PRAVASI

പ്രചോദനത്തിന്റെ ഊർജ്ജം പരത്തിക്കൊണ്ട് ഐനാനി നഴ്സസ് വീക്ക് ആഘോഷിച്ചു

Blog Image

ന്യൂ യോർക്കിലെ ആയിരക്കണക്കിന് ഇന്ത്യൻ നഴ്സുമാരുടെ സ്വരമായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) അർത്ഥപൂർണ്ണവും വർണ്ണ ശബളവുമായ പരിപാടികളോടെ ഈ വർഷത്തെ നഴ്സസ് ദിനം   ആഘോഷിച്ചു. ആധുനിക നഴ്സിംഗ് പ്രൊഫെഷനു വഴിയൊരുക്കിയ, "ദി ലേഡി  ദി ലാംപ്" എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ഫ്ലോറെൻസ് നൈറ്റിൻഗേലിന്റെ ജന്മദിന വാരത്തിൽ ഫ്ലോറൽ പാർക്ക് ജെയിംസ് ജെ അംബ്രോസ് സ്‌കൂൾ ഹാളിൽ നടന്ന ആഘോഷം നഴ്സുമാർ തങ്ങളുടെ അസാമാന്യമായ  സമർപ്പണത്തെ അഭിമാനത്തോടെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.


പോയ വർഷത്തെ ഐനാനി  പ്രെസിഡെന്റും ഇപ്പോഴത്തെ അഡ്വൈസറി ബോർഡ് ചെയറുമായ ഡോ. അന്നാ ജോർജിന്റെയും എ പി ആർ എൻ ചെയർ രുപീന്ദർ കൗറിന്റെയും പരിചയപ്പെടുത്തലോടെ ആരംഭം കുറിച്ച ആഘോഷത്തിന് സെക്രട്ടറി ഡോ. ശബ്നംപ്രീത് കൗർ സ്വാഗതം ആശംസിച്ചു. ഒരു ആഘോഷത്തെക്കാൾ നഴ്സുമാരുടെ ഓരോ ആരോഗ്യപരിപാലന സ്ഥാപനത്തിലും നഴ്സുമാർ അർപ്പിക്കുന്ന തളരാത്ത സേവനത്തിന്റെ അംഗീകാരമാണ് ഈ ദിനത്തിലെന്ന് ഡോ. കൗർ വിശേഷിപ്പിച്ചു. ഐനാനി പ്രസിഡന്റ് ഡോ. ഷൈലാ റോഷിനെ വൈസ് പ്രസിഡന്റ് ഡോ. എസ്തർ ദേവദാസ് പരിചയപ്പെടുത്തി സ്വാഗതം ചെയ്തു. അമേരിക്കയിലുടനീളം ഇന്ത്യൻ നഴ്സുമാർ ആരോഗ്യമേഖലയിലെ എല്ലാ തുറകളിലും മറ്റുള്ളവരുടെ ആരോഗ്യത്തിനായി നടത്തുന്ന അചഞ്ചലമായ പ്രതിബദ്ധതയെ വിശദീകരിച്ചു പുകഴ്ത്തികൊണ്ട് തന്റെ അധ്യക്ഷ പ്രസംഗം തുടങ്ങി.

അസോസിയേഷന്റെ സംസ്ഥാപനം മുതൽ അതിന്റെ നേതൃത്വം നടത്തിയ അനുകമ്പയും നിർഭയത്വവും നിസ്വാർത്ഥതയും നിറഞ്ഞ പ്രവർത്തനങ്ങൾ വഴി ഐനാനി സമൂഹത്തിന്റെ പ്രകീർത്തിയും ബഹുമാനവും നേടിക്കഴിഞ്ഞു. മികവുകൾ നിറഞ്ഞ ഒരു നഴ്സിംഗ് സമൂഹത്തെ വിജയപൂർവ്വം  സൃഷ്ടിക്കുവാൻ ഐനാനിക്ക് കഴിഞ്ഞതിന്റെ ഫലമാണ് സമൂഹത്തിന്റെ വിവിധ കോണുകളിൽ  കമ്മ്യൂണിറ്റിയുടെ പ്രാദേശികാവശ്യങ്ങൾക്കനുസരിച്ചുള്ള സേവന പ്രവർത്തനങ്ങൾ.  സാമൂഹികാടിസ്ഥാനത്തിലും ഉന്നതവിദ്യാഭ്യാസത്തിലും തുടർ വിദ്യാഭ്യാസത്തിലും ഊന്നിയുള്ള ഐനാനിയുടെ ലക്ഷ്യങ്ങൾ നിർവഹിക്കുന്നതിന് അതിന്റെ അംഗങ്ങൾ സ്വമേധയാ മുന്നോട്ടു വരുന്നതും പരസ്പര ബഹുമാനത്തോടെ ടീം വർക്ക് വഴി പദ്ധതികൾ വിജയകാര്യമായി പൂർത്തീകരിക്കുന്നതും കെട്ടിപ്പടുത്ത കമ്മ്യൂണിറ്റിയുടെ ഫലമാണ്. ഡോ. റോഷിൻ ചൂണ്ടിക്കാട്ടി. 


