PRAVASI

കത്രിക വയറ്റിലിടുന്ന പരിപാടി ഇപ്പോഴില്ല:കെ. മുരളീധരൻ

Blog Image

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ കാലത്ത് സംസ്ഥാനത്തെ ആരോഗ്യമേഖല കുത്തഴിഞ്ഞുവെന്ന മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണങ്ങൾ തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്ത്. ആരോഗ്യ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും കോൺഗ്രസ് പാർട്ടിയാണ് തന്നെ ഈ പദവിയിലേക്ക് നിയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ ഇടതുസർക്കാർ കാലത്തേതുപോലെ സർജറിക്കൊപ്പം കത്രിക വയറ്റിൽ കുടുക്കി വിടുന്ന പരിപാടികൾ ഇപ്പോഴത്തെ സർക്കാരിന്റെ കാലത്തില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യമന്ത്രിമാരായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വീണ ജോർജ് എന്നിവർ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെയാണ് മന്ത്രിയുടെ മറുപടി. ജീവൻരക്ഷാ മരുന്നുകൾ ലഭിക്കാതെ രോഗികൾ വലയുകയാണെന്നും സർക്കാരിന്റെ ഭാഗത്തുനിന്നും കടുത്ത നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടാകുന്നതെന്നും പി.കെ. ശ്രീമതി വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിതരായ കുട്ടികൾക്ക് ‘ക്ലിനിക്കൽ ട്രയൽ ഒൺലി’ എന്ന് രേഖപ്പെടുത്തിയ മരുന്നുകൾ വിതരണം ചെയ്ത സംഭവം വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ ഇത്തരം മരുന്നുകൾ പിഞ്ചുകുഞ്ഞുങ്ങൾക്ക് നൽകുന്നത് അങ്ങേയറ്റം തെറ്റാണെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.

എൽ.ഡി.എഫ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ രോഗികൾക്ക് സൗജന്യമായി മരുന്നുകൾ ലഭ്യമാക്കിയിരുന്നുവെന്നും, കഴിഞ്ഞ പത്ത് കൊല്ലത്തിനിടയിൽ കേരളത്തിൽ മരുന്നില്ലെന്ന ഒരു പരാതിപോലും കേൾക്കേണ്ടി വന്നിട്ടില്ലെന്നും മുൻ മന്ത്രിമാർ ചൂണ്ടിക്കാട്ടി. 2007 ഡിസംബറിൽ നിലവിൽ വന്ന കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ചട്ടപ്രകാരം മരുന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട് മന്ത്രിക്ക് യാതൊരു റോളുമില്ല. മരുന്ന് കമ്പനികളേയോ മേധാവികളേയോ ഏജന്റുമാരെയോ മന്ത്രിമാർ കാണാൻ പാടില്ലെന്ന കർശന ചട്ടമുള്ളപ്പോൾ, ഇപ്പോഴത്തെ ആരോഗ്യമന്ത്രി കോർപ്പറേറ്റുകൾക്കും മരുന്ന് കമ്പനികൾക്കും വിധേയനാകുന്ന സാഹചര്യമുണ്ടായെന്നും അവർ ആരോപിച്ചു. മരുന്ന് ടെൻഡർ ചെയ്ത് വാങ്ങേണ്ട ഉത്തരവാദിത്വം ഹെൽത്ത് പ്രിൻസിപ്പൾ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണെങ്കിലും, യു.ഡി.എഫ് ഭരണത്തിൽ ഈ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി അഴിമതിയും മരുന്നുവിതരണത്തിലെ വീഴ്ചകളും വ്യാപകമാണെന്നും ഇടതുമന്ത്രിമാർ കുറ്റപ്പെടുത്തി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.