ഡാളസ് : ഡാളസ് മെട്രോപ്ലക്സിൽ ദൈവകൃപയുടെയും വിശ്വസ്തതയുടെയും മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന ഫിലഡൽഫിയ സഭ റോളറ്റിൽ പുതിയതായി വാങ്ങിയ ആരാധനാലയത്തിൻ്റെ പ്രതിഷ്ഠാ ശുശ്രൂഷ നടന്നു. ഏപ്രിൽ 25 ശനിയാഴ്ച സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.സി. ജേക്കബ് സമർപ്പണ പ്രാർത്ഥനയും, ഉദ്ഘാടനവും നിർവ്വഹിച്ചു. ദൈവമഹത്വത്തിനായി പ്രാർത്ഥനാപൂർവ്വം സമർപ്പിച്ച പ്രസ്തുത ആലയം, ദൈവമഹത്വത്തിൻ്റെ വാസസ്ഥലം ആയിരിക്കുമ്പോൾ തന്നെ വിശ്വാസ സമൂഹത്തിൻ്റെ ഐക്യതയുടേയും, ഒപ്പം ദൈവീക വിടുതലുകളുടേയും, അത്ഭുതങ്ങളുടേയും, ഉണർവ്വിൻ്റെയും സമന്വയ കേന്ദ്രമായിരിക്കും എന്ന് തൻ്റെ സമർപ്പണാ ശുശ്രൂഷാ സന്ദേശത്തിൽ അദ്ദേഹം പ്രസ്താവിച്ചു. ഗാർലൻഡ് നഗരത്തിൽ ഏതാനും കുടുംബങ്ങളുമായി 1996-ൽ സ്ഥാപിതമായ ഫിലദൽഫ്യ സഭ
മുപ്പത് വർഷത്തെ യാത്രയ്ക്കിടയിൽ വലിയ വളർച്ചയാണ് കൈവരിച്ചത്.
നാളിതുവരെ ദൈവത്തിന്റെ അചഞ്ചലമായ വിശ്വസ്തതയും, കരുതലും അനുഭവിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സഭയുടെ മുൻ ശുശ്രൂഷകൻമാരായിരുന്ന പാസ്റ്റർമാരായ സാമുവൽ ഐസക്, ജോസഫ് ഡാനിയേൽ, തോമസ് ജോർജ്, ഷിബു സാമുവൽ എന്നിവർ സഭയുമായി ബന്ധപ്പെട്ട ഗതകാല സ്മരണകളും , ആശംസകളും ചടങ്ങിൽ പങ്കിട്ടു. ഡാളസ് മെട്രോപ്ലെക്സിലും, ഒക്കലഹോമയിൽ നിന്നുമുള്ള നിരവധി പാസ്റ്റർമാരും, വിശ്വാസികളും ആഘോഷത്തിൽ പങ്കുചേർന്നു. റോളറ്റ് സിറ്റി മേയർ ജെഫ് വിൻഗെറ്റും പ്രത്യേക ക്ഷണിതാവായി എത്തിയിരുന്നു. 30 വർഷം പിന്നിടുന്ന ദൈവസഭയ്ക്ക് ഇപ്പോൾ പാസ്റ്റർ പി. സി. ജേക്കബ് (ലീഡ് പാസ്റ്റർ), ബ്രദർ ജോർജ്ജ് ആര്യപള്ളിൽ (സെക്രട്ടറി), ബ്രദർ ഫെർഗുസൺ ജോൺ (ട്രഷറർ), ബ്രദർ ലിയോൺ തരകൻ (യൂത്ത് ഡയറക്ടർ), സിസ്റ്റർ ഷീബ തോമസ് (സിസ്റ്റേഴ്സ് കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകുന്നു. ആരാധന, കൂട്ടായ്മ, സുവിശേഷവൽക്കരണം എന്നീ ദൗത്യങ്ങളിൽ സഭ തുടർന്നും പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് നേതൃത്വം അറിയിച്ചു.




