വര്‍ഷങ്ങള്‍ കുറച്ചു പുറകോട്ടു പോകണം. പോയാ ? കുറച്ചു കൂടി പോകട്ടെ. ഏകദേശം ഒരു മുപ്പത് മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം പോയെങ്കില്‍ നിര്‍ത്തിക്കോളൂ . ഇനി വായിക്കാം. അന്നത്തെ കാലം മനസ്സില്‍ ഉണ്ടാവണം എന്ന് മാത്രം , ഉണ്ടല്ലോ , അല്ലേ ?
ഞാന്‍ അന്ന് കുഴൂര്‍ ഗവ. ഹൈസ്കൂളില്‍ പഠിക്കുന്നു. വലിയപറമ്പില്‍ നിന്നും ബസ് കയറി വേണം സ്കൂളില്‍ പോകാന്‍. കുണ്ടൂര്‍ വരെ പോകുന്നതോ കൊച്ചുകടവ് അല്ലെങ്കില്‍ കുറുമശ്ശേരി വരെ പോകുന്നതോ ആയ വണ്ടികളില്‍ വേണം കയറാന്‍. ഇപ്പോഴും ആ ബസുകളുടെ പേരുകള്‍ മനസ്സിലുണ്ട്. കേരള , ശ്രീകൃഷ്ണ , എയ്ഞ്ചല്‍ , ജോസ് , പി എം എസ്, വിന്‍സെന്റ് തുടങ്ങിയവ. അതില്‍ പി എം എസ് മാത്രം ഇപ്പോഴും ഓടുന്നുണ്ട് എന്ന് തോന്നുന്നു.

രാവിലെ ഒന്‍പത് മണിക്ക് മുന്‍പായി ജംഗ്ഷനിലെത്തും ഞാന്‍. പലപ്പോഴും ഏയ്ഞ്ചലിലോ ജോസിലോ ആണ് യാത്ര. ജംഗ്ഷനിലുള്ള ഭാസ്കരേട്ടന്റെ കടയുടെ മുന്നില്‍ നിന്നാല്‍ അകലെ നിന്ന് ബസ് വരുന്നത് കാണാം .
വലിയപറമ്പില്‍നിന്നും കയറാന്‍ ഒപ്പം പഠിക്കുന്ന ഡിങ്കനോ ബിനോയിയോ ഉണ്ടാവും മിക്കപ്പോഴും. ബസില്‍ കയറിയാല്‍ ആദ്യത്തെ സ്റ്റോപ്പ് അമ്പലക്കുന്ന് ആണ് . അവിടെ നിന്ന് ചിലപ്പോള്‍ ആരെങ്കിലും കയറും. അടുത്ത സ്റ്റോപ്പ് മണ്ടികേറ്റം . അവിടെയാണ് അന്നത്തെയും ഇന്നത്തെയും ബെസ്റ്റ് ഫ്രണ്ട് (ചങ്ക് , ബ്രോ, മച്ചാന്‍, ഗഡി ന്യുജെന്‍ ഭാഷയില്‍ ബെസ്റ്റി ) രമേഷിന്റെ വീട്. ചിലപ്പോള്‍ അവന്‍ അവിടെ നിന്ന് കയറും . പിന്നെ ജയകേരള സ്റ്റോപ്പ്. അവിടെ നിന്നും ചിലപ്പോള്‍ കൂട്ടുകാര്‍ കയറും . രണ്ടു ബൈജുമാര്‍ ജെന്‍സന്‍ , അടുത്ത കാലത്ത് ഞങ്ങളെ വിട്ടുപോയ പ്രദീപ് ഷേണായ് തുടങ്ങിയവര്‍ . പക്ഷെ അധികം ദൂരം ഇല്ലാത്തത് കൊണ്ട് അവരെല്ലാം കൂടുതലും നടന്നാണ് വരാറ് . പ്രദീപിന് മാത്രമേ അന്ന് സൈക്കിള്‍ ഉള്ളൂ. ജയകേരള സ്റ്റോപ്പില്‍ ഇപ്പൊള്‍ വലിയൊരു ഷോപ്പിംഗ് കോമ്പ്ലെക്സ് വന്നിട്ടുണ്ട്. അടുത്തത് പോളക്കുളം , പാറപ്പുറം സ്റ്റോപ്പുകള്‍ . വലിയപറമ്പ് കഴിഞ്ഞാല്‍ പിന്നെയുള്ള പ്രധാന ജംഗ്ഷനുകള്‍ ഇവയാണ്. ഇന്നുള്ള പോലെ വലിയ കടകളോ ഷോപ്പിംഗ് കോമ്പ്ലക്സുകളോ അന്നില്ല . വളരെ കുറച്ചു കടകള്‍ മാത്രമേയുള്ളൂ, അതും ഷട്ടറുകള്‍ക്ക് പകരം മുന്നില്‍ നിരപ്പലകകള്‍ ഇട്ടത്. പിന്നെയുള്ള പ്രധാന സ്ഥാപനം കണ്ടംകുളത്തി ആയുര്‍വേദശാലയാണ് . അത് അന്നും ഇന്നും പ്രശസ്തം. പാറപ്പുറം സ്റ്റോപ്പ് കഴിഞ്ഞാല്‍ പിന്നെ പഞ്ചായത്ത് സ്റ്റോപ്പായി. അവിടെ ഇറങ്ങിയാലും സ്കൂളിലേക്ക് നടക്കാം . ചില കുട്ടികള്‍ അവിടെ ഇറങ്ങും. എന്നാല്‍ ഞങ്ങള്‍ സ്കൂളിന്റെ മുന്നിലെ ഇറങ്ങൂ. (നടക്കാന്‍ അന്നും ശ്ശി മടിയുണ്ടെന്നു കൂട്ടിക്കോ)
ന്നാ മ്മക്ക് വിഷയത്തിലേക്ക് വരാം . ഞാന്‍ അന്ന് എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. പതിവ് പോലെ 4 മണിക്ക് മണിയടിച്ചു . ബാഗും പെട്ടിയും അലാസ്റ്റിക്കിട്ട പുസ്തകക്കെട്ടുമായി ഞങ്ങള്‍ ഓരോരുത്തരും പുറത്തേക്ക് പാഞ്ഞു. കൃത്യസമയത്ത് ബസ് വന്നു . ആ ദിവസം പതിവ് സുഹൃത്തുക്കള്‍ ഒന്നും ബസില്‍ ഇല്ല. എന്നാലും എല്ലാവരും പരിചയം ഉള്ളവര്‍ തന്നെ. സീറ്റുകള്‍ ഒന്നും കാലിയില്ല. ഒരു സീറ്റില്‍ ചാരി നിന്നു ഞാന്‍. മുന്നില്‍ നിന്ന് കണ്ടക്ടര്‍ ചേട്ടന്‍ ഓരോരുത്തരുടെ കയ്യില്‍ നിന്നും പൈസ വാങ്ങിവരുന്നു . എന്റെ അടുത്ത് എത്തുന്നതിനു മുന്‍പായി ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഞാന്‍ കയ്യിടുന്നു . എന്നാല്‍ പത്തിന്റെ പൈസ കയ്യില്‍ തടയുന്നില്ല . ചേട്ടന്റെ മുഖത്ത് നോക്കി ഒരു ചിരി പാസാക്കിക്കൊണ്ട് ഞാന്‍ കൈ ട്രൌസറിന്റെ പോക്കറ്റിലലേക്ക് കൊണ്ട് പോകുന്നു. ആ സമയത്തിന്റെ ഔന്നത്യം കൊണ്ട് ഒരു ലക്ഷം രൂപയുടെ മൂല്യത്തിലേക്ക് ഉയര്‍ന്ന ആ പത്തു പൈസ അവിടെയും ഇല്ല. എന്റെ മുന്നില്‍ കൈ നീട്ടി നിന്ന കണ്ടക്ടര്‍ ചേട്ടന്‍ നിരാശനായി അടുത്ത കുട്ടികളുടെ അടുത്തേക്ക് പോകുന്നു. അത് കണ്ട് തളരാതെ , പ്രതീക്ഷ കൈവിടാതെ ഞാന്‍ ബാഗ് തുറന്നു അതില്‍ തപ്പുന്നു . അവിടെയും ഇല്ല. പൈസ എവിടെപ്പോയി എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല . എല്ലാവരുടെയും കയ്യില്‍ നിന്ന് പൈസ വാങ്ങിയശേഷം വീണ്ടും കണ്ടക്ടര്‍ ചേട്ടന്‍ എന്റെ അടുത്തേക്ക് വരും. ആ സമയത്തെ ഓര്‍ത്ത് എന്റെ ഹൃദയം പടപടാ മിടിക്കാന്‍ തുടങ്ങി. കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ . ഞാന്‍ ആകെ വിയര്‍ത്തു. ആ സമയം ദുരാഗമമായി . കണ്ടക്ടര്‍ ചേട്ടന്‍ വീണ്ടും എന്റെ മുന്നില്‍ കൈ നീട്ടി. “പൈസ കാണാനില്ല” എന്ന് ഭൂമിയിലെ ഏറ്റവും വലിയ പരാജിതന്റെ ദൈന്യഭാവത്തോട് കൂടി ഞാന്‍ പറഞ്ഞു . “പൈസ ഇല്ലാതെ എന്തിനാടാ നീ ഈ ബസില്‍ കയറിയത്” എന്ന് നരകത്തിലെ ഏറ്റവും വലിയ ക്രൂരന്റെ മുഖഭാവത്തോടു കൂടി പുള്ളി അലറി. ആ അലര്‍ച്ച കേട്ടു ബസ് പോലും ഒരു നിമിഷം സ്തംഭിച്ചു വേഗം കുറഞ്ഞു പോയി. ഡ്രൈവര്‍ ചേട്ടന്‍ മുതല്‍ മുന്നിലുള്ള സകല പേരും ഒരുവേള ഈ അലര്‍ച്ച കേട്ടു പിന്തിരിഞ്ഞു നോക്കി. ‘അല്ല പിന്നെ, കാശില്ലാത്തവന്മാര്‍ക്കൊക്കെ നടന്നു പോയാല്‍ പോരെ“ എന്ന ഡയലോഗ് കൂടിയായപ്പോള്‍ മനസ്സിലാവാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കും കാര്യങ്ങള്‍ തിരിഞ്ഞു. ഞാന്‍ അപ്പോഴും തല പൊക്കാതെ കണ്ണില്‍ നിന്ന് ഇപ്പോള്‍ നീര്‍ത്തുള്ളികള്‍ പൊഴിയും എന്ന അവസ്ഥയില്‍ നില്‍ക്കുകയാണ് . എന്റെ അവസ്ഥ കണ്ട് ആരെങ്കിലും പത്തു പൈസ തന്ന് എന്നെ സഹായിച്ചു ആ നാണക്കേടില്‍ നിന്നും കൈ പിടിച്ചുയര്‍ത്തും എന്ന പ്രതീക്ഷയില്‍ കുറച്ചു കഴിഞ്ഞ് തല ഞാന്‍ ചെറുതായി ഒന്ന് ഉയര്‍ത്തി അടുത്ത് നിന്നവരെയും ഇരിക്കുന്നവരെയും നോക്കി. അത് വരെ എന്നെ നോക്കി നിന്നവര്‍ എന്റെ നോട്ടം കണ്ട ഉടനെ തല തിരിച്ചു റോഡരികിലെ ഭംഗി ആസ്വദിക്കാന്‍ തുടങ്ങി. എട്ടില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ കണ്ണീര്‍ അവരുടെ കഠിനഹൃദയത്തെ അലിയിച്ചില്ല. അതിനിടയില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ട് കണ്ടക്ടര്‍ ചേട്ടന്‍ എന്റെ അരികിലൂടെ പോകുന്നുണ്ട് . പൈസ നാളെ തരാം എന്ന് ഞാന്‍ ഒരു വട്ടം പറഞ്ഞെങ്കിലും അത് കേള്‍ക്കാത്ത ഭാവത്തില്‍ പുള്ളിക്കാരന്‍ പോയി.
പൈസ ഇല്ലാത്ത കാരണം അടുത്ത സ്റ്റോപ്പില്‍ ഇറക്കി വിടുമോ എന്ന ഭയം പെട്ടെന്ന് എന്നെ പിടികൂടി . ഇറക്കി വിട്ടാലും നടന്നു വീട്ടിലെത്താം . പക്ഷെ ആ നാണക്കേട് താങ്ങാന്‍ ഒരു കുഞ്ഞുമനസ്സിന് കഴിയുമോ ? അതിനാല്‍ ഇറക്കി വിടുന്നതിനു മുന്‍പ് തന്നെ ഇറങ്ങുന്നതാണ് നല്ലത് എന്ന് ഞാന്‍ എന്നെത്തന്നെ ഉപദേശിച്ചു.
