PRAVASI

കാത്ത് കാത്തിരുന്ന ഹാർട്ട് അറ്റാക്ക്!

Blog Image

എന്റെ കുട്ടികൾ കൂടെ വന്ന കാലം മുന്നേ തന്നെ എന്റെ കൂട്ടായി വന്ന എന്റെ ആളാണ് തൈറോയ്ഡ് ഗുളികപ്പെട്ടി. ഇരുപത്തി നാലാമത്തെ വയസ്സിൽ എന്റെ ആദ്യ ഗർഭ കാലത്ത് കൂടെയെത്തിയ  കൂട്ടാണ്. അന്ന് മുതൽ ഇന്ന് വരെ  ലോകത്തിലെ ഏത് കോണിലേക്ക് യാത്ര പോയാലും ഇതുണ്ടാവും കൂടെ.പിള്ളേരെയോ കെട്ടിയോനെയോ കൂടെ കൂട്ടിയില്ലെങ്കിലും ഈ കുഞ്ഞു ഗുളികപ്പെട്ടി ഇല്ലാതെ ഞാനെങ്ങും പോയിട്ടില്ല. അന്ന് മുതലിന്നു വരെ എന്റെ കട്ടിലിന്റെ തലയ്ക്കൽ ഞാൻ ഉണരാ നായി കാത്തിരുന്ന എന്റെ സന്തത സഹചാരി. 
പല കാലത്ത് അവനും പല മുഖങ്ങളാണ്. ആദ്യം 50 മൈക്രോഗ്രാമിൽ തുടങ്ങിയ ബന്ധം പിന്നീട് എഴുപത്തിയഞ്ചിലേക്കും നൂറിലേക്കും വളർന്നു. ചില കാലങ്ങളിൽ നൂറ്റി ഇരുപത്തി അഞ്ചു പിന്നെ നൂറ്റി മുപ്പത്തി ഏഴര തുടങ്ങി അനവധി നിരവധി പരീക്ഷണങ്ങൾ അര, കാൽ, അരക്കാലേ മുക്കാൽ എന്നിങ്ങനെ പല രീതിയിൽ പല ഡോക്ടർമാർ എന്റെ ശരീരത്തിൽ നടത്തികൊണ്ടിരുന്നു.ബ്ലഡ്‌ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ മരുന്നിന്റെ അളവ് ശെരിയാക്കാൻ  ഒരു കുപ്പിയിൽ നിന്നും നൂറ് മൈക്രോഗ്രാം പിന്നെ മറ്റൊരു കുപ്പിയിൽ നിന്നും ഇരുപത്തി അഞ്ചു, പിന്നൊന്നിൽ നിന്നും പണ്ട്രണ്ടര അങ്ങനെ പല രീതികളിൽ ആണ് ഞാൻ പലപ്പോഴും മരുന്ന് കഴിച്ചിരുന്നത്. എന്റെ പ്രാന്തിന്റെ, സോറി തൈറോഡിന്റെ അളവനുസരിച്ച് മരുന്നുണ്ടാക്കാൻ കമ്പനികൾ അശ്രാന്ത പരിശ്രമം തന്നെ നടത്തിയിട്ടുണ്ട്.
തൈറോയ്ഡ് ചികിത്സ ശെരിക്കും രോഗിയുടെ ലക്ഷണങ്ങൾ പഠിച്ചാണ് നടത്തുന്നത്. ഞാനും കെട്ടിയോനും ഓരോ രണ്ട് വർഷം കൂടുമ്പോഴും നാട് വിട്ടു പുതിയ നാട്ടിലേക്ക് മാറുന്നത് കൊണ്ട് കേരളത്തിലെയും മുംബൈയിലെയും പിന്നീട് ദുബായ് ഖത്തർ തുടങ്ങിയ മഹാ രാജ്യങ്ങളിലെയും ഡോക്ടർമാർക്ക് എന്റെ തൈറോയ്ഡ് അന്വേഷണ പരീക്ഷണങ്ങളിൽ പങ്കെടുക്കാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.