മോലോയ് യൂണിവേഴ്സിറ്റി നഴ്സിംഗ് ഡയറക്റ്ററും പ്രൊഫെസ്സറുമായ ഡോ. ജെന്നിഫർ എമിലി മന്നിനോ മുഖ്യപ്രഭാഷണം നടത്തി. ന്യൂ യോർക്ക് അസ്സെംബ്ലിമാൻ എഡ്വേർഡ് ബ്രൗൺസ്റ്റീൻ, അസ്സെംബ്ളിവുമൻ മിഷേൽ സോളാജെസ്, നാസോ കൗണ്ടി ലെജിസ്ലേറ്റർ കാരി സോളാജെസ്, റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററും വൈസ് ചെയറുമായ ഐനാനി ഫൗണ്ടിങ് പ്രസിഡന്റ് ഡോ. ആനി പോൾ, ന്യൂ യോർക്ക് സിറ്റി കൗൺസിൽവുമൻ ലിൻഡ ലീ,  എന്നിവർ അഭിനന്ദന പ്രസംഗങ്ങൾ നടത്തി. ആരോഗ്യ രംഗത്ത് നഴ്സുമാരുടെ അസാമാനമായ  സംഭാവനകളെ പ്രാസംഗികർ ഊന്നിപ്പറഞ്ഞു. 
എല്ലാ വർഷത്തെയും പോലെ പങ്കെടുത്ത നഴ്സുമാർ നഴ്സിംഗ് പ്രതിജ്ഞയിലൂടെ തങ്ങളുടെ രോഗികളോടുള്ള പ്രതിബദ്ധത ആവർത്തിച്ചു. മധുരമായ ഗാനങ്ങൾ, മനോഹരമായ നൃത്തങ്ങൾ എന്നിവയിലൂടെ പല നഴ്സുമാരും തങ്ങളുടെ കലാ പടവാങ്ങൽ പ്രദർശിപ്പിച്ചു. 


നഴ്സുമാർ വിശാലമായ ആരോഗ്യ മേഖലയിൽ ഏതെല്ലാം നിലകളിൽ ഇന്ത്യൻ നഴ്സുമാർ കർമ്മവ്യാപൃതരാണ് എന്ന് പരോക്ഷമായി വ്യക്തമാക്കുന്ന ഒരവസരം കൂടിയായിരുന്നു നഴ്സസ് വീക്ക് ആഘോഷത്തിനുള്ള ഒത്തുകൂടൽ. ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളും രോഗികൾക്ക് നേരിട്ട് ശുസ്രൂഷ നൽകുന്ന പ്രാഥമിക നഴ്സുമാരോടൊപ്പം അഡ്മിനിസ്ട്രേഷനിലും മാനേജ്മെന്റിലും യൂണിവേഴ്സിറ്റി അധ്യാപന രംഗത്തും ഗവേഷണത്തിലും കമ്മ്യൂണിറ്റിയുടെ ആരോഗ്യത്തിലും വിവിധ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവർ ഒത്തുചേർന്നപ്പോൾ തങ്ങൾ നഴ്സുമാരാണെന്ന അഭിമാനം നിറഞ്ഞ കൂട്ടായ്മയാണ് ദൃശ്യമായത്. മോലോയ് യൂണിവേഴ്സിറ്റി പ്രൊഫെസ്സർ ഡോ. അന്നാ ജോർജ്, ഹോഫ്സ്ട്ര-നോർത് വെൽ സ്‌കൂൾ ഓഫ് നഴ്സിംഗ് ആൻഡ് ഫിസിഷ്യൻ അസിസ്റ്റന്റ് സ്റ്റഡീസ് ചെയർ ഡോ. ട്രീസ സ്കറിയ, വി എ നോർത്പോർട്ട് ചീഫ് നഴ്സിംഗ് ഓഫീസർ ഡോ. ആനി ജോർജ്, സൗത്ത് ബ്രൂക്ലിൻ (ന്യൂ യോർക്ക് സിറ്റി ഹെൽത്ത് ആൻഡ് ഹോസ്പിറ്റൽസ് കോര്പറേഷൻ) ചീഫ് നഴ്സിംഗ് ഓഫീസർ ഡോ. മൻജിൻഡർ കൗർ, ന്യൂ യോർക്ക് സിറ്റി ഹെൽത്ത് ആൻഡ് ഹോസ്പിറ്റൽസ് ജെക്കോബി ആൻഡ് നോർത്ത് സെൻട്രൽ ഒക്ക്യൂപേശാനാൽ ഹെൽത് സര്വീസസ് ഡയറക്റ്റർ ഡോ. സോളിമോൾ കുരുവിള, സൗത്ത് ബീച്ച് സൈക്കയാട്രിക് സെന്റർ ചീഫ് നഴ്സിംഗ് ഓഫീസറായ ഐനാനി പ്രസിഡന്റ് ഡോ. ഷൈല റോഷിൻ, ജെക്കോബി മെഡിക്കൽ സെന്ററിലെ എജുക്കേറ്റർ ഡോ. എസ്ഥേർ ദേവദാസ്,  മൌണ്ട് സൈനായ് ഹെൽത് സിസ്റ്റം വൈസ് പ്രസിഡന്റ് ഡോ. പ്രിസില്ല സാമുവേൽ തുടങ്ങിയവർ ഐനാനിയെന്ന പ്രൊഫെഷണൽ നഴ്സിംഗ് സംഘടനയ്ക്ക് ബലം കൊടുക്കുന്നതിനോടൊപ്പം മുഖ്യധാരാ ആരോഗ്യ പരിപാലനത്തിൽ ഇന്ത്യക്കാരുടെ സ്വാധീനത്തെയും കാണിക്കുന്നു. 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.