ആലപ്പുഴ : കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ 31 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. ചെങ്ങന്നൂർ ചെറിയനാട് അരിയന്നൂർശേരി ജയപ്രകാശ് ആണ് അറസ്റ്റിലായത്. 1994ല്‍ ചെറിയനാട് സ്വദേശി കുട്ടപ്പപണിക്കർ എന്നയാളെ കൊലപ്പെടുത്തി വിദേശത്തേക്ക് കടന്നുകളഞ്ഞ ഇയാൾ നാട്ടിലെത്തിയപ്പോളാണ് അന്വേഷണ സംഘം പിടികൂടിയത്. പ്രതി ഇപ്പോൾ താമസിക്കുന്ന ചെന്നിത്തല ഒരിപ്രം ഭാഗത്തുള്ള ഇന്ദീവരം എന്ന വീടിന് സമീപം വെച്ചായിരുന്നു അറസ്റ്റ് .
1994 നവംബർ 19 ന് ചെങ്ങന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കൊലപാതകകേസിലെ പ്രതിയാണ് ജയപ്രകാശ്. നവംബർ 15 ന് രാത്രി 7.15 ഓടെയാണ് ചെറിയനാട് കനാൽ റോഡിന് സമീപം ജയപ്രകാശ് 71 കാരനായ കുട്ടപ്പപണിക്കരെ ആക്രമിച്ചത്. കല്ലുകൊണ്ടും കൈകൊണ്ടും ഇടിച്ചും തൊഴിച്ചും ഗുരുതരമായി പരിക്കേൽപ്പിച്ച കുട്ടപ്പപണിക്കർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. സംഭവശേഷം ബോംബെയിലേക്ക് പോയ ജയപ്രകാശ് പിന്നീട് അവിടെ നിന്ന് സൗദി അറേബ്യയിലെ ജോലി സ്ഥലത്തേക്ക് കടന്നുകളയുകയുമായിരുന്നു.1999 ൽ ജയപ്രകാശിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു . പ്രതിയുടെ സഹോദരങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ജയപ്രകാശ് വിദേശത്താണെന്ന് കണ്ടെത്തിയത്. ചെന്നിത്തല കാരാഴ്മ ഭാഗത്തനിന്ന് ജയപ്രകാശ് വിവാഹം കഴിച്ചതായി കണ്ടെത്തി. ഓണത്തിന് ഭാര്യവീട്ടിലെത്തിയപ്പോഴാണ് പൊലീസ് കൈയോടെ പിടികൂടിയത് .

