സമ്പന്നനും ദരിദ്രനും, പഠിച്ചവനും അക്ഷരമില്ലാത്തവനും, ഉയർന്നവനും താഴ്ന്നവനും, ഇവ മനുഷ്യൻ നിർമിച്ച വേർതിരിവുകളാണ്. ആത്മീയതയുടെ പ്രകാശത്തിൽ നോക്കുമ്പോൾ, മനുഷ്യന്റെ യഥാർത്ഥ അളവ് അവന്റെ ഹൃദയത്തിന്റെ താളത്തിലാണ്. ഒരാളുടെ കാൽ കഴുകാൻ മുട്ടുകുത്തുന്ന നിമിഷം, മനുഷ്യൻ സ്വന്തം അഭിമാനത്തെ മറികടക്കുന്നു; മറ്റൊരാ ളുടെ വേദനയെ തന്റേതായി ഏറ്റെടുക്കുന്നു. അവിടെ, വിനയം ഒരു നാടകമല്ല; അത് ഒരു ആത്മാനുഭവമാണ്. ദാസ്യഹൃദയമായ സ്നേഹത്തിന്റെ അതിശയിപ്പിക്കുന്ന പ്രകടനത്തിൽ, മഹത്വത്തിന്റെ രാജാവ് തന്റെ വസ്ത്രങ്ങൾ മാറ്റിവെച്ച്, പൊടിപിടിച്ച മർത്യ മനുഷ്യരുടെ പാദങ്ങൾ കഴുകാൻ ഒരു തൂവാല കൊണ്ട് അരയിൽ ചുറ്റി. പരമ്പരാഗതമായി ദാസന്മാർ ക്കായി നീക്കിവച്ചിരിക്കുന്ന ഈ നിന്ദ്യവും എളിമയുള്ളതുമായ പ്രവൃത്തിയിലേക്ക് കുനിഞ്ഞു കൊണ്ട്, യേശു മഹത്വത്തെ പുനർനിർവചിച്ചു, റോഡിലെ അഴുക്ക് മാത്രമല്ല, നമ്മുടെ ഹൃദ യങ്ങളിലെ സ്വാർത്ഥതയും കഴുകികളഞ്ഞു. യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയപ്പോൾ നമ്മോടു പറയുന്നതു “ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കു ഒരു മാതൃക തന്നിരിക്കുന്നു” (യോഹന്നാൻ 13: 15). കാലങ്ങളുടെ മണൽപ്പരപ്പി ലൂടെ മനുഷ്യന്റെ അഭിമാനവും വിനയവും തമ്മിലുള്ള മൗനയുദ്ധം തുടരുന്നു. ശക്തിയുടെ ശബ്ദം ഉയർന്നിടത്ത് കരുണയുടെ സ്വരം പലപ്പോഴും മങ്ങിപ്പോകുന്നു. എന്നാൽ ആത്മീയത യുടെ ഏറ്റവും ശുദ്ധമായ ഭാഷയിൽ സംസാരിച്ച ഒരാൾ ഉണ്ടായിരുന്നു അതായിരുന്നു നസ റായനായ യേശുക്രിസ്തു. യേശുവിന്റെ ജീവിതം വചനങ്ങളുടെ മഹിമയിലല്ല, പ്രവൃത്തികളു ടെ വിനയത്തിലായിരുന്നു. കാൽ കഴുകൽ എന്ന ലളിതചടങ്ങിലൂടെ അവൻ മനുഷ്യഹൃദയ ത്തിന്റെ ഏറ്റവും ഉയർന്ന സത്യത്തെ തുറന്നുകാട്ടി: മഹത്വം അധികാരത്തിലല്ല, സേവനത്തി ലാണ്; ഉന്നതത ഉയരത്തിലല്ല, താഴ്മയിലാണ്. കാൽപ്പാടുകളിലെ പൊടിയെ നീക്കുക എന്നത് ശരീരത്തിന്റെ ശുചിത്വം മാത്രമല്ല, ആത്മാവിന്റെ ഭാരങ്ങൾ അഴിച്ചുമാറ്റുന്ന ദൈവിക ചിഹ്നവുമാണ്.
