‘ഓപ്പറേഷൻ തൂഫാൻ’ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യമോടിയെത്തുന്ന മുഖമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേത്. കേരളത്തിന്റെ ആഭ്യന്തരവകുപ്പിന്റെ ചുമതല ഏറ്റെടുത്ത് പ്രവർത്തനരംഗത്ത് സജീവമായി ഇടപെടുന്ന അദ്ദേഹം, പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ അനുഭവസമ്പത്തുമായാണ് പുതിയ ഉത്തരവാദിത്വത്തെ സമീപിക്കുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം, എം.പി., കെ.പി.സി.സി. പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, മന്ത്രി തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ച് കേരള രാഷ്ട്രീയത്തിലെ നിർണായക ഘട്ടങ്ങളുടെ ഭാഗമായിട്ടുണ്ട്.
നീണ്ട രാഷ്ട്രീയ ജീവിതത്തിൽ നേടിയ അനുഭവങ്ങളും ഭരണരംഗത്തെ പരിചയവും പുതിയ ഉത്തരവാദിത്വത്തോടൊപ്പം ചേർത്തുകൊണ്ട് മുന്നോട്ടുപോകുന്ന ഈ ഘട്ടത്തിൽ, സമകാലിക രാഷ്ട്രീയവും ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉൾപ്പെടെ നിരവധി കാര്യങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് കേരളാ എക്സ്പ്രസ്സ് എക്സിക്യൂട്ടീവ് എഡിറ്റർ ജോസ് കണിയാലി സംസാരിക്കുന്നു .കേരളാ എക്സ്പ്രസ്സ് ചീഫ് എഡിറ്റർ കെ എം ഈപ്പനും സന്നിഹിതനായിരുന്നു.
രണ്ടാം തവണയാണ് കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായി താങ്കൾ ചുമതലയേൽക്കുന്നത്. മുമ്പത്തെ അനുഭവങ്ങളിൽനിന്ന് വ്യത്യസ്തമായ എന്തെങ്കിലും ഇപ്പോൾ അനുഭവപ്പെടുന്നുണ്ടോ?
വ്യത്യാസം ധാരാളം അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരള പോലീസിന്റെ പ്രവർത്തനശേഷി നിർജീവമാക്കുകയും ഭരണസംവിധാനത്തിന്റെ നിയന്ത്രണം ഏതാനും താൽപര്യങ്ങളിലേക്ക് ചുരുക്കുകയും ചെയ്തതിന്റെ പ്രത്യാഘാതങ്ങളാണ് ഇന്ന് കൂടുതൽ രൂക്ഷമായി അനുഭവപ്പെടുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
കേരള പോലീസ് രാജ്യത്തെ തന്നെ മാതൃകാപരമായ പോലീസ് സേനകളിലൊന്നാണ്. മികച്ച ഉദ്യോഗസ്ഥരും സമർത്ഥരായ കുറ്റാന്വേഷകരുമാണ് കേരള പോലീസിന്റെ പ്രത്യേകത. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ അവരുടെ കഴിവിനും ആത്മാർഥതയ്ക്കും സത്യസന്ധമായ പ്രവർത്തനത്തിനും അർഹമായ പരിഗണന നൽകാതെ, അധികാരകേന്ദ്രങ്ങൾക്ക് താൽപര്യമുള്ള കാര്യങ്ങൾ മാത്രം നടപ്പാക്കുന്നവർക്ക് പ്രാധാന്യം നൽകുന്ന ഒരു പോലീസ് സംവിധാനമാണ് ഇവിടെ രൂപപ്പെട്ടത്. അതിനെ പൊളിച്ചെഴുതി പുനഃസംഘടിപ്പിക്കുക എന്ന വളരെ ശ്രമകരമായ ദൗത്യമാണ് ഇപ്പോൾ ഞാൻ ഏറ്റെടുത്ത് നിർവഹിച്ചുകൊണ്ടിരിക്കുന്നത്.
പോലീസ് സേനയ്ക്ക് രാഷ്ട്രീയമുണ്ടാകാൻ പാടില്ല. സേന, സേനയായി തന്നെ പ്രവർത്തിക്കണം. ഇത് ലേബർ ഡിപ്പാർട്ട്മെന്റല്ല; പോലീസ് ഡിപ്പാർട്ട്മെന്റാണ്. പോലീസിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് നീതിയാണ്—അത് ഏത് രാഷ്ട്രീയപാർട്ടിയിൽപ്പെട്ടവരായാലും ഒരുപോലെ ലഭിക്കണം. നിയമവാഴ്ച (Rule of Law) നിഷ്പക്ഷമായി നിലനിർത്താനുള്ള ഉത്തരവാദിത്വം കേരള പോലീസിനുണ്ട്.
