിലും ഒരു പ്രത്യേക മതത്തിൻറെ രൂപീകരണത്തിലോ, പ്രചരണത്തിലോ ഇടപെടുവാൻ പാടില്ല; അതോടൊപ്പം തന്നെ, ഒരു മതത്തിന്റെയും രൂപീകരണത്തിനോ, പ്രചരണത്തിനോ, സ്വതന്ത്രമായ നടത്തിപ്പിനോ തടസ്സമായി നിൽക്കുവാനും പാടില്ല എന്നുള്ളതാണ് ‘First Amendment’ വ്യക്തമായും അനുശാസിക്കുന്നത്. ചുരുക്കത്തിൽ, ഏത് മതവിശ്വാസത്തിൽ ഉള്ള പൗരന്മാർക്കും അവരുടെ പ്രസ്ഥാനങ്ങൾ രൂപീകരിക്കുവാനും, വിശ്വാസം പ്രചരിപ്പിക്കുവാനും, അവർ വിശ്വസിക്കുന്ന ദൈവത്തെ ആരാധിക്കുവാനും ഉള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു വ്യവസ്ഥിതി അമേരിക്കൻ ഭരണഘടനയുട ഒരു പ്രത്യേകത ആണ് എന്ന് തന്നെ പറയാം!
അമേരിക്കയുടെ ചരിത്ര രേഖകൾ പരിശോധിച്ചാലും നിയമസംബന്ധമായ പ്രമാണങ്ങൾ പഠിച്ചാലും, സംശയരഹിതമായി മനസ്സിലാക്കുവാൻ കഴിയുന്ന ഒരു യാഥാർത്ഥ്യം, ഈ രാജ്യത്തിൻറെ രൂപവൽക്കരണം മുതൽ ഭരണഘടനയുടെ രൂപീകരണത്തിലും, നാളെതുവരെയുള്ള നടത്തിപ്പിലും, ക്രിസ്ത്യാനിത്വം ഉൾപ്പെടെ ഒരു മതത്തിനും പ്രത്യേക പ്രാധാന്യം കൊടുത്തിട്ടില്ല എന്നുള്ളതാണ്. മറിച്ച് നമുക്ക് കാണുവാൻ കഴിയുന്നത്, വിവിധ ജാതി, മത, സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുമുള്ള സകല മനുഷ്യരെയ ചേർത്തിണക്കി പണിതെടുക്കുന്ന അനിതര സാധാരണമായ ഒരു രാഷ്ട്ര വിഭാവനമാണ്. 1790 - ൽ ഈ രാഷ്ട്രത്തിന്റെ പിതാവ് എന്ന് കണക്കാക്കപ്പെടുന്ന President George Washington യഹൂദന്മാരുടെ ഒരു സിനഗോഗിന് എഴുതിയ കത്ത് ഇപ്രകാരമാണ്: “തെറ്റും ശരിയും തിരിച്ചറിഞ്ഞു ജീവിക്കുവാനും തങ്ങളുടെ പൗരത്വം സംരക്ഷിക്കുവാനും ഉള്ള മനസ്സാക്ഷിയും സ്വാതന്ത്ര്യവും (ജാതി-മത വ്യത്യാസം കൂടാതെ) സകല മനുഷ്യരിലും നിക്ഷിപ്തമാണ്.” Washington - ൻറെ ഭരണകാലത്ത് നോർത്ത് ആഫ്രിക്കയിലെ ഇസ്ലാമിക് ഭരണകൂടവും ആയി നടത്തിയ Tripoli Treaty എന്ന് അറിയപ്പെടുന്ന ഉടമ്പടിയും വളരെ പ്രശസ്തമാണ്. പ്രസ്തുത ഉടമ്പടി, 1797 - ൽ, President John Adams - ൻറെ ഭരണകാലത്ത് ജനപ്രതിനിധി സഭയിൽ അവതരിപ്പിക്കുകയും ഐക്യകണ്ഠേന പാസാക്കപ്പെടുകയും ചെയ്തു. ഈ ഉടമ്പടിയുടെ Article 11 - ൽ പ്രസ്താവിച്ചിരിക്കുന്നത് ഇപ്രകാരം ആണ്: “അമേരിക്കയുടെ ഗവൺമെൻറ് ഒരർത്ഥത്തിലും ക്രിസ്തീയ മതത്തിൻറെ അടിസ്ഥാനത്തിൽ രൂപീകരിച്ചിട്ടുള്ളത് അല്ല.” (“The government of the United States is not, in any sense, founded on the Christian religion….”) 