VAZHITHARAKAL

സംഘാടനത്തിന്റെ വേറിട്ട ശബ്ദം: രഞ്ജൻ എബ്രഹാം

Blog Image

വിജയിക്കുവാനുള്ള ഏറ്റവും
നല്ല മാര്‍ഗ്ഗം നിങ്ങള്‍ ഇഷ്ടപ്പെടുന്നത് കണ്ടെത്തുകയും സേവനത്തിന്‍റെ രൂപത്തില്‍ മറ്റുള്ളവര്‍ക്ക് അത് നല്‍കാനുള്ള വഴി കണ്ടെത്തുകയും ചെയ്യുക എന്നതാണ് 


മേരിക്കൻ  മലയാളി സംഘടനാ ചരിത്രം പരിശോധിച്ചാല്‍ നൂറുകണക്കിന് സംഘടനകള്‍, ആയിരക്കണക്കിന് നേതൃത്വങ്ങള്‍  ഈ സമൂഹത്തിന്‍റെ വഴിത്താരയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. നമ്മുടെ മുന്‍പില്‍കൂടി കടന്നുപോയ എത്രയോ മുഖങ്ങള്‍. അതില്‍  വ്യത്യസ്തമായ ഒരു മുഖം നമുക്ക് പലപ്പോഴും ഓര്‍ത്തെടുക്കുവാന്‍ സാധിച്ചു എന്ന് വരില്ല.
എന്നാല്‍ ഏത് സംരംഭങ്ങളുടേയും ഉത്തരവാദിത്വം ഏറ്റെടുത്താലും അവ നടപ്പിലാക്കുന്നതില്‍ വ്യത്യസ്തനായ ഒരു സാമൂഹ്യ പ്രവര്‍ത്തകനെ ഈ വഴിത്താരയില്‍ നമുക്ക് പരിചയപ്പെടാം. രഞ്ജന്‍ എബ്രഹാം.


ആമുഖം ആവശ്യമില്ലാത്ത സംഘാടകന്‍, സാമൂഹ്യ
പ്രവര്‍ത്തകന്‍

നമുക്ക് ഓരോരുത്തര്‍ക്കും വിരലടയാളം പോലെ തന്നെ വ്യക്തിഗതമായ മറ്റൊരു മുദ്ര ഉണ്ട്. അത് നാം സ്വയം ഉണ്ടാക്കിയെടുക്കുന്ന അല്ലെങ്കില്‍ നമുക്ക് സമൂഹം സമ്മാനിക്കുന്ന ഒന്നാവാം. ആ മുദ്ര സമൂഹ നന്മയ്ക്കായി ഉപയോഗിക്കുന്നയാളാണ് യഥാര്‍ത്ഥ സാമൂഹ്യ പ്രവര്‍ത്തകന്‍. അങ്ങനെയൊരു ചിന്തയും, പ്രവൃത്തിയും അമേരിക്കന്‍ മലയാളി സമൂഹത്തിന് സമ്മാനിക്കുന്ന രഞ്ജന്‍ എബ്രഹാം പത്തനംതിട്ട, തടിയൂര്‍ ഏറാട്ട് ഏബ്രഹാമിന്‍റേയും, ഏലിയാമ്മയുടേയും അഞ്ച് മക്കളില്‍ ഇളയ പുത്രനാണ്.
തടിയൂര്‍ ഗവണ്‍മെന്‍റ് എല്‍ പി സ്കൂള്‍, തടിയൂര്‍ എന്‍. എസ്. എസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക  വിദ്യാഭ്യാസം. ഹൈസ്കൂള്‍ കാലഘട്ടത്തില്‍ സ്പോര്‍ട്സില്‍ രണ്ടുവര്‍ഷം സ്കൂള്‍ ചാമ്പ്യന്‍ ആയിരുന്നു. ജില്ലാ തലത്തിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
കോഴഞ്ചേരി സെന്‍റ്തോമസ് കോളജില്‍ പ്രീഡിഗ്രി പഠനം. പിന്നീട്  ഐ.ടി.സി.യിലേക്ക്. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്. പക്ഷെ കോഴ്സ് പൂര്‍ത്തിയാക്കിയില്ല. തുടര്‍ന്ന് നാട്ടില്‍ ഇലക്ട്രിക് ജോലികള്‍ ചെയ്യാന്‍ തുടങ്ങി. ഏത് ജോലി ചെയ്താലും അതില്‍ തന്‍റേതായ ഒരു പൂര്‍ത്തീകരണം ഉണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ശൈലി. ഏറ്റെടുക്കുന്ന ജോലികളിലെ കൃത്യത കൊണ്ട്  നിരവധി വീടുകളുടെ ഇലക്ട്രിക് ജോലികള്‍ അക്കാലത്ത് ലഭിച്ചു. ജീവിതത്തിന്‍റെ കണക്ക് പുസ്തകത്തിലെ അധികമാരും അറിയപ്പെടാത്ത ഒരു കാലഘട്ടമായിരുന്നു അത്.