ആ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വീഴ്ചയുണ്ടായാൽ പോലീസിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടും. പോലീസിലുള്ള വിശ്വാസം നഷ്ടപ്പെടുന്നത് അരാജകത്വത്തിലേക്കുള്ള വഴിയാണ്. ഭരണഘടനയെയും നമ്മുടെ നിയമസംവിധാനങ്ങളെയും ഫലപ്രദമായി സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും പോലീസിനുണ്ട്. പോലീസ് എന്നത് അടിസ്ഥാനപരമായി ഒരു നിയമനിർവഹണ ഏജൻസിയാണ്. അതിൽ പൗരന് വിശ്വാസമുണ്ടാകണം; നീതി ലഭിക്കുമെന്ന ഉറപ്പുണ്ടാകണം. നിയമപരിപാലനം കാര്യക്ഷമമായി നടത്താൻ പോലീസിന് കഴിയുമ്പോഴാണ് ആ വിശ്വാസം നിലനിൽക്കുന്നത്.ആ നിലയിൽ കേരള പോലീസിനെ കൂടുതൽ കാര്യക്ഷമവും ജനവിശ്വാസമുള്ളതുമായ സേനയായി സജ്ജമാക്കുക എന്ന ഉത്തരവാദിത്വമാണ് ഇന്ന് ഞാൻ ഏറ്റെടുത്തിരിക്കുന്നത്.
ഇതിനൊപ്പം വളരെ പ്രധാനപ്പെട്ട മറ്റൊരു വശം കൂടിയുണ്ട്. പോലീസിന്റെ എല്ലാ നടപടികളും ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാണ്. നമ്മൾ ഏത് നടപടി സ്വീകരിച്ചാലും അത് കോടതിക്ക് പരിശോധിക്കാം. മറ്റേതൊരു വകുപ്പിനേക്കാളും പോലീസിന്റെ പ്രവർത്തനങ്ങൾ ഇത്തരത്തിൽ നിയമപരിശോധനയ്ക്ക് വിധേയമാകാനുള്ള സാധ്യത കൂടുതലാണ്. കാരണം, പോലീസ് ഒരു നിയമനിർവഹണ ഏജൻസിയാണ്. അതുകൊണ്ടുതന്നെ ഏത് നടപടിയും എപ്പോൾ വേണമെങ്കിലും കോടതിയിൽ ചോദ്യം ചെയ്യപ്പെടാം; കോടതി അതിനെ വിശദമായി പരിശോധിക്കുകയും ചെയ്യാം.
അതിനാൽ കോടതിയുടെ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാണ് പോലീസിന്റെ ഓരോ നടപടിയും ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനവും. ഈ സാഹചര്യത്തിൽ വളരെ സൂക്ഷ്മതയോടെയും ഉത്തരവാദിത്വബോധത്തോടെയും വേണം ഓരോ കാര്യവും കൈകാര്യം ചെയ്യാൻ.
ഇന്ന് കേരളത്തിൽ പോലീസ് സ്റ്റേഷൻ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ പലരുടെയും മനസ്സിൽ ഒരു ഭയമാണ് ഉണ്ടാകുന്നത്. പോലീസുകാരോട് സംസാരിക്കാൻ പോലും മടിക്കുന്ന സാഹചര്യമുണ്ട്. എന്നാൽ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പോലീസ് സ്റ്റേഷൻ ജനങ്ങൾക്ക് ഭയമില്ലാതെ കയറിച്ചെല്ലാവുന്ന ഇടമാണ്. അപകടമുണ്ടായാൽ പോലും പോലീസ് വാഹനം നിർത്തി സഹായിക്കുന്ന സമീപനമാണ് അവിടെ കാണുന്നത്. കേരളത്തിലെ പോലീസ് സ്റ്റേഷനുകളെയും ജനങ്ങൾക്ക് ഭയമില്ലാതെ കടന്നുചെല്ലാനും സഹായം തേടാനും കഴിയുന്ന ഇടങ്ങളാക്കി മാറ്റാൻ കഴിയുമോ?
കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടെ സമഗ്രമായ നവീകരണത്തിന് ആഭ്യന്തരമന്ത്രി എന്ന നിലയിൽ ഞാൻ ഇതിനകം തന്നെ മുൻകൈ എടുത്തുകഴിഞ്ഞു. ഇതിന്റെ ഭാഗമായി ‘മൈ പോലീസ് സ്റ്റേഷൻ’ എന്ന പദ്ധതി കേരളത്തിൽ നടപ്പാക്കുകയാണ്. ‘മൈ പോലീസ് സ്റ്റേഷൻ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഓരോ പൗരനും, ഇത് എന്റെ പോലീസ് സ്റ്റേഷനാണ് എന്ന് തോന്നുന്ന തരത്തിലുള്ള ഒരു സംവിധാനമാണ്.
നിർഭയമായി പോലീസ് സ്റ്റേഷനിലേക്ക് കടന്നുചെല്ലാനും സ്വന്തം പരാതികളും ആവശ്യങ്ങളും തുറന്നുപറയാനും ഓരോ പൗരനും കഴിയണം. കേരള പോലീസിനെയും അതിന്റെ പ്രവർത്തനകേന്ദ്രമായ പോലീസ് സ്റ്റേഷനുകളെയും അത്തരമൊരു ജനസൗഹൃദ സംവിധാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
നമ്മുടെ ലക്ഷ്യം വളരെ വ്യക്തമാണ്. അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ സാധാരണക്കാരന് പോലീസിനെ സമീപിക്കുമ്പോൾ ഭയപ്പെടേണ്ട സാഹചര്യമില്ല. നമ്മുടെ പോലീസ് സേനയുടെയും പോലീസ് സ്റ്റേഷനുകളുടെയും രൂപവും പ്രവർത്തനരീതിയും അതിനനുസരിച്ച് മാറ്റിയെടുക്കണം. കുറ്റം ചെയ്യുന്നവരാണ് പോലീസിനെ ഭയക്കേണ്ടത്; സാധാരണ പൗരനല്ല.
ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് മാത്രമല്ല ആളുകൾ പോലീസ് സ്റ്റേഷനിലെത്തുന്നത്. വാഹനാപകടമുണ്ടായാലും പോലീസ് സ്റ്റേഷനിലെത്തണം, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) എടുക്കാനും എത്തണം, വിവിധ പരാതികളുമായും ആവശ്യങ്ങളുമായും ആളുകൾ സ്റ്റേഷനിലെത്തുന്നു. അതുകൊണ്ടുതന്നെ പോലീസ് സ്റ്റേഷൻ ജനങ്ങൾക്ക് എപ്പോഴും ആശ്രയിക്കാവുന്ന ഒരു സ്ഥാപനമായിരിക്കണം.
പരാതിയുമായി എത്തുന്ന സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്ന പഴയ രീതികൾ ഇനി ഉണ്ടാകാൻ പാടില്ല. പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ലോക്കപ്പുകളിലടക്കം നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ക്യാമറകളില്ലാതിരുന്ന സ്ഥലങ്ങളിലും ഇപ്പോൾ ക്യാമറകൾ സ്ഥാപിച്ചു. പോലീസ് സ്റ്റേഷനുകളിൽ എന്താണ് നടക്കുന്നതെന്ന് നിരീക്ഷിക്കാനും ഉത്തരവാദിത്വം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.
അതോടൊപ്പം, പരാതികളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. പരാതി ശരിയായതാണോ തെറ്റായതാണോ എന്നത് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതാണ്. എന്നാൽ പരാതി ലഭിച്ചുകഴിഞ്ഞാൽ അതിൽ കൃത്യമായ അന്വേഷണം നടത്തി ഒരു പരിഹാരത്തിലെത്തിക്കുകയും പരാതിക്കാരനെ വിവരം അറിയിക്കുകയും വേണം. ആളുകളെ ഒരു ഓഫീസിൽനിന്ന് മറ്റൊരു ഓഫീസിലേക്ക് പറഞ്ഞയച്ച് വട്ടംചുറ്റിക്കുന്ന രീതി അവസാനിപ്പിക്കണം.
പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനസംവിധാനത്തിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുമ്പുണ്ടായിരുന്ന സംവിധാനത്തിൽ എസ്.ഐമാർക്ക് സ്റ്റേഷൻ ചുമതലയിൽനിന്ന് മാറിനിൽക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഒരു സി.ഐയെ സ്റ്റേഷൻ ഹൗസ് ഓഫീസറായി നിയമിക്കുകയും, എസ്.ഐമാർക്ക് കാര്യമായ ഉത്തരവാദിത്വമില്ലാതാകുകയും ചെയ്തിരുന്നു. അതോടെ ഒരു ഡിവൈ.എസ്.പി.ക്ക് നിരവധി പോലീസ് സ്റ്റേഷനുകളുടെ മേൽനോട്ടച്ചുമതല വരുകയും ഫലപ്രദമായ നിരീക്ഷണവും കുറ്റാന്വേഷണവും ബുദ്ധിമുട്ടാകുകയും ചെയ്തു.
ഈ സാഹചര്യത്തിൽ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ശേഷം ഞാൻ ഒരു കമ്മിറ്റിയെ നിയോഗിച്ചു. ഡി.ജി.പി. ആയിരുന്നു കമ്മിറ്റിയുടെ ചെയർമാൻ. കമ്മിറ്റിയുടെ റിപ്പോർട്ട് പരിശോധിക്കുകയും വിവിധ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്തു. മുൻ ഡി.ജി.പി.മാരുടെ യോഗവും വിളിച്ചു. എല്ലാവരുടെയും അഭിപ്രായം പഴയ സംവിധാനമാണ് കൂടുതൽ ഫലപ്രദമെന്നായിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 9 മുതൽ എസ്.ഐമാർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി പോലീസ് സ്റ്റേഷനുകളുടെ ചുമതല നൽകി. സി.ഐമാർക്ക് മൂന്നോ നാലോ പ്രധാനപ്പെട്ട പോലീസ് സ്റ്റേഷനുകളുടെ മേൽനോട്ട ചുമതലയും നൽകി. അങ്ങനെ പഴയ സംവിധാനത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ചെയ്തത്. ഇതിലൂടെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തിൽ വലിയ മാറ്റമാണ് ഉണ്ടാകുന്നത്.
