PRAVASI

മതങ്ങളുടെ തടവിലല്ലാത്ത ക്രിസ്തുവിനെ കണ്ടെത്തിയ വിപ്ലവകാരനായ എഴുത്തുകാരൻ

Blog Image

ചരിത്രശാസ്ത്രവും മാർക്സിയൻ ദർശനവും, പ്രചോദനം, ആതതായികൾ, അർദ്ധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം - എന്നിങ്ങനെയുള്ള  പ്രധാനപ്പെട്ട പുസ്തകങ്ങൾ പലരും കേട്ടിരിക്കാൻ വഴിയില്ല. "നക്‌സലിസം ഒരു ചെറിയ മലയല്ല, വലിയ പർവ്വതമാണ്. അത് സാമ്രാജ്യത്വ ചൂഷണം, ഫ്യൂഡലിസം, അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ ഉയർത്തുന്ന വെല്ലുവിളിയാണെന്ന് നക്‌സലൈറ്റുകൾ മനസ്സിലാക്കിയില്ല. അതിന് ഏറ്റവും പ്രതികൂലമായി നിന്നത് തിരുത്തൽവാദം-റിവിഷനിസം-ആണ്. കേരളത്തെ സംബന്ധിച്ചിടത്തോളം തിരുത്തൽവാദം അധികാരശക്തികൂടിയായിരുന്നു.’ ഇടതുപക്ഷപ്രത്യയശാസ്ത്രങ്ങളിൽനിന്ന് നക്‌സലിസത്തിലേക്കും പിന്നീട് സുവിശേഷവേലയിലേക്കും വഴിമാറി സഞ്ചരിച്ച വെള്ളത്തൂവൽ സ്റ്റീഫൻ എന്ന വിപ്ലവകാരിയായ എഴുത്തുകാരന്റെ  കുമ്പസാരമായിരുന്നു ആ വാക്കുകൾ. 2022 ൽ പുറത്തിറക്കിയ  തന്റെ ആത്മകഥയുടെ പുറംചട്ടയിൽ എഴുതിയിരിക്കുന്ന പരിചയപ്പെടുത്തലും ഇതുതന്നെയാണ്.

ഞങ്ങളുടെ നാട്ടുകാരനായിരുന്നെങ്കിലും, കങ്ങഴയിലെ ചൂണ്ടമണ്ണിൽ കറിയാച്ചേട്ടനും കുടുംബവും പണ്ടേ ഹൈറേഞ്ചിലുള്ള വെള്ളത്തൂവൽ എന്ന സ്ഥലത്തേക്ക് കുടിയേറി പാർത്തവരായിരുന്നു. ഞങ്ങൾക്കും വണ്ടന്മേട്ടിൽ കുറെ സ്ഥലമുണ്ടായിരുന്നതിനാൽ എന്റെ പിതാവ്, അവിടുത്തെ അറിയപ്പെടുന്ന പ്രധാന കര്ഷകനുമായിരുന്നു.  വലിയ അവധിക്കു ചിലപ്പോളൊക്കെ വണ്ടന്മേട്ടിൽ പോയി തണുപ്പത്ത് കമ്പിളിയും പുതച്ചു കിടന്നതൊക്കെ ഇപ്പോഴും ഓർക്കുന്നു. ഒരിക്കൽ ചുണ്ടമണ്ണിൽ കറിയാച്ചേട്ടനും സ്റ്റീഫൻ എന്ന് പേരുള്ള മകനും അതുവഴി വന്നു അപ്പനുമായി കുശലം പറഞ്ഞിരുന്നതും പ്രത്യേകം ഓർക്കുന്നു.പക്ഷേ അവർ പോയിക്കഴിഞ്ഞപ്പോൾ എന്റെ പിതാവ് എന്നെ ഓർപ്പിച്ചു " അവനും മകനുമായിട്ടൊന്നും ഇടപെടാൻ പറ്റില്ല, പണ്ടേ അവര് നാട്ടിൽ അറിയപ്പെടുന്ന കമ്യൂണിസ്‌റ്റുകാരാ"!( അന്നത്തെ കാലത്ത് ക്രിസ്ത്യാനി എന്ന് പറഞ്ഞാൽ കോൺഗ്രസ്സ് തന്നെ, എന്നതായിരുന്നു പൊതു മാനദണ്ഡവും!)

