PRAVASI

സഹാറ മരുഭൂമിയിലൂടെ ഒരു യാത്ര

Blog Image

ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറ വടക്കേ ആഫ്രിക്കയില്‍ പടിഞ്ഞാറു മൊറോക്കോ മുതല്‍ കിഴക്ക് ഈജിപ്റ്റ് വരേയും വടക്ക് മെഡിറ്ററേനിയന്‍ സമുദ്രം മുതല്‍ തെക്ക് സെന്‍ട്രല്‍ ആഫ്രിക്കവരെയും 11രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. 9.2 മില്യന്‍ സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ഭൂപ്രദേശം അമേരിക്കന്‍ ഐക്യനാടുകളെക്കാളും ആസ്ട്രേലിയ ഭൂഖണ്ടത്തേക്കാളും വലുതാണ്. 
ഒരു കാലത്ത് തടാകങ്ങളും പുല്‍മേടുകളും വൃക്ഷ ലതാദികളും നിറഞ്ഞതായിരുന്നു ഈ ഭൂപ്രദേശം. ഭൂമിയുടെ അച്ചുതണ്ടിന്‍റെ കറക്കത്തിലുള്ള വ്യതിയാനം മൂലം ഉളവാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായി ഇന്ന് മണല്‍കാടുകളും (Sand dunes) പാറക്കെട്ടുകളും നിറഞ്ഞ മരുഭൂമിയായി മാറ്റപ്പെട്ടു. ഇവിടെ നിന്നും കണ്ടെത്തിയ ഫോസിലുകളും ഭൂമിക്കടിയിലെ എണ്ണ നിക്ഷേപവും ഒരു കാലത്ത് ഇവിടെ ജീവിച്ചിരുന്ന ജീവികളുടേയും സസ്യങ്ങളുടെയും സാന്നിധ്യം വിളിച്ചറിയിക്കുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും മറ്റ് ഉപഗ്രഹങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളും ഫോട്ടോകളിലും അറ്റ്ലാന്‍റിക് സമുദ്രത്തിന് കുറുകെ സഞ്ചരിക്കുന്ന മണല്‍ കാറ്റുകളെ വ്യക്തമായി കാണുവാന്‍ സാധിക്കും. ഈ മണല്‍ കാറ്റുകള്‍ തെക്കെ അമേരിക്കയിലെ ആമസോണ്‍ കാടുകളില്‍ വരെ സഞ്ചരിക്കുകയും അവയെ പോഷക സമൃദ്ധമാക്കി കാടുകളുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. തവിട്ട് നിറത്തിലും ചുവപ്പ് നിറത്തിലുമുള്ള മണല്‍ മലകള്‍, മൗറിത്താനിയായിലെ പ്രസിദ്ധമായ സഹാറായുടെ കണ്ണുകള്‍(Eye of Sahara)  എന്നിവയും ബഹിരാകാശത്തുനിന്ന് ദര്‍ശിക്കുവാന്‍ സാധിക്കും. 
പകല്‍ കഠിന ചൂടും (520c), രാത്രി അസ്ഥി മരവിപ്പിക്കുന്ന തണുപ്പും (മൈനസ് 40c) അനുഭവപ്പെടുന്ന സഹാറായില്‍ മനുഷ്യവാസം വളരെ വിരളമാണ്. മരുഭൂമിയില്‍ അങ്ങിങ്ങായി കാണുന്ന മരുപ്പച്ചകള്‍ക്ക് ചുറ്റും താമസിക്കുന്ന 'ബര്‍ബര്‍' ഗോത്രവര്‍ഗ്ഗക്കാരും മരുഭൂമിയിലെ വാഹനമായ ഒട്ടകപ്പുറത്ത് സഞ്ചരിച്ച് വ്യാപാരം നടത്തുന്ന നാടോടി കച്ചവടക്കാരുടേയും ജീവിതം ഉഗ്രവിഷമുള്ള പാമ്പുകളും തേളുകളും നിറഞ്ഞ ഈ മരുഭൂമിയില്‍ ദുസ്സഹമാണ്.
