വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവന്ന അൻവർ സാദത്ത് കെ.എസ്.യുവിലൂടെയാണ് തന്റെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കമിടുന്നത്. സ്കൂൾതലത്തിൽ കെ.എസ്.യു. പ്രവർത്തകനായും പിന്നീട് താലൂക്ക്, ജില്ലാ തലങ്ങളിൽ സംഘടനാ ചുമതലകൾ വഹിച്ചും സജീവമായ അദ്ദേഹം യൂത്ത് കോൺഗ്രസിന്റെ ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് അംഗമായും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം നിയമസഭാ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.
സംഘടനാ പ്രവർത്തനത്തിലൂടെയും ജനപ്രതിനിധിയായുള്ള അനുഭവങ്ങളിലൂടെയും വളർന്നുവന്ന അൻവർ സാദത്തിന്റെ രാഷ്ട്രീയ ജീവിതം ആലുവയുമായും എറണാകുളത്തിന്റെ പൊതുസമൂഹവുമായും ചേർന്നുനിൽക്കുന്നതാണ്. വികസനം, ജനകീയ വിഷയങ്ങൾ, സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന അദ്ദേഹം, അമേരിക്കൻ മലയാളി സമൂഹവുമായുള്ള ബന്ധവും കേരളത്തിന്റെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചിക്കാഗോയിൽ കേരള എക്സ്പ്രസ്സ് എക്സിക്യൂട്ടീവ് എഡിറ്റർ ജോസ് കണിയാലിയുമായി സംസാരിക്കുന്നു.
ആദ്യമായി അമേരിക്കയിലെത്തി രണ്ടാഴ്ചയോളം ചെലവഴിച്ചല്ലോ. അമേരിക്കയെക്കുറിച്ചുള്ള ഇപ്പോഴത്തെ കാഴ്ചപ്പാട് എന്താണ്?
വ്യത്യസ്തമായ നാടുകളും രാജ്യങ്ങളും കാണാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. പ്രത്യേകിച്ച് ജനപ്രതിനിധികളും പൊതുപ്രവർത്തകരും ലോകം കാണണമെന്നാണ് എന്റെ അഭിപ്രായം. ലോകം കാണുമ്പോൾ അവിടെയുള്ള നല്ല കാര്യങ്ങൾ മനസ്സിലാക്കാനും അതിൽനിന്ന് ആശയങ്ങൾ ഉൾക്കൊണ്ട് നമ്മുടെ നാട്ടിൽ സാധ്യമാകുന്ന രീതിയിൽ പ്രാവർത്തികമാക്കാനും കഴിയും. എല്ലാം അതേപടി നടപ്പാക്കാൻ കഴിയണമെന്നില്ല. നമ്മുടെ സാഹചര്യങ്ങൾക്കനുസരിച്ചായിരിക്കണം അതിനെ സമീപിക്കേണ്ടത്. എന്നാൽ അത്തരം കാഴ്ചപ്പാടുകൾ നമ്മുടെ ചിന്തയിൽ മാറ്റം വരുത്തുകയും പുതിയ ആശയങ്ങൾ നൽകുകയും ചെയ്യും.
അമേരിക്കയിൽ റോഡുകളുടെ കാര്യത്തിൽ തന്നെ വലിയ വികസനമാണ് കാണാൻ കഴിയുന്നത്. ഇവിടെ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, രണ്ട് റോഡുകൾക്കിടയിൽ മറ്റൊരു റോഡ് കൂടി ക്രമീകരിച്ചിട്ടുള്ളതാണ്. രാവിലെ ഒരു ഭാഗത്തേക്ക് ഗതാഗതത്തിരക്ക് കൂടുതലാണെങ്കിൽ ആ റോഡ് ആ ദിശയിലേക്ക് തുറന്നുകൊടുക്കും. വൈകുന്നേരം മറുഭാഗത്തേക്ക് തിരക്ക് കൂടുമ്പോൾ അതേ റോഡ് തിരിച്ചും ഉപയോഗിക്കും. അതുപോലെ, ചില റൂട്ടുകളിൽ രണ്ടുപേർ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് മാത്രമായി പ്രത്യേക പാതയുണ്ട്. ഒരാൾ മാത്രം യാത്ര ചെയ്താൽ പിഴ നൽകേണ്ടിവരും. ഗതാഗതം നിയന്ത്രിക്കുന്നതിലും നിലവിലുള്ള സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിലും ഇത്തരം സംവിധാനങ്ങൾ വളരെ പ്രയോജനകരമാണ്.
നമ്മുടെ നാട്ടിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഒരു റോഡ് ആറുവരിയാക്കേണ്ട സാഹചര്യമുണ്ടെങ്കിലും പലപ്പോഴും നാലുവരിപ്പാതയെക്കുറിച്ചേ നമുക്ക് ചിന്തിക്കാൻ കഴിയൂ. അതിന് പ്രധാനമായും സ്ഥലപരിമിതിയും സാമ്പത്തിക ചെലവും കാരണമാകുന്നു. ആലുവ–പെരുമ്പാവൂർ, ആലുവ–മൂന്നാർ റോഡുകൾ തന്നെ ഉദാഹരണമാണ്. വാഹനങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ കൂടുതൽ വീതിയുള്ള റോഡുകൾ ആവശ്യമായി വരും. എന്നാൽ ആറുവരിപ്പാതയാക്കാൻ വലിയ തോതിൽ വീടുകളും സ്ഥാപനങ്ങളും ഏറ്റെടുക്കേണ്ടിവരും. അതോടൊപ്പം വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാകും. അതുകൊണ്ട് അമേരിക്കയിൽ കാണുന്ന എല്ലാ സംവിധാനങ്ങളും അതേപടി നമ്മുടെ നാട്ടിൽ നടപ്പാക്കാൻ കഴിയില്ലെങ്കിലും, അവിടെനിന്ന് ആശയങ്ങൾ ഉൾക്കൊണ്ട് നമ്മുടെ സാഹചര്യത്തിന് അനുയോജ്യമായ രീതിയിൽ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കാം.
അമേരിക്കയിലെത്തിയ ശേഷം ഇവിടെയുള്ള മലയാളികളെയും കാണാൻ അവസരം ലഭിച്ചു.ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പരിപാടി ഉൾപ്പെടെ രണ്ടുമൂന്ന് പരിപാടികളിൽ പങ്കെടുത്തു. എല്ലാവരുടെയും പെരുമാറ്റത്തിലും സൗഹൃദത്തിലും സ്നേഹത്തിലും വളരെ നല്ല അനുഭവമാണ് എനിക്ക് ഉണ്ടായത്. ഇവിടെ ഞാൻ പ്രത്യേകം ശ്രദ്ധിച്ച മറ്റൊരു കാര്യം, എല്ലാവരും അവരുടെ ജോലികളിൽ വളരെ സജീവവും കൃത്യനിഷ്ഠയുമുള്ളവരാണ് എന്നതാണ്. രാവിലെ ജോലിക്ക് പോകുന്നു, വൈകിട്ട് തിരിച്ചെത്തുന്നു. ബിസിനസ് ചെയ്യുന്നവരും അവരുടെ തിരക്കുകൾക്കിടയിലും കാര്യങ്ങൾ കൃത്യമായി മുന്നോട്ടുകൊണ്ടുപോകുന്നു.
