കശുവണ്ടി കേസിലും മൈക്രോ ഫിനാൻസ് കേസിലും ഹൈക്കോടതി നിലപാട് കടുപ്പിച്ച പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിൽ പൂഴ്ത്തിയ ഫയലുകൾക്കും ഇനി ജീവൻ വയ്ക്കും.
ചീഫ് സെക്രട്ടറി ജയതിലക്, ഐപിഎസ് ഉന്നതൻ തുടങ്ങിയ നിരവധി ഉദ്യോഗസ്ഥർക്ക് എതിരായ അന്വേഷണം അട്ടിമറിച്ചതായി ആരോപിച്ച് പരാതിക്കാർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇതിൽ ഹൈക്കോടതി ഐപിഎസ് ഉന്നതന് എതിരെ നിർദ്ദേശിച്ച വിജിലൻസ് അന്വേഷണം അട്ടിമറിക്കപ്പെട്ടതും ഉൾപ്പെടും. ഇതിനുപുറമെ ബോഡി ബിൽഡർമാരുടേത് ഉൾപ്പെടെയുള്ളവരുടെ അനധികൃത പൊലീസ് നിയമനത്തിലും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനും പരാതി നൽകിയിരുന്നു. ഈ സംഭവത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും മറ്റ് രണ്ട് ഐപിഎസ് ഉന്നതരുമാണ് പ്രതിസ്ഥാനത്തുള്ളത്. വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകാതെ പിണറായി സർക്കാർ പിടിച്ചുവച്ച ഈ ഫയൽ പുതിയ സാഹചര്യത്തിൽ കോടതി ഇടപെടൽ ഉണ്ടായാൽ ജീവൻ വയ്ക്കും.
പുതിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും അഭിഭാഷകൻ പരാതി നൽകിയിട്ടുണ്ട്. ഈ പരാതി കൂടി മുഖവിലയ്ക്ക് എടുത്ത ആഭ്യന്തര മന്ത്രി ബോഡി ബിൽഡർമാർക്ക് എസ്.ഐമാരായി നിയമനം നൽകിയതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വിജിലൻസ് അന്വേഷണത്തിന് എതിരു നിൽക്കാൻ സംസ്ഥാന സർക്കാറിനും കഴിയുകയില്ല. പിണറായി സർക്കാർ പിടിച്ചു വച്ച എല്ലാ ഫയലുകളിലും നിയമം നിയമത്തിൻ്റെ വഴിക്ക് തന്നെ പോകുമെന്നതാണ് മുഖ്യമന്ത്രി വിഡി സതീശൻ്റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും നിലപാട്. പി ശശിയുടെ ഇടപെടലുകളെയും ഗൗരവമായാണ് യുഡിഎഫ് സർക്കാർ നോക്കി കാണുന്നത്.
ഇപ്പോഴത്തെ കോടതി വിമർശനം പോലും, പിണറായി സർക്കാർ വരുത്തിവച്ച അന്യായമായ ഇടപെടൽ മൂലം സംഭവിച്ചതാണ് എന്നാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അത് കോടതിയിൽ ചൂണ്ടിക്കാട്ടാൻ തന്നെയാണ് തീരുമാനം. പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത്, വിജിലൻസിന് സ്വാതന്ത്ര്യം നൽകാതിരുന്നതു കൊണ്ടുമാത്രമാണ് വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള നിരവധി ഉന്നതൻമാർ വിവിധ കേസുകളിൽ നിന്നും രക്ഷപ്പെട്ട് വന്നിരുന്നത്.
ഇപ്പോഴത്തെ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം തന്നെ, നിരവധി ഉന്നതർക്ക് എതിരെ അയച്ച ഫയലുകൾ സെക്രട്ടറിയേറ്റിൽ പിണറായിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഇടപെട്ട് പിടിച്ച് വച്ചിട്ടുണ്ട്. ഇതിൽ ഉന്നതർക്ക് എതിരായ വിജിലൻസ് അന്വേഷണത്തിന് സർക്കാരിനോട് അനുമതി ആവശ്യപ്പെട്ട ഫയലുകൾ തന്നെ ഡസൻ കണക്കിന് വരും. ഇതെല്ലാം തന്നെ മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടറായിരിക്കുമ്പോൾ, അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലന്ന തിരിച്ചറിവിൽ നിന്നും ഉണ്ടായ ‘ബ്ലോക്ക്’ ചെയ്യലാണ് എന്നാണ്, സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. പി ശശിയുടെ ഒരു ശുപാർശക്കും വിജിലൻസ് ഡയറക്ടർ വഴങ്ങിയില്ല എന്നുമാത്രമല്ല, ശശിയോട് രൂക്ഷമായി പ്രതികരിക്കുന്ന സാഹചര്യം പോലും ഉണ്ടായതായ ഒരു വിവരവും ഹൈക്കോടതി ഇടപെടലിൻ്റെ പശ്ചാത്തലത്തിൽ ഇപ്പോൾ പുറത്തു വരുന്നുണ്ട്.
