PRAVASI

എൻ്റെ ഹൃദയത്തിലെ രണ്ട് ലോകങ്ങൾ

Blog Image


​പെരിയാറിൻ്റെ ഓളപ്പരപ്പിൽ പരിചിതമായൊരു വെള്ളി വെളിച്ചം തൂകി, ഉച്ചവെയിൽ ആ നദീതീരത്ത് ഭാരത്തോടെ പെയ്തിറങ്ങുകയായിരുന്നു. എന്നാൽ ആ പാലത്തിനരികിൽ നിൽക്കുമ്പോൾ, ചുറ്റുമുള്ള കാറ്റിൻ്റെ താളം എനിക്ക് തീർത്തും അപരിചിതമായി തോന്നി.

​ 42 വർഷങ്ങൾക്ക് മുൻപ്, ഈ പുഴയ്ക്ക് മറ്റൊരു മൃദുല താളമായിരുന്നു. പ്രാർത്ഥനകളുടെ നേർത്ത മന്ത്രധ്വനികളും, മരത്തോണികളിൽ തട്ടി ചിതറുന്ന ജലത്തിൻ്റെ മർമ്മരവും, മണൽ പുറത്ത് പെയ്തുവീണ മഴയുടെ സുഗന്ധവും എൻ്റെ ഓർമ്മകളിൽ ഇന്നുമുണ്ട്. 1984-ൽ, ഒരു കൈപ്പെട്ടിയിൽ ആയുസ്സിൻ്റെ സമ്പാദ്യവും നെഞ്ചുനിറയെ ആശങ്കകളുമായി ഞാൻ ആലുവയോട് വിടപറയുമ്പോൾ, എൻ്റെ മനസ്സിൽ കോറിയിട്ട പ്രകൃതിചിത്രമിതായിരുന്നു. അമേരിക്കയിലെ കൊടുംതണുപ്പുള്ള ശീതകാലങ്ങളിലും, ഉറക്കമില്ലാത്ത കഠിനാധ്വാനത്തിൻ്റെ വർഷങ്ങളിലും എൻ്റെ ജീവിതത്തെ താങ്ങിനിർത്തിയത് ആ ഓർമ്മകളെന്ന നങ്കൂരമായിരുന്നു. ജീവിക്കാൻ വേണ്ടി അഹോരാത്രം പൊരുതിയ ആ നാളുകളിൽ, ഈ ശാന്തസുന്ദരമായ നാടിൻ്റെ സ്വപ്നങ്ങളായിരുന്നു എൻ്റെ ഇന്ധനം.

​എന്നാൽ ഇന്നിവിടെ ഭയാനകമായ ഒരു തിരക്ക് മാത്രം. മോട്ടോർ ബൈക്കുകളുടെ രൗദ്രഗർജ്ജനങ്ങളും, വാഹനങ്ങളുടെ അക്ഷമമായ ഹോൺ ശബ്ദങ്ങളും, നദീതീരത്ത് നിഴലിക്കുന്ന വൻമതിലുകളുടെ നിയോൺ വെളിച്ചങ്ങളും ആ നിശ്ശബ്ദതയെ വിഴുങ്ങിയിരിക്കുന്നു.

​ആലുവ വളർന്നിരിക്കുന്നു. ഞാൻ ദൂരെ മറ്റൊരു ലോകം കീഴടക്കുന്ന തിരക്കിലായിരുന്നപ്പോൾ, എൻ്റെ നാട് കാലത്തിനൊപ്പം അതിവേഗം ഭാവിയിലേക്ക് കുതിച്ചുപാഞ്ഞു.

​എൻ്റെ ബാല്യത്തിൻ്റെ കാൽപ്പാടുകൾ തിരഞ്ഞ് ഞാൻ എനിക്ക് സുപരിചിതമെന്ന് കരുതിയ ആ തെരുവിലൂടെ നടന്നു. ചിരികൾ പതഞ്ഞുപൊങ്ങിയിരുന്ന, ആവിപറക്കുന്ന മധുരച്ചായ പകർന്നുതന്ന പഴയ ചായക്കട ഇന്നവിടെയില്ല; പകരം കണ്ണാടി ചില്ലിട്ട ഒരു എയർകണ്ടീഷണർ കടമുറി. തൊമ്മൻ ചേട്ടന്റെ കടയിൽ ഇരുന്നുകൊണ്ട് കുഞ്ഞേട്ടനും, മിൽട്ടനും ജോസിയും, സോമനും, ചാൾസും ആരിഫും സ്വപ്നം കണ്ട ബൈപ്പാസ് മാത്രമല്ല അതിന്റെ മുകളിലൂടെ മെട്രോയും ഓടിത്തുടങ്ങി. ഞങ്ങൾ കളിച്ചുതിമിർത്ത ആ ഇടുങ്ങിയ മൺവഴികൾക്ക് മീതെ ഇന്ന് കറുത്ത ടാറിട്ട റോഡുകൾ വന്നിരിക്കുന്നു. എവിടെ നോക്കിയാലും വികസനത്തിൻ്റെയും പുരോഗതിയുടെയും വന്യമായ വേഗത മാത്രം.