അങ്ങനെയിരിക്കെ ഖത്തറിൽ തൈറോയ്ഡ് ഗുളിക നൂറേ നൂറിൽ കുതിക്കുന്ന കാലം.  അന്നൊക്കെ നേരം പര പരാ വെളുക്കുന്നത് ഇപ്പോഴത്തെ പോലെ എട്ട് എട്ടരക്കല്ല, അതിരാവിലെ നാലര ബ്രാഹ്മ മുഹൂർത്തത്തി ലാണ്. എങ്കിലേ ആറര മണിക്ക് എനിക്കും പിള്ളേർക്കും സ്കൂളിലേക്കും അദ്ദേഹത്തിന് ഓഫീസിലേക്ക് പായാൻ പറ്റൂ. അതിനിടെ അടുക്കളയിലെ പണികൾ എല്ലാം തീർന്ന് കുട്ടികൾക്ക് ഉച്ച ഭക്ഷണം കൊടുത്തു വിടുകയും വേണം. അലാറം കേട്ട ഉടനെ കണ്ണ് തുറക്കാതെ കട്ടിലിന്റെ പടിയിൽ ഗുളികപ്പെട്ടി തപ്പിയെടുക്കും, ഗുളിക വായിലിടും പിന്നെ എഴുന്നേറ്റ് ജനലിൽ ഇരിക്കുന്ന കുപ്പിയിൽ നിന്നും വെള്ളം കുടിക്കും. ഇതാണ് നമ്മുടെ ശീലം. വേണ്ടത് നൂറാണെങ്കിലും ആ സമയത്ത് ഇരുപത്തി അഞ്ചിന്റെ കുപ്പിയായിരുന്നു കിട്ടിയത്. അപ്പോൾ അതിന്റെ നാലെണ്ണം കഴിച്ചു ഡോസ് ശെരിയാക്കും നമ്മൾ. അത് കൊണ്ട് അന്നും നാലെണ്ണം വിഴുങ്ങി ഞാൻ അടുക്കളയിലേക്ക് പോയി, പണിയൊക്കെ ഒതുക്കി എല്ലാവരും അവരവരുടെ പണിക്ക് പോയി. ഒരു സാധാരണ ദിവസം.
വൈകുന്നേരമായി എല്ലാവരും തിരിച്ചെത്തി. ചായയൊക്കെ കുടിച്ച് ഞാനും കെട്ടിയോനും സാധാരണ പോലെ ടിവി കാണാൻ ഇരിപ്പായി. സ്വാഭാവികമായും സാധാരണ പോലെ ഞങ്ങൾ തമ്മിൽ വഴക്കുമായി.  കപ്പലണ്ടിയുടെ തൊലി ഇടാനുള്ള പാത്രം പ്രത്യേകം വേണമോ വേണ്ടയോ അഥവാ വേണമെങ്കിൽ അത് ആര് എടുത്തു കൊണ്ട് വരുമെന്നതായിരുന്നു അന്നത്തെ അന്താരാഷ്ട്ര വിഷയം. വഴക്കിനിടയിൽ ഞാൻ രോഷത്തോടെ, " അല്ലെങ്കിലും എനിക്ക് വേണ്ടി നിങ്ങൾ എന്ത് ചെയ്യുന്നുണ്ട്? എന്റെ തൈറോയ്ഡ് ഗുളിക കിട്ടാതായിട്ട് എത്ര ദിവസമായി? ഞാനിന്നും നാലെണ്ണം വീതം കഴിച്ചാണ് നടക്കുന്നത് " എന്ന് പറഞ്ഞു.
അത് വരെ ആവേശ്വോജ്വലനായി പൊരുതിക്കൊണ്ടിരുന്ന പ്രിയ കെട്ടിയോൻ ഒന്ന് നിർത്തി.
"നീ ഇന്നും നാലെണ്ണം കഴിച്ചോ " "അതേ, പിന്നെന്താ കഴിക്കണ്ടേ? ഹും " എന്ന് ഞാൻ അലറി. 
