കേരളത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ 'കേരളം' എന്നാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ ദീർഘകാലമായുള്ള ആവശ്യത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഈ ചരിത്രപരമായ തീരുമാനത്തിന് അംഗീകാരം നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കേന്ദ്ര സർക്കാർ കൈക്കൊണ്ട ഈ നടപടി രാഷ്ട്രീയമായും ഏറെ പ്രാധാന്യമർഹിക്കുന്നു.

കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ഇനി 'കേരള (പേരുമാറ്റം) ബിൽ 2026' എന്ന പേരിലുള്ള കരട് ബില്ലിൽ ഭരണഘടനാപരമായ നടപടികൾ ആരംഭിക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം, നിർദിഷ്ട ബിൽ രാഷ്ട്രപതി കേരള നിയമസഭയുടെ അഭിപ്രായം തേടുന്നതിനായി അയച്ചുകൊടുക്കും. സംസ്ഥാന നിയമസഭയുടെ മറുപടി ലഭിച്ച ശേഷം, രാഷ്ട്രപതിയുടെ ശുപാർശയോടെ ഈ ബിൽ പാർലമെന്റിൽ അവതരിപ്പിക്കും. പാർലമെന്റ് ഇത് പാസാക്കുന്നതോടെ ഔദ്യോഗികമായി പേര് മാറ്റം പ്രാബല്യത്തിൽ വരും.
മലയാള ഭാഷയിൽ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാണ്. ഇത് ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലും ഔദ്യോഗിക രേഖകളിലും ഒരുപോലെയാക്കണമെന്ന ആവശ്യം നേരത്തെ തന്നെയുണ്ട്. 2024 ജൂൺ 24-ന് കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി കേന്ദ്രത്തോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ മുതൽ മലയാളികൾക്ക് ഇത് 'കേരളം' ആണ്. സംസ്ഥാനത്തിന്റെ സാംസ്കാരികവും ഭാഷാപരവുമായ സ്വത്വം നിലനിർത്താൻ ഈ പേരുമാറ്റം അത്യാവശ്യമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടിയിരുന്നു.സംസ്ഥാനത്തിന്റെ അഭ്യർത്ഥന ആഭ്യന്തര മന്ത്രാലയം വിശദമായി പരിശോധിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിന് അംഗീകാരം നൽകുകയും ചെയ്തു. നിയമ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകളും നിർദേശത്തോട് യോജിച്ചു. തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം നീങ്ങുന്നതിനിടെ വന്ന ഈ പ്രഖ്യാപനം കേരളത്തിലെ സാംസ്കാരിക വികാരങ്ങളെ സ്വാധീനിക്കുമെന്നുറപ്പാണ്.