1786 - ൽ, Virginia State Assembly ‘മതസ്വാതന്ത്ര്യ നിയമം’ (Religious Freedom Act) പാസാക്കിയപ്പോൾ President, Thomas Jefferson ഓരോ പൗരനും മതസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് നടത്തിയ പ്രസ്താവന ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്: “നാം പാസാക്കുന്ന ഈ നിയമ വിജ്ഞാപനം യഹൂദനും, ജാതിക്കും, ക്രിസ്ത്യാനിക്കും, മുസൽമാനും, ഹിന്ദുവിനും, ഓരോ വിഭാഗത്തിലും ഉള്ള വിശ്വാസിക്കും അവിശ്വാസിക്കും ഒരുപോലെ മതസ്വാതന്ത്ര്യം വാഗ്ദത്വം ചെയ്യുന്നതാണ്.” പ്രസ്തുത പ്രസ്താവന, മേൽപ്പറഞ്ഞ രാഷ്ട്ര നേതാക്കന്മാരും, ജനപ്രതിനിധികളും മാത്രമായിരുന്നില്ല, അക്കാലത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ഉൾക്കൊണ്ടിരുന്ന കാഴ്ചപ്പാട് തന്നെയായിരുന്നു.
ഈ രാജ്യത്തിൻറെ സ്ഥാപക പിതാക്കന്മാരുടെ ദീർഘദർശനം!
നാം പരിശോധിച്ച അടിസ്ഥാന പ്രമാണങ്ങളും ചരിത്ര രേഖകളും ഒന്നും തന്നെ അമേരിക്ക ഒരു ക്രിസ്തീയ രാജ്യമായിട്ടാണ് ആരംഭിച്ചത് എന്ന വാദഗതിയെ പിന്താങ്ങുന്നത് അല്ല. മറിച്ച്, പ്രസ്തുത രേഖകൾ എല്ലാം തന്നെ അമേരിക്കയുടെ രൂപീകരണം ഒരു മതേതര രാഷ്ട്രമായിട്ടായിരുന്നു - ഏതു മതക്കാർക്കും അവരുടെ വിശ്വാസം അനുവർത്തിക്കുവാൻ സ്വാതന്ത്ര്യമുള്ള ഒരു രാജ്യമായിട്ടാണ് എന്ന് തെളിയിക്കുന്നതാണ്. ഈ യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിൽ, അമേരിക്ക ആത്മീയ വിഷയങ്ങളിൽ വ്യക്തമായ അടിസ്ഥാനം ഇല്ലാത്ത, ആത്മീക അനാസ്ഥ പുലർത്തുന ഒരു രാജ്യം; ഭൗമിക വിഷയങ്ങളിൽ മാത്രം പ്രാധാന്യം കൊടുക്കുന്ന കേവലം ഒരു ഐഹിക രാജ്യം; ഇതിൻറെ സ്ഥാപക പിതാക്കന്മാർ യാതൊരു ആത്മീയ ദർശനവും ഇല്ലാത്ത ധനമോഹികൾ; സ്ഥാനമോഹികൾ, എന്നിങ്ങനെ പല വിലയിരുത്തുകളിലും എത്തുവാൻ എളുപ്പമാണ്. എന്നാൽ അന്തിമ വിധി എഴുതുന്നതിന് മുൻപ്, ഈ രാജ്യത്തിൻറെ അനിതര സാധാരണമായ രൂപകൽപ്പനയ്ക്കും ഭരണഘടനയ്ക്കും ഇതിൻറെ സ്ഥാപക പിതാക്കന്മാരെ പ്രേരിപ്പിച്ച ചരിത്ര പശ്ചാത്തലവും, അവരുടെ ദർശന ധാർഷ്ട്യവും കൂടി പരിശോധിക്കുന്നത് അവരോടും, നമ്മോടു തന്നെയും നീതി പുലർത്തുന്നതിന് തികച്ചും ആവശ്യമാണ്!