അപ്പോൾ അദ്ദേഹം പതിഞ്ഞ ശബ്ദത്തിൽ, " ഇന്നലെ ഞാൻ നൂറിന്റെ പെട്ടി വാങ്ങി കട്ടിലിൽ വച്ചിരുന്നു. മറ്റേ പെട്ടി മാറ്റി വച്ചിരുന്നു അകത്തേക്ക്. നീ ഇന്നത്തെ ദിവസം ഉറപ്പായും നൂറിനു പകരം നാനൂറു മൈക്രോഗ്രാം കഴിച്ചിരിക്കുന്നു"
മിന്നാരം സിനിമയിൽ സ്റ്റിക്കറുള്ള ഗ്ലാസ്‌ നോക്കി ഞെട്ടുന്ന ജഗതിയെ പ്പോലെ ഞാൻ ഞെട്ടി.  ചെവിയിൽ നിന്നും പുക പോകുന്ന പോലെയൊരു തോന്നൽ. ഞാൻ സോഫയിലേക്ക് ഇരുന്നു. 
പിന്നെ കുറെ നേരം നിശബ്ദത. ഞങ്ങൾ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കാതെ ഗൂഗിളിൽ സെർച്ച്‌ ചെയ്തു. തൈറോയ്ഡ് ഗുളിക അധികമായാൽ എന്താകും എന്ന്. അതിൽ എഴുതിയിരുന്നു തല പെരുപ്പ് വരാം, എനിക്ക് ചെറിയ പെരുപ്പ് പോലെ തോന്നി തുടങ്ങി. ഹാർട്ട്‌ ബീറ്റ് കൂടാം അടുത്ത ലക്ഷണം, എനിക്ക് ആണേൽ ഹാർട്ട് മിടി ക്കുന്ന ശബ്ദം നന്നായി കേൾക്കാം അങ്ങനെ അങ്ങനെ എല്ലാ ലക്ഷണങ്ങളും ഓക്കേ ആണെന്ന തോന്നൽ. 
അപ്പോഴേക്കും കെട്ടിയോൻ " എന്തായാലും ഹോസ്പിറ്റലിൽ പോയി പറഞ്ഞു നോക്കിയാലോ " എന്നൊരു ചോദ്യം.
ഇത് കേൾക്കാൻ തയ്യാറായിരുന്ന ഞാൻ ചാടി എഴുന്നേറ്റ് പറഞ്ഞു, " ഓഹ് എനിക്ക് പേടിയൊന്നുമില്ല, പിന്നെ നിങ്ങൾക്ക് പേടിയാണെങ്കിൽ പോകാം ". 
അപ്പോൾ തന്നെ വണ്ടി ഇറങ്ങുന്നു, നിലവിളി ശബ്ദമിടുന്നു നേരെ ഹമദ് ആശുപത്രിയിലേക്ക്. 
ഖത്തറിലെ പ്രൈവറ്റ് ആശുപത്രികളിൽ എമർജൻസി സംവിധാനം ഇല്ല അന്ന്. അങ്ങനെയുള്ള എല്ലാ കാര്യങ്ങളും ഗവണ്മെന്റ് നേരിട്ട് നടത്തുന്ന ഹമദ് ആശുപത്രിയിൽ തന്നെ പോകണം. ഞങ്ങൾ പുറത്തെ സെക്യൂരിറ്റിയോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. അകത്തേക്ക് കയറി. കെട്ടിയോൻ ഒരു നഴ്സിനോട് കാര്യം പറഞ്ഞു. പെട്ടെന്നു ഒരു കൂട്ടം ഫിലിപ്പിൻസ് സുന്ദരി നേഴ്‌സുമാർ എന്നെ വളഞ്ഞു. ഒരാൾ ബി പി നോക്കുമ്പോ വേറൊരാൾ പനിയുണ്ടോ എന്ന് നോക്കുന്നു. ഇതൊന്നും പോരാഞ്ഞു വേറൊരുത്തി ഇസിജി നോക്കാനുള്ള യന്ത്രം തള്ളി ക്കൊണ്ട് വരുന്നു. അപ്പൊ അതാ വേറൊരാൾ വന്നു കയ്യിൽ കുത്തി എന്നെ അവിടത്തെ അന്തേവാസിയാക്കി മാറ്റി.ഞാൻ നേരെ നോക്കിയപ്പോൾ ഇനിയൊരുത്തി അവൾക്ക് കുത്താൻ കയ്യോ കാലോ ഒന്നും ഫ്രീ അല്ലല്ലോ എന്ന ദുഃഖത്തിൽ നിൽക്കുന്നു. 