ഇതോടൊപ്പം സ്ത്രീകൾക്ക് കൂടുതൽ ഉത്തരവാദിത്വം നൽകുന്നതിനും തീരുമാനമെടുത്തു. കേരളത്തിലെ 63 പോലീസ് സ്റ്റേഷനുകളിൽ വനിതാ പോലീസുദ്യോഗസ്ഥരെ എസ്.എച്ച്.ഒമാരായി നിയമിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയുമായി സംസാരിക്കുന്നതിനിടെ അദ്ദേഹം കേരളത്തിൽ എത്ര വനിതാ എസ്.എച്ച്.ഒമാരുണ്ടെന്ന് ചോദിച്ചിരുന്നു. അപ്പോഴാണ് ഈ രംഗത്ത് നമുക്ക് കൂടുതൽ ചെയ്യാനുണ്ടെന്ന് ബോധ്യമായത്. അതിന്റെ തുടർച്ചയായാണ് 63 സ്റ്റേഷനുകളിൽ വനിതാ ഉദ്യോഗസ്ഥർക്ക് എസ്.എച്ച്.ഒയുടെ ചുമതല നൽകിയത്.
അതുപോലെ തന്നെ കൂടുതൽ കേസുകൾ കൈകാര്യം ചെയ്യുന്ന നഗരകേന്ദ്രങ്ങളിലെ പ്രധാനപ്പെട്ട 64 പോലീസ് സ്റ്റേഷനുകൾ തെരഞ്ഞെടുത്ത് അവിടെ സി.ഐമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ കൂടുതൽ കാര്യക്ഷമമായ മേൽനോട്ടവും കുറ്റാന്വേഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
പോലീസ് സ്റ്റേഷനുകളുടെ ഭൗതിക സാഹചര്യങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട്. വർഷങ്ങളായി പോലീസ് സ്റ്റേഷൻ പരിസരത്ത് കെട്ടിക്കിടന്നിരുന്ന പിടിച്ചെടുത്ത വാഹനങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും നീക്കം ചെയ്യാൻ നിർദ്ദേശം നൽകി. നിയമപരമായ നടപടികൾ പൂർത്തിയാക്കി അവ ലേലം ചെയ്ത് സർക്കാരിലേക്ക് പണം എത്തിക്കാനും, കോടതിയിൽ കേസുകളുള്ള വാഹനങ്ങളുടെ കാര്യത്തിൽ അടിയന്തരമായി കോടതിയെ സമീപിച്ച് തീർപ്പാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കേസിലുള്ള വാഹനങ്ങൾ തീർപ്പാകുന്നതുവരെ സൂക്ഷിക്കാൻ ആവശ്യമായ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
പോലീസ് സ്റ്റേഷനുകൾ വൃത്തിയാക്കുന്നതിനും പെയിന്റ് ചെയ്യുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെത്തുന്നവർക്ക് കുടിവെള്ളം നൽകണം, ‘ഗുഡ് മോണിംഗ്’ പറയണം, മാന്യമായി ഇരുത്തണം. ഇതൊക്കെ ചെറിയ കാര്യങ്ങളായി തോന്നാം. എന്നാൽ ജനങ്ങളോടുള്ള പോലീസിന്റെ സമീപനത്തിൽ വലിയ മാറ്റം ഉണ്ടാക്കുന്ന കാര്യങ്ങളാണിവ.
പോലീസ് എന്നത് ഭരണകൂടത്തിന്റെ മർദനോപകരണമല്ല; അത് ജനസേവനത്തിനുള്ള സംവിധാനമാണ്. പോലീസുകാർക്ക് ശമ്പളം നൽകുന്നത് ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ പോലീസ് സ്റ്റേഷനിലെത്തുന്ന ഓരോ പൗരനോടും മാന്യമായും നീതിപൂർവമായും പെരുമാറണം. കുറ്റം ചെയ്യാത്ത സാധാരണക്കാരനും കുറ്റം ചെയ്തവനും പോലീസ് സ്റ്റേഷനിലെത്താം. എന്നാൽ രണ്ടുപേരെയും ഒരേ ത്രാസിൽ തൂക്കുന്ന സമീപനം ഉണ്ടാകാൻ പാടില്ല. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്ന ഒരു ജനസൗഹൃദ പോലീസ് സംവിധാനമാണ് നമ്മുടെ ലക്ഷ്യം.
കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങൾ പോലീസ് സ്റ്റേഷൻ വളപ്പിൽ മാസങ്ങളോളം കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ എന്തെങ്കിലും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ?
തീർച്ചയായും. നിസ്സാര കേസുകളിൽപ്പോലും വാഹനങ്ങൾ പോലീസ് സ്റ്റേഷൻ വളപ്പിൽ കൊണ്ടുവന്ന് മാസങ്ങളോളം സൂക്ഷിക്കുന്ന രീതി മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനി പിടിച്ചെടുക്കുന്ന വാഹനങ്ങൾ പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിക്കേണ്ടതില്ല. കേസുമായി ബന്ധപ്പെട്ട് വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കേണ്ട സാഹചര്യമുണ്ടെങ്കിൽ, അവ റവന്യൂ പുറമ്പോക്ക് പോലുള്ള അനുയോജ്യമായ സ്ഥലങ്ങളിലേക്ക് മാറ്റി സൂക്ഷിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇതിനുപുറമെ, കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളും ശുചീകരിക്കുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ആർക്കും ഭയമില്ലാതെ പോലീസ് സ്റ്റേഷനിലേക്ക് കടന്നുചെല്ലാൻ കഴിയുന്ന അന്തരീക്ഷമാണ് ലക്ഷ്യമിടുന്നത്. പ്രവർത്തനരഹിതമായ പഴയ ക്യാമറകൾ മാറ്റി പുതിയ ക്യാമറകൾ സ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ പോലീസ് സ്റ്റേഷന്റെയും നവീകരണത്തിനായി ഒരു ലക്ഷം രൂപ വീതം അനുവദിക്കുകയും സ്റ്റേഷനുകൾ പെയിന്റ് ചെയ്ത് വൃത്തിയായി പുതുമയോടെ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇനി സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് കൂടുതൽ വ്യക്തമായ നിർദ്ദേശങ്ങൾ നൽകാനാണ് ഉദ്ദേശിക്കുന്നത്. അവർ സ്റ്റേഷനിൽ എന്തൊക്കെ ചെയ്യണം, പരാതികളിൽ എങ്ങനെ ഇടപെടണം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകും.