എന്നാൽ വര്ഷങ്ങള്ക്കുശേഷം കേട്ടറിഞ്ഞത്, അന്ന് ഞാൻ കണ്ട "സ്റ്റീഫൻ ചേട്ടൻ", ഒരു സംഭവമായി വളർന്നുകഴിഞ്ഞിരുന്നുവെന്നാണ്.പ്രാഥമിക വിദ്യാഭ്യാസത്തിനിടയിൽ, പത്താം ക്‌ളാസ്സ് പൂർത്തീകരിക്കുന്നതിന് മുമ്പേ, പിതാവിന്റെ വഴിയേ പാർട്ടിയിലേക്ക്.  പാർട്ടി പിളർ​ന്നപ്പോൾ സി പി ഐ യിൽ ഉറച്ചു നിന്നു. തുടർന്ന് നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറി. തലശ്ശേരി പോലീസ് സ്‌റ്റേഷൻ ആക്രമണത്തിലൂടെ പ്രസ്ഥാനത്തിൽ സജീവമായി. തുടർന്ന് ഒളിവിൽപോയി കേരളത്തി​ലുട നീളം വിപ്ലവപാർട്ടികൾ കെട്ടിപ്പടുത്തു.

നക്സൽബാരി പ്രസ്ഥാനത്തിന്റെ കേരള ചരിത്രത്തിൽ നക്സൽ വർഗീസിനും അജിതയ്ക്കും കുന്നിക്കൽ നാരായണനുമൊപ്പം കേട്ട പേരാണ് ഒരാഴ്ച്ച മുമ്പ്  അന്തരിച്ച വെള്ളത്തൂവൽ സ്റ്റീഫന്റേത്. വെള്ളത്തൂവലിൽ ബീഡിതെറുപ്പിനായി കണ്ണൂരിൽനിന്നെത്തിയവരാണ് സ്റ്റീഫനിൽ വിപ്ലവത്തിന്റെ തിരികൊളുത്തിയത്.

സ്റ്റീഫൻ ചേട്ടൻ ഒരു അസാമാന്യ മനുഷ്യനായിരുന്നു; 1996ലോ മറ്റോ ദൂരദർശനിൽ, ബൈജു ചന്ദ്രൻ ചെയ്ത ഒരു ഡോക്യുമെന്ററിയിലാണ്  ആദ്യമായി സ്റ്റീഫൻ ചേട്ടനുമായുള്ള ഇന്റർവ്യൂ  കാണുന്നത്.സിപിഐ പ്രാദേശിക നേതാവായ സ്റ്റീഫൻ അക്കാലത്ത് കുടിയിറക്കിനെതിരേ ഹൈറേഞ്ച് കർഷക രക്ഷാസമിതി രൂപവത്കരിച്ച് പ്രവർത്തനം നടത്തിയിരുന്നു. നക്‌സൽ നേതാവ് കുന്നിക്കൽ നാരായണൻ സ്റ്റഡിക്ലാസിനായി വെള്ളത്തൂവലിൽ എത്തിയപ്പോൾ സ്റ്റീഫനെ കാണുകയും ഇരുവരും സൗഹൃദത്തിലാവുകയും ചെയ്തു. നക്സൽ പ്രസ്ഥാനത്തിലെത്തിയ സ്റ്റീഫൻ തുടർന്ന് തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കാളിയായി.

തലശ്ശേരിയിൽ എത്താനാണ് പറഞ്ഞിരുന്നത്, ആക്രമണത്തെ കുറിച്ച് നേരത്തേ അറിയിച്ചിരുന്നില്ലെന്ന് സ്റ്റീഫൻ പിന്നീട് പറഞ്ഞിരുന്നു. നായാട്ടിന് തോക്ക് ഉപയോഗിച്ചുള്ള പരിചയമാണ് സ്റ്റീഫനെ അവിടെ എത്തിച്ചത്.അതിനുശേഷമാണ് എ. വർഗീസിനൊപ്പം വയനാട്ടിൽ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചതും തിരുനെല്ലിയിലെ ആക്രമണത്തിൽ പങ്കാളിയാകുന്നതും.