ഇതെല്ലാം അഞ്ചു മിനിറ്റ് കൊണ്ട് കഴിഞ്ഞു. എന്റെ ബെഡിനടുത്ത് ഒരു കസേര നീക്കി ക്കൊണ്ട് വന്നു വച്ചു. കേട്ടിയോനോട് അവിടെ ഇരിക്കാനും പറഞ്ഞിട്ട് പെൺ പട പോയി. 
സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു. അര മണിക്കൂർ കഴിഞ്ഞു ഇദ്ദേഹം നഴ്സിംഗ് സ്റ്റേഷനിൽ പോയി ചോദിച്ചു, " ഡോക്ടർ വരുമോ ". " നോ വീ വിൽ ചെക്ക് ബിപി ആഫ്റ്റർ വൺ അവർ ". എന്ന് കേട്ടു തിരിച്ച് വന്നു. വീണ്ടും അര മണിക്കൂർ പോയി. ഇത്രയും നേരമായപ്പോൾ നേരത്തെയുള്ള വഴക്കൊക്കെ മറന്നു ഞങ്ങൾ ഫുൾ കളി ചിരി ആയി. 
പറഞ്ഞ പോലെ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നേഴ്സ് കൊച്ചു വന്നു ബിപി എടുത്തു, ഒന്നും പ്രത്യേകിച്ച് പറഞ്ഞില്ല. പോയി. വീണ്ടും അര മണിക്കൂർ കഴിഞ്ഞപ്പോൾ വിശപ്പ് വന്നു തുടങ്ങി രണ്ടാൾക്കും. പ്രശ്നമൊന്നും ഇല്ല ഇപ്പൊ എനിക്ക്, അപ്പൊ പിന്നെ വിട്ടു കൂടെ ഇവർക്ക്? ചെറുതായി ദേഷ്യം വന്നു തുടങ്ങി. നമുക്ക് ശേഷം വന്നവരെയൊ ക്കെ ഡോക്ടർ വന്നു നോക്കി വിടുന്നു, അവർ ഹാപ്പിയായി പോകുന്നു. നമ്മളെന്താ മോശക്കാരോ? ഗുളിക കൂടുതൽ കഴിച്ച ടീംസ് അല്ലെ? കുറഞ്ഞവർ അല്ലല്ലോ?  അപ്പൊ പിന്നെ അവഗണന സഹിക്കുമോ?
 പ്രിയതമൻ പറഞ്ഞു," ഇനിയവർ ബിപി നോക്കാൻ വരുമ്പോ നീ പറയണം, ഓക്കേ ആണ്. ഞങ്ങളെ വീട്ടിലേക്ക് വിട്ടേരെ, എന്ന് " ഞാൻ പറഞ്ഞു "സെറ്റ്. നമുക്ക് പോകുന്ന വഴി പാരഗണിൽ കയറി ബിരിയാണിയും വാങ്ങി പോകാം. " അങ്ങനെ ഞങ്ങൾ കാത്തിരിപ്പ് തുടർന്ന്.
