18 വയസ്സു തികയുന്ന ദിവസം ആദ്യമായൊരു വാഹനം വാങ്ങുന്നു. സഹോദര തുല്യനായ ബോബൻ വർഗ്ഗീസ് പറഞ്ഞിട്ടു വാഹനം സിനിമാ സെറ്റിൽ ഒരു ദിവസത്തെ ഓട്ടത്തിനായി നൽകുന്നു. ശേഷം നിർമാതാവ് സാജൻ വിളിച്ച് ഷൂട്ടിങ്ങിന് അദ്ദേഹത്തിന്റെ കാർ ഓടിക്കാമോ എന്നു ചോദിക്കുന്നു. ആ വഴി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പട്ടണപ്രവേശം എന്ന സിനിമയിലേക്ക് എത്തുന്നു. അങ്ങനെ പല താരങ്ങൾക്കു വേണ്ടിയും ഓടിക്കൊണ്ടിരിക്കെ ഒരു ദിവസം കൊച്ചി അമ്പലമുകളിലെ വീട്ടിൽപ്പോയി മോഹൻലാലിനെ കൊണ്ടുവരാൻ പറയുന്നു. അന്ന് ആദ്യമായി മോഹൻലാലിനെ അടുത്തു കാണുന്നു. പക്ഷേ യാത്രയിൽ ഒരക്ഷരംപോലും സംസാരിച്ചില്ല. ഒരു തവണപോലും അദ്ധ്യേഹത്തെ തിരിഞ്ഞു നോക്കിയില്ല. സെറ്റിലെത്തി ഡോർ തുറന്നുകൊടുക്കാൻ ഓടിയെത്തിയപ്പോഴേക്കും മോഹൻലാൽ തന്നെ ഡോർ തുറന്നിറങ്ങിപ്പോകുന്നു. അന്നുമുതൽ മോഹൻലാലിനെ കൊണ്ടുവരുന്ന ജോലി സത്യൻ അന്തിക്കാടിനോട് ചോദിച്ചു വാങ്ങുന്നു. തൊട്ടടുത്ത ദിവസം വീട്ടിലെത്തി കാറിൽനിന്നു ഇറങ്ങുമ്പോൾ
‘ ആന്റണി ഭക്ഷണം കഴിച്ചോ. ആന്റണിക്കു ഇവിടെനിന്നു കഴിക്കാം.’
എന്ന് മോഹൻലാൽ പറയുന്നു .
‘ ഇല്ല , സർ. സെറ്റിൽപ്പോയി കഴിച്ചോളാം. ’
എന്ന് ആന്റണി മറുപടിയും നൽകുന്നു. പിന്നീട് മൂന്നാംമുറ എന്ന സിനിമയുടെ ഷൂട്ടിങ് അമ്പലമേട്ടിൽ നടക്കുമ്പോൾ കൂട്ടുകാരുടെ മുന്നിൽ ആളാകാൻ വേണ്ടി അവരെയും കൂട്ടി മോഹൻലാലിനെ കാണാൻ വേണ്ടി ആന്റണി പോകുന്നു. കുറെ നേരം ആൾക്കൂട്ടത്തിൽ കാത്തുനിൽക്കുന്നതിനിടയിൽ ഉച്ചയ്ക്കു മൂന്നുമണിയോടെ ഒരു കെട്ടിടത്തിനു അകത്തു നിന്നു മോഹൻലാൽ ആന്റണിയെ കൈകാണിച്ചു വിളിക്കുന്നു. മോഹൻലാൽ ഇനിയും ആന്റണിയെ മറന്നില്ലെന്ന സത്യം അയാളെ അത്ഭുതപ്പെടുത്തുന്നു.
‘വണ്ടി കൊണ്ടു വന്നിട്ടുണ്ടോ ആന്റണീ. ’
’ ഇല്ല. ‘
’ നാളെ എടുത്തിട്ടു വരാമോ. നമുക്ക് ഓടാം. ’
ഇതായിരുന്നു സംഭാഷണം. അങ്ങനെ പ്രൊഡക്‌ഷൻ മാനേജർ സെവനാർട്സ് മോഹനേട്ടനെ വിളിച്ചു ആന്റണിയുടെ വണ്ടികൂടി ഓടാനുള്ള അനുവാദം ചോദിക്കുന്നു. ഒടുവിൽ ഷൂട്ടിങ് തീരുന്നതിനു മുൻപ് മോഹൻലാൽ ചോദിക്കുന്നു ,
‘ ആന്റണി എന്റെ കൂടെ വരുന്നോ ’.
‘വരാം സാർ’
എന്നു മാത്രം ആന്റണി മറുപടി പറയുന്നു.
അങ്ങനെ ഡ്രൈവറായി കൂടെ കൂടിയ അയാൾ വെറും പത്തു വർഷം മാത്രമാണ് മോഹൻലാലിന്റെ ഡ്രൈവർ ആയി നിന്നത്. ശേഷം മലയാളത്തിലെ പ്രമുഖനായ ഒരു ചലച്ചിത്രനിർമ്മാതാവാകുന്നു. ചലച്ചിത്രനിർമ്മാണക്കമ്പനിയായ ആശീർവ്വാദ് സിനിമാസിന്റെ ഉടമസ്ഥനാകുന്നു. എല്ലാത്തിലും ഉപരി മോഹൻലാലിന്റെ സന്തതസഹചാരിയും. ഇന്ന് ദേ അന്നത്തെ ആ ഡ്രൈവർ ആയി വന്ന, ഇന്നത്തെയീ നിർമ്മാതാവും സന്തതസഹചാരിയും ഒക്കെയായ ആന്റണി പെരുമ്പാവൂർന്റെ മകൻ ‘ തുടക്കം ‘ സിനിമയിൽ തുടക്കമിടുകയാണ് മോഹൻലാലിന്റെ മകൾക്കൊപ്പം. സത്യത്തിൽ ഇതുപോലെ ഒരു തലമുറയുടെ വിശ്വാസം അടുത്ത തലമുറയുടെ അവസരമായി മാറുന്ന നിമിഷങ്ങളൊക്കെ ജീവിതത്തിൽ അപൂർവമാണ്. ആന്റണി പെരുമ്പാവൂറിന്റെ ജീവിതം അത്തരമൊരു കഥയാണ്. മോഹൻലാലിൽ അയാൾ നേടിയെടുത്ത വിശ്വാസത്തിന്റെ സൗഭാഗ്യം അടുത്ത തലമുറ കൂടി അനുഭവിക്കുന്ന ഒന്ന്.
‘തുടക്കം’ കൊണ്ട് ഏറ്റവും വലിയ ഭാഗ്യം ലഭിച്ചത് വിസ്മയക്കല്ല ആന്റണി പെരുമ്പാവൂറിനും അദ്ദേഹത്തിന്റെ മകൻ ആഷിഷ് ജോയ്ക്കുമാണെന്ന്. കാരണം, ഒരു അച്ഛൻ തന്റെ സ്വന്തം ജീവിതത്തിൽ സമ്പാദിച്ച വിശ്വാസത്തിന്റെ ഫലം മകന്റെ ആദ്യ സിനിമയുടെ രൂപത്തിൽ ജനിച്ചു വീഴുകയെന്നാൽ നിസ്സാരമല്ലല്ലോ.
.jpg)