അതോടൊപ്പം, ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ നിന്ന് പോലീസ് സ്റ്റേഷനുകളിലേക്ക് ലഭിക്കുന്ന എഫ്.ഐ.ആറുകളുടെയും പരാതികളുടെയും സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഒരു ഡാഷ്‌ബോർഡ് സംവിധാനം ഏർപ്പെടുത്താനും ഉദ്ദേശിക്കുന്നുണ്ട്. ലഭിക്കുന്ന പരാതികളിൽ എത്ര എണ്ണം പരിഹരിച്ചു, എത്ര എണ്ണം ബാക്കിയുണ്ട് തുടങ്ങിയ കാര്യങ്ങൾ മാസത്തിലൊരിക്കൽ വിലയിരുത്തുന്നതിനുള്ള സംവിധാനമായിരിക്കും ഇത്.
ഇന്ന് ഏറ്റവും കൂടുതൽ ഉയരുന്ന പരാതികളിലൊന്ന്, പെറ്റീഷൻ നൽകിയിട്ടും അതിന് കൃത്യമായ പരിഹാരം ലഭിക്കുന്നില്ല എന്നതാണ്. പരാതി സ്വീകരിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, അതിന്റെ തുടർനടപടികളും പരിഹാരവും ഉറപ്പാക്കുന്ന സംവിധാനമാണ് ഇനി വേണ്ടത്.
ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വലിയ ജനശ്രദ്ധ നേടിയ പദ്ധതിയാണല്ലോ ‘തൂഫാൻ’. ഈ ആശയം പെട്ടെന്ന് രൂപപ്പെട്ടതാണോ, അതോ നേരത്തെ തന്നെ മനസ്സിൽ ആസൂത്രണം ചെയ്തിരുന്നതാണോ?
ഈ ആശയം പെട്ടെന്ന് ഉണ്ടായതല്ല. ഞാൻ എം.എൽ.എയായിരുന്ന കാലത്ത്, പ്രതിപക്ഷത്തിരിക്കുമ്പോൾ തന്നെ കേരളത്തിലെ എല്ലാ ജില്ലകളിലും ഡ്രഗ്സിനെതിരായി വാക്കത്തോൺ സംഘടിപ്പിച്ചിരുന്നു. കേരളസമൂഹത്തെയും പ്രത്യേകിച്ച് യുവാക്കളെയും ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന അപകടകരമായ വിഷയങ്ങളിലൊന്നാണ് ലഹരി ഉപയോഗം എന്ന തിരിച്ചറിവിലാണ് അന്ന് അതിന് തുടക്കമിട്ടത്.
ആ പരിപാടി ആരംഭിക്കുമ്പോൾ വിഷയം ഇത്രത്തോളം വ്യാപകമായിരിക്കുമെന്ന് ഞങ്ങൾ പോലും കരുതിയിരുന്നില്ല. എന്നാൽ കേരളത്തിലെ 14 ജില്ലകളിലും ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ വാക്കത്തോണുകളിൽ രാഷ്ട്രീയഭേദമന്യേ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. സാധാരണക്കാരാണ് അതിൽ കൂടുതലായി പങ്കെടുത്തത്. പ്രതിപക്ഷമെന്നോ ഭരണപക്ഷമെന്നോ വ്യത്യാസമില്ലാതെ എല്ലാവരും അതിന്റെ ഭാഗമായി.
അന്ന് തന്നെ ഞാൻ പറഞ്ഞിരുന്നു—എനിക്ക് ഒരു അവസരം ലഭിച്ചാൽ, ലഹരി ഉയർത്തുന്ന ഈ അപകടകരമായ സാഹചര്യം മാറ്റാൻ തീർച്ചയായും പ്രവർത്തിക്കുമെന്ന്. ആ ആശയത്തിന്റെ തുടർച്ചയായാണ് ‘തൂഫാൻ’ എന്ന പരിപാടിയും രൂപപ്പെടുന്നത്.
ഞാൻ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത് 18-ാം തീയതിയാണ്. അതിന് പിന്നാലെ ജൂൺ 2-ന് തന്നെ ‘തൂഫാൻ’ പരിപാടിക്ക് തുടക്കം കുറിച്ചു. അതുകൊണ്ടുതന്നെ ഇത് പെട്ടെന്ന് ഉണ്ടായ ഒരു ആശയമല്ല; നേരത്തെ മനസ്സിൽ രൂപപ്പെട്ടിരുന്ന ഒരു ലക്ഷ്യത്തിന്റെ തുടർച്ചയാണ്.
‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ വിപുലീകരിച്ച് മുന്നോട്ടുകൊണ്ടുപോകാൻ പദ്ധതിയുണ്ടോ?
ഉണ്ട്. ‘നാർക്കോട്ടിക്’ സംവിധാനം കേരള പോലീസിന്റെ സ്ഥിരം സംവിധാനമായി മാറ്റുകയാണ് ലക്ഷ്യം. പോലീസ് സ്റ്റേഷൻ തലത്തിൽ തുടങ്ങി സംസ്ഥാന പോലീസ് മേധാവി (ഡി.ജി.പി.) വരെയുള്ള തലങ്ങളിൽ ഈ സംവിധാനം ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിനാവശ്യമായ ഫണ്ട്, വാഹനങ്ങൾ, ജീവനക്കാരുടെ സേവനം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്.
‘ഓപ്പറേഷൻ തൂഫാൻ’ ഒരു ചരിത്രസംഭവമാണ്. അടുത്തകാലത്ത് ഇന്ത്യയിൽ ഇത്രയധികം ജനശ്രദ്ധ നേടിയ മറ്റൊരു പോലീസ് ഓപ്പറേഷൻ ഉണ്ടായിട്ടില്ലെന്നാണ് എന്റെ വിലയിരുത്തൽ. ‘ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്’ എന്നാണ് പദ്ധതിയുടെ പേര്.
ഇതിന്റെ ഭാഗമായി ആദ്യ 100 ദിവസത്തിനുള്ളിൽ തന്നെ ഏകദേശം 11,700 കേസുകൾ രജിസ്റ്റർ ചെയ്യുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏകദേശം 170 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കളും മറ്റ് അനുബന്ധ വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഈ പ്രവർത്തനം ഒരു പ്രത്യേക കാലയളവിൽ മാത്രം ഒതുങ്ങുന്നതല്ല; ലഹരിക്കെതിരായ പോലീസ് സംവിധാനത്തെ സ്ഥിരമായി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
സാധാരണ ഇത്തരം ലഹരിവേട്ടകളിൽ വലിയ തോതിൽ പിടികൂടലുകൾ നടക്കും. എന്നാൽ കുറച്ചുനാൾ കഴിയുമ്പോൾ തുടർനടപടികളെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പുറത്തുവരാറില്ല. പിടിയിലാകുന്ന പ്രതികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്നതിനും കേസുകൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും പ്രത്യേക സംവിധാനം ഒരുക്കുന്നുണ്ടോ?
കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ മൂന്ന് പുതിയ കോടതികൾ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്-തൃശ്ശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ. ഇതിനു പുറമെ, ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ പരിഗണിച്ച് തീർപ്പാക്കുന്നതിനായി കൂടുതൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.
‘ഓപ്പറേഷൻ തൂഫാൻ’ ഒരു ദിവസം കൊണ്ട് അവസാനിക്കുന്ന നടപടിയല്ല. അത് തുടർച്ചയായി മുന്നോട്ടുപോകുന്ന ഒരു ദൗത്യമാണ്. ഈ പദ്ധതിക്ക് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചിരിക്കുന്നത് സ്ത്രീ സമൂഹത്തിൽ നിന്നാണ്. അമ്മമാരും സഹോദരിമാരും ആഭ്യന്തരമന്ത്രിയെന്ന നിലയിൽ എനിക്ക് അയയ്ക്കുന്ന കത്തുകൾ, ഫോൺ കോളുകൾ, ഇ-മെയിലുകൾ, വാട്‌സ്ആപ്പ് സന്ദേശങ്ങൾ എന്നിവയിൽ ഏകദേശം 70 ശതമാനവും സ്ത്രീകളിൽ നിന്നുള്ളതാണ്.
അവർ അനുഭവിക്കുന്ന വേദനയും കഷ്ടപ്പാടുകളും വളരെ വലുതാണ്. സ്വന്തം മകൻ ലഹരിക്ക് അടിമയായെന്ന് മറ്റൊരാളോട് തുറന്നുപറയാൻ പോലും പല അമ്മമാർക്കും കഴിയുന്നില്ല. എന്നാൽ അവരുടെ സന്ദേശങ്ങളിലും പ്രതികരണങ്ങളിലും പ്രകടമാകുന്ന വേദനയും പ്രതീക്ഷയുമാണ് ഈ പ്രവർത്തനം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ഞങ്ങൾക്ക് പ്രചോദനമാകുന്നത്.
ഇപ്പോൾ ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. സെപ്റ്റംബർ 28ന് മലപ്പുറം ജില്ലയിലെ വേങ്ങരയിൽ മുഖ്യമന്ത്രി ഇതിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കും. അതോടെ ലഹരിക്കെതിരായ പ്രവർത്തനം കൂടുതൽ വിപുലമായ ജനകീയ മുന്നേറ്റമായി മാറും.
