PRAVASI

പതിമൂന്നാം വയസ്സിൽ അച്ഛനും അമ്മയും ഉപേക്ഷിച്ചു, 13 വർഷം ബാലഭവനിൽ;വിജയകുമാർ പഠിച്ചു അസി. പ്രൊഫസറായി

Blog Image

ചെറിയകാര്യങ്ങളിൽപ്പോലും മനോവിഷയംപേറി നടക്കുന്നവർ മനസ്സിലാക്കണം, അതിയായ ആഗ്രഹവും കഠിനാധ്വാനവും മാത്രം മതി, മറ്റെല്ലാം നമ്മെത്തേടിവരും.
 "മനസ്സിലൊരു ആഗ്രഹമുണ്ടെങ്കിൽ അത് സാധിച്ചുതരാൻ ഈ ലോകംമുഴുവൻ നമ്മുടെകൂടെ നിൽക്കും" എഴുത്തുകാരൻ പൗലോ കൊയ്ലോയുടെ വാക്കുകളേക്കാൾ മനോഹരമാണ് പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ മലയാളം അധ്യാപകൻ വിജയകുമാറിന്റെ ജീവിതം.
എല്ലാവരുമുണ്ടായിട്ടും അനാഥനായി കഴിയേണ്ടിവന്ന തന്നെ കൈപിടിച്ചുയർത്തിയ മനുഷ്യ സ്നേഹികൾക്കുള്ള സമ്മാനമാണ് കോട്ടയം സ്വദേശി വിജയകുമാറിൻ്റെ വിജയസ്മ‌ിതം.
 29-ാം വയസ്സിൽ സർക്കാർ കോളേജിലെ മലയാളവിഭാഗം അസി. പ്രൊഫസറായി പ്രവേശിക്കുമ്പോൾ യാതനകളുടെ ഓർമകളല്ല, പകരം വിജയക്കുതിപ്പിൻ്റെ ആത്മവിശ്വാസം വിദ്യാർഥികൾക്ക് പകർന്നുനൽകുകയാണ് ഈ യുവാവ്.
അച്ഛനും അമ്മയും ഉപേക്ഷിച്ച നാലുമക്കളിൽ ഇളയവനായിരുന്നു വിജയകുമാർ. മൂന്നുവയസ്സാണ് അന്ന് വിജയകുമാറിന്. എട്ടു വയസ്സുവരെ അച്ഛമ്മയുടെകൂടെ കഴിഞ്ഞു. അവരുടെ മരണശേഷം അച്ഛന്റെ അമ്മായിക്കൊപ്പം കുറച്ചുനാൾ. ഒടുവിൽ ജ്യേഷ്‌ഠനൊപ്പം കോട്ടയം ചെങ്ങളം ഈസ്റ്റിലെ ബത്ലഹേം ബാലഭവനിലെത്തി. രണ്ട് ചേച്ചിമാർ കോട്ടയത്തെ മറ്റൊരു അനാഥാലയത്തിലുമായി.
പ്ലസ്‌ടു സയൻസെടുത്ത് നല്ല മാർക്കുണ്ടായിട്ടും എന്തിന് ബിരുദത്തിന് ഐശ്ചികവിഷയമായി മലയാളം തിരഞ്ഞെടുക്കുന്നു എന്ന ചോദ്യം വകവെക്കാതെ പാലാ സെയ്ൻറ് തോമസ് കോളേജിൽ ബി.എ. മലയാളത്തിന് ചേർന്നു. രണ്ടാം റാങ്കോടെ ജയിച്ചു. ഇടക്കാലത്ത് അമ്മ തിരിച്ചെത്തി.
ബാലഭവനിലെ പതിമൂന്നുവർഷത്തെ ജീവിതം പൂർത്തിയാക്കി ഇരുപതാം വയസ്സിൽ പടിയിറങ്ങി. തുടർന്ന്, കുടുംബത്തോടൊപ്പം താമസമാക്കി. കാലടി ശ്രീശങ്കരാചാര്യ സംസ്കൃ‌ത സർവകലാശാലയിൽ എം.എ. മലയാളത്തിന് ചേർന്നു.


ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ഹയർ എജുക്കേഷൻ സ്കോളർഷിപ്പിന് അർഹനായി. ആദ്യശ്രമത്തിൽ യു.ജി.സി. നെറ്റും തുടർന്ന്, ജെ.ആർ.എഫും നേടി. കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ ഒന്നാംറാങ്കോടുകൂടി എം.ഫിൽ പൂർത്തിയാക്കി. മലയാളം വ്യാകരണത്തിൽ പി.എച്ച്.ഡി.യും നേടി.
ആദ്യശ്രമത്തിൽ അസി. പ്രൊഫസർ തസ്തികയിലേക്കുള്ള പി.എസ്.സി. പരീക്ഷയും ജയിച്ചു. അധ്യാപകനായി ആദ്യമെത്തുന്നത് പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ. സഹോദരങ്ങളെല്ലാം വിവാഹിതരായി. ജ്യേഷ്ഠനൊപ്പം കോട്ടയത്തെ വീട്ടിലായിരുന്നു വിജയകുമാർ.
ലക്ഷ്യത്തിലെത്തിയപ്പോൾ വിജയകുമാർ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ...;
"സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയപരമോ കുടുംബപരമോ ആയ യാതൊരു സ്വാധീനവുമില്ലാതെ ഏറ്റവും സാധാരണമായി, നാട്ടിലെ സർക്കാർസ്ഥാപനങ്ങളിൽ പഠിച്ചുമാത്രം നേടിയ വിജയമാണിത്" കുറിപ്പിന്റെ ഉദ്ദേശ്യം ഒന്നുമാത്രമായിരുന്നു. ചെറിയകാര്യങ്ങളിൽപ്പോലും മനോവിഷയംപേറി നടക്കുന്നവർ മനസ്സിലാക്കണം, അതിയായ ആഗ്രഹവും കഠിനാധ്വാനവും മാത്രം മതി, മറ്റെല്ലാം നമ്മെത്തേടിവരും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.