വേദശാസ്ത്രപരമായ വിഷയങ്ങളിൽ സ്ഥാപക പിതാക്കന്മാരുമായി എനിക്ക് അശേഷം യോജിക്കുവാൻ കഴിയില്ല എന്ന് കഴിഞ്ഞ ലക്കത്തിൽ ഞാൻ വെളിപ്പെടുത്തിയിരുന്നല്ലോ. എന്നാൽ, അവർ ദൈവ ഭക്തന്മാർ ആയിരുന്നില്ല എന്നോ, അവർക്ക് ഈ രാജ്യത്തെ കുറിച്ച് ഒരു ആത്മീക ദർശനം ഉണ്ടായിരുന്നില്ല എന്നോ എനിക്ക് പറയുവാൻ കഴിയില്ല. മറിച്ച്, ഞാൻ മനസ്സിലാക്കുന്നത്, ആത്മീക വിഷയങ്ങളിൽ അവർക്കുണ്ടായിരുന്ന (sovereign fear) ഭയഭക്തിയും, ആദരവും ആണ് ഒരു പ്രത്യേക മതവിശ്വാസത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു ഭരണഘടന രൂപീകരിക്കുന്നതിൽ നിന്നും അവരെ വിമുഖരാക്കിയത്. ഒരു വിഭാഗത്തിന്റ മതവിശ്വാസം മറ്റൊരു വിഭാഗത്തിൻറെ മുകളിൽ അടിച്ചേൽപ്പിക്കുന്നതിന്റ ഭവിഷത്ത് എന്തുമാത്രം ഉണ്ട് എന്ന് ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കിയവർ ആയിരുന്നു അവർ. എന്റെ ഗവേഷണത്തിൽ എവിടെയോ ഒരിടത്ത് വായിച്ചത് ഞാൻ ഓർക്കുന്നു, ‘മതത്തിൻറെ അടിസ്ഥാനത്തിൽ പരസ്പരം വെറുക്കുന്ന ഒരു സമൂഹത്തേക്കാൾ, ഒരു മതങ്ങളും ഇല്ലാത്ത ഒരു സമൂഹം ആയിരിക്കും ദൈവത്തിന് കൂടുതൽ പ്രസാദകരം’ എന്ന് അവർ വിശ്വസിച്ചിരുന്നു എന്ന്. യേശുവിൻറെ പഠിപ്പിക്കലുകളിൽ പലതിലും തന്നെ ഈ സന്ദേശം വെളിപ്പെടുന്നും ഉണ്ടല്ലോ. മാത്രമല്ല, സ്ഥാപക പിതാക്കരിൽ പലരും മത വിശ്വാസത്തിന്റെ പേരിലുള്ള പീഡനങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിന് സ്വന്തം നാടുവിട്ട് ഓടി രക്ഷപ്പെട്ടവരാണ്.