ജോലിക്കിടയിൽ സമയം കണ്ടെത്താൻ കഴിയാത്തതിനാൽ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലുമാണ് പലരും ഇത്തരം സാമൂഹിക പരിപാടികളിൽ പങ്കെടുക്കുന്നത്. എന്നിട്ടും അതിനായി സമയം കണ്ടെത്തുകയും സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു. ഇവിടെയുള്ള മലയാളികളിൽ ഞാൻ കണ്ടത് നല്ല സൗഹൃദവും സ്നേഹവും നല്ല പെരുമാറ്റവും പോസിറ്റീവായ ഒരു സമീപനവുമാണ്. അതെല്ലാം എനിക്ക് വളരെ നല്ല അനുഭവമായിരുന്നു.

അമേരിക്കൻ മലയാളികളെക്കുറിച്ച് വളരെ പോസിറ്റീവായ ഒരു മനോഭാവത്തോടെയാണോ നാട്ടിലേക്ക് മടങ്ങുന്നത്?
തീർച്ചയായും. അമേരിക്കൻ മലയാളികളെക്കുറിച്ച് വളരെ നല്ല അഭിപ്രായത്തോടെയാണ് ഞാൻ മടങ്ങുന്നത്. സ്വന്തം നാട് വിട്ട് മറ്റൊരു രാജ്യത്തേക്ക് പോകാൻ ആരും ആഗ്രഹിക്കുന്നവരല്ല. ചില സാഹചര്യങ്ങളാണ് ഓരോ വ്യക്തിയെയും കുടുംബത്തെയും വിദേശത്തേക്ക് എത്തിക്കുന്നത്. സ്വന്തം നാട്ടിൽ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമോ ജോലി സംബന്ധമായ പ്രശ്നങ്ങളോ മറ്റെന്തെങ്കിലും സാഹചര്യങ്ങളോ ഉണ്ടാകുമ്പോഴാണ് പലരും മറ്റൊരു രാജ്യത്തേക്ക് പോകുന്നത്. അമേരിക്കയിലെത്തിയ മലയാളികളും അത്തരത്തിലുള്ള സാഹചര്യങ്ങളിലൂടെ ഇവിടെ എത്തിയവരാണ്. എന്നാൽ ഇവിടെ എത്തിയതിനുശേഷം അവർ വളരെ പോസിറ്റീവായി ജീവിതത്തെ സമീപിക്കുന്നുവെന്നതാണ് ഞാൻ കണ്ടത്.
അമേരിക്കയിൽ ഞാൻ പ്രത്യേകം ശ്രദ്ധിച്ച മറ്റൊരു കാര്യം ഇവിടുത്തെ നിയമപാലനമാണ്. വാഹനമോടിക്കുന്നതിൽ തുടങ്ങി പൊതുജീവിതത്തിലെ പല കാര്യങ്ങളിലും നിയമങ്ങൾ കൃത്യമായി പാലിക്കുന്ന രീതിയാണ് ഇവിടെ കാണുന്നത്. നമ്മുടെ നാട്ടിൽ നിയമങ്ങൾ ഇല്ലാത്തതല്ല; നിയമങ്ങൾ പാലിക്കുന്നതിലാണ് പലപ്പോഴും പ്രശ്നം. ചിലപ്പോൾ നിയമം അറിയാത്തതുകൊണ്ടല്ല, അറിഞ്ഞിട്ടും ഉറക്കം നടിക്കുന്നതുപോലെയാണ് നമ്മൾ മുന്നോട്ടുപോകുന്നത്.
കാൽനടയാത്രക്കാർക്ക് ഇവിടെ നൽകുന്ന മുൻഗണന എന്നെ പ്രത്യേകമായി ആകർഷിച്ചു. ഒരാൾ റോഡ് മുറിച്ചുകടക്കാൻ തുടങ്ങുമ്പോൾ വാഹനങ്ങൾ നിർത്തി അയാൾ കടന്നുപോയശേഷം മാത്രമാണ് മുന്നോട്ടുപോകുന്നത്. നമ്മുടെ നാട്ടിലും ഈ രീതിക്ക് കൂടുതൽ പ്രാധാന്യം നൽകണം എന്നാണ് എന്റെ അഭിപ്രായം. കാൽനടയാത്രക്കാർക്ക് മുൻഗണന ഉറപ്പാക്കിയാൽ അപകടങ്ങൾ കുറയ്ക്കാൻ കഴിയും. കഴിഞ്ഞ ദിവസം യാത്ര ചെയ്യുന്നതിനിടെ ഒരു ബൈക്ക് യാത്രക്കാരൻ ഇത്തരത്തിൽ നിയമം പാലിക്കാതെ മുന്നോട്ടുപോകുന്നത് കണ്ടപ്പോൾ ഞാൻ ആ പയ്യനെ വഴക്ക് പറയുകയും ചെയ്തു. റോഡിലുള്ള മറ്റുള്ളവരുടെ സുരക്ഷ കൂടി കണക്കിലെടുത്ത് വാഹനമോടിക്കണം.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, സീറ്റ് ബെൽറ്റ് ധരിക്കണം തുടങ്ങിയ കാര്യങ്ങളിലും ഇവിടെ നിയമങ്ങൾ കർശനമായി പാലിക്കുന്നു. ക്യാമറയിൽ നിയമലംഘനം രേഖപ്പെട്ടാൽ എത്ര സ്വാധീനമുള്ള ആളായാലും പിഴ അടയ്ക്കേണ്ടിവരും. നമ്മുടെ നാട്ടിലും ഇതെല്ലാം നിയമങ്ങളായിത്തന്നെ നിലവിലുണ്ട്. പക്ഷേ പലപ്പോഴും നിയമം ലംഘിച്ചാൽ സ്വാധീനം ഉപയോഗിച്ചോ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ അതിൽനിന്ന് രക്ഷപ്പെടാമെന്നൊരു ധാരണയുണ്ട്. അതാണ് മാറേണ്ടത്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന ബോധവും അത് കൃത്യമായി പാലിക്കുന്ന ശീലവും നമ്മുടെ സമൂഹത്തിലും കൂടുതൽ ശക്തമാകണം.
ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയത്തിലേക്ക് വരാനുണ്ടായ സാഹചര്യം എന്തായിരുന്നു? എങ്ങനെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്?
ചെറുപ്പകാലം മുതൽ തന്നെ മനസ്സിൽ മൂന്ന് ആഗ്രഹങ്ങളുണ്ടായിരുന്നു. ഒരു പോലീസ് ഓഫീസറാകണം, ഒരു കലാകാരനാകണം, പിന്നെ പൊതുപ്രവർത്തകനാകണം എന്നതായിരുന്നു ആ മൂന്ന് ആഗ്രഹങ്ങൾ. അതിൽ പൊതുപ്രവർത്തകനാകണമെന്ന ആഗ്രഹമാണ് പിന്നീട് എന്നെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്.
