ഭാരതീയ സംസ്കൃതിയുടെ വെളിച്ചം പുതുതലമുറയിലേക്ക്: ചിക്കാഗോ ഗീതാ മണ്ഡലത്തിൽ മഹാമണ്ഡലേശ്വർ പ്രഭാകരാനന്ദ സരസ്വതി മഹാരാജ് ദക്ഷിണേന്ത്യയിലെ ആദ്യ മഹാമണ്ഡലേശ്വർ ഒക്ടോബർ 31 ശനിയാഴ്ച പ്രഭാഷണം നടത്തും
ചിക്കാഗോ: ദക്ഷിണേന്ത്യയിലെ ആദ്യത്തെ മഹാമണ്ഡലേശ്വറായ പ്രഭാകരാനന്ദ സരസ്വതി മഹാരാജ് ഒക്ടോബർ 31 ശനിയാഴ്ച വൈകിട്ട് 5:00 മണിക്ക് ചിക്കാഗോ ഗീതാ മണ്ഡലത്തിൽ എത്തുന്നു. ഭാരതീയ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മൂല്യങ്ങൾ പുതുതലമുറയുടെ ജീവിതത്തിൽ വേരുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആത്മീയ സംഗമം ഒരുക്കുന്നത്.
സന്യാസി പരമ്പരയിലെ ഉന്നതമായ ആത്മീയ പദവികളിലൊന്നാണ് മഹാമണ്ഡലേശ്വർ. നിരവധി ആശ്രമങ്ങൾക്കും സന്യാസിമാർക്കും ശിഷ്യർക്കും ആത്മീയ മാർഗദർശനം നൽകുന്ന ഗുരുസ്ഥാനമാണിത്. വേദപാണ്ഡിത്യവും സാധനയും ധർമസേവനവും പരിഗണിച്ചാണ് ഈ പദവി നൽകുന്നത്.
ആദരണീയനായ ആത്മീയ നേതാവും വൈദിക പണ്ഡിതനുമാണ് സ്വാമിജി. വേദങ്ങൾ, ക്ഷേത്രപാരമ്പര്യങ്ങൾ, യോഗ, പുരാണങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രഭാഷണങ്ങളിലൂടെ സനാതന ധർമ്മത്തിന്റെ കാലാതീതമായ ജ്ഞാനം അദ്ദേഹം പകർന്നുനൽകുന്നു.
പ്രവാസജീവിതത്തിൽ വളരുന്ന കുട്ടികളും യുവാക്കളും സ്വന്തം വേരുകളിൽ നിന്ന് അകന്നുപോകാതിരിക്കേണ്ടത് ഇന്നത്തെ വലിയ ആവശ്യമാണ്. ഭാഷ, ആചാരങ്ങൾ, ക്ഷേത്രസംസ്കാരം, യോഗ, ഭഗവദ്ഗീതയുടെ സന്ദേശം എന്നിവ അവർക്ക് പരിചയപ്പെടുത്താനും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും ഇത്തരം വേദികൾ സഹായിക്കുമെന്ന് സംഘാടകർ വിശ്വസിക്കുന്നു. സത്യം, ദയ, കുടുംബബന്ധങ്ങളോടുള്ള കരുതൽ, മുതിർന്നവരോടുള്ള ആദരവ്, "വസുധൈവ കുടുംബകം" എന്ന ലോകസാഹോദര്യ ബോധം എന്നിവയാണ് ഭാരതീയ സംസ്കൃതിയുടെ അടിസ്ഥാന മൂല്യങ്ങൾ. ഇവ മനഃസമാധാനത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിക്കാനുള്ള വഴികാട്ടിയായി യുവതലമുറ തിരിച്ചറിയണം എന്നതാണ് പരിപാടിയുടെ കാതൽ.
കുടുംബസമേതം, പ്രത്യേകിച്ച് കുട്ടികളോടും യുവാക്കളോടുമൊപ്പം, പങ്കെടുക്കാൻ ഗീതാ മണ്ഡലം എല്ലാവരെയും തങ്ങളുടെ 1720 Barrington Road , Hanover Parkk , IL ഉള്ള ഗീതാമണ്ഡലം സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു :.