ഡല്‍ഹിയില്‍ നിന്നും അമേരിക്കയിലേക്ക്
1986-ല്‍ ഡല്‍ഹിയിലേക്ക്. ആരോഗ്യമേഖലയിലെ ജോലി ലക്ഷ്യം വെച്ചുള്ള യാത്രയായിരുന്നു അത്. ഹരിയാനയിലെ സിര്‍സയില്‍ ജീവിതത്തിന്‍റെ മറ്റൊരു ലക്ഷ്യത്തിനായി അന്വേഷണം. ലബോറട്ടറി കോഴ്സ് പഠനത്തിന് ചേര്‍ന്നു. അതിനുശേഷം മൂന്നുവര്‍ഷം ഡല്‍ഹിയില്‍ ജോലി. ഇക്കാലത്താണ് 1989-ല്‍ സൗദിയില്‍ നേഴ്സായ കോട്ടയം മുട്ടുചിറ ജോസഫിന്‍റേയും, ഏലിയാമ്മയുടെയും മകള്‍ ലില്ലി രഞ്ജന്‍ എബ്രഹാമിന്‍റെ ജീവിത സഖിയാകുന്നത്. 
1992-ല്‍ രഞ്ജന്‍ അമേരിക്കയിലേക്ക്. നിരവധി ജോലികള്‍ക്കായി ശ്രമിച്ചുവെങ്കിലും ഒന്നും ലഭിച്ചില്ല. ഒരു സുഹൃത്തിന്‍റെ സഹായത്തോടെ മിക് ഡൊണാള്‍സില്‍  ജോലി ലഭിച്ചു. ആറുമാസം കഴിഞ്ഞപ്പോള്‍ മാനേജര്‍ തസ്തികയിലേക്ക് ഉയര്‍ന്നു. 3 വര്‍ഷം അവിടെ ജോലി ചെയ്തു. കമ്പനികള്‍ മാറിമാറി ചില ജോലികള്‍കൂടി ചെയ്തു. 2002-ല്‍ ഗ്യാസ് സ്റ്റേഷന്‍ ബിസിനസിലേക്ക് തിരിഞ്ഞു. ഇപ്പോള്‍ ഈ ബിസിനസില്‍ മുന്നോട്ട്.


ചിക്കാഗോ മലയാളി അസ്സോസിയേഷനിലേക്ക്
അമേരിക്കയില്‍ എത്തിയ ശേഷം ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ മെമ്പറായി. തുടര്‍ന്ന് ബോര്‍ഡ് മെമ്പര്‍, 2002ല്‍ ജോ. സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡന്‍റ്, 2017-18 കാലയളവില്‍ പ്രസിഡന്‍റും ആയി. കേരളം വിട്ടാല്‍ മലയാളിയുടെ സാമൂഹ്യ ബോധത്തിന്‍റെ നന്മ തിരിച്ചറിഞ്ഞ നാളുകളിലൂടെയുള്ള യാത്രയാണ് അവരുടെ പൊതുപ്രവര്‍ത്തന കാലം. രഞ്ജന്‍ എബ്രഹാമും ആസ്വദിച്ച ഒരു പ്രവര്‍ത്തന കാലയളവായിരുന്നു അത്.
നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ഒരു സമൂഹത്തില്‍ മാറ്റവും, സന്തോഷവും ഉണ്ടാക്കുവാന്‍ സാധിക്കുന്നിടത്താണ് സമാധാനം നിലകൊള്ളുന്നത്. പാഴായിപ്പോകാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച കാലമായിരുന്നു അതെന്ന് അദ്ദേഹം ഓര്‍മ്മിച്ചെടുക്കുന്നു. ചിക്കാഗോ മലയാളി അസ്സോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുവാന്‍ വേണ്ട പദ്ധതികള്‍ തയ്യാറാക്കി. എല്ലാ മാസവും ജീവിതത്തിരക്കിനിടയില്‍ എല്ലാവരുമായി ഒത്തുകൂടാനുള്ള വേദിയാക്കി സംഘടനയെ വളര്‍ത്തിയെടുത്തു.