ഞാൻ ഏഴാം ക്ലാസ് വരെ ഞങ്ങളുടെ നാട്ടിലെ അസീസി സ്കൂളിലാണ് പഠിച്ചത്. പിന്നീട് നെടുമ്പാശ്ശേരിയിലെ എസ്.എൻ.ഡി.പി. സ്കൂളിൽ ചേർന്നു. അന്ന് വിദ്യാർഥി രാഷ്ട്രീയം സജീവമായിരുന്ന കാലമാണ്. നേരത്തെ പഠിച്ചിരുന്ന സ്കൂളിൽ വിദ്യാർഥി രാഷ്ട്രീയം അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയ പ്രവർത്തനത്തിന് അവസരം ലഭിക്കണമെന്ന ആഗ്രഹത്തിൽ ഉമ്മയെ പറഞ്ഞ് സമ്മതിപ്പിച്ചാണ് എസ്.എൻ.ഡി.പി. സ്കൂളിൽ ചേർന്നത്.
അവിടെ ചേർന്നപ്പോൾ തങ്കമ്മ ടീച്ചർ എന്നോട് ചോദിച്ചു: “രാഷ്ട്രീയം കളിക്കാൻ വന്നതാണോ?” ഞാൻ പഠിക്കാനാണ് വന്നതെന്ന് പറഞ്ഞു. “എങ്കിൽ ഇവിടെ പഠിച്ചോളൂ” എന്നായിരുന്നു ടീച്ചറുടെ മറുപടി. പക്ഷേ എട്ടാം ക്ലാസിൽ തന്നെ ഞാൻ കെ.എസ്.യുവിൽ മെമ്പർഷിപ്പ് എടുത്തു. പിന്നീട് യൂണിറ്റ് പ്രസിഡന്റായി. ക്ലാസ് ലീഡർ സ്ഥാനത്തേക്കും സ്കൂൾ ലീഡർ സ്ഥാനത്തേക്കും മത്സരിച്ച് വിജയിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ജില്ലാ സ്കൂൾ ലീഡർ സ്ഥാനത്തേക്കും മത്സരിച്ച് വിജയിച്ചു. എസ്.എഫ്.ഐയുമായിട്ടായിരുന്നു പ്രധാന മത്സരം.
അങ്ങനെയാണ് വിദ്യാർഥി രാഷ്ട്രീയത്തിലേക്ക് സജീവമായി എത്തുന്നത്. നിരവധി സമരങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുത്തു. ഒരിക്കൽ പ്രതിഷേധ പ്രകടനത്തിനിടെ പോലീസുമായി സംഘർഷമുണ്ടാവുകയും ഞങ്ങൾ ഒൻപത് പേരെ റിമാൻഡ് ചെയ്യുകയും ചെയ്തു. നാലഞ്ച് ദിവസം ജയിലിൽ കഴിയേണ്ടിവന്നിട്ടുമുണ്ട്. വിദ്യാർഥി രാഷ്ട്രീയത്തിന്റെ ഭാഗമായി ഉണ്ടായ അനുഭവങ്ങളായിരുന്നു അതെല്ലാം.
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എന്നെ ഗൾഫിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു വാപ്പയുടെ ആഗ്രഹം. വാപ്പ സൗദിയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. അതിനായി എ.സി. മെക്കാനിക്കിന്റെ കോഴ്‌സിന് ചേർത്തു. പഠനം പൂർത്തിയാക്കിയാൽ വാപ്പയുടെ കമ്പനിയിൽ ജോലി നൽകാമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ പഠനത്തേക്കാൾ സമരങ്ങളിലും രാഷ്ട്രീയ പരിപാടികളിലുമായിരുന്നു എന്റെ ശ്രദ്ധ. എങ്കിലും കോഴ്‌സ് പൂർത്തിയാക്കി.
വാപ്പ രാഷ്ട്രീയത്തിന് എതിരായിരുന്നില്ല. ഗൾഫിൽ നിന്ന് നാട്ടിലെത്തുമ്പോഴൊക്കെ എന്നെക്കുറിച്ച് അന്വേഷിക്കുകയും രാഷ്ട്രീയ പ്രവർത്തനത്തെക്കുറിച്ച് അറിയുകയും ചെയ്യുമായിരുന്നു. പക്ഷേ, മകൻ രാഷ്ട്രീയത്തിൽ മുഴുകാതെ ജീവിതത്തിൽ ഒരു ജോലി ഉറപ്പാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്റെ രാഷ്ട്രീയ പ്രവർത്തനത്തിന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയിരുന്നത് ഉമ്മയായിരുന്നു. പലപ്പോഴും രാത്രി വൈകി രാഷ്ട്രീയ പരിപാടികൾ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വാതിൽ തുറന്നുതരുന്നതും ഉമ്മയായിരുന്നു.
പിന്നീട് കെ.എസ്.യുവിന്റെ താലൂക്ക് ഭാരവാഹിയായും ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. കെ. കരുണാകരനോടൊപ്പമുള്ള വലിയൊരു വിഭാഗം പ്രവർത്തകർ രാഷ്ട്രീയപരമായി വേറിട്ടുനിന്ന സമയത്തും ഞാൻ കോൺഗ്രസ് പാർട്ടിയിൽ തന്നെ തുടരുകയായിരുന്നു. അന്നത്തെ നേതാക്കളുമായി നല്ല ബന്ധം സ്ഥാപിക്കാനും സാധിച്ചു. രമേശ് ചെന്നിത്തലയുമായും പിന്നീട് വി.ഡി. സതീശനുമായും നല്ല സൗഹൃദമുണ്ടായിരുന്നു.
ജനപ്രതിനിധിയാകുന്നത് ആദ്യം എന്റെ സ്വന്തം പഞ്ചായത്തിൽ നിന്നാണ്. ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ എന്റെ വാർഡിൽ മത്സരിക്കാനുള്ള അവസരം ലഭിച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു. ആദ്യം മറ്റൊരാളെയായിരുന്നു സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചിരുന്നത്. അദ്ദേഹം മത്സരിക്കുന്നില്ലെന്ന് അറിയിച്ചപ്പോൾ എന്നെ പരിഗണിച്ചു. അന്ന് എനിക്ക് ചെറുപ്പമായിരുന്നതിനാൽ പിന്നീട് അവസരങ്ങൾ ലഭിക്കുമല്ലോ എന്നായിരുന്നു എന്റെ ചിന്ത. എന്നാൽ പാർട്ടി പ്രവർത്തകരുടെ നിർബന്ധത്തെ തുടർന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പിന്നീട് രണ്ടുതവണ പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചു.
പഞ്ചായത്ത് അംഗമായിരിക്കുമ്പോഴും യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി എന്ന നിലയിൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അതിനിടയിലാണ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നെടുമ്പാശ്ശേരി ഡിവിഷനിൽ മത്സരിക്കാൻ അവസരം ലഭിച്ചത്. അന്ന് ആ ഡിവിഷനിൽ സ്ഥാനാർഥിയാകുന്നതുമായി ബന്ധപ്പെട്ട് പല ചർച്ചകളും ഉണ്ടായിരുന്നു. പ്രത്യേകിച്ച് ആ സമയത്തെ ചില സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി എനിക്ക് സീറ്റ് നൽകിയാൽ വിജയിക്കില്ലെന്ന അഭിപ്രായങ്ങളും ചിലർ പ്രകടിപ്പിച്ചു.