കേരളത്തിലെ പഞ്ചായത്തുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമെല്ലാം ഹരിതകർമസേന, ആശാ പ്രവർത്തകർ, കുടുംബശ്രീ യൂണിറ്റുകൾ, അയൽക്കൂട്ടങ്ങൾ തുടങ്ങിയ സംവിധാനങ്ങളെ ഉൾപ്പെടുത്തി ഒരു വലിയ ജനകീയ മുന്നേറ്റത്തിനാണ് തയ്യാറെടുക്കുന്നത്. ലഹരിക്കെതിരായ പോരാട്ടം പോലീസിന്റെ മാത്രം ഉത്തരവാദിത്വമായി കാണാതെ സമൂഹമൊന്നാകെ ഏറ്റെടുക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് ഇനി ലക്ഷ്യമിടുന്നത്.
നിലവിലെ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി താങ്കൾ കാണുന്നത് എന്താണ്?
‘ഓപ്പറേഷൻ തൂഫാൻ’ ഒരു വലിയ നേട്ടമാണ്. അതിൽ യാതൊരു സംശയവുമില്ല. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ കേരളത്തിലെ മനുഷ്യജീവിതത്തെയും പ്രത്യേകിച്ച് യുവതലമുറയെയും നശിപ്പിക്കുന്ന ലഹരിക്കെതിരെ വലിയൊരു അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ സ്കൂളുകളിലും കോളേജുകളിലും പ്രതിജ്ഞയെടുപ്പിക്കുകയും വിദ്യാർഥികളെ ലഹരിയിൽ നിന്ന് അകറ്റിനിർത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളെയും യുവാക്കളെയും ലഹരിയിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വലിയൊരു സാമൂഹിക പോരാട്ടമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്.
ഇപ്പോൾ നാട്ടിൽ പവർകട്ടും വൈദ്യുതി പ്രതിസന്ധിയും വലിയ പ്രശ്നമായി മാറുന്നുണ്ട്. വെള്ളപ്പൊക്കവും പതിവാകുന്നു. അണക്കെട്ടുകളും മറ്റ് സംവിധാനങ്ങളും ഉണ്ടായിട്ടും ഈ പ്രശ്നങ്ങൾക്ക് സ്ഥിരമായൊരു പരിഹാരം കണ്ടെത്താൻ കഴിയില്ലേ? വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് അമേരിക്കയിൽ, വൈദ്യുതി മുടക്കം പോലും അപൂർവമാണല്ലോ?
അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ പ്രധാനമായും ആറ്റമിക് എനർജിയെയാണ് വൈദ്യുതി ഉൽപാദനത്തിനായി ആശ്രയിക്കുന്നത്. അവിടെയുള്ള ചില അണക്കെട്ടുകൾ പോലും ഇപ്പോൾ ഡീകമ്മിഷൻ ചെയ്യുന്നുണ്ട്. അണക്കെട്ടുകൾക്ക് അപകടസാധ്യതയുണ്ടെന്നും, ഏതുസമയത്തും തകരുകയാണെങ്കിൽ വലിയ ദുരന്തത്തിന് കാരണമാകുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. അമേരിക്കയിൽ തന്നെ നാലോ അഞ്ചോ വലിയ അണക്കെട്ടുകൾ ഇതിനകം ഡീകമ്മിഷൻ ചെയ്തിട്ടുണ്ട്. അത്തരമൊരു സാഹചര്യം വലിയ ദുരന്തത്തിന് വഴിവെക്കാനുള്ള സാധ്യതയുണ്ട്.
ഇതിന് ഒരു പരിഹാരമെന്ന നിലയിൽ ആണവോർജത്തിന്റെ സാധ്യത പരിഗണിക്കേണ്ടിവരും. എന്നാൽ നമ്മുടെ നാട്ടിൽ അതിന് പലവിധ എതിർപ്പുകളുണ്ട്. അതോടൊപ്പം, ജലലഭ്യത കുറയുമ്പോൾ ജലവൈദ്യുതി ഉൽപാദനത്തെയും അത് നേരിട്ട് ബാധിക്കും. ആരാണ് ഭരിക്കുന്നത് എന്നതിനെ ആശ്രയിക്കാത്ത ഒരു യാഥാർഥ്യമാണിത്.
എങ്കിലും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള മാർഗങ്ങൾ തുടർന്നും പരിശോധിക്കും.
വിലക്കയറ്റം നിയന്ത്രിക്കുന്നതിനും സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി കൂടുതൽ എന്തെങ്കിലും നടപടികൾ ആലോചിക്കുന്നുണ്ടോ?
ഇത്തവണത്തെ ഓണം തന്നെ ജനങ്ങൾക്ക് സുഭിക്ഷമായിരുന്നു. സിവിൽ സപ്ലൈസ് വകുപ്പ് ഇത്രയും കാര്യക്ഷമമായി പ്രവർത്തിച്ച മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ലെന്നാണ് എന്റെ വിലയിരുത്തൽ. സാധാരണക്കാർക്ക് മിതമായ നിരക്കിൽ ആവശ്യമായ ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. അതുവഴി വിലക്കയറ്റത്തിന്റെ ബുദ്ധിമുട്ടിൽ നിന്ന് ജനങ്ങൾക്ക് വലിയൊരു പരിധിവരെ ആശ്വാസം നൽകാൻ കഴിഞ്ഞു. അത് സർക്കാരിന്റെ ശ്രദ്ധേയമായ നേട്ടമാണ്.