മരുഭൂമിയില്‍ ധാരാളമായി കാണുന്ന ഉപ്പു പാറകള്‍ ഒരു കാലത്ത് സ്വര്‍ണ്ണത്തോളം വിലയേറിയതായിരുന്നു. ഈ പ്രദേശത്ത് താമസിക്കുന്നവര്‍ ഈ ഉപ്പു പാളികളും, ഔഷധ സസ്യങ്ങളും വ്യാപാരികള്‍ക്ക് കൈമാറി പകരം അവര്‍ക്ക് ആവശ്യമുള്ള നിത്യോപയോഗ വസ്തുക്കള്‍ അവരില്‍ നിന്നും വാങ്ങിക്കുകയും ചെയ്യുന്നു. മരുഭൂമിയിലെ കൊള്ളക്കാരെ ഭയന്ന് കൂട്ടമായി സഞ്ചരിക്കുന്ന ഈ വ്യാപാരികളില്‍ (Caravan) നിന്ന് ശേഖരിക്കുന്ന വസ്തുക്കള്‍ മൊറോക്കോയിലെ മരക്കേശ് പട്ടണത്തിലും മാലിയിലെ റ്റിബറ്റൂവിലും മറ്റും എത്തിച്ച് യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും കച്ചവടം നടത്തിയിരുന്നു. എ.ഡി. 1352 ല്‍ മൊറോക്കോയിലെ താന്‍ജിറില്‍ ജനിച്ച ലോക സഞ്ചാരിയായിരുന്ന ഇബനു ബത്തുത്ത തന്‍റെ യാത്രാവിവരണങ്ങളില്‍ ഈ കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പല നൂറ്റാണ്ടുകളായി ഈ പ്രദേശം വിദേശാധിപത്യത്തില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. ആദ്യം ഫിനിഷ്യരും പിന്നീട് റോമാക്കാരും ഇവിടം കൈയടക്കിയിരുന്നു. അതിനുശേഷം അറേബ്യന്‍ മരുഭൂമിയില്‍ നിന്നു കടന്നുവന്ന അറബികള്‍ ഇവിടം കൈയ്യടക്കുകമാത്രമല്ല അവരുടെ മതമായ ഇസ്ലാം മതത്തിലേക്കു പ്രാദേശിക ഗോത്രവര്‍ഗ്ഗക്കാരെ പരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്തു. പിന്നീട് വന്ന സ്പാനിഷുകാരും ഫ്രഞ്ചുകാരും അവരുടെ കോളനികള്‍ ഈ പ്രദേശത്തു സ്ഥാപിച്ചു. എന്നാല്‍ 1950 കളില്‍ ഈ പ്രദേശം സ്വതന്ത്രമായി.
സഹാറായിലെ സൂര്യോദയവും, അസ്തമനവും പ്രത്യേകത നിറഞ്ഞതാണ്. അതു നേരിട്ടു കാണുവാനും മരുഭൂമിയില്‍ രാത്രി താമസിക്കുവാനും, 'ബര്‍ബര്‍' ഗോത്രവര്‍ഗ്ഗക്കാരുടെ ആചാര രീതികള്‍ മനസ്സിലാക്കുവാനും ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ ഈ മരുഭൂമിയിലേക്ക് കടന്നുവരികയും ടെന്‍റുകളില്‍ താമസിക്കുകയും ചെയ്യാറുണ്ട്. ഈയിടെ ചില ദിവസങ്ങള്‍ സഹാറായിലൂടെ യാത്രചെയ്യുവാനും മരുഭൂമിയില്‍ താമസിക്കുന്ന 'ബര്‍ബര്‍' ഗോത്രക്കാരുടെ ജീവിതരീതികള്‍ കണ്ടു മനസ്സിലാക്കാനും എനിക്കിടയായി. ഒരു കാലത്ത് ക്രിസ്തീയ വിശ്വാസം പുലര്‍ത്തിയിരുന്ന 'ബര്‍ബര്‍' ഗോത്രവര്‍ഗ്ഗങ്ങള്‍ ഭൂരിപക്ഷവും ഇന്ന് ഇസ്ലാം മത വിശ്വാസികളാണ് എന്നാല്‍ അവരുടെ മുന്‍കാലങ്ങളിലെ പല നല്ല കാര്യങ്ങളും ഇന്നും അവര്‍ പിന്‍തുടരുന്നുണ്ട്. യെശയ്യാ പ്രവചനത്തില്‍ പറയുന്നതുപോലെ "മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും, നിര്‍ജന പ്രദേശം ഉല്ലസിച്ചു പനിനീര്‍ പുഷ്പം പോലെ പൂക്കും; മരുഭൂമിയില്‍ വെള്ളവും നിര്‍ജ്ജന പ്രദേശത്തു തോടുകളും പൊട്ടിപുറപ്പെടും മരീചിക ഒരു പൊയ്കയായും വരണ്ട നിലം നീരുറവകളായും തീരും" (യെശയ്യ 35:1-10). പ്രവാചകന്‍ പറയുന്നതുപോലുള്ള മാറ്റങ്ങള്‍ ഈ മരുഭൂമിയില്‍ നടക്കുവാനുള്ളകാലം ആസന്നമായിരിക്കുകയാണ്. ആ ദിനങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം.

ഡോ. ജോര്‍ജ് മാത്യു, ന്യൂജേഴ്സി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.