ചരിത്രത്തിൻറ ഏടുകളിലേക് തിരിഞ്ഞു നോക്കിയാൽ, മതത്തിൻറെ പേരിൽ മനുഷ്യർ കാട്ടിക്കൂട്ടിയിട്ടുള്ള ക്രൂരകൃത്യങ്ങളും അക്രമങ്ങളും കണ്ണടച്ച് കളയുവാൻ കഴിയുന്നതല്ല. 1492 - ൽ നടന്ന Spanish Inquisitions - ൽ കത്തോലിക്കാ സഭയുടെ വിശ്വാസം അംഗീകരിച്ചു മതപരിവർത്തനം ചെയ്യുവാൻ വിസമ്മതിച്ചതിന് നിഷ്ഠൂരമായി കൊല്ലപ്പെട്ട യഹൂദന്മാരും മുസ്ലീങ്ങളും ആയിരങ്ങൾ ആയിരുന്നു! പതിനാറാം നൂറ്റാണ്ടിലെ നവീകരണത്തെ തുടർന്ന് (The Reformation-16th century) കത്തോലിക്കാ സഭയുടെ ആധിപത്യത്തിൽ ആയിരുന്ന സ്പെയിനിലും ഇറ്റലിയിലും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത പ്രൊട്ടസ്റ്റന്റകാരുടെ സംഖ്യയും വളരെയാണ്. അതിൻറെ പിന്നിലെ കാരണം, സഭ വിട്ടു പുറത്തു പോയ വ്യക്തികളെ (heretics) ദുരുപദേശക്കാരായും, സഭയ്ക്കും ദൈവത്തിനും ശത്രുക്കളായും വിധി കൽപ്പിച്ച്, അവരെ തുടച്ചു മാറ്റുന്നത് ദൈവത്തിനു പ്രസാദകരമാണ് എന്ന് പ്രസ്തുത സഭ വിശ്വസിച്ചിരുന്നു എന്നുള്ളതാണ്! മറുവശത്ത്, 1960 - കളിലും 70 - കളിലും പ്രൊട്ടസ്റ്റൻറ് സഭയുടെ സ്വാധീനത്തിലായിരുന്ന ഇംഗ്ലണ്ടിൽ കത്തോലിക്കാ വിശ്വാസത്തിന് എതിരായി നിയമങ്ങൾ പാസാക്കപ്പെട്ടു. വിശ്വാസം വർജിക്കുവാൻ കൂട്ടാക്കാതിരുന്ന കത്തോലിക്കാ വിശ്വാസികളുടെ മേൽ ഭാരിച്ച പിഴകൾ ഈടാക്കുകയും, അവർ ജയിലുകളിൽ അടയ്ക്കപ്പെടുകയും, ആയിരക്കണക്കിന് വിശ്വാസികൾ കൊന്നൊടുക്കപ്പെടുകയും ചെയ്തു. അതുപോലെ, നാസി ജർമ്മനിയിൽ വിവിധ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ആയി 60 ലക്ഷത്തിലധികം യഹൂദന്മാർ ജാതിയുടെയും മതത്തിനെയും പേരിൽ ഗ്യാസ് ചെമ്പറുകളിൽ അടയ്ക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. ചരിത്രം പറയുന്നത്, ഇവരോട് മനസ്സലിവ് കാണിച്ച ആയിരക്കണക്കിന് കത്തോലിക്കാ പുരോഹിതന്മാർ ‘Dachau Concentration Camp’- ൽ അടയ്ക്കപ്പെട്ടിരുന്നു എന്നും അവരിൽ അനേകരും കൊല്ലപ്പെട്ടു എന്നുമാണ്. ഇങ്ങനെ, മനുഷ്യ ചരിത്രത്തിന്റെ പേജുകൾ ജാതിയുടെയും മതത്തിന്റെയും പേരിൽ പരസ്പര ശത്രുക്കളായി കണ്ട്, മൃഗീയ യുദ്ധങ്ങൾ നടത്തി, ലക്ഷക്കണക്കിന് മനുഷ്യ ജീവനുകൾ നിഷ്ഠൂരമായി കൊല്ലപ്പെട്ടതും, അവരുടെ നിഷ്കളങ്ക രക്തം കൊണ്ട് കുതിർന്നതും, കറുത്ത കറപിടിച്ചതും ആണ്. അതിലും കഷ്ടം, ഇത് എല്ലാം തന്നെ ദൈവത്തിന് പ്രസാദകരമായിരുന്നു എന്ന് കൊല്ലപ്പെട്ടവരും കൊന്നവരും വിശ്വസിച്ചിരുന്നു എന്നതാണ്!
