നടിയെ കൂട്ട ബലാത്സഗം ചെയ്ത കേസിൽ ശിക്ഷ വിധി പ്രഖ്യാപിച്ച് കോടതി. പൾസർ സുനി ഉൾപ്പടെയുള്ള പ്രതികൾക്ക് 20 വർഷത്തെ കഠിന തടവും 50000 രൂപ പിഴയും കോടതി വിധിച്ചു. എറണാകുളം ജില്ലാ കോടതിയുടേതാണ് വിധി. പ്രതികൾ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്ന കോടതി മറ്റ് അഞ്ച് പ്രതികൾക്കും 20 വർഷം കഠിനതടവും വിധിച്ചു. ജഡ്‌ജി ഹണി എം വർഗീസ് ആണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്.
ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ.എസ്, രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം (വടിവാൾ സലീം), ആറാം പ്രതി പ്രദീപ് എന്നിവർക്കെതിരെയുള്ള ശിക്ഷ വിധിയാണ് കോടതി പ്രഖ്യാപിച്ചിരിക്കുന്നത്.
പൾസർ സുനി ഏഴര വർഷം റിമാൻഡ് തടവുകാരനായിരുന്നു. കേസിലെ മറ്റ് പ്രതികളും അഞ്ച് വർഷത്തോളം തടവിൽ കഴിഞ്ഞിരുന്നു. ഗൂഢാലോചനക്കുറ്റം ചുമത്തി പ്രതി ചേർത്തിരുന്ന എട്ടാം പ്രതിയായ നടന്‍ ദിലീപ് അടക്കമുള്ള നാല് പേർക്കെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ കഴിയാതിരുന്നതോടെ അവരെ കോടതി വെറുതെ വിട്ടിരുന്നു.