പിണറായി സർക്കാറിൻ്റെ കാലത്തെ ഇത്തരം ഇടപെടലിനുള്ള മുന്നറിയിപ്പ് കൂടിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി നൽകിയിരിക്കുന്നത്. ഭരണം മാറിയിട്ടും സുപ്രധാന കേസുകളിൽ കൃത്യമായ നിലപാട് സ്വീകരിക്കാൻ യുഡിഎഫ് സർക്കാറിനും ഒരു മാസമായിട്ടും കഴിയാത്തതും കോടതി വിമർശനം വിളിച്ചുവരുത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കശുവണ്ടി കേസിലും മൈക്രോഫിനാൻസ് കേസിലും, യുഡിഎഫ് സർക്കാർ നയം എന്താണെന്ന് ഇനി എന്തായാലും സതീശൻ സർക്കാറിന് പരസ്യമാക്കേണ്ടതായി വരും.
കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതി കേസിൽ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകാത്ത സർക്കാർ നടപടിക്ക് എതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്ന ഹൈക്കോടതി, കോടതി അലക്ഷ്യ കേസിൽ ഹാജരാകാതിരുന്ന വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് കൊണ്ടുവരേണ്ടി വരേണ്ടി വരുമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
സർക്കാർ നിർദ്ദേശം പാലിച്ച് നീങ്ങിയ ഉദ്യോഗസ്ഥർ, ഒടുവിൽ കുടുങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീണ്ടതോടെ, ഇനി ഇത്തരം നിയമ വിരുദ്ധ നിർദ്ദേശങ്ങൾ അനുസരിക്കില്ലന്ന മാനസികാവസ്ഥയിലേക്കാണ് സത്യസന്ധരായ ഐഎഎസ് – ഐപിഎസ് ഉദ്ദ്യോഗസ്ഥർ നിലവിൽ മാറിയിരിക്കുന്നത്. അതേസമയം, കശുവണ്ടി കേസിലെ ഹൈക്കോടതി ‘എഫക്ട്’ തന്നെയാണ് ‘ വെള്ളാപ്പള്ളിക്ക് എതിരായ കേസിലും നിലവിൽ സംഭവിച്ചിരിക്കുന്നത് എന്നാണ് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരായ ആദ്യ കുറ്റപത്രമാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമാണ് കുറ്റപത്രത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇക്കാര്യം ഹെെക്കോടതിയെയും വിജിലൻസ് അറിയിച്ചിട്ടുണ്ട്.
2014ല്‍ എസ്എൻഡിപി യോഗം വയനാട് യൂണിയന് 10 ലക്ഷം രൂപ നല്‍കിയതിലെ ക്രമക്കേടിലാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. മറ്റു കേസുകളിലും ഉടൻ തന്നെ തുടർ നടപടിയുണ്ടാകും.ഈ കേസിൽ ആറ് പ്രതികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. വെള്ളാപ്പള്ളി നടേശന്‍, എം എന്‍ സോമന്‍, വയനാട് എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് പ്രതികള്‍.
മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട നിരവധി കേസുകളിലാണ് വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം നടക്കുന്നത്. 2016ല്‍ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരെ ആദ്യം അന്വേഷണം തുടങ്ങിയിരുന്നത്. സ്ത്രീകളുടെ പേരില്‍ വ്യാജ പദ്ധതിയിലൂടെ പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്തതിലാണ് വിഎസ് അഴിമതി ആരോപിച്ചിരുന്നത്.
124 ഇടപാടുകളാണ് വിജിലൻസ് അന്വേഷിക്കുന്നത്. അതില്‍ ഓരോന്നിലും പ്രത്യേകം പ്രത്യേകം കുറ്റപത്രം തയ്യാറാക്കേണ്ടതുണ്ട്. ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഇടപെടൽ ഉണ്ടായ സാഹചര്യത്തിൽ യുഡിഎഫ് സര്‍ക്കാരിനും ഇനി അനുമതി നൽകാതിരിക്കാൻ കഴിയുകയില്ല. സംസ്ഥാനത്തെ പിന്നാക്ക വികസന കോര്‍പ്പറേഷന്‍ ചുരുങ്ങിയ പലിശയ്ക്ക് വായ്പ കൊടുത്തപ്പോൾ അതിൽ മൂന്ന് മുതല്‍ നാല് ശതമാനം വരെ പലിശ ഈടാക്കിയാണ് പ്രതികൾ ദുരുപയോഗം ചെയ്തിരിക്കുന്നത്. ഓരോ യൂണിയനും ഈ പലിശ നിരക്കില്‍ പണം വായ്പയ്ക്ക് എടുത്ത ശേഷം, 10 മുതല്‍ 12 ശതമാനം വരെ പലിശയ്ക്ക് ഓരോ യൂണിയനും വായ്പ നല്‍കിയെന്നാണ് പുറത്തു വരുന്ന വിവരം.
ഇതിൽ നിന്നും രക്ഷപ്പെടാനാണ് വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്ത് പിണറായി സ്തുതിയുമായി രംഗത്ത് വന്നിരുന്നത്. ഇപ്പോൾ സതീശനെ പുകഴ്ത്തുന്നതും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വീട്ടിലേക്ക് ക്ഷണിച്ചതും എല്ലാം, നടപടിയിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രപരമായ നീക്കത്തിൻ്റെ ഭാഗമായിരുന്നു. എന്നാൽ ഹൈക്കോടതി തന്നെ നിലപാട് കടുപ്പിച്ച സ്ഥിതിക്കും വെള്ളാപ്പള്ളിക്ക് വഴങ്ങേണ്ട സാഹചര്യം യുഡിഎഫിന് ഇല്ലാത്തതിനാലും, വെള്ളാപ്പള്ളിയുടെ ഈ മറുകണ്ടം ചാടൽ കൊണ്ടാന്നും ഇനി നിയമ നടപടികളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുകയില്ല.