ഇങ്ങനെ ഏതെങ്കിലും ഒരു പ്രത്യേക മതമോ, മത വിഭാഗമോ ഒരു രാജ്യത്തിൻറെ ദേശീയ മതമായി കണക്കാക്കപ്പെടുമ്പോൾ സംഭവിക്കാവുന്ന ഭവിഷത്തുകളെ മുന്നിൽ കണ്ടുകൊണ്ട്, തങ്ങൾ രൂപംകൊടുത്ത ‘അമേരിക്ക’ എന്ന ഈ രാജ്യത്തെ അപ്രകാരം ദുരന്തങ്ങളിൽ നിന്നും ഒഴിവാക്കുവാൻ ആഗ്രഹിച്ച ഇതിൻറെ സ്ഥാപകരുടെ ദൂരദർശനം തികച്ചും അഭിനന്ദനീയം തന്നെയാണ്! യഥാർത്ഥത്തിൽ, ഒരു ചുവടു കൂടെ മുന്നോട്ടു ചെന്നു, മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ സംഭവിച്ചിട്ടുള്ള നിഷ്ഠൂരതകൾ കണക്കിലെടുത്ത്, മതത്തെ രാഷ്ട്രത്തിൻറെ സാമൂഹ്യ ജീവിതത്തിൽ നിന്നും പാടെ ഒഴിവാക്കി നിർത്തുന്നതിന് പകരം, ആർക്കും അവർ വിശ്വസിക്കുന്ന മതവിശ്വാസം പരസ്പര ബഹുമാനത്തിന്റെയും സൗഹാർദ്ദത്തിന്റെയും അടിസ്ഥാനത്തിൽ തുടരുവാനും അനുവർത്തിക്കുവാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു വ്യവസ്ഥിതിക്ക് രൂപംകൊടുത്ത ഈ മഹാത്മാക്കളെ അനുമോദിക്കുകയാണ് വേണ്ടത്. ക്രിസ്ത്യാനിക്കും, യഹൂദനും, മുസൽമാനും, ഹിന്ദുവിനും എല്ലാം അവർ വിശ്വസിക്കുന്ന ദൈവത്തെ ആരാധിക്കുവാനും, അനുകരിക്കുന്ന മതവിശ്വാസങ്ങളെ അനുവർത്തിക്കുവാനും ഉള്ള സ്വാതന്ത്ര്യം - മതസ്വാതന്ത്ര്യം മനുഷ്യൻറെ മൗലിക അവകാശം തന്നെയാണ്!
ഒരു ക്രിസ്തീയ വിശ്വാസി എന്ന നിലയ്ക്കും, യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ വക്താവ് എന്ന നിലക്കും അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും അനുവദിക്കുന്ന ഒരു രാജ്യത്തിൻറെ ഭാഗമായിരിക്കുന്നതിൽ ഞാൻ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. യേശു ഈ ലോകത്തിൽ ആയിരുന്നപ്പോൾ ഒരിക്കൽപോലും തൻറെ വിശ്വാസം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നതിന് ശ്രമിച്ചിട്ടില്ല. മറിച്ച്, മതങ്ങളിൽ പോലും സ്വാർത്ഥത നിറഞ്ഞു നിന്ന ഒരു ലോകത്തിൽ, തൻറെ നിസ്വാർത്ഥമായ ജീവിതത്തിലൂടെ ദൈവത്തിൻറെ സ്നേഹത്തെ മനുഷ്യന് വെളിപ്പെടുത്തി കൊടുക്കുക മാത്രമാണ് ചെയ്തത്. നമുക്ക്, നാം വിശ്വസിക്കുന്ന ദൈവത്തെ ആരാധിക്കുവാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിൽ, നാം എന്തിന് മറ്റു മതങ്ങളെ എതിർക്കണം? ദൈവത്തിൽ വിശ്വാസമില്ലാത്ത ഒരു സമൂഹത്തേക്കാൾ എത്രയോ അഭികാമ്യമാണ് വ്യത്യസ്ത രീതികളിൽ എങ്കിലും ദൈവത്തെ ആദരിക്കുന്ന ഒരു സമൂഹം! മറ്റു മതങ്ങളെ എതിർക്കുന്നതിന് മുമ്പ് സ്വന്തം മതം ആദ്യമായി അനുവർത്തിച്ചും ജീവിച്ചും തെളിയിക്കുന്നതല്ലേ ഉചിതം! അതാണല്ലോ, പഴയ നിയമത്തിലെ എലിയാ പ്രവാചകൻ പോലും ചെയ്തത്!
