PRAVASI

അജു ഏബ്രഹാം ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

Blog Image

കേരള അസോസിയേഷൻ ഓഫ് കണക്ടിക്കട്ടിന്റെ ഡയറക്ടർ ബോർഡ് അംഗമായ അജു ഏബ്രഹാം ന്യു ഇംഗ്ലണ്ട് റീജിയനിൽ നിന്ന് ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ മത്സരിക്കുന്നു.

തൊടുപുഴ സ്വദേശിയായ അജു എബ്രഹാം പ്രമുഖ ഐ.ടി സ്ഥാപനമായ ഇൻഫോസിസിലാണ്  കരിയർ ആരംഭിച്ചത്. ഒരു വ്യാഴവഫാട്ടം മുൻപ് അമേരിക്കയിലെത്തി.  അതിന് ശേഷം ഐ.ടി, കൺസൾട്ടിംഗ് മേഖലകളിൽ അദ്ദേഹം ഉയർന്ന നിലകളിലേയ്ക്ക് മുന്നേറി. ഇപ്പോൾ  പ്രമുഖ ഐ.ടി കമ്പനിയിൽ ഡയറക്ടറും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൺസൾട്ടിംഗ് നോർത്ത് അമേരിക്ക മേധാവിയായുമാണ്.  

കണക്റ്റിക്കട്ടിലെ മലയാളി സംഘടനകളിലും അജു സജീവമാണ്.  FOKANA-യുമായി അടുത്ത ബന്ധം പുലർത്തുകയും   വിവിധ യോഗങ്ങളിലും പ്രവർത്തനങ്ങളിലും സജീവമായി  പങ്കെടുക്കുകയും ചെയ്യുന്നു. ഈസ്റ്റ് കോസ്റ്റിലെ വൈവിധ്യമാർന്ന മലയാളി സംഘടനകളുമായും നേതാക്കളുമായും ശക്തമായ ബന്ധങ്ങൾ അദ്ദേഹമുണ്ടാക്കിയിട്ടുണ്ട്.

തൊഴിൽ ജീവിതത്തിനു പുറമെ, മലയാളി സമൂഹത്തോടുള്ള ബന്ധവും സാംസ്കാരിക പ്രവർത്തനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും ഏറെ ദൃഢതയാർന്നതാണ്. അമേരിക്കയിലെ ശ്രദ്ധേയമായ ഹാർലി ഡേവിഡ്സൺ മലയാളി റൈഡേഴ്സ് കമ്മ്യൂണിറ്റിയായ God’s Own Riders-ന്റെ സ്ഥാപക അംഗമാണ്. ഇത് അദ്ദേഹത്തെ വിവിധ സംസ്ഥാനങ്ങളിലെ ബൈക്കർമാരുമായും, കൂട്ടായ്മകളുമായും ശക്തമായി ബന്ധിപ്പിക്കുന്നു.

കല, സിനിമ, രാഷ്ട്രീയം, സാമൂഹ്യ പ്രവർത്തനങ്ങൾ തുടങ്ങിയ രംഗങ്ങളിലെ വ്യക്തികളുമായി അജുവിന് അടുത്ത ബന്ധം നിലനിൽക്കുന്നു. കൂടാതെ അദ്ദേഹം തന്റെ പല മേഖലകളിലുമുള്ള സംരംഭകത്വ പ്രവർത്തനങ്ങളിലൂടെയും അറിയപ്പെടുന്ന ആളുമാണ്.

ടെക്ക് രംഗത്തും സാമൂഹിക സേവന രംഗത്തും ശ്രദ്ധേയനായ അജു ഏബ്രഹാം നേതൃത്വം   എക്കാലത്തും ഫൊക്കാനക്ക്  നേട്ടമായിരിക്കുമെന്ന്  ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥി ആന്റോ വർക്കി എന്നിവർ അഭിപ്രായപ്പെട്ടു.