നിരണം ആക്രമണത്തിനായി ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സാരമായി പൊള്ളലേറ്റിരുന്നു. തിരുവനന്തപുരത്ത് ഒളിവിൽ കഴിഞ്ഞായിരുന്നു ചികിത്സ. നഗരൂർ, കുമ്മിൾ ആക്രമണത്തിൽ നേരിട്ടോ അല്ലാതെയോ പങ്കെടുത്തിട്ടില്ലെന്ന് പിൽക്കാലത്ത് സ്റ്റീഫൻ പറഞ്ഞിരുന്നു.തിരുവനന്തപുരത്തുനിന്ന്‌ പിന്നീട് ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുവന്നു. കുമ്പളങ്ങിയിൽ ഒളിവിൽ കഴിയുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നിരവധി നക്‌സൽ ആക്രമണങ്ങളിൽ പ്രതിയായ സ്റ്റീഫനെ പിടിക്കാൻ പറ്റാത്തതിൽ പോലീസ് ഏറെ വിമർശനം കേട്ടിരുന്നു. 1971 ഏപ്രിൽ 5-ന് അറസ്റ്റ് ചെയ്യുമ്പോൾ 18 കേസിൽ പ്രതിയായിരുന്നു. പലതും കൊലപാതക കേസുകളും. പ്രധാന കേസുകളിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. 1982 വരെ പരോളില്ലാതെ 11 വർഷം ജയിലിൽ തുടർന്നു. വായിക്കാൻ പുസ്തകം ലഭിക്കാനായി 18 ദിവസം ജയിലിൽ നിരാഹാര സമരം നടത്തി. വയലാർ രവി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ആദ്യമായി 15 ദിവസത്തെ പരോളിൽ പുറത്തുവന്നത്. വീണ്ടും പരോളിൽ വന്ന സമയത്ത് ഇടതുകൈയിൽ ട്യൂമർ ബാധിച്ചു. മെഡിക്കൽ കോളേജിൽ കഴിയുമ്പോൾ ഭക്ഷണം നൽകിയത് പോലീസുകാരായിരുന്നു. 

ജയിലിൽവച്ചുതന്നെ ചാരുമജുംദാറിന്റെ ഉന്മൂലന​മാർ​ഗ്ഗത്തെ ഉപേക്ഷിച്ചു. പിന്നീട് അല്പകാലം സുവിശേഷപ്രവർത്തനത്തി​ലേക്ക് വഴിതിരിഞ്ഞു.ജയിൽമോചിതനായപ്പോൾ വിവിധ പാർട്ടിക്കാർ ക്ഷണിച്ചെങ്കിലും രാഷ്ട്രീയ പ്രവർത്തനത്തിനു പകരം സ്റ്റീഫൻ പോയത് രാഷ്ട്രീയ പഠനത്തിലേക്കായിരുന്നു. ഗാന്ധിജിയെയും നെഹ്‌റുവിനെയും പഠിച്ചു. കൊലപാതക രാഷ്ട്രീയം മാർക്സിസമല്ലെന്നും പ്രായോഗികമല്ലെന്നുമുള്ള ചിന്തയിലേക്കെത്തി.അയൽവാസിയായ ബാല്യകാലസഖി മാലതിയെ വിവാഹം കഴിച്ച് താമസം ചേലച്ചുവടിലേക്ക് മാറി. ജീവിതമാർഗത്തിനായി മാസ് ടെയ്‌ലേഴ്‌സ് എന്ന തയ്യൽക്കട തുടങ്ങി. ഈ കാലയളവിലാണ് ബൈബിൾ പഠനം തുടങ്ങിയത്. മതങ്ങളുടെ തടവിലല്ലാത്ത ക്രിസ്തുവിനെ കണ്ടെത്തിയെന്നാണ് സ്റ്റീഫൻ പറഞ്ഞിരുന്നത്. ആത്മീയ പ്രഭാഷണത്തിലേക്ക് തിരിഞ്ഞതും ഇക്കാലത്താണ്. ആത്മകഥയടക്കം എട്ടു പുസ്തകങ്ങളും അദ്ദേഹം എഴുതി.

ജയിൽ ജീവിതത്തിനുശേഷമുള്ള വെള്ളത്തൂവൽ സ്‌റ്റീഫനെ മലയാളികൾ വേണ്ടപോലെ മനസിലാക്കാതെ പോയതും, അർഹിക്കുന്ന പരിഗണന നല്കാതിരുന്നതും കേരളത്തിന് നഷ്ടമെന്നേ പറയാനാകൂ. ആഴത്തിലുള്ള അറിവ്, കൃത്യമായ വിശകലനം, ഓരോ സംഭാഷണത്തിലും ഒഴുകിപ്പരക്കുന്ന മനുഷ്യസ്നേഹം, കഴിഞ്ഞകാല ജീവിതത്തെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തലുകൾ ഇവയൊക്കെ അദ്ദേഹത്തിന്റെ എഴുത്തുകളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

"ചരിത്രവും മാർക്സിയൻ ദര്‍ശനവും" എന്ന അദ്ദേഹത്തിന്റെ പുസ്തകം വൈരുദ്ധ്യാത്മക ഭൗതിക പാദത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പഠനമാണ്,  സൗരയൂഥം - ഭൂമി അതിലെ ഓരോ ചരാചരങ്ങളുടെയും രൂപപ്പെടല്‍, മനുഷ്യന്റെ ഇന്നോളമുള്ള ഗതിക്രമത്തിന്റെ പൂര്‍വ്വകാല ചിത്രം, ഓരോ ചരാചരങ്ങളുടെയും രൂപപ്പെടല്‍ പരിണാമവികാസത്തിന്റെ ഗവേഷണ ചരിത്രപഠനം. ഭൂമി, ജലം, സസ്യജാലങ്ങള്‍, ജീവികള്‍, മനുഷ്യന്‍, സമൂഹം, മതം, വര്‍ഗ്ഗങ്ങള്‍, ഭരണകൂടങ്ങള്‍ എല്ലാം ഉത്ഭവിച്ചതും വികസിച്ചതുമായ വസ്തുനിഷ്ഠപഠനമാണ് ഈ പുസ്തകത്തിൽ ക്രോഡീകരിച്ചിരിക്കുന്നത്. ഇതു വഴി നമുക്ക് ഭാവിയെ ദര്‍ശിക്കാന്‍ സഹായിക്കുന്ന വിധത്തിൽ ചിന്തിക്കാനും എഴുതാനും അദ്ദേഹത്തിന് കഴിഞ്ഞെങ്കിൽ, വെള്ളത്തൂവൽ സ്റ്റീഫൻ ഒരു അസാമാന്യ പ്രതിഭാശാലി തന്നെ.
 
മാർക്സിസ്റ്റ് – ലെനിനിസ്റ്റ് – മാവോ ചിന്തയിലുള്ള വിശ്വാസം തകർന്നപ്പോൾ ക്രിസ്തുവിൽ അഭയം അദ്ദേഹം തേടാൻ ശ്രമിച്ചിരുന്നു. ക്രിസ്തീയ പ്രഭാഷണങ്ങൾ നടത്തി. അതു വാർത്തകൾ സൃഷ്ടിച്ചു. എന്നാൽ ആ പാതയിൽനിന്നു പിന്നീട് പിന്മാറി. 
ജി രാജീവ് നായർ (സഫാരി  ടീവി) അദ്ദേഹത്തെക്കുറിച്ച് ഒരു  സീരീസ് ഇന്റർവ്യൂ നടത്തിയിരുന്നു.അതേസമയം, വെള്ളത്തൂവൽ സ്റ്റീഫന്റെ ജീവിതം സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയിൽ ആസിഫ് അലി നായകനായി ഒരു സിനിമയും പണിപ്പുരയിലുണ്ട്.2022ൽ വെള്ളത്തൂവൽ സ്റ്റീഫന്റെ  ആത്മകഥ പുറത്തിറങ്ങിയത്  കേരളത്തിലെ സാഹിത്യ സമൂഹവും പൊതുജനങ്ങളും വ്യാപകമായി വായിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
സമരോത്സുകതയിൽ നിന്ന് സാഹിത്യ പ്രശംസയിലേക്കുള്ള അദ്ദേഹത്തിന്റെ ജീവിതയാത്ര കേരള ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാണ്.വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിക്കുമ്പോൾ 82 വയസ്സായിരുന്നു. ഏറെനാളായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു.

കേരള ചരിത്രത്തിലെ നിർണ്ണായക എടുകളിൽ ധീരതയോടെ ഇടപെടുകയും, തന്റെ സത്യസന്ധമായ കണ്ടെത്തലുകൾ പുസ്തകരൂപത്തിലാക്കി മലയാളികളെ പുളകിതരാക്കുകയും ചെയ്ത, സ്റ്റീഫൻ ചേട്ടന് ആദരാഞ്ജലികൾ.

 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.