എന്നാൽ ഞാൻ വിശ്വസിച്ചത് ഇത് മതേതരവും ജനാധിപത്യപരവുമായ ഒരു പാർട്ടിയാണെന്നായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ അവിടെ മത്സരിച്ചാൽ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ആ ആത്മവിശ്വാസം പാർട്ടി നേതൃത്വത്തോടും പറഞ്ഞു. ഒടുവിൽ സ്ഥാനാർഥിയായി മത്സരിക്കുകയും പതിമൂവായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. എന്നെ സംബന്ധിച്ച് ഏറ്റവും സന്തോഷം നൽകിയ തിരഞ്ഞെടുപ്പായിരുന്നു അത്. ഞാൻ മത്സരിച്ച ഡിവിഷനിലെ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് സ്വാധീനമുള്ള വാർഡുകളിലും എനിക്ക് ലീഡ് നേടാൻ കഴിഞ്ഞു.
ആ വിജയമാണ് നിയമസഭയിലേക്കുള്ള എന്റെ പ്രവേശനത്തിനും വഴിയൊരുക്കിയത്. ഒരിക്കൽ രമേശ് ചെന്നിത്തല ആലുവ റെയിൽവേ സ്റ്റേഷനിൽവച്ച് എന്നോട് ചോദിച്ചു: “നിന്റെ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ആലുവ നിയമസഭാ മണ്ഡലത്തിലെ എത്ര വാർഡുകളുണ്ട്?” ഞാൻ രണ്ടെണ്ണം ഒഴികെ ബാക്കിയുള്ളവ ആലുവയിലാണെന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു: “നമുക്ക് ഒരു കാര്യം ചെയ്യാം, നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യം ആലോചിക്കാം.”
സത്യത്തിൽ ആ വാക്കുകൾ എന്നെ സംബന്ധിച്ച് വലിയ സന്തോഷമായിരുന്നു. ഞാൻ അദ്ദേഹത്തോട് നിയമസഭാ സീറ്റ് ചോദിച്ചിരുന്നില്ല. ജില്ലാ പഞ്ചായത്ത് സീറ്റ് തന്നിട്ട് വിജയിച്ചിരിക്കുമ്പോൾ ഇനി നിയമസഭാ സീറ്റ് ചോദിക്കുന്നത് ശരിയാകുമോ എന്നായിരുന്നു എന്റെ ചിന്ത. എന്നാൽ അദ്ദേഹം തന്നെ ഇങ്ങോട്ട് വന്ന് അത്തരമൊരു കാര്യം പറഞ്ഞപ്പോൾ വലിയ ആത്മവിശ്വാസം ലഭിച്ചു. പിന്നീട് യൂത്ത് കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിലും എന്റെ പേര് ഉൾപ്പെട്ടു. രാഹുൽ ഗാന്ധിയുടെ ഇടപെടലിലൂടെ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായും സീറ്റ് ലഭിച്ചു. അങ്ങനെയാണ് 2011-ൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം ലഭിക്കുന്നത്.
ജനപ്രതിനിധിയായതുമുതൽ ഞാൻ വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്. എന്റെ മുന്നിലെത്തുന്ന ഒരാളുടെ പ്രശ്നം പരിഹരിക്കുമ്പോൾ അയാളുടെ ജാതിയോ മതമോ രാഷ്ട്രീയമോ ഞാൻ നോക്കാറില്ല. എനിക്ക് എന്റെ രാഷ്ട്രീയ നിലപാടുകളുണ്ട്, എന്റെ വിശ്വാസങ്ങളുണ്ട്. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. എന്നാൽ എന്റെ മുന്നിൽ ആലുവക്കാരനായ ഒരാൾ ഒരു പ്രശ്നവുമായി വരുമ്പോൾ അയാൾ ആലുവക്കാരനാണ് എന്നതുമാത്രമാണ് ഞാൻ നോക്കുന്നത്. അയാൾക്ക് അർഹമായ സഹായം ചെയ്യുക എന്നത് എന്റെ ഉത്തരവാദിത്തമാണ്.
ആ നിലപാടിൽ തന്നെയാണ് ഇത്രയും കാലം ഞാൻ പ്രവർത്തിച്ചിട്ടുള്ളത്. വിവിധ രാഷ്ട്രീയ സാഹചര്യങ്ങളിലും ജനങ്ങൾ നൽകിയ പിന്തുണ അതിന്റെ ഭാഗമായാണ് ഞാൻ കാണുന്നത്. ജനപ്രതിനിധി എന്ന നിലയിൽ രാഷ്ട്രീയം നോക്കാതെ എല്ലാവരുടെയും ആവശ്യങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ് ഞാൻ എപ്പോഴും ശ്രമിച്ചിട്ടുള്ളത്.
ആദ്യമായി എം.എൽ.എയായ ഒരാൾ തുടർച്ചയായി നാലാം തവണയും വിജയിക്കുകയും ഓരോ തവണയും ഭൂരിപക്ഷം വർധിക്കുകയും ചെയ്യുന്നു. അതിന്റെ വിജയരഹസ്യം എന്താണ്?
വിജയത്തിന്റെ രഹസ്യം എന്നുപറയുന്നത് ജനങ്ങളോടൊപ്പം നിൽക്കുക എന്നതാണ്. ഞാൻ എന്റെ പാർട്ടിയോടും പ്രസ്ഥാനത്തോടും രാഷ്ട്രീയമായി പ്രതിബദ്ധതയുള്ള വ്യക്തിയാണ്. അതോടൊപ്പം സാമൂഹിക പ്രതിബദ്ധതയും എനിക്ക് വളരെ പ്രധാനമാണ്. ഗാന്ധിജി പറഞ്ഞിട്ടുള്ളതുപോലെ, നമ്മൾ ഒരാൾക്ക് ഉപകാരം ചെയ്യുമ്പോൾ അവർ നമ്മളോട് കടപ്പെട്ടിരിക്കണമെന്നല്ല; മറിച്ച് നമ്മളാണ് അവരോട് പ്രതിബദ്ധരാകേണ്ടത്. ആ ഒരു കാഴ്ചപ്പാടിലാണ് ഞാൻ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്.
എന്റെ മുന്നിൽ ഒരു വ്യക്തി ഒരു ആവശ്യവുമായി വരുമ്പോൾ അയാളുടെ ജാതിയോ മതമോ രാഷ്ട്രീയമോ ഞാൻ നോക്കാറില്ല. എനിക്ക് ചെയ്യാൻ കഴിയുന്ന സഹായം ചെയ്യുക എന്നത് എന്റെ ഔദാര്യമല്ല, എന്റെ ഉത്തരവാദിത്തമാണ്. എന്നെ വിമർശിക്കുന്നവരും എന്റെ മണ്ഡലത്തിലുണ്ട്. പക്ഷേ വിമർശനം ഉണ്ടാകുമ്പോൾ അത് എന്നെ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാനും തെറ്റുകൾ തിരുത്താനും സഹായിക്കും. ജനങ്ങളോടൊപ്പം ചേർന്നുനിന്നതുകൊണ്ടാണ് ഓരോ ഘട്ടത്തിലും അവരുടെ പിന്തുണ വർധിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു.