ടീച്ചറിൽ നിന്നും ഓട്ടോ ഡ്രൈവറിലേക്ക്! ഒരു പെണ്ണിന്റെ വാശിയുടേയും നിശ്ചയദാർഢ്യത്തിന്റെയും അതിജീവനകഥ👏👏🥰🥰
കോഴിക്കോട് നന്മണ്ടയിലെ സ്കൂൾ കുട്ടികൾക്ക് ഷിചിന കൈകളിൽ ചോക്കുമേന്തി പാഠങ്ങൾ പറഞ്ഞുതരുന്ന പ്രിയപ്പെട്ട അധ്യാപികയാണ്. എന്നാൽ സ്കൂൾ സമയം കഴിഞ്ഞാൽ ആ വേഷം മാറും. പിന്നെ നന്മണ്ടയിലെ കവലകളിൽ കാക്കി കുപ്പായമിട്ട്, തന്റെ ഓട്ടോറിക്ഷയുമായി പായുന്ന ഡ്രൈവറാണ് ഷിചിന. ക്ലാസ് മുറിയിൽ നിന്ന് ഡ്രൈവിങ് സീറ്റിലേക്കുള്ള ഈ മാറ്റത്തിന് പിന്നിൽ അതിജീവനത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും വലിയൊരു കഥയുണ്ട്.
വർഷങ്ങൾക്ക് മുൻപ് വടകരയിലെ വീടിന്റെ മുറ്റത്തേക്ക് ഒരു ആൾട്ടോ കാർ മടിച്ചു മടിച്ചു കടന്നുവന്നപ്പോഴാണ് ഈ കഥയുടെ തുടക്കം. ഡ്രൈവിങ് വശമില്ലാത്ത ഷിചിന സുഹൃത്തിനെക്കൊണ്ടായിരുന്നു അന്ന് ആ കാർ വീട്ടിലെത്തിച്ചത്. അത് കണ്ടതും അമ്മ ചോദിച്ചു; "മോളേ, നിന്നെക്കൊണ്ട് ഇതൊക്കെ ആകുമോ?". ആ ചോദ്യമായിരുന്നു ഷിചിനയുടെ ജീവിതത്തിലെ ടേണിംഗ് പോയിന്റ്. 'എന്നെക്കൊണ്ട് പറ്റും' എന്ന് അമ്മയ്ക്ക് തെളിയിച്ചു കൊടുക്കണമെന്ന വാശിയിൽ നിന്നാണ് ഷിചിന ഡ്രൈവിങ് പഠിച്ചതും ലൈസൻസ് നേടിയതും.
2017 മുതൽ ഗവൺമെന്റ് യു.പി സ്കൂളിൽ വർക്ക് എജ്യുക്കേഷൻ അധ്യാപികയായി ജോലി ചെയ്യുകയാണ് ഷിചിന. എന്നാൽ ആഴ്ചയിൽ മൂന്നു ദിവസം മാത്രം ജോലിയുള്ളതുകൊണ്ട് ലഭിക്കുന്ന വരുമാനം വീട്ടുചെലവുകൾക്ക് തികയുമായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി മുറുകിയപ്പോൾ തന്റെ പ്രിയപ്പെട്ട കാർ വിൽക്കേണ്ടി വന്നു. എന്നാൽ തോറ്റുകൊടുക്കാൻ ഷിചിന തയ്യാറല്ലായിരുന്നു. യാത്രയ്ക്കുള്ള ചെലവ് കുറയ്ക്കാനും ഒപ്പം മറ്റൊരു വരുമാന മാർഗ്ഗമെന്ന നിലയിലും ഒരു ഓട്ടോറിക്ഷ വാങ്ങാൻ ഷിചിന തീരുമാനിച്ചു.
ഇത്തവണയും വീട്ടുകാരുടെ ഭാഗത്തുനിന്ന് എതിർപ്പുകളുടെ 'ഹോൺ' മുഴങ്ങി. ഒരു ടീച്ചർ ഓട്ടോ ഓടിക്കാൻ പോവുകയോ? പക്ഷെ ഭർത്താവ് ബിജു കട്ടയ്ക്ക് കൂടെ നിന്നു. കാർ ഓടിച്ചു ശീലമുള്ള ഷിചിനയ്ക്ക് ഓട്ടോയെ മെരുക്കാൻ വലിയ പ്രയാസമൊന്നും തോന്നിയില്ല. അങ്ങനെ ഷിചിന ടീച്ചർ നന്മണ്ടക്കാരുടെ പ്രിയപ്പെട്ട ഓട്ടോ ഡ്രൈവറായി മാറി.
വിജയമന്ത്രം: 'പേടിയില്ല'
തയ്യലും ക്രാഫ്റ്റും ഡ്രൈവിംഗും എല്ലാം ഷിചിനയ്ക്ക് വഴങ്ങും. സ്വന്തം വീട് പണിതപ്പോൾ പോലും ആ വാശി ഷിചിന കാണിച്ചു. എൻജിനീയറെ കൊണ്ട് പ്ലാൻ പാസ്സാക്കി സ്വന്തം ഇഷ്ടപ്രകാരം വീട് പണിതു. അന്ന് അമ്മ പറഞ്ഞു, "നിന്റെ വാശിയുടെ ബലത്തിലാണ് ഈ വീട് പൂർത്തിയായത്" എന്ന്.
ഇന്ന് കാറും ഓട്ടോയും മാത്രമല്ല, ജീപ്പും ഷിചിന ഓടിക്കും. ഹെവി ലൈസൻസ് ലേണിങ് ബാഡ്ജും നേടിയിട്ടുണ്ട്. ജീവിതത്തിന്റെ വളവിലും തിരിവിലും പതറാതെ സ്റ്റിയറിങ് പിടിക്കുന്ന ഷിചിനയ്ക്ക് ലൈസൻസ് കിട്ടിയിട്ടും വണ്ടി ഓടിക്കാൻ മടിച്ചുനിൽക്കുന്ന സ്ത്രീകളോട് ഒന്നേ പറയാനുള്ളൂ- "പേടി വേണ്ട, ധൈര്യമായി ഇറങ്ങണം. ബാക്കിയെല്ലാം വഴിയേ ശരിയാകും."

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.