അടുത്ത മണിക്കൂറിന്റെ അവസാനം നേഴ്സ് വന്നു. ബിപി എടുത്തു,  തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു, " സിസ്റ്റർ വീ വാണ്ട്‌ ടു ഗൊ ഹോം, ഇ ആം ഫീലിംഗ് ഗുഡ് നൗ "  ഇത് ശെരിയാണെന്ന് ഉറപ്പിക്കാൻ എന്റെ കെട്ടിയോനും തലയാട്ടി. " അങ്ങനെ തന്നെ, അങ്ങനെ തന്നെ " 
നേഴ്സ് കയ്യിലിരുന്ന ബിപി അളക്കുന്ന യന്ത്രം കട്ടിലിലേക്ക് വച്ചു, എന്നിട്ട് മൊഴിഞ്ഞു  " യു ഹാവ് ടേക്കൺ ലോട്ട് ഓഫ് മെഡിസിൻ, മദാമ്, യു വിൽ ഗെറ്റ് എ ഹാർട്ട് അറ്റാക്ക് സൂൺ, വീ ആർ വെയ്റ്റിംഗ് ഫോർ ദാറ്റ്‌. സൊ യൂ ആൾസോ വെയിറ്റ്" 
ഞാനും കെട്ടിയോനും പരസ്പരം നോക്കി. അപ്പോൾ ഇത് വരെ ഇവളുമാര് എനിക്ക് ഹാർട്ട് അറ്റാക്ക് വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു അല്ലെ? അതാ ഇടയ്ക്കിടെ വന്നു എത്തി നോക്കിയിട്ട് പൊയ്ക്കൊണ്ടിരുന്നത്.  ഞങ്ങളണേൽ ഇവിടെ ചിരിയും കളിയും. എന്നിട്ട് നമ്മളോട് പറയുന്നു ഇനി നമ്മളും വെയിറ്റ് ചെയ്യണമെന്ന്. 
വേറെ നിവർത്തിയില്ലല്ലോ. ഞാനും എന്റെയാളും കാത്തിരിപ്പ് തുടങ്ങി, ഇനി ശെരിക്കും ബിരിയാണി തന്നാലോ? എനിക്കാണെങ്കിൽ അത് വരെയില്ലാതിരുന്ന ശ്വാസം മുട്ടൽ പോലെ, ഒരു വിമ്മിഷ്ടം. നെഞ്ചിലൊരു വേദന ഇല്ലേയെന്നൊരു സംശയം ഇല്ലാതില്ല. പുള്ളിയാണേൽ ഇപ്പൊ കണ്ണും തുറിച്ചു എന്നെത്തന്നെ നോക്കി ഇരിപ്പായി. ഇനി ഹാർട്ടീന്ന് അറ്റാക്ക് വന്നിട്ട് കേൾക്കാതെ പോകണ്ട എന്ന മട്ടിൽ. എന്നെ മിണ്ടാനും സമ്മതിക്കുന്നില്ല. ബിപി കൂടുമത്രേ. ശെടാ, ഈ ഗുളികയും കഴിച്ച് ദിവസം മുഴുവൻ സ്കൂളിൽ പോയി പിള്ളേരോട് തൊള്ള തുറന്ന് വീട്ടിലെ പണി മൊത്തം ചെയ്തപ്പോൾ ഈ അറ്റാക്ക് എവിടെ പോയിരുന്നു, ഇതായിരുന്നു എന്റെ ചിന്തകൾ. ആശുപത്രി എത്തിയിട്ട് അവതരിക്കാം എങ്കിലല്ലേ ഒരു വിലയുള്ളു എന്ന് വിചാരിച്ചു കാണും,  ഞാനോർത്തു.
