ഒരു നീലക്കൊടിയുടെ സമരപാതയാണ് എന്നെ രാഷ്ട്രീയത്തിലേക്കു നയിച്ചത്. ആദ്യം വിളിച്ച മുദ്രാവാക്യം അതായിരുന്നു.
കെ..എസ്.യു സിന്ദാബാദ്!
ഇന്നും സിരകളില്‍ ആ മുദ്രാവാക്യം മുഴങ്ങുന്നുണ്ട്. അതിന്റെ കരുത്തുണ്ട്. അതിന്റെ സമരാഗ്നി കെടാതെ എരിയുന്നുണ്ട്.
ഇന്ന് ആ മഹത്തായപ്രസ്ഥാനം രൂപപ്പെട്ടതിന്റെ വാര്‍ഷികദിനമാണ്.
ഓര്‍മ്മകളിലെ കെ.എസ്.യു പൂക്കാലമാണ് 1980 കള്‍. അന്നത്തെ സമരങ്ങള്‍ ഇന്നും മായാതെ നില്‍ക്കുന്നു. റിമാന്‍ഡിലാകലും ജയില്‍വാസവും നിത്യ സംഭവങ്ങളായിരുന്നു. അന്ന് യൂണിവേഴ്‌സിറ്റി ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ കെ.എസ്.യു നടത്തിയത് ഐതിഹാസികമായ സമരമായിരുന്നു. അന്നത്തെ നിരാഹാരസമരം വലിയ ഓളമുണ്ടാക്കി. എട്ടു ദിവസം ഞാന്‍ നിരാഹാരം കിടന്നു. പോലീസ് അറസ്റ്റ് ചെയ്തു നിര്‍ബന്ധപൂര്‍വം ആശുപത്രിയിലേക്കു മാറ്റി. അന്നത്തെ ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ആ സമരം അവസാനിച്ചത്.
1980 ല്‍ ഞാന്‍ സംസ്ഥാനപ്രസിഡന്റായിരിക്കെ കെ.എസ്.യുവിന്റെ രജത ജൂബിലി സമ്മേളനം തൃശൂരില്‍ നടത്തി. അതില്‍ പങ്കെടുക്കാന്‍ രാജീവ് ഗാന്ധിയെത്തി. ആയിടെ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച രാജീവ് ഗാന്ധിയുടെ ആദ്യ കേരള സന്ദര്‍ശനമായിരുന്നു അത്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ സമ്മേളനത്തില്‍ ഞാന്‍ ഹിന്ദിയില്‍ പ്രസംഗിച്ചു. ഇന്ത്യയുടെ തെക്കേയറ്റത്തു നിന്നൊരാള്‍ ഹിന്ദിയില്‍ സംസാരിച്ചത് രാജീവ് ഗാന്ധിയെ അത്ഭുതപ്പെടുത്തി. അദ്ദേഹം പിന്നീട് എന്നെ ഡല്‍ഹിക്കു ക്ഷണിച്ചു.
രാജീവ് ഗാന്ധിയാണ് എന്നെ ആദ്യമായി ഇന്ദിരാഗാന്ധിക്കു പരിചയപ്പെടുത്തുന്നത്. ഇന്ദിരാഗാന്ധി വിദേശയാത്രയ്ക്കു വേണ്ടി വിമാനത്താവളത്തിലേക്കു പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. അവിടെ വെച്ചാണ് എന്നെ എന്‍.എസ്.യു ദേശീയ പ്രസിഡന്റായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് തയ്യാറാക്കാന്‍ ഇന്ദിരാഗാന്ധി അന്ന് എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന ജികെ മൂപ്പനാരോട് നിര്‍ദേശിക്കുന്നത്. ടൈപ്പ് ചെയ്ത ഉത്തരവുമായി വിമാനത്താവളത്തിലെത്തി ഒപ്പുവാങ്ങാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് അങ്ങിനെയായിരുന്നു.
കെ.എസ്.യു എനിക്ക് തിളയ്ക്കുന്ന ഓര്‍മ്മകളുടെ കുത്തൊഴുക്കാണ്. അവസാനിക്കാത്ത മുദ്രാവാക്യങ്ങളുടെ വീറുറ്റ ശബ്ദമാണ്. ഒരു സമരതീഷ്ണ കൗമാരത്തിന്റെ സമരപാതയാണ്.
ആ നീലക്കൊടി താഴുകയില്ല. അത് പരാജയപ്പെടുകയുമില്ല. ചോരതുടിക്കുന്ന സമരയൗവനങ്ങള്‍ അതിനെ നയിച്ചു കൊണ്ടേയിരിക്കും.
കെ.എസ്.യുവിലെ പ്രിയപ്പെട്ട എല്ലാ അനുജന്മാര്‍ക്കും അനുജത്തിമാര്‍ക്കും ആശംസകള്‍!
പഠനം തുടരട്ടെ! സമരങ്ങളും!