ഫോമയിലേക്ക്
ചിക്കാഗോ മലയാളി അസ്സോസിയേഷന്‍റെ പ്രസിഡന്‍റ് പദവിയില്‍നിന്ന് ഫോമയുടെ അംഗത്വത്തിലേക്കും, റീജിയണല്‍ ട്രഷററായും ഇപ്പോള്‍ സെക്രട്ടറിയായും വളര്‍ന്നു.ഗ്ലെന്‍വ്യൂ മലയാളികള്‍  സംഘടിപ്പിച്ച ജൂലൈ നാല് സ്വാതന്ത്ര്യദിന പരേഡ് ചെയര്‍മാന്‍, ഫോമ യൂത്ത് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ നേതൃത്വപരമായ അംഗീകാരത്തിന് രഞ്ജന്‍ എബ്രഹാമിനെ തെരഞ്ഞെടുക്കുമ്പോള്‍ പുതുതലമുറയുടെ പള്‍സ്കൂടി തിരിച്ചറിയാവുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാവുകയായിരുന്നു രഞ്ജന്‍ എബ്രഹാം. ചിക്കാഗോ മലയാളി അസ്സോസിയേഷന്‍റെ കലാമേളയ്ക്ക് ഏഴ് തവണ ചുക്കാന്‍ പിടിച്ച അദ്ദേഹത്തിന്‍റെ സംഘടനാ പാടവത്തിന് ലഭിച്ച ആദരവുകൂടിയാണ്  അദ്ദേഹത്തിന് ലഭിക്കുന്ന ഓരോ അംഗീകാരങ്ങളും. ഏത് സംഘടനയ്ക്കൊപ്പം പ്രവര്‍ത്തിച്ചാലും ആത്മാര്‍ത്ഥമായും പൊതുനന്മ ലക്ഷ്യമാക്കിയും പ്രവര്‍ത്തിക്കുക എന്നതാണ് രഞ്ജന്‍ എബ്രഹാമിന്‍റെ പോളിസി.


എക്യുമെനിക്കല്‍ പ്രവര്‍ത്തനങ്ങള്‍
നാട്ടില്‍ തെള്ളിയൂര്‍ സെന്‍റ് ഫ്രാന്‍സിസ് സേവിയര്‍ മലങ്കര കാത്തലിക്ക് പള്ളി ഇടവക അംഗമാണ് രഞ്ജന്‍ എബ്രഹാം. ചിക്കാഗോ സെന്‍റ് മേരീസ് മലങ്കര കാത്തലിക് ചര്‍ച്ചിന്‍റെ മെമ്പര്‍ എന്ന നിലയില്‍ ഏകദേശം എട്ടു  വര്‍ഷം ട്രഷററായും, ജോ. സെക്രട്ടറിയായും, ജോ. ട്രഷററായും നിസ്വാര്‍ത്ഥ പ്രവര്‍ത്തനം. സഭാ കൗണ്‍സില്‍ അംഗം, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, എക്യുമെനിക്കല്‍ കൗണ്‍സില്‍ ട്രഷറര്‍, ഓഡിറ്റര്‍, കൂടാതെ എക്യുമെനിക്കല്‍ കൗണ്‍സില്‍ മെമ്പര്‍ ആയി വര്‍ഷങ്ങളായി  പ്രവര്‍ത്തനം. സാമൂഹ്യ പ്രവര്‍ത്തന വഴികള്‍ക്കൊപ്പം ആത്മീയതയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായതിന് പിന്നില്‍ ഒരു ലക്ഷ്യമെ ഉണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന്. സദാ കര്‍മ്മനിരതനായിരിക്കുക, മറ്റുള്ളവര്‍ക്ക് നന്മയുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക, സാമൂഹ്യ പ്രവര്‍ത്തന ലക്ഷ്യവും മതപരമായ സംഘടനാ പ്രവര്‍ത്തന ലക്ഷ്യവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന തിരിച്ചറിവ് ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം.
ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ കലാമേള, ഫോമ കലാമേള, എക്യുമെനിക്കല്‍ കലാമേള എന്നിവയ്ക്കെല്ലാം രഞ്ജന്‍ എബ്രഹാം നേതൃത്വം നല്‍കിയിട്ടുണ്ട്. ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ആയിരുന്ന സമയത്ത് കേരളത്തിന്‍റെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് അസ്സോസിയേഷന്‍റെ വകയായി ഇരുപതിനായിരം ഡോളര്‍  സഹായം നല്‍കി. കെ.ജെ. മാക്സി എം.എല്‍.എയ്ക്കൊപ്പം കേരള മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് തുക നല്‍കുവാനും  സാധിച്ചു. സഹായം ആവശ്യമുണ്ടെന്ന് തോന്നുന്ന എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു നിമിത്തമായി  മാറാന്‍ രഞ്ജന്‍ എബ്രഹാം ശ്രമിക്കാറുണ്ട്.
ചിക്കാഗോ ഇംപീരിയല്‍ ക്ലബ് പ്രസിഡന്‍റ്, കേരളാ ക്ലബ്മെമ്പര്‍, ചിക്കാഗോ ചെണ്ട ക്ലബ് സെക്രട്ടറി (2018), എന്നീ നിലകളിലും സജീവമായ രഞ്ജന്‍ എബ്രഹാം കലാ, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പ്രത്യേക അഭിരുചിയും, കഴിവും ഉള്ള വ്യക്തിയാണ്. ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെയും പരാതികള്‍ക്ക് ഇടനല്‍കാതെയും ചെയ്യുക എന്നതാണ് ഒരു പൊതുപ്രവര്‍ത്തകന്‍റെ ദൗത്യം എന്ന് വീണ്ടും വീണ്ടും നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് രഞ്ജന്‍ എബ്രഹാം.
പുതിയ തലമുറ, രാഷ്ട്രീയം
അമേരിക്കയിലെ മലയാളി സമൂഹത്തില്‍ നിന്ന് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് അമേരിക്കന്‍ രാഷ്ട്രീയധാരയില്‍ സജീവമാകുന്നത്. ഇതിന് ഒരു മാറ്റമുണ്ടാകണമെന്ന് രഞ്ജന്‍ എബ്രഹാം ആഗ്രഹിക്കുന്നു. മലയാളി പുതുതലമുറയിലെ കുട്ടികള്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം. ഓരോ വില്ലേജില്‍ നിന്നും അവരുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കണം. അതിന് മലയാളിസമൂഹത്തിന്‍റെ പിന്തുണ ഉണ്ടാവണം. അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് മലയാളി യുവസമൂഹം ചുവടുറപ്പിക്കുന്ന കാലം അതിവിദൂരമല്ലെന്ന് അദ്ദേഹം സ്വപ്നം കാണുന്നു.