ഇത്തവണ അമേരിക്കയിലെത്തിയപ്പോൾ ഇവിടെയുള്ള പല സംവിധാനങ്ങളും നേരിട്ട് കണ്ടും മനസ്സിലാക്കിയും, കേരളത്തിലേക്ക് കൊണ്ടുവരണം എന്ന് തോന്നിയ എന്തെങ്കിലും സംവിധാനങ്ങളുണ്ടോ?
പ്രധാനമായും പോലീസിംഗിന്റെ കാര്യത്തിലാണ് ഇവിടെ നടപ്പാക്കുന്ന ചില രീതികൾ കേരളത്തിലും കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്. അമേരിക്കയിൽ മാത്രമല്ല, പല യൂറോപ്യൻ രാജ്യങ്ങളിലും പോലീസ് വളരെ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നത്. ഒരു ശുപാർശയുടെയും ഇടപെടലിന്റെയും ആവശ്യമില്ലാതെ തന്നെ കുറ്റകൃത്യങ്ങളിൽ പെട്ടെന്ന് നടപടി സ്വീകരിക്കുന്ന സംവിധാനമാണിവിടെ കാണുന്നത്.
മറ്റൊരു കാര്യം, കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണ്. പല കുടുംബങ്ങളെയും തകർക്കുന്ന തരത്തിൽ സൈബർ കുറ്റകൃത്യങ്ങൾ ഗുരുതരമായ പ്രശ്നമായി മാറുന്നുണ്ട്. അതിനെക്കുറിച്ച് കൂടുതൽ ഗൗരവമായി ആലോചിച്ചുതുടങ്ങിയിട്ടുണ്ട്. ഇവിടെ എത്തിയപ്പോൾ സൈബർ രംഗത്തെ വിദഗ്ധരുമായി സംസാരിക്കുകയും ചെയ്തു. വലിയ തോതിലുള്ള സൈബർ സംവിധാനങ്ങൾ കേരളത്തിലും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് അവർ ചൂണ്ടിക്കാട്ടിയത്.
ഞാൻ ആദ്യമായി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് സൈബർ ഡോ ആരംഭിച്ചത്. അതിനെ കൂടുതൽ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. അതിനാവശ്യമായ സംവിധാനങ്ങളും നടപടികളും കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
അമേരിക്കൻ മലയാളികൾക്ക് നൽകാനുള്ള സന്ദേശം എന്താണ്?
അമേരിക്കൻ മലയാളികളോട് എനിക്ക് പറയാനുള്ളത്, നാട്ടിലെ കാര്യങ്ങളിലും നിങ്ങൾ കുറച്ചുകൂടി ശ്രദ്ധ ചെലുത്തണമെന്നാണ്. ഇവിടെ എത്തി സ്വന്തം ജീവിതം കെട്ടിപ്പടുത്ത നിങ്ങളെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. എന്നാൽ പലപ്പോഴും നാട്ടിൽ നിക്ഷേപം നടത്തുന്നതിൽ നിങ്ങൾ പിന്നോട്ടുനിൽക്കുന്നതായി കാണാം.
പഴയകാലത്തെ സാഹചര്യങ്ങൾ മാറിയിട്ടുണ്ട്. നാട്ടിൽ നിക്ഷേപിച്ചാൽ അക്രമമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാകുമെന്നുള്ള ധാരണകൾക്ക് ഇപ്പോൾ പ്രസക്തിയില്ല. നിങ്ങളുടെ നിക്ഷേപം സുരക്ഷിതമായിരിക്കാനുള്ള സാഹചര്യം ഇന്ന് കേരളത്തിലുണ്ട്. അതുകൊണ്ട് നാട്ടിലും നിക്ഷേപം നടത്താനും കേരളത്തിന്റെ വികസനത്തിൽ പങ്കാളികളാകാനും അമേരിക്കൻ മലയാളികൾ മുന്നോട്ടുവരണം.
മറ്റൊരു പ്രധാന കാര്യം, ഇപ്പോൾ അമേരിക്കയിലെത്തുന്നവർ ഇവിടെത്തന്നെയാണ് ജീവിതം കെട്ടിപ്പടുക്കുന്നത്. കുട്ടികൾ ഇവിടെ പഠിക്കുകയും വളരുകയും ചെയ്യുന്നു. പല കുട്ടികൾക്കും മലയാളം പോലും ശരിയായി അറിയാത്ത സാഹചര്യമുണ്ട്. അതുകൊണ്ട് കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിനും നമ്മുടെ ഭാഷയും സംസ്കാരവും മറക്കാതിരിക്കുന്നതിനും മാതാപിതാക്കൾ ശ്രദ്ധിക്കണം. ഇടയ്ക്കിടയ്ക്ക് കുട്ടികളെ നാട്ടിലേക്ക് കൊണ്ടുവരികയും കേരളം എന്താണെന്നും മലയാളം എന്താണെന്നും അവരെ പരിചയപ്പെടുത്തുകയും വേണം. ഇക്കാര്യത്തിൽ ചില കുടുംബങ്ങൾ ഇതിനകം നല്ല രീതിയിൽ ശ്രദ്ധിക്കുന്നുണ്ട്. കൂടുതൽ പേരും ഈ രീതിയിലേക്ക് വരണം.