സത്യാന്വേഷിയായ ഏതൊരു വ്യക്തിക്കും ഈ ലേഖന പരമ്പര പ്രയോജനകരവും ആത്മീയമായി ഉത്തേജന ജനകവും ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ, ക്രിസ്തീയ വിശ്വാസികളിൽ പലരും, പ്രത്യേകിച്ച് ഇന്നത്തെ ബഹുപക്ഷം അമേരിക്കൻ ഇവാഞ്ചലിക്കൽ സഭാ ചിന്താഗതികളോട് കൂറ് പുലർത്തുന്നവർ ചിലരെങ്കിലും ഈ കാഴ്ചപ്പാടിനെ എതിർക്കും എന്നും എനിക്കറിയാം. ദൈവം അനുവദിക്കുന്നു എങ്കിൽ, വരുന്ന ലക്കങ്ങളിൽ യേശു ക്രിസ്തുവിനെ ദൈവപുത്രനായി അംഗീകരിക്കാത്ത ഒരു ലോകത്തിൽ ഒരു യഥാർത്ഥ ക്രിസ്തുശിഷ്യന്റെ ദൗത്യം എന്താണ് എന്ന് നിങ്ങളോടൊപ്പം അല്പം ചിന്തിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. തൽക്കാലം, ‘അമേരിക്ക ഒരു ക്രിസ്തീയ രാജ്യമാണ്; അങ്ങനെ അല്ല എങ്കിൽ, ആക്കണം’ എന്ന് ശഠിക്കുന്ന ക്രിസ്തീയ വിശ്വാസികളോട് ഒരു ചോദ്യം ചോദിച്ച് ഈ ഭാഗം അവസാനിപ്പിക്കട്ടെ: അമേരിക്കയുടെ ക്രിസ്തീയ ദേശീയത്വം പ്രഖ്യാപിക്കുന്നതിൽ ആവേശം കാണിക്കുന്ന ക്രിസ്ത്യാനികൾ എങ്ങനെ ‘ഭാരതം ഒരു ഹിന്ദു രാഷ്ട്രം ആണ് - ആക്കണം’ എന്ന് വാദിക്കുന്ന ഹിന്ദു തീവ്രവാദികളേക്കാൾ വ്യത്യസ്തരാകും? നിങ്ങൾ എങ്ങനെ മത സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ മറ്റു മതസ്ഥരായ അനേകരെ കൊന്നൊടുക്കിയ ഇറാനിലെ മുസ്ലിം തീവ്രവാദികളേക്കാൾ വ്യത്യസ്തരാകും? യഥാർത്ഥ ക്രിസ്ത്യാനിത്വം മനുഷ്യൻറെ മേൽ അടിച്ചേൽപ്പിക്കുന്ന ഒരു മതമല്ല; ഈ ലോകത്തിൽ കെട്ടിപ്പണിയുന്ന ഒരു പ്രസ്ഥാനവും അല്ല; തികച്ചും ആത്മീകമായ ദൈവ രാജ്യത്തിന്റെ ലോകത്തിലെ പ്രതിനിധീകരണമാണ്! അത് വെളിപ്പെടേണ്ടത് ക്രിസ്തു ശിഷ്യന്മാരുടെ - ക്രിസ്ത്യാനികളുടെ ക്രിസ്തു സമാനമായ ജീവിതത്തിലൂടെ ആണ്! അതാണ് ക്രിസ്തുവിന് തൻറ സഭയെ കുറിച്ചുള്ള വിഭാവനം
(തുടരും)