യോഹന്നാൻ 13:1–17 തിരുവചനഭാഗം ക്രിസ്തീയ ആത്മീയതയുടെ ഹൃദയമിടിപ്പുപോലെ നിശ്ശബ്ദമായി മുഴങ്ങുന്നു. അവിടെ നമ്മൾ കാണുന്നത് ഒരു ഗുരുവിന്റെ അധിപത്യഭംഗിയല്ല, മറിച്ച് സേവനത്തിന്റെ മൗനമഹത്വമാണ്. തന്റെ ശിഷ്യന്മാരുടെ കാൽ കഴുകാൻ മുട്ടുകു ത്തിയ നിമിഷം, മനുഷ്യചരിത്രത്തിൽ വിനയത്തിന്റെ ഒരു പുതു വ്യാഖ്യാനം എഴുതുകയായി രുന്നു. “ഗുരുവും കർത്താവും” ആയവൻ തൻറെ സ്ഥാനമഹത്വം ഉപേക്ഷിച്ചു എന്നതല്ല അതിന്റെ സാരം; യഥാർത്ഥ മഹത്വം എന്താണെന്ന് അവൻ വെളിപ്പെടുത്തി എന്നതാണ്. അധികാരത്തിന്റെ ഉച്ചിയിൽ നിന്നല്ല, സ്നേഹത്തിന്റെ ആഴത്തിൽ നിന്നാണ് ദൈവികത പ്രകാശം പരത്തുന്നതെന്ന് ആ പ്രവൃത്തി പ്രഖ്യാപിച്ചു. ഈ പ്രവൃത്തിക്ക് പിന്നിൽ പ്രവർത്തിച്ച ശക്തി സ്നേഹത്തിന്റെ സമ്പൂർണ്ണതയായിരുന്നു. തിരുവചനം പറയുന്നത് പോലെ, “അവരെ അവസാനംവരെ സ്നേഹിച്ചു.” ഇവിടെ സ്നേഹം ഒരു വികാരമല്ല; അത് ഒരു തീരുമാനമാണ്, ഒരു ദൈവിക ദിശയാണ്. സമൂഹത്താൽ പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള തന്റെ സ്നേ ഹം കാണിച്ചു. മനുഷ്യന്റെ അഹങ്കാരവും താരതമ്യബോധവും നിലകൊള്ളുന്നിടത്ത്, കാൽ കഴുകൽ ഒരു ആത്മീയ വിപ്ലവമായി മാറുന്നു. സേവനം ചെയ്യപ്പെടേണ്ടവർ ആരെന്ന ചോദ്യം അവിടെ ഇല്ലാതാകുന്നു. സമ്പന്നനോ ദരിദ്രനോ, വിശ്വസ്തനോ, എല്ലാവരുടെയും കാൽ ഒരേ വിനയത്തോടെ സ്പർശിക്കപ്പെട്ടു. കാരണം, അവന്റെ കണ്ണിൽ മനുഷ്യന്റെ അളവ് പദവി കളിൽ അല്ല, ആത്മാവിന്റെ വിലയിലാണ്. അതുപോലെ, ഈ പ്രവൃത്തി നേതൃത്വത്തിന്റെ ആശയത്തെ തന്നെ മറിച്ചിടുന്നു. ലോകത്തിന്റെ കണക്കിൽ നേതാവ് മുൻപന്തിയിലിരി ക്കുന്നു; തിരുവചനത്തിന്റെ കണക്കിൽ നേതാവ് മുട്ടുകുത്തുന്നു. അധികാരം ഭരിക്കാൻ വേണ്ടിയല്ല, ഉയർത്താൻ വേണ്ടിയാണ്. ആത്മീയ നേതൃത്വത്തിന്റെ യഥാർത്ഥ മുഖം, മറ്റു ള്ളവരുടെ ഭാരം ചുമക്കാൻ തയ്യാറാകുന്ന മനസ്സിലാണ്. സേവനത്തിന്റെ പാത തിരഞ്ഞെ ടുക്കുന്നവൻ തന്നെ യഥാർത്ഥത്തിൽ ഉയർന്നവൻ ആകുന്നു. കാൽ കഴുകൽ, അതുകൊണ്ട് ദൈവരാജ്യത്തിന്റെ മൂല്യങ്ങളെ മനുഷ്യബോധത്തിൽ പതിപ്പിക്കുന്ന ദൃശ്യപ്രഖ്യാപനമായി മാറുന്നു. കാൽ കഴുകലിന് പിന്നിൽ മറ്റൊരു ആഴമുള്ള സന്ദേശവും ഉണ്ട്, ശുദ്ധീകരണവും പങ്കാളിത്തവും. “ഞാൻ നിന്നെ കഴുകിയില്ലെങ്കിൽ നിനക്കു എനിക്കൊപ്പം പങ്കില്ല” എന്ന വാക്കു കൾ ആത്മീയബന്ധത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. ഇവിടെ ശുദ്ധി നിർമലതയുടെ അഭി മാനമല്ല; അത് കൃപയുടെ സമ്മാനമാണ്. മനുഷ്യൻ തന്റെ ദുർബലതകളോടെ ദൈവത്തി ന്റെ മുന്നിൽ നിൽക്കുമ്പോൾ, അവൻ അനുഭവിക്കുന്നത് നിരസനമല്ല, നവീകരണമാണ്. കാൽ കഴുകൽ അതിന്റെ ദൃശ്യരൂപം: സ്വീകരണത്തിന്റെ, ക്ഷമയുടെ, പുതുജീവിതത്തിന്റെ.