കുടുംബം, ശക്തി
ഒരു കാരുണ്യ പ്രവര്‍ത്തനവും, അത് എത്ര ചെറുതാണെങ്കിലും ഒരിക്കലും അത് പാഴായി പോകില്ല എന്ന ചിന്താഗതിയിലാണ് രഞ്ജന്‍ എബ്രഹാമിന്‍റെ സാമൂഹ്യ പ്രവര്‍ത്തനം നിലകൊള്ളുന്നത്. ഇതിന് പിന്തുണ നല്‍കുന്നത് നേഴ്സുകൂടിയായ ഭാര്യ ലില്ലിയും മക്കളായ റിജില്‍ (ഒക്കുപ്പേഷണല്‍ തെറാപ്പി), റിനില്‍ (ഫാര്‍മസി) എന്നിവരാണ്. ഒപ്പം നില്‍ക്കുന്ന ഈ മൂവര്‍ സംഘമാണ് രഞ്ജന്‍ എബ്രഹാമിന്‍റെ പ്രവര്‍ത്തനങ്ങളുടെ നട്ടെല്ല് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.
ഓരോരുത്തര്‍ക്കും ജീവിതത്തില്‍ ഓരോ ലക്ഷ്യങ്ങളും വ്യത്യസ്തങ്ങളായ കഴിവുകളും ഈശ്വരന്‍ നല്‍കിയിട്ടുണ്ട്. അവര്‍ മറ്റുള്ളവര്‍ക്കായി നല്‍കാന്‍ അതുല്യമായ സമ്മാനങ്ങള്‍ കരുതി വയ്ക്കുന്നു. അവ വാക്കായും പ്രവൃത്തിയായും മാറുന്നതോടെ അവയുടെ ലക്ഷ്യം പൂര്‍ണ്ണതയിലെത്തുന്നു. എല്ലാ ലക്ഷ്യങ്ങളുടേയും പൂര്‍ണ്ണത ആത്മാവിന്‍റെ ആനന്ദവും ആഹ്ളാദവും കൂടിയാണ്. അത് കണ്ടെത്താന്‍ കഠിനാധ്വാനം ചെയ്യുകയും അതില്‍ പരിപൂര്‍ണ്ണ വിജയം കണ്ടെത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നിടത്താണ് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാകുന്നത്.
അതെ, രഞ്ജന്‍ എബ്രഹാം വ്യത്യസ്തനായ ഒരു മനുഷ്യനാണ്. ഒപ്പമുള്ളവരെ നന്മയിലേക്ക് ഉയര്‍ത്തുവാന്‍, പിന്നാലെ വരുന്നവര്‍ക്ക് താങ്ങും തണലുമാകാന്‍ ,തന്‍റെ വഴിത്താരയില്‍ പൂത്തുനില്‍ക്കുവാന്‍ സദാ തയ്യാറായി നില്‍ക്കുന്ന ഒരു നന്മമരം.
ഈ വഴിത്താരയില്‍ അവയെല്ലാം വരും തലമുറയ്ക്ക് തണല്‍ മരമാകുവാന്‍ രഞ്ജന്‍ എബ്രഹാമിന് സാധിക്കട്ടെ. പ്രാര്‍ത്ഥനകള്‍...

Related Posts