എം.എൽ.എ. എന്ന മൂന്ന് അക്ഷരങ്ങൾ എനിക്ക് ജനങ്ങൾ നൽകിയതാണ്. അതുകൊണ്ടുതന്നെ ആ മൂന്ന് അക്ഷരങ്ങളോട് ഞാൻ എപ്പോഴും പ്രതിബദ്ധനായിരിക്കണം. അതിന്റെ ഭാഗമായാണ് പ്രളയകാലത്തും കോവിഡ് കാലത്തും ജനങ്ങൾക്കൊപ്പം നിൽക്കാൻ ശ്രമിച്ചത്. 2018-ലെ പ്രളയത്തിൽ എന്റെ കുടുംബത്തോടൊപ്പം ഞാൻ യു.സി. കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിഞ്ഞത്. മറ്റൊരിടത്തേക്ക് മാറിനിൽക്കാതെ ദുരിതബാധിതർക്കൊപ്പം നിൽക്കാനാണ് ഞാൻ തീരുമാനിച്ചത്. അവരുടെ പുനരധിവാസത്തിനായി പിന്നീട് വിവിധ പ്രവർത്തനങ്ങളും നടത്തി. നിരവധി കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ എത്തിച്ചു. 38 വീടുകളുടെ നിർമാണത്തിനും നേതൃത്വം നൽകി. അതിനായി സർക്കാർ സഹായത്തിന് പുറമെ സ്പോൺസർമാരെയും കണ്ടെത്തി.
കോവിഡ് കാലത്ത് മരുന്ന് ലഭിക്കാതെ ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ടായിരുന്നു. ഒരു ദിവസം രാവിലെ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ഉണ്ണി എന്നൊരാൾ എന്നെ വിളിച്ച് മരുന്ന് ആവശ്യമുണ്ടെന്നും പുറത്തുപോയി വാങ്ങാൻ ഭയമാണെന്നും പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി പ്രിസ്ക്രിപ്ഷൻ വാങ്ങി മരുന്ന് എത്തിച്ചു. അപ്പോൾ ചിന്തിച്ചു: ഇതുപോലെ എത്രയോ ആളുകൾ മരുന്ന് വാങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ടാകും. അതോടെയാണ് കൂടുതൽ ആളുകളിലേക്ക് മരുന്ന് എത്തിക്കാനുള്ള സംവിധാനം തുടങ്ങിയത്.
ഫാർമസികളുമായി ബന്ധപ്പെട്ടു. ഒരു ഫോൺ നമ്പർ പരസ്യപ്പെടുത്തി. ആവശ്യക്കാരുടെ പ്രിസ്ക്രിപ്ഷൻ വാട്സാപ്പിലൂടെ സ്വീകരിച്ച് പരിശോധിച്ച ശേഷം യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ പ്രവർത്തകർ മരുന്ന് വാങ്ങി വീടുകളിൽ എത്തിക്കുന്ന സംവിധാനമാണ് ഒരുക്കിയത്. ഏകദേശം 38 ലക്ഷം രൂപയുടെ മരുന്ന് ഇത്തരത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. കോവിഡ് കാലത്ത് മൃതദേഹങ്ങൾ സംസ്കരിക്കാൻ പോലും ആളുകൾ ഭയന്നിരുന്ന സാഹചര്യത്തിൽ പി.പി.ഇ. കിറ്റ് ധരിച്ച് സംസ്കാരച്ചടങ്ങുകളിലും പങ്കെടുത്തു. ജനങ്ങളുടെ പ്രയാസം നേരിട്ട് മനസ്സിലാക്കി അവർക്കൊപ്പം നിൽക്കുക എന്നതായിരുന്നു അന്നത്തെ ലക്ഷ്യം.
എന്താണ് അമ്മക്കിളിക്കൂട് എന്ന ഭവനപദ്ധതി ?
എന്റെ രണ്ടാമത്തെ നിയമസഭാ കാലയളവിലാണ് ‘അമ്മക്കിളിക്കൂട്’ എന്ന ഭവനപദ്ധതി ആരംഭിച്ചത്. പെരുമ്പാവൂരിലെ ജിഷ എന്ന പെൺകുട്ടി കൊല്ലപ്പെട്ട സംഭവം എന്നെ വളരെ വേദനിപ്പിച്ചിരുന്നു. സുരക്ഷിതമായ ഒരു വീടുണ്ടായിരുന്നെങ്കിൽ ആ കുട്ടിക്ക് അത്തരമൊരു ദുരനുഭവം ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന ചിന്ത എന്റെ മനസ്സിലുണ്ടായി. പ്രത്യേകിച്ച് വീടില്ലാത്ത വിധവകളുടെയും പെൺമക്കൾ മാത്രമുള്ള കുടുംബങ്ങളുടെയും അവസ്ഥ എന്നെ ഏറെ ചിന്തിപ്പിച്ചു.
വിധവകൾക്ക് ബാങ്കിൽനിന്ന് വായ്പയെടുത്ത് വീട് നിർമിക്കാം. പക്ഷേ വായ്പയെടുത്ത് വീട് പണിതാൽ മക്കളുടെ വിദ്യാഭ്യാസവും കുടുംബച്ചെലവുകളും കഴിഞ്ഞ് വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. തിരിച്ചടവ് മുടങ്ങിയാൽ വീട് ജപ്തിയാകാം. ഇതെല്ലാം ഭയന്ന് പലരും വാടകവീടുകളിൽ കഴിയുകയാണ്. പരിചയമില്ലാത്ത സ്ഥലത്ത്, പ്രത്യേകിച്ച് പെൺമക്കൾ മാത്രമുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലാതെ കഴിയേണ്ടിവരുന്ന സാഹചര്യവും കാണാം. അതിനൊരു പരിഹാരമെന്ന നിലയിലാണ് ‘അമ്മക്കിളിക്കൂട്’ എന്ന പദ്ധതി ആലോചിച്ചത്.
പദ്ധതി പ്രഖ്യാപിക്കുമ്പോൾ ചില സഹപ്രവർത്തകർ ഇത് അപകടകരമായ തീരുമാനമാണെന്ന് പറഞ്ഞു. എല്ലാവർക്കും വീട് നൽകാൻ കഴിയാത്ത സാഹചര്യത്തിൽ അർഹത ലഭിക്കാത്തവരുടെ പ്രശ്നം ഉണ്ടാകുമെന്നായിരുന്നു അവരുടെ ആശങ്ക. പക്ഷേ പദ്ധതി നടപ്പാക്കണമെന്ന തീരുമാനത്തിൽ ഞാൻ ഉറച്ചുനിന്നു. അങ്ങനെയാണ് ‘അമ്മക്കിളിക്കൂട്’ ആരംഭിച്ചത്. ആദ്യ വീടിന് നടൻ ജയറാം കല്ലിട്ടു. പ്രളയം ഉൾപ്പെടെയുള്ള പല പ്രതിസന്ധികളും ഉണ്ടായിരുന്നില്ലെങ്കിൽ ഇതിലും കൂടുതൽ വീടുകൾ പൂർത്തിയാക്കാൻ കഴിയുമായിരുന്നു.