മനുഷ്യസമൂഹം പദവികളാൽ, സമ്പത്താൽ, കാഴ്ചപ്പാടുകളാൽ മലീമസമായിരിക്കുമ്പോൾ, കാൽ കഴുകൽ ഒരു പ്രതീകമായി മാറുന്നു. ഹൃദയത്തിന്റെയും മനസ്സിന്റെയും താഴ്മയോടെ യും പരസ്പരം നാം മറ്റുള്ളവരെ സേവിക്കണം, താഴ്മയിലും സ്നേഹത്തിലും പരസ്പരം കെട്ടിപ്പടുക്കാൻ ശ്രമിക്കണം. നാം ശ്രേഷ്ഠത തേടുമ്പോൾ, മറ്റുള്ളവരെ സേവിക്കാൻ അവഗ ണിക്കുമ്പോൾ, അല്ലെങ്കിൽ ക്ഷമിക്കാൻ വിസമ്മതിക്കുമ്പോൾ, നാം നേരായ മാർഗത്തിലല്ല ചരിക്കുന്നതെന്നാണ് അർത്ഥമാക്കുന്നത്. അവന്റെ രാജ്യത്തിൽ യഥാർത്ഥ മഹത്വം കൈ വരിക്കുന്നത് ഒരു ദാസന്റെ ഹൃദയമുള്ളവരായിരിക്കണം. നമ്മൾ കാൽ കഴുകിയില്ലെങ്കിലും പ്രശ്നമില്ല; പക്ഷേ മറ്റൊരാളുടെ കാൽ പിടിച്ചു വലിക്കരുത്” എന്ന ആശയം, ഇന്നത്തെ ലോക ത്തിന്റെ ഏറ്റവും ആവശ്യമായ ധാർമ്മിക മുന്നറിയിപ്പായി നമുക്ക് കേൾക്കാം. കാരണം, ഒരാ ളുടെ കാൽ കഴുകാൻ തയ്യാറാകുന്ന ഹൃദയം, ഒരിക്കലും മറ്റൊരാളുടെ കാൽ പിടിച്ചു വലി ക്കുകയില്ല. മറ്റൊരാളെ ഉയർത്താൻ ശ്രമിക്കുന്ന ആത്മാവ്, ഒരിക്കലും തടസ്സമാകുകയില്ല. മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മഹത്വം, മറ്റൊരാളുടെ യാത്രയിൽ വെളിച്ചമാകുന്ന നിമിഷങ്ങളിലാണ്. വിനയത്തിന്റെ വഴിയിൽ നടക്കുമ്പോൾ, നമ്മൾ തിരി ച്ചറിയും. സേവനം തന്നെയാണ് ആത്മീയതയുടെ പരമോന്നത കവിത. നമ്മൾ എല്ലാവരും പരിപൂർണ്ണരല്ല. നമ്മിൽ പലർക്കും കുറവുകളുണ്ട്; ചിലർ തളരുന്നു; ചിലർ വഴിമുട്ടുന്നു. എന്നാൽ ആത്മീയതയുടെ പേരിൽ മറ്റൊരാളെ താഴ്ത്തി കാണിക്കുക, അവന്റെ യാത്രയെ തടസപ്പെടുത്തുക, അവന്റെ വിശ്വാസത്തെ പരിഹസിക്കുക, ഇവ മനുഷ്യസ്നേഹത്തിന്റെ വിരുദ്ധധാരകളാണ്. ഒരാളുടെ വീഴ്ചയെ ചൂണ്ടിക്കാട്ടുക എളുപ്പമാണ്; എന്നാൽ അവനെ കൈപിടിച്ചു എഴുന്നേൽപ്പിക്കുക ദൈവികമാണ്. ആത്മീയതയുടെ യഥാർത്ഥ താപം, കുറ്റ പ്പെടുത്തലിന്റെ ചൂടിൽ അല്ല, കരുണയുടെ ചൂടിലാണ്. മനുഷ്യഹൃദയത്തിന്റെ ഭൂപടത്തിൽ, പ്രോത്സാഹനം ഒരു ദീപസ്തംഭംപോലെയാണ്. ഇരുളിലൂടെ നടന്ന് പോകുന്ന ഒരാളിന്, ഒരു സ്നേഹവാക്ക് ഒരു വഴികാട്ടിയായി മാറാം. പലപ്പോഴും, നമ്മൾ പറയുന്ന ചെറിയ വാക്കുകൾ തന്നെ മറ്റൊരാളുടെ ജീവിതത്തിൽ മഹത്തായ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. “നിനക്ക് കഴിയും”, “ഞാൻ നിന്നോടൊപ്പം ഉണ്ട്”, “നീ വിലപ്പെട്ടവൻ”, ഇങ്ങനെ പറയുന്ന വാക്കുകൾ ആത്മാവിന് ഔഷധമാകുന്നു. മറുവശത്ത്, നിരുത്സാഹത്തിന്റെ മൂർച്ചയുള്ള വാക്കുകൾ, വിശ്വാസത്തി ന്റെ ചിറകുകൾ മുറിക്കുന്ന കത്തികളായി മാറുന്നു. ആത്മീയതയുടെ പേരിൽ ഒരാളുടെ ആത്മാ ഭിമാനത്തെ തകർക്കുന്നത്, വിശ്വാസത്തിന്റെ സാരത്തെ തന്നെ നിരസിക്കുന്നതല്ലേ?
വിനയം എന്നത് താഴ്ചയല്ല; അത് മഹത്വത്തിന്റെ പരമാവധി രൂപമാണ്. താഴ്മയുടെ വഴി തിരഞ്ഞെടുക്കുന്നവൻ, യഥാർത്ഥത്തിൽ ഉയരത്തിന്റെ പാതയിലാണ്. വിനയം ആത്മാവി നെ ഭാരമില്ലാത്തതാക്കുന്നു; അത് മനുഷ്യനെ മറ്റുള്ളവരുമായി ബന്ധിപ്പിക്കുന്നു. അഭിമാനം മതിലുകൾ പണിയും; വിനയം പാലങ്ങൾ പണിയും. ആത്മീയജീവിതത്തിന്റെ ഉദ്ദേശ്യം, സ്വയം ഉയർത്തുക മാത്രമല്ല; മറ്റുള്ളവരെയും ഉയർത്തുക എന്നതുമാണ്. ഒരാളുടെ യാത്രയിൽ ഒരു കല്ലായി നിൽക്കുന്നതിനു പകരം, ഒരു കൈത്താങ്ങായി മാറുക, ഇതാണ് ദൈവിക ധർമ്മം. ഇന്നത്തെ ലോകം മത്സരത്തിന്റെ ചൂടിൽ കത്തുമ്പോൾ, താരതമ്യത്തിന്റെ വിഷം മനുഷ്യ ഹൃദയങ്ങളിൽ പടരുമ്പോൾ, കാൽ കഴുകലിന്റെ സന്ദേശം ഒരു ശീതളമഴയായി നമ്മെ തൊടുന്നു. സേവനം, സഹാനുഭൂതി, കരുണ, ഇവ കാലഹരണപ്പെടാത്ത മൂല്യങ്ങളാണ്. സമ്പത്തിന്റെ ഭംഗി കണ്ണിനെ ആകർഷിക്കും; പക്ഷേ ഹൃദയത്തിന്റെ വിനയം ആത്മാവിനെ കീഴടക്കും. ഒരാളുടെ കണ്ണീരിൽ പങ്കുചേരുക, അവന്റെ വേദനയിൽ ആശ്വാസമാകുക, അവന്റെ പരാജയ ത്തിൽ ധൈര്യമാകുക, ഇവയാണ് ആത്മീയതയുടെ ശുദ്ധരൂപങ്ങൾ. മറ്റൊരാളുടെ കാൽ പിടിച്ചു വലിക്കുന്നത് പലരീതികളിൽ സംഭവിക്കുന്നു. അസൂയയുടെ മൌനത്തിൽ, വിമർശ നത്തിന്റെ കാഠിന്യത്തിൽ, അപമാനത്തിന്റെ ഒളിച്ചോടലിൽ, എല്ലാം ഒരേ സ്വഭാവം. ഒരാളുടെ പുരോഗതിയെ കാണുമ്പോൾ അസ്വസ്ഥത തോന്നുക, അവന്റെ വിജയത്തിൽ സന്തോഷിക്കാ നാവാതിരിക്കുക, ഇവ മനുഷ്യന്റെ അന്തർദുർബലതകളാണ്. എന്നാൽ ആത്മീയതയുടെ പ്രകാശം ഈ ദുർബലതകളെ ശുദ്ധീകരിക്കാനാണ്. മറ്റൊരാളുടെ നേട്ടം നമ്മുടെ നഷ്ടമല്ല; അത് മനുഷ്യകുല ത്തിന്റെ നേട്ടമാണ്. മറ്റൊരാളുടെ വെളിച്ചം നമ്മുടെ ഇരുളല്ല; അത് ലോകത്തിന്റെ വെളിച്ചമാണ്.
നമ്മൾ ഒരാളുടെ കാലുകൾ കഴുകുമ്പോൾ, നമ്മൾ ഏറ്റവും താഴ്ന്ന ദാസന്മാരുടെ സ്ഥാനം ഏറ്റെടുക്കുന്നു. അത് ശരിയായി ചെയ്യുന്നതിന് താഴ്മ ആവശ്യമാണ്, എല്ലാ അഹങ്കാരവും മാറ്റിവയ്ക്കൽ. ആത്മീയ പാരമ്പര്യങ്ങൾ പലപ്പോഴും ബാഹ്യ, ശാരീരിക ശുചിത്വത്തേക്കാൾ ആന്ത രിക വിശുദ്ധിക്ക് മുൻഗണന നൽകുന്നു. ആചാരത്തേക്കാൾ വിനയം: പല പാരമ്പര്യങ്ങളിലും പാദ ങ്ങൾ കഴുകുന്ന പ്രവൃത്തി അഹംഭാവത്തിന്റെയും വിനയത്തിന്റെയും പുറന്തള്ളലിനെ പ്രതീകപ്പെടു ത്തുന്നു. ആത്മീയതയോടുള്ള ഒരു പ്രായോഗിക സമീപനത്തെ ഈ വാക്യം സൂചിപ്പിക്കുന്നു: ബാഹ്യ മായി ശുദ്ധിയുള്ളവനായിരിക്കുകയും പ്രവൃത്തികളിൽ അനാദരവ് കാണിക്കുകയും ചെയ്യുന്നതിനേ ക്കാൾ, അപൂർണ്ണമാണെങ്കിലും, എളിമയുള്ള അവസ്ഥയിലായിരിക്കുക ശാരീരിക ആചാരത്തെ ക്കാൾ, ദൈവികതയോടുള്ള എളിമയുടെയും ബഹുമാനത്തിന്റെയും മനോഭാവത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാൽ കഴുകലിന്റെ സംഭവത്തിൽ ആത്മീയ പ്രതീകതയുടെ സമ്പന്നതയുണ്ട്. പൊടിപിടിച്ച കാലുകൾ ജീവിതയാത്രയുടെ ക്ഷീണത്തെയും മനുഷ്യദുർബലതകളെയും ഓർമ്മിപ്പി ക്കുന്നു. അവയെ ശുദ്ധീകരിക്കുന്നത് ശാരീരിക ശുചിത്വമത്രേ അല്ല; അത് ആത്മാവിനെ സ്പർശി ക്കുന്ന കരുണയുടെ ഭാഷയാണ്. ഒരു ഗുരു ശിഷ്യന്റെ കാൽ കഴുകുമ്പോൾ, അവിടെ പാഠം വചന ങ്ങളിലൂടെ അല്ല, പ്രവൃത്തികളിലൂടെ പഠിപ്പിക്കപ്പെടുന്നു. വിനയം ഉപദേശിക്കപ്പെടുന്നില്ല; അത് ദൃശ്യമായി അനു ഭവിക്കപ്പെടുന്നു. “ഞാൻ ചെയ്തതുപോലെ നിങ്ങളും ചെയ്യുക” എന്ന ആഹ്വാനം, ക്രിസ്തീയ ജീവിതത്തിന്റെ ദിശാസൂചിയായി നിലകൊള്ളുന്നു.