​രാജ്യത്തിൻ്റെ വലിയൊരു നേട്ടമാണത്, എങ്കിലും എൻ്റെ ആത്മാവിന് അതൊരു നേർത്ത ആഘാതമായിരുന്നു. സ്വന്തം പേര് മറന്നുപോയൊരു നഗരത്തിലൂടെ നടക്കുന്ന ഒരു പ്രേതത്തെപ്പോലെ എനിക്ക് തോന്നി. വല്ലാത്തൊരു വിരോധാഭാസം എൻ്റെ നെഞ്ചിൽ വന്നു തറച്ചു: നാല് പതിറ്റാണ്ടുകാലം ഞാൻ കൊതിച്ച എൻ്റെ ജന്മനാട്, ഇന്ന് എൻ്റെ ഓർമ്മകളുടെ മൺചെപ്പിൽ മാത്രമാണ് അവശേഷിക്കുന്നത്.

​പോക്കറ്റിൽ കിടന്ന ഫോണിൻ്റെ വൈബ്രേഷൻ ആ കനത്ത ഓർമ്മകളിൽ നിന്ന് എന്നെ ഉണർത്തി. ഞാനത് കയ്യിലെടുത്ത് സ്ക്രീനിലേക്ക് നോക്കി. കുടുംബ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഒരു ചിത്രം വന്നിരിക്കുന്നു. അക്കരെ, കടലിനക്കരെ ഇപ്പോൾ പ്രഭാതമാണ്. ബ്രേക്ക് ഫാസ്റ്റ് ടേബിളിനടുത്ത്, ശ്രീമതിയും, മക്കളും പേരമക്കളും ചിരിച്ചും കൊഞ്ചിയും തങ്ങളുടെ ഒരു പുതിയ ദിവസം ആരംഭിക്കുകയാണ്." Be safe, travel safe love you appacha" എന്ന ടെക്സ്റ്റ് മെസ്സേജും

​അവരെല്ലാം അവിടെയുണ്ട്. എൻ്റെ സ്വന്തമെന്ന് പറയാൻ ഒരാൾ പോലും ഇന്ന് നാട്ടിലില്ല. ഹോം സ്റ്റേ ഹോട്ടൽ റൂം ബുക്ക് ചെയ്യണം ഇവിടെ താമസിക്കണമെങ്കിൽ. അന്യം നിന്നുപോവുക , എന്ന വാക്കിന് ജീവൻ വച്ച പോലെ. ഞങ്ങളുടെ വേരുകൾ പൂർണ്ണമായും അമേരിക്കൻ മണ്ണിൽ നട്ടുപിടിപ്പിച്ചു കഴിഞ്ഞു. അന്ന് ഒരു പെട്ടിയുമായി നിറയെ സ്വപ്നങ്ങളും, കടം വാങ്ങിയ പണം കൊണ്ട് എടുത്ത പൻ ആം എയർലൈൻസിന്റെ ഒരു ടിക്കറ്റും ജീവിതത്തിൽ ഇത്രയധികം യാത്ര ചെയ്യിപ്പിക്കുമെന്ന് അറിഞ്ഞിരുന്നില്ല.

​ആലുവയിലെ ഈ ആധുനിക ജനക്കൂട്ടത്തിലേക്ക് ഒരിക്കൽ കൂടി നോക്കിയിട്ട്, ഞാൻ ഫോണിലെ ആ പ്രകാശമുള്ള മുഖങ്ങളിലേക്ക് വീണ്ടും നോക്കി. ആ നിമിഷം, എൻ്റെ മനസ്സിലെ അസ്വസ്ഥതകളെല്ലാം മാറ്റിമറിച്ച് ഒരു ശാന്തത എന്നെ പൊതിഞ്ഞു.

​ആയിരം പാദസരങ്ങളുട കള കളാ ആരവത്തിൽ ഒഴുകുന്ന പെരിയാർ നദിhb ഒരിക്കലും പുറകോട്ട് ഒഴുകുന്നില്ല. ആലുവ എനിക്ക് വേണ്ടി.. അല്ല. ആർക്കുവേണ്ടിയും കാത്തുനിന്നില്ല, എനിക്കെന്ന പോലെ ഈ നാടിനും അതിൻ്റേതായ നിയോഗമുണ്ടായിരുന്നു. എൻ്റെ ഓർമ്മകൾ ജീവിക്കാൻ ഇവിടുത്തെ കോൺക്രീറ്റ് കെട്ടിടങ്ങളുടെയോ പഴയ വഴികളുടെയോ ആവശ്യമില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. എൻ്റെ യൗവനത്തിൻ്റെ സുന്ദരമായ ആ നാളുകൾ ഈ നഗരത്തിൻ്റെ ചുവരുകളിൽ തടവിലാക്കപ്പെട്ടിട്ടില്ല. കടൽ കടന്ന് ഒരു സാമ്രാജ്യം പടുത്തുയർത്തിയ എന്റെ ഉള്ളിൽ, ഏറ്റവും സുരക്ഷിതമായി, ഒട്ടും മങ്ങാതെ അവ ഇന്നുമുണ്ട്.

​തിരക്കേറിയ ആ തെരുവിൽ നിന്നും മുഖം തിരിച്ച് ഞാൻ നടന്നു. എൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,എൻ്റെ ഹൃദയത്തിൽ ഇപ്പോൾ രണ്ട് ലോകങ്ങൾ പൂർണ്ണതയോടെ വാഴുന്നുണ്ട്; ഒന്ന് ഞാൻ നെഞ്ചേറ്റുന്ന പഴയ എന്റെ ആലുവ, മറ്റൊന്ന് എന്നെ കാത്തിരിക്കുന്ന എന്റെ പ്രിയപ്പെട്ട കുടുംബം.....

സണ്ണി മാളിയേക്കൽ ഡാളസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.