ഇതുവരെ ഈ പദ്ധതിയിലൂടെ നിരവധി വീടുകൾ പൂർത്തിയാക്കി. ഇപ്പോൾ 61-ാമത്തെ വീടിന്റെ നിർമാണം നടക്കുകയാണ്. ഏകദേശം 510 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമിക്കുന്നത്. രണ്ട് ബെഡ്‌റൂം, അടുക്കള, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് വീട്. തുടക്കത്തിൽ ആറ് ലക്ഷം രൂപയോളം ചെലവായിരുന്നെങ്കിൽ ഇപ്പോൾ ഒരു വീടിന് ഏകദേശം ഏഴ് മുതൽ എട്ട് ലക്ഷം രൂപ വരെ ചെലവുവരും. സ്പോൺസർമാരുടെ സഹായത്തോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്. ഒരു പാർട്ടി 12 സെന്റ് സ്ഥലം ഇതിനായി വിട്ടുനൽകിയിട്ടുണ്ട്. സ്വന്തമായി സ്ഥലമില്ലാത്തവർക്കും വീട് നിർമിച്ചുനൽകാൻ ആ സ്ഥലത്ത് പദ്ധതി ആലോചിക്കുന്നുണ്ട്.
ഈ പദ്ധതിയിൽ ജാതിയോ മതമോ രാഷ്ട്രീയമോ പരിഗണിക്കുന്നില്ല. അർഹതയുള്ളത് ആരാണെന്ന് അന്വേഷിച്ചാണ് വീട് നൽകുന്നത്. തുടക്കത്തിൽ പെൺമക്കൾ മാത്രമുള്ള വിധവകൾക്കായിരുന്നു മുൻഗണന. പിന്നീട് മറ്റ് അർഹരായ കുടുംബങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചു.
എം.എൽ.എ. എന്നത് ജനങ്ങൾ നൽകിയ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തത്തിന്റെ ഭാഗമായി കഴിയുന്നത്ര ക്രിയാത്മകമായ പദ്ധതികൾ കൊണ്ടുവരണമെന്നാണ് എന്റെ ആഗ്രഹം. ‘അമ്മക്കിളിക്കൂട്’ അത്തരമൊരു ശ്രമമായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ ഈ പദ്ധതിയിലെ ഒരു വീടിന്റെ താക്കോൽദാനം നിർവഹിക്കാനെത്തിയപ്പോൾ, കേരളത്തിൽ ആദ്യമായി ഒരു എം.എൽ.എ. സ്വന്തം നിലയിൽ ഒരു ഭവനപദ്ധതി പ്രഖ്യാപിച്ച് നടപ്പാക്കുന്നതാണിതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് എന്നെ സംബന്ധിച്ച് വലിയ അംഗീകാരമായിരുന്നു.

ജനങ്ങൾക്കൊപ്പം നിൽക്കുക എന്നത് തിരഞ്ഞെടുപ്പ് സമയത്തുമാത്രമുള്ള കാര്യമല്ല. അവരുടെ സന്തോഷത്തിലും ദുരിതത്തിലും ഒപ്പം നിൽക്കുക എന്നതാണ് ജനപ്രതിനിധിയുടെ യഥാർത്ഥ ഉത്തരവാദിത്തം. ഞാൻ ഇത്രയും കാലം ശ്രമിച്ചിട്ടുള്ളതും അതുതന്നെയാണ്.
രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം സാദത്ത് എഴുത്തിലും വായനയിലും താൽപര്യമുള്ള വ്യക്തിയാണെന്ന് കേട്ടിട്ടുണ്ട്. അതിനായി സമയം എങ്ങനെ കണ്ടെത്തുന്നു?
അങ്ങനെ വലിയ വായനാശീലമുള്ള ഒരാളൊന്നുമല്ല ഞാൻ. എഴുത്തിലും വലിയ താൽപര്യമില്ല. പക്ഷേ കലയെ ഇഷ്ടപ്പെടുന്ന ഒരാളാണ്. എഴുത്തുകാരെയും കലാകാരന്മാരെയും ഏറെ ഇഷ്ടമാണ്. നേരത്തെ പറഞ്ഞതുപോലെ, ചെറുപ്പത്തിൽ പോലീസ് ഓഫീസറാകണമെന്ന ആഗ്രഹത്തോടൊപ്പം കലാകാരനാകണമെന്ന ആഗ്രഹവും എനിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കലാകാരന്മാരുമായി നല്ല സൗഹൃദം പുലർത്തുന്ന ഒരാളാണ് ഞാൻ. കലയെ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യാറുണ്ട്.
വായിക്കാറില്ല എന്നല്ല. സമയം കിട്ടുമ്പോൾ വായിക്കും. ചില വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതിനെക്കുറിച്ച് വായിക്കാനും ശ്രമിക്കും. പക്ഷേ രമേശ് ചെന്നിത്തലയെപ്പോലെയോ വി.ഡി. സതീശനെപ്പോലെയോ നിരന്തരം വായിക്കുന്ന ഒരാളല്ല ഞാൻ. അവർക്ക് വളരെ നല്ല വായനാശീലമുണ്ട്. ഞങ്ങളുടെ മുൻ സ്പീക്കർമാരിലും നന്നായി വായിക്കുന്നവരുണ്ടായിരുന്നു. എനിക്ക് അത്രത്തോളം വായനയ്ക്ക് സമയം കണ്ടെത്താൻ കഴിയാറില്ല. വല്ലപ്പോഴും സമയം കിട്ടുമ്പോൾ വായിക്കും എന്നേയുള്ളൂ.
നെടുമ്പാശ്ശേരി വിമാനത്താവളം ആലുവ നിയമസഭാ മണ്ഡലത്തിലാണല്ലോ. കൊച്ചി മെട്രോ നെടുമ്പാശ്ശേരിയിലേക്ക് നീട്ടാൻ പദ്ധതിയുണ്ടോ?
തീർച്ചയായും. കൊച്ചി മെട്രോ നെടുമ്പാശ്ശേരിയിലേക്ക് നീട്ടണമെന്ന ആവശ്യം ഞാൻ എം.എൽ.എ. ആയതുമുതൽ നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്നതാണ്. കൊച്ചി മെട്രോ ആലുവയിലെത്തിയ കാലം മുതൽ തന്നെ നെടുമ്പാശ്ശേരിയിലേക്കും തുടർന്ന് അങ്കമാലിയിലേക്കും മെട്രോ നീട്ടണമെന്ന ആവശ്യം ശക്തമായി മുന്നോട്ടുവച്ചിട്ടുണ്ട്.
ആലുവയിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്കും അവിടെനിന്ന് അങ്കമാലിയിലേക്കുമുള്ള മെട്രോ പദ്ധതിയുടെ അലൈൻമെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നടപടികൾ പുരോഗമിക്കുന്നുണ്ട്. ഇതിനായി സംസ്ഥാന സർക്കാരിൽ നിരന്തരം സമ്മർദ്ദം ചെലുത്തുന്നുമുണ്ട്. പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ഉൾപ്പെടെയുള്ള നടപടികൾ കൂടി പൂർത്തിയാകേണ്ടതുണ്ട്.
ഇപ്പോഴത്തെ മുഖ്യമന്ത്രിയും ഈ പദ്ധതിയുടെ കാര്യത്തിൽ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആലുവ–നെടുമ്പാശ്ശേരി–അങ്കമാലി മെട്രോ യാഥാർഥ്യമാകുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ. എം.എൽ.എ. ആയതുമുതൽ ഞാൻ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട വികസന പദ്ധതികളിലൊന്നാണിത്.
ആലുവയുടെ വികസനത്തിനായി ചെയ്യാൻ ഉദ്ദേശിക്കുന്ന ഡ്രീം പ്രൊജക്ടുകൾ എന്തൊക്കെയാണ്?
കഴിഞ്ഞ പത്ത് വർഷം ഞാൻ ആലുവയിൽ പ്രതിപക്ഷ എം.എൽ.എ. ആയിരുന്നു. അതിനുമുമ്പ് ഭരണപക്ഷ എം.എൽ.എ. ആയിരുന്ന കാലത്ത് നിരവധി വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ പ്രതിപക്ഷത്തായിരുന്ന ഈ പത്ത് വർഷക്കാലത്ത് വികസനത്തിനായി ആവശ്യമായത്ര ഫണ്ട് ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇപ്പോൾ ഭരണപക്ഷ എം.എൽ.എ. ആയതോടെ ആലുവയുടെ വികസനത്തിന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്.
ആദ്യം തന്നെ ആലുവയിലെ പ്രധാന റോഡുകൾ വികസിപ്പിക്കണമെന്നാണ് ലക്ഷ്യം. ആലുവ മാർക്കറ്റിന്റെ വികസനമാണ് മറ്റൊരു പ്രധാന പദ്ധതി. ഏകദേശം 50 കോടി രൂപ ചെലവിൽ പുതിയ മാർക്കറ്റിന്റെ നിർമാണം പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. അതോടൊപ്പം ഓവർബ്രിഡ്ജിന്റെ നിർമാണവും പുരോഗമിക്കുന്നുണ്ട്.

ആലുവ–മൂന്നാർ റോഡും ആലുവ–പെരുമ്പാവൂർ റോഡും നാലുവരിയാക്കാനുള്ള നടപടികൾ ഊർജിതമായി മുന്നോട്ടുപോകുന്നുണ്ട്. ഇതിന് പുറമെ ഒന്നുരണ്ട് പ്രധാന റോഡുകളുടെ വികസനത്തിനും പദ്ധതികളുണ്ട്.
ആലുവയുടെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ഗതാഗതക്കുരുക്കാണ്. അത് പരിഹരിക്കുന്നതിനായി നാറ്റ്പാക്കിന്റെ നേതൃത്വത്തിൽ വിശദമായ പഠനം നടത്തിവരികയാണ്. പഠന റിപ്പോർട്ട് ലഭിച്ചശേഷം ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ആവശ്യമായ സ്ഥിരം സംവിധാനങ്ങളെക്കുറിച്ച് തീരുമാനമെടുക്കാം. മൂന്നാമതൊരു പാലം വേണമോ, മറ്റേതെങ്കിലും ബദൽ ഗതാഗത സംവിധാനം വേണമോ തുടങ്ങിയ കാര്യങ്ങൾ പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക. കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ സാർ ഇക്കാര്യത്തിൽ ആവശ്യമായ പിന്തുണ നൽകുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
ഈ പ്രശ്നം ആലുവക്കാരെ മാത്രം ബാധിക്കുന്നതല്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തിരിച്ചും പോകുന്ന ആയിരക്കണക്കിന് ആളുകൾക്ക് ആലുവയിലെ ഗതാഗതക്കുരുക്ക് വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഇതിന് ശാശ്വതമായ പരിഹാരം കാണുക എന്നത് വലിയൊരു ലക്ഷ്യമാണ്.ചെങ്ങമനാട് ജംഗ്ഷന്റെ വികസനത്തിനും പദ്ധതിയുണ്ട്. റോഡുകളുടെ വികസനത്തിനൊപ്പം പുതിയ അടിസ്ഥാന സൗകര്യ പദ്ധതികളും ആലുവയിൽ കൊണ്ടുവരണമെന്നാണ് ആഗ്രഹം.
ഇതോടൊപ്പം ആലുവയിലെ ടൂറിസം വികസനത്തിനും വലിയ സാധ്യതയുണ്ട്. പെരിയാറിന്റെ തീരത്ത് ഒരു മികച്ച ടൂറിസം പദ്ധതി കൊണ്ടുവരണമെന്നത് എന്റെ സ്വപ്നമാണ്. അതിന്റെ പ്രാഥമിക നിർദേശങ്ങളും രേഖകളും ബന്ധപ്പെട്ട മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. അതിന്റെ തുടർനടപടികളും മുന്നോട്ടുപോകുകയാണ്.
ആലുവയെ മികച്ച ഗതാഗത സൗകര്യങ്ങളുള്ളതും വികസിതവുമായ ഒരു നഗരമാക്കുന്നതിനൊപ്പം പെരിയാറിനെ കേന്ദ്രീകരിച്ച് ടൂറിസം സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുക എന്നതാണ് എന്റെ പ്രധാന ലക്ഷ്യം.
മുഖ്യമന്ത്രി എന്ന നിലയിൽ വി.ഡി. സതീശന്റെ പ്രവർത്തനങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?
കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിൽ വി.ഡി. സതീശൻ നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. വ്യക്തമായ കാഴ്ചപ്പാടോടെയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. അദ്ദേഹം പറയുന്ന കാര്യങ്ങൾ വളരെ വ്യക്തമായും കൃത്യമായും അവതരിപ്പിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് അദ്ദേഹത്തിൽ വലിയ പ്രതീക്ഷയുണ്ട്.
പറവൂർ എം.എൽ.എ. ആണെങ്കിലും വർഷങ്ങളായി അദ്ദേഹം താമസിക്കുന്നത് ആലുവയിലാണ്. എന്റെ പഞ്ചായത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ താമസം. എം.എൽ.എ. ആയിരുന്ന കാലം മുതൽ തന്നെ ഇവിടെ താമസിച്ചുവരികയാണ്. പറവൂരിൽ ഓഫീസും മറ്റ് സംവിധാനങ്ങളുമുണ്ടെങ്കിലും താമസം ആലുവയിലാണ്. അതുകൊണ്ടുതന്നെ ആലുവയുമായി അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമുണ്ട്.