ആത്മീയപഥത്തിൽ യഥാർത്ഥ മഹത്വം, മറ്റുള്ളവരെ ചെറുതാക്കുന്നതിലല്ല, അവരെ വളർത്തുന്ന തിലാണ്. ഒരു പ്രോത്സാഹനവാക്ക്, ഒരു കരുണാഭാവം, ഒരു സ്നേഹസ്പർശം ഇവ ആത്മാവിന്റെ വിത്തുകളാണ്. ഇവ വിതയ്ക്കുന്നവൻ, ദൈവികതയുടെ കൃഷിക്കാരനാകുന്നു. മനുഷ്യന്റെ ജീവിത ത്തിൽ ചിലപ്പോൾ ദൈവം സംസാരിക്കുന്നത് വചനങ്ങളിലൂടെ അല്ല; മനുഷ്യരുടെ പ്രവർത്തികളി ലൂടെയാണ്. ഒരാളുടെ തളർച്ചയിൽ ഒരു കൈത്താങ്ങ് നൽകുന്ന നിമിഷം, അവിടെ ദൈവത്തിന്റെ സാന്നിധ്യം തെളിയും. ഈ സംഭവം മനുഷ്യഹൃദയത്തെ ചോദ്യം ചെയ്യുന്നു: വിനയത്തിന്റെ പാത നമു ക്ക് എത്രത്തോളം പ്രിയം? മറ്റൊരാളെ സേവിക്കാൻ, താഴ്മയുടെ സൗന്ദര്യം ധരിക്കാൻ, അഭിമാനത്തി ന്റെ ഭാരങ്ങൾ അഴിച്ചുമാറ്റാൻ നമുക്ക് ധൈര്യമുണ്ടോ? ആത്മീയതയുടെ യഥാർത്ഥ പരീക്ഷണം വചനങ്ങളിലല്ല, ബന്ധങ്ങളിലും പ്രവൃത്തികളിലുമാണ്. ഒരാളുടെ പൊടിപിടിച്ച കാലുകൾ കാണു മ്പോൾ മുഖം തിരിയാതെ, കരുണയുടെ സ്പർശം നൽകാൻ തയ്യാറാകുന്ന മനസ്സാണ് ദൈവികത യുടെ തെളിവ്. അവസാനമായി, കാൽ കഴുകലിന്റെ ആഹ്വാനം നമ്മെ ഒരു ആന്തരികപരിവർത്തന ത്തിലേക്ക് വിളിക്കുന്നു. നമ്മുടെ ഹൃദയത്തിൽ അഭിമാനത്തിന്റെ പൊടി ഉണ്ടോ? നമ്മുടെ നിരുത്സാ ഹത്തിന്റെ വാക്കുകളിൽ മറ്റൊരാളുടെ ആത്മവിശ്വാസം നിർവീര്യമാക്കുന്നുണ്ടോ? നമ്മുടെ പ്രവൃത്തി കളിൽ കരുണയുടെ ക്ഷാമമുണ്ടോ? ആത്മീയതയുടെ യഥാർത്ഥ യാത്ര, പുറത്തേക്കുള്ള പ്രകടനങ്ങ ളിൽ അല്ല, ഉള്ളിലേക്കുള്ള ശുദ്ധീകരണത്തിലാണ്. വിനയം തിരഞ്ഞെടുക്കുക, പ്രോത്സാഹനം വിത യ്ക്കുക, കരുണയായി ജീവിക്കുക, ഇവ മനുഷ്യന്റെ ആത്മീയ മഹത്വത്തിന്റെ അടയാളങ്ങളാകട്ടെ.

മനു ഫിലിപ്പ്