നല്ല രാജകീയമായ അന്തരീക്ഷമുള്ള ആശുപത്രി ആയിരുന്നു അത്.  നമ്മുടെ നാട്ടിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളെ വെല്ലും. ഞാൻ ചുറ്റും നോക്കി, സാരമില്ല, ചത്തു കിടന്നാലും ചമഞ്ഞു തന്നെ കിടക്കാം. പറയുമ്പോൾ നാട്ടിലെ ടീംസ് ഒക്കെ പറയൂല്ലേ? അവൾ നല്ല നിലയിലാ പോയെന്ന്? ആ കിടക്കയിൽ കിടന്നു ഞാൻ കോരിത്തരിച്ചു. ചിന്തകൾ പിന്നെയും കാട് കയറുന്നുണ്ട്. ഈ അറ്റാക്ക് വരുമ്പോൾ ഞാൻ തന്നെ പറയണോ? അതോ ഈ കുത്തി വച്ചിരിക്കുന്ന മെഷീൻ നിലവിളിക്കുമോ? അതോ കെട്ടിയോന് ഓടേണ്ടി വരുമോ? ഇനി ഞാൻ ഉറങ്ങിപ്പോയാൽ ഇവരെങ്ങനെ അറിയും സംഭവം വന്നോ ഇല്ലയോ എന്ന്? 
ഇങ്ങനെ ഓരോന്ന് ആലോചിച്ചു ആലോചിച്ച്‌ ഞാനുറങ്ങി പ്പോയി. 
കുറെ നേരം കഴിഞ്ഞുണർന്നപ്പോൾ കണ്ടത് എനിക്ക് ചുറ്റും നിൽക്കുന്ന വെളുത്ത ഉടുപ്പിട്ട മാലാഖമാരെ പോലെയുള്ള സുന്ദരിമാരെയാണ്. ആദ്യം സ്വർഗ്ഗരാജ്യമാണെന്ന് കരുതിയെങ്കിലും ഇതിനിടയിൽ ചിരിച്ചോണ്ട് നിൽക്കുന്ന പ്രിയതമനെ കണ്ടപ്പോൾ മനസിലായി ഞാനെങ്ങും പോയില്ലെന്നു. 
ഏകദേശം അഞ്ചു മണിക്കൂറോളം കഴിഞ്ഞിരിക്കുന്നു അപ്പോൾ ഞങ്ങളെത്തിയിട്ട്. അത്രയും നേരം കാത്തിരുന്നിട്ടും വരാത്ത ഹാർട്ട് അറ്റാക്കിനെ പഴിച്ചു കൊണ്ട് ആശുപത്രിക്കാർ എന്നെ ഡിസ്ചാർജ് ചെയ്യാൻ തീരുമാണെടുത്തിരിക്കുന്നുവത്രേ. 
ബില്ലൊക്കെ സെറ്റിൽ ചെയ്തു അവിടെ നിന്നും പുറത്തേക്ക് ഇറങ്ങവെ അതിലൊരു മാലാഖ ഞങ്ങളോട് പറഞ്ഞു, " ഔർ ബുക്ക്‌ സെയ്‌സ് ഷേ ഷുഡ് ഗെറ്റ് ആൻ അറ്റാക്ക്, വീ ഡോണ്ട് നോ വൈ നോ ഗെറ്റ് ഇറ്റ് " അതായതുത്തമാ, എനിക്ക് ഒന്നും വരാത്തതിൽ അവളുമാർക്ക് സങ്കടം ആയെന്ന്. ഈ സംഭവത്തിന്‌ ശേഷം കാലം ഒരുപാട് കടന്നു പോയെങ്കിലും ഇന്നും ഒരു മരുന്ന് പെട്ടി 
യും എതിരുട്ടത്തും ഞാൻ കണ്ണാടി വച്ചു വായിച്ചു നോക്കിയിട്ട് മാത്രമേ കഴിക്കാറുള്ളു.
ശുഭാപ്തി വിശ്വാസം - 
എനിക്ക് ഒരു കുഴപ്പവും ഇല്ലയെന്നു ഉറപ്പിച്ചു പറയുമ്പോഴും ഉറപ്പായും വരുമെന്ന് വിശ്വസിച്ച് അറ്റാക്കിനെ കാത്തിരുന്ന ശുഭാപ്തി വിശ്വാസത്തിന്റെ നിറകുടങ്ങളായ ആ സുന്ദരിമാരെ ഞാൻ ഇടയ്ക്കിടെ ഓർമ്മിക്കാറുണ്ട്.

ശ്രീജ പ്രവീൺ  

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.