മുഖ്യമന്ത്രിയായ ശേഷവും അദ്ദേഹവുമായി നല്ല സൗഹൃദവും ബന്ധവും തുടരുന്നുണ്ട്. ആലുവയിൽ താമസിക്കുന്നതുകൊണ്ട് തന്നെ ഇവിടുത്തെ പല വികസന വിഷയങ്ങളിലും അദ്ദേഹവുമായി ചർച്ചകൾ നടത്താൻ കഴിയുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധപ്പെട്ട് നിരവധി വികസന പ്രവർത്തനങ്ങൾ വരാനുണ്ട്. അതിന്റെ ചർച്ചകളും നടന്നുവരികയാണ്. അതുപോലെ ആലുവയിൽ ബി.സി.സി.ഐയുടെ നേതൃത്വത്തിൽ ഒരു സ്റ്റേഡിയം വരാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. അതും എന്റെ പഞ്ചായത്തിൽ തന്നെയാണ്.
മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം മുന്നോട്ടുപോകുന്ന പ്രവർത്തനങ്ങളിൽ ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്. കേരളത്തിന്റെ വികസനത്തിന് നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അവയെല്ലാം ഘട്ടംഘട്ടമായി നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കേരളത്തിന്റെ വികസനത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും കൂടുതൽ വികസന പദ്ധതികൾ യാഥാർഥ്യമാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഓപ്പറേഷൻ തൂഫാൻ സമൂഹത്തിലെ ലഹരി വ്യാപനം അവസാനിപ്പിക്കാൻ സഹായിക്കുമോ?
തീർച്ചയായും. ഇന്ന് കേരളത്തിലെ ജനങ്ങൾക്കിടയിൽ ഓപ്പറേഷൻ തൂഫാനെക്കുറിച്ച് വലിയ പ്രതീക്ഷയും പിന്തുണയുമാണുള്ളത്. ഞാൻ അമേരിക്കയിൽ എത്തിയപ്പോഴും പലരും ഓപ്പറേഷൻ തൂഫാനെക്കുറിച്ച് നല്ല അഭിപ്രായമാണ് പങ്കുവച്ചത്.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ആദരിച്ച ചടങ്ങുകളിലൊക്കെയും ഈ വിഷയം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തു.
രാസലഹരി നമ്മുടെ പുതിയ തലമുറയെ വലിയ രീതിയിൽ ബാധിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരായ പോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടത് അനിവാര്യമാണ്. ആര് വിമർശിച്ചാലും ഈ പോരാട്ടത്തിൽ നിന്ന് പിന്നോട്ടുപോകാൻ പാടില്ല. ഇന്ന് പല കുടുംബങ്ങളിലും കുട്ടികൾ രാസലഹരിക്ക് അടിമപ്പെടുന്നുണ്ട്. എന്നാൽ നാണക്കേടും ഭയവും കാരണം പല കുടുംബങ്ങൾക്കും അത് പുറത്തുപറയാൻ കഴിയുന്നില്ല. അത്തരം കുടുംബങ്ങൾക്ക് ഓപ്പറേഷൻ തൂഫാൻ വലിയൊരു ആശ്വാസമാണ്.
സാധാരണയായി പോലീസിനെക്കുറിച്ച് ജനങ്ങൾക്ക് നല്ല അഭിപ്രായവും ചില വിമർശനങ്ങളും ഒരേസമയം ഉണ്ടാകാറുണ്ട്. എന്നാൽ ഓപ്പറേഷൻ തൂഫാൻ വന്നതോടെ പോലീസിനെ കൂടുതൽ അടുത്തറിയാനും വിശ്വസിക്കാനും ജനങ്ങൾക്ക് കഴിയുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ഓരോ കുടുംബത്തിന്റെയും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ജനങ്ങൾ ഇതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
ഇന്ന് ഒരുപക്ഷേ നമ്മുടെ മക്കളോ കൊച്ചുമക്കളോ ഈ പ്രശ്നത്തിൽ ഉൾപ്പെട്ടിട്ടില്ലായിരിക്കാം. പക്ഷേ ഈ വിപത്ത് നിയന്ത്രിച്ചില്ലെങ്കിൽ നാളെ നമ്മുടെ കുടുംബത്തിലെ കുട്ടികളിലേക്കും ഇത് എത്താനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത് ഏതെങ്കിലും ഒരു കുടുംബത്തിന്റെ മാത്രം പ്രശ്നമല്ല; സമൂഹത്തിന്റെ മുഴുവൻ ഉത്തരവാദിത്തമാണ്.
ഓപ്പറേഷൻ തൂഫാൻ വന്നതോടെ ലഹരി വ്യാപനത്തിനെതിരായ പ്രവർത്തനങ്ങളിൽ ഒരു മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. കേരളം ഈ വിഷയത്തിൽ രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്ന തരത്തിൽ മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം. ഒരു സമൂഹത്തെയോ രാജ്യത്തെയോ തകർക്കണമെങ്കിൽ അതിന്റെ യുവതലമുറയെ ലഹരിക്ക് അടിമകളാക്കുന്നത് മതിയാകും. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ഭാവിക്കും കുടുംബങ്ങളുടെ സമാധാനത്തിനും വേണ്ടിയുള്ള പോരാട്ടമായാണ് ഓപ്പറേഷൻ തൂഫാനെ കാണേണ്ടത്.
രാഷ്ട്രീയ, മത വ്യത്യാസങ്ങൾക്കപ്പുറം എല്ലാവരും ഈ പോരാട്ടത്തിനൊപ്പം നിൽക്കണം. കുടുംബശ്രീ വഴിയും ഈ ക്യാമ്പയിൻ കൂടുതൽ ശക്തമാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സ്ത്രീകളുടെ നേതൃത്വത്തിൽ വീടുകളിലേക്കും കുടുംബങ്ങളിലേക്കും ലഹരിവിരുദ്ധ സന്ദേശം എത്തിക്കുകയെന്നത് വളരെ പ്രധാനമാണ്.
അമേരിക്കൻ മലയാളികളോടും എനിക്ക് ഒരു അഭ്യർഥനയുണ്ട്. നിങ്ങൾ അമേരിക്കയിൽ ആയിരുന്നാലും കേരളത്തിലെ ഈ ലഹരിവിരുദ്ധ പോരാട്ടത്തിന് കഴിയുന്ന രീതിയിൽ പിന്തുണ നൽകണം. ബോധവത്കരണ പ്രവർത്തനങ്ങൾക്കും ക്യാമ്പയിനുകൾക്കും നിങ്ങളുടെ പിന്തുണ ഉണ്ടാകണം. നമ്മുടെ അടുത്ത തലമുറയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എല്ലാവരും അണിചേരണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്.
ഇത്തരമൊരു അഭിമുഖത്തിന് അവസരം നൽകിയതിനും അമേരിക്കയിൽ എത്തി മലയാളി സമൂഹവുമായി സംവദിക്കാൻ കഴിഞ്ഞതിനും എനിക്ക് വളരെ സന്തോഷമുണ്ട്.