പെട്ടെന്ന് ബസിന്റെ ബാക്കില്‍ നിന്ന് “ഡോ കണ്ടക്ടറെ, ഇന്നാ ആ കൊച്ചിന്റെ പത്തു പൈസ. താന്‍ ഒന്ന് വായടയ്ക്ക്.” എന്നൊരു ഡയലോഗ്. ഞാന്‍ അതിയായ ആഹ്ലാദത്തോടെ പിന്നിലേക്ക് തിരിഞ്ഞു നോക്കി. ലോങ്ങ് സീറ്റില്‍ ഷര്‍ട്ട് ഇല്ലാതെ കയ്യില്‍ ഒരു തുണിക്കെട്ടുമായി ഒരു ധര്‍മ്മക്കാരന്‍ ഇരിക്കുന്നു. കണ്ടക്ടര്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും പൈസ വാങ്ങിക്കൊണ്ടു പോകുന്നു . യാചകന്‍ ആണെങ്കിലും ദൈവദൂതനായി അല്ലെങ്കില്‍ ദൈവമായിത്തന്നെ എന്റെ മുന്നില്‍ രൂപം മാറിയ ആ മനുഷ്യന്‍ എന്നെ കൈകാട്ടി വിളിച്ചു. ഞാന്‍ വേഗം അങ്ങോട്ട് ചെന്നു . അദ്ദേഹം കുറച്ചു ഒതുങ്ങി ഇരുന്നു എന്നെ അടുത്ത് പിടിച്ചിരുത്തി. അപ്പോഴാണ് മറ്റൊരു കാര്യം എനിക്ക് മനസ്സിലായത്. അദ്ദേഹത്തിന് ഒരു കാലില്ല. നടക്കുമ്പോള്‍ ഉപയോഗിക്കന്ന ക്രച്ചസ് സൈഡില്‍ ഇരിക്കുന്നുണ്ട്. ശരീരത്തിന് ഇത്രയും പരാധീനതകള്‍ ഉള്ള ആ മനുഷ്യന്റെ മനസ്സ് തങ്കം തന്നെയാണ് എന്ന് ബോധ്യപെട്ട ആ നിമിഷം എനിക്ക് എന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അതുവരെ കണ്ണില്‍ നിന്നും വീഴാതെ പിടിച്ചു നിര്‍ത്തിയിരുന്ന കണ്ണുനീര്‍തുള്ളികള്‍ ഒന്നൊഴിയാതെ പൊഴിയുകയായി. അത് കണ്ടപ്പോള്‍ അദ്ദേഹം എന്നെ ചേര്‍ത്തുപിടിച്ചു. പക്ഷേ ഒന്നും പറഞ്ഞില്ല . അത് നന്നായി . എന്തെങ്കിലും പറഞ്ഞിരുന്നേല്‍ ഞാന്‍ പരിസരം മറന്നു പോട്ടിക്കരഞ്ഞേനെ.
അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പോലും അന്ന് ബസില്‍ വച്ച് നടന്ന രംഗങ്ങള്‍ മനസ്സിലൂടെ മാറിമാറിവന്നുകൊണ്ടിരുന്നു. രക്ഷകനായി വന്ന ആ മനുഷ്യന്‍ ഒഴികെ ഒരാള്‍ പോലും എന്നോട് സ്നേഹത്തോടെ പെരുമാറിയില്ല, നോക്കിയില്ല . കണ്ടക്ടര്‍ക്ക് ദേഷ്യം. എന്റെ ഒപ്പം കയറിയ കുട്ടികള്‍ക്കെല്ലാം തമാശ. മുതിര്‍ന്ന മറ്റെല്ലാവരുടെയും മുഖത്ത് പുച്ഛഭാവമോ സഹതാപമോ മാത്രം . സഹജീവികളോട് കാരുണ്യം ഇല്ലാതെയുള്ള ജീവിതം ഒരു ജീവിതമല്ല എന്ന് ഞാനിന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ അതിനൊരു കാരണം ചെറുപ്പക്കാലത്ത് ഉണ്ടായ ഈയനുഭവം തന്നെ.
പിറ്റേ ദിവസം സ്കൂളില്‍ പോയപ്പോള്‍ ഞാന്‍ പത്തു പൈസ അധികം കൊണ്ടുപോയിരുന്നു, എന്റെ രക്ഷകനെ കാണുമ്പോള്‍ കൊടുക്കാന്‍. എന്നാല്‍ അന്ന് വൈകുന്നേരം മാത്രമല്ല , പിന്നെ ഒരിക്കലും ഞാന്‍ ആ ധര്‍മ്മക്കാരനെ ബസില്‍ കണ്ടിട്ടില്ല .
സ്കൂളിനെ കുറിച്ചെഴുതാന്‍ കുറെയേറെ വിശേഷങ്ങള്‍ ഇനിയും ഉണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ജൂണ്‍ ഒന്നിന് കുറച്ചു സ്കൂള്‍ വിശേഷങ്ങള്‍ ഈ മുഖപുസ്തകത്തില്‍ പതിപ്പിച്ചിരുന്നു. അതിന്റെ ലിങ്ക് ആദ്യ കമന്റായി ചേര്‍ക്കാം. എന്നാലും തീരില്ലല്ലോ വിശേഷങ്ങള്‍. നമ്മള്‍ പഠിച്ചിരുന്ന സ്കൂളിനെ കുറിച്ചും ജീവിക്കുന്ന നാടിനെ കുറിച്ചും എത്ര പറഞ്ഞാലും തീരില്ലെന്നേ വിശേഷങ്ങള്‍. അത് എന്താണാവോ അങ്ങനെ. ഇത് ഒരു രോഗമാണോ ഡോക്ടര്‍ ? ആണെങ്കിലും അല്ലെങ്കിലും സ്കൂള്‍ വിശേഷങ്ങളുമായി വീണ്ടും വരാം ...

സജിത്